മൃഗ–പക്ഷി പരിപാലനരംഗത്ത് വളരെ പ്രചാരത്തിലുള്ള വാക്കുകളാണ് കാസ്ട്രേഷൻ, ഡോക്കിങ്, ക്ലിപ്പിങ്, ഡീബീക്കിങ് തുടങ്ങിയവ. പലപ്പോഴും കർഷകർതന്നെ ചെയ്യുന്ന ഈ രീതികൾക്ക് മൃഗസംരക്ഷണ മേഖലയിൽ വളരെ പ്രാധാന്യമുണ്ട്. പന്നി, നായ തുടങ്ങിയവയിൽ കാസ്ട്രേഷനും ഡോക്കിങ്ങുമൊക്കെ പ്രധാന്യമുള്ളവയാണ്.
വൃഷ്ണങ്ങൾ നീക്കം ചെയ്ത് വന്ധ്യംകരിക്കുക എന്നതാണ് കാസ്ട്രേഷൻ. നായ്ക്കളിൽ പ്രജനനം തടയുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെങ്കിൽ പന്നികളിൽ പ്രജനനം തടയുന്നതു കൂടാതെ ആൻഡോസ്റ്റിറോൺ ഹോർമോൺ മൂലം മാംസത്തിൽ ഉണ്ടാകുന്ന പ്രത്യേക ഗന്ധം തടയാനും കാസ്ട്രേഷനിലൂടെ സാധിക്കും. ചുരുക്കത്തിൽ പുരുഷഹോർമോൺ ഉൽപാദനം തടയുക എന്നതാണ് ലക്ഷ്യം. ലോകത്തിൽ ഏറ്റവും പ്രചാരമുള്ള മാംസങ്ങളിൽ മുൻനിരയിലാണ് പന്നിമാംസം. അതുകൊണ്ടുതന്നെ മികച്ച മാംസം ഉപഭോക്താക്കളിൽ എത്തിക്കാൻ കർഷകർ ശ്രദ്ധിക്കുന്നു. പോർക്ക് ഉപയോഗിക്കുന്നവരിൽ 75 ശതമാനം ആളുകളും ഈ ഗന്ധത്തെക്കുറിച്ച് ബോധവാന്മാരാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഇറച്ചിക്കായി പന്നികളെ വളർത്തുന്ന കർഷകരിൽ നല്ലൊരു ശതമാനവും കാസ്ട്രേഷൻ നടത്തിയശേഷമാണ് വളർത്തുന്നത്.
ജനിച്ച് ആദ്യ ദിവസങ്ങളിലാണ് സാധാരണ കാസ്ട്രേഷനും ക്ലിപ്പിങ്ങും ഡോക്കിങ്ങും കർഷകർ നടത്തുക. നന്നേ ചെറു പ്രായമായതിനാലും അമ്മയുടെ പാൽ കുടിക്കുന്നതിനാലും വളർച്ചയെയും ആരോഗ്യത്തെയും അത് ബാധിക്കാറില്ല.
ജനിക്കുമ്പോൾത്തന്നെ പന്നിക്കുഞ്ഞുങ്ങൾക്ക് 8 പല്ലുകൾ ഉണ്ടായികിക്കും. ഇവ മുറിച്ചുനീക്കുന്നതാണ് ക്ലിപ്പിങ്. പരസ്പരം കടികൂടി മുറിവേൽപ്പിക്കാതിരിക്കാനും അമ്മപ്പന്നിയുടെ മുലഞെട്ടുകൾ കടിച്ച് ക്ഷതമേൽപ്പിക്കാതിരിക്കാനും ഈ രീതി ഉപകരിക്കും. വേദനമൂലം അമ്മപ്പന്നി വെപ്രാളപ്പെട്ട് എഴുന്നേറ്റാൽ കുട്ടികൾ അമ്മയുടെ അടിയിൽപ്പെട്ട് ചത്തുപോകാനും സാധ്യതയുണ്ട്. മാത്രമല്ല മുറിവുണ്ടായാൽ അകിടിലെ അണുബാധയ്ക്കും കാരണമാകും. അതുപോലെ വാൽ മുറിച്ചുനീക്കുന്ന രീതിയാണ് ഡോക്കിങ്. വാൽ ഉപയോഗിച്ച് വിസർജ്യങ്ങൾ തെറിപ്പിക്കാതിരിക്കാനും ഇണചേരാനുള്ള സൗകര്യവും ഇതിലൂടെ ലഭിക്കുന്നു. കൂട്ടത്തോടെ വളർത്തുമ്പോൾ പരസ്പരം കടിച്ച് മുറിവേൽപ്പിക്കാതിരിക്കാനും ഡോക്കിങ് സഹായിക്കും.
ഇതുപോലെതന്നെയാണ് കോഴിക്കുഞ്ഞുങ്ങളിൽ ഡീബിക്കിങ്, ഡബ്ബിങ് രീതികൾ. പരസ്പരം കൊത്തുകൂടി മുറിവേൽപ്പിക്കാതിരിക്കാൻ ചുണ്ടുകൾ കരിക്കുന്ന രീതിയാണ് ഡീബീക്കിങ്. അതുപോലെ കോഴികളുടെ അലങ്കാരമായ പൂവ് നീക്കുന്നതാണ് ഡബ്ബിങ്. ബാറ്ററി കൂടുകളിലും മറ്റും വളർത്തുന്ന വൈറ്റ് ലെഗോൺ പോലുള്ള വലിയ പൂവുള്ള മുട്ടക്കോഴികളിലാണ് ഇത് സാധാരണ ചെയ്യുക. വലിയ പൂവുകൾ കൂടുകളിലെ കമ്പികളിൽ തട്ടി മുറിവുണ്ടാകാൻ സാധ്യതയുണ്ട്. അത് മുട്ടയുൽപാദനത്തെ ബാധിക്കുകയും ചെയ്യും. മാത്രമല്ല, തലയിൽനിന്ന് താഴേക്കു തൂങ്ങുന്ന പൂവുകൾ പലപ്പോഴും ശരിയായ തോതിൽ തീറ്റയെടുക്കുന്നതിൽ തടസം വരുത്തും. അതിനാലാണ് ഡബ്ബിങ് നടത്തുക. ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളിലാണ് ഡബ്ബിങ് കൂടുതൽ ഫലപ്രദം. കാരണം, ആ പ്രായത്തിൽ വേദന കുറവാണെന്നു മാത്രമല്ല രക്തം പൊടിയുകയുമില്ല. കേരള വെറ്ററിനറി സർവകലാശാലയുടെ പാലക്കാട് തിരുവാഴംകുന്ന് ഏവിയൻ റിസർച്ച് സ്റ്റേഷനിലെ സ്പെഷൽ ഓഫീസർ ഡോ. എസ്.ഹരികൃഷ്ണൻ ഡബ്ബിങ്ങിനെക്കുറിച്ച് വിശദീകരിക്കുന്നു. വിഡിയോ കാണാം...