‘കൃഷിയിലൂടെ കോടി രൂപ നേടിയെന്നു പറഞ്ഞാലും അതിശയോക്തിയില്ല സാറേ’ സ്വാമി എന്നു നാട്ടുകാർ വിളിക്കുന്ന രാജ് നാരായൺ കൃഷിക്കിറങ്ങിയതിന്റെ ജൂബിലിവർഷത്തിൽ അഭിമാനത്തോടെയാണ് ഇതു പറഞ്ഞത്. അതു വെറും തള്ളല്ലെന്നു സമര്‍ഥിക്കാന്‍ കണക്കുകളും സ്വാമിയുടെ പക്കലുണ്ട്.
തിരുവില്വാമലക്കാരനായ ഈ യുവാവ് 1997ലാണ് വരുമാനത്തിനായി കുടുംബസ്വത്തായ ഏഴേക്കര്‍ ഭൂമിയിൽ കൃഷി തുടങ്ങിയത്. 10 വർഷത്തോളം സാധാരണ കർഷകനായിത്തുടർന്നു. അത്യാവശ്യം വീട്ടുകാര്യങ്ങള്‍ നടന്നെങ്കിലും കാര്യമായ സ്വത്തോ സമ്പാദ്യമോ ആർജിക്കാൻ കഴിയാത്ത ഒരു സാധാരണ കർഷകൻ, അത്രമാത്രം. എന്നാൽ 2007ൽ നാട്ടുകാരനും കൃഷി ഓഫിസറുമായ പി.ജി.കൃഷ്ണകുമാറിനെ കണ്ടുമുട്ടിയതോടെ സ്വാമിയുടെ കൃഷിയാകെ മാറി, ജീവിതവും. പെരുമാട്ടിയിൽ കൃഷി ഓഫീസറായിരുന്ന കെ.ഐ.അനി, കേരള കാർഷിക സർവകലാശാലയിലെ ഡോ. നാരായണൻകുട്ടി, തൃശൂർ കെവികെയിലെ വിദഗ്ധർ തുടങ്ങിയവരും സ്വാമിയുടെ വിജയത്തിനു പിന്നിലുണ്ട്.
കൃത്യതാക്കൃഷി വിജയമന്ത്രം
അടുത്ത 15 വർഷത്തിൽ സ്വാമിക്കുണ്ടായി ഒട്ടേറെ നേട്ടങ്ങള്‍– എട്ടേക്കർ കൃഷിയിടം കൂടി വാങ്ങി, വീട് പുതുക്കിപ്പണിതു, ആരോഗ്യപ്രശ്നങ്ങളുള്ള സഹോദരനു വിദഗ്ധ ചികിത്സ നടത്തി, രണ്ടു സഹോദരിമാരുടെ വിവാഹം നടത്തി, ഒട്ടേറെ അവാർഡുകളും അംഗീകാരങ്ങളും നേടി. എന്തു മന്ത്രമാണ് സ്വാമിയെ കൃഷ്ണകുമാർ പഠിപ്പിച്ചതെന്നല്ലേ? വിളകൾക്ക് വേണ്ടതെല്ലാം വേണ്ട സമയത്ത്, വേണ്ടത്ര മാത്രം നൽകുന്ന കൃത്യതാക്കൃഷിയുടെ മന്ത്രം. അതിന്റെ ബലത്തിൽ വാഴയും പച്ചക്കറികളുമൊക്കെ കൃഷി ചെയ്ത രാജ് നാരായണന്റെ വരുമാനം കുത്തനെ ഉയർന്നു. അധികമായി ലഭിച്ച വരുമാനം കൃഷിയിൽ വീണ്ടും മുടക്കുകയാണ് രാജ് നാരായണൻ ചെയ്തത്. അതോടെ ഏഴേക്കർ കൃഷിയിടം 8 ഏക്കറായും 10 ഏക്കറായും ഒടുവിൽ 15 ഏക്കറായും വളർന്നു. 40 വയസ്സ് കഴിഞ്ഞപ്പോൾ സ്വാമിയുടെ ചിന്ത മറ്റൊരു വഴിക്കായി– പ്രായമേറുകയാണ്, വാഴയും പച്ചക്കറിയുംപോലുള്ള വാർഷികവിളകൾക്കായി എന്നും അധ്വാനിക്കാൻ ഇനി കഴിയില്ല. അതോടെ സ്വന്തമായുള്ള 15 ഏക്കറിൽ നെൽപാടമൊഴികെയുള്ള ഭാഗം സ്ഥിരവിളകളുടെ സമ്മിശ്രത്തോട്ടമാക്കി മാറ്റി. ലൈൻ പിടിച്ചതുപോലെ നട്ടുവളർത്തിയ തെങ്ങും കമുകും അവയ്ക്കിടയിൽ ജാതിയും കമുകിൽ കുരുമുളകും. അവിടെയും കൃത്യതാക്കൃഷി തന്നെ വിജയതന്ത്രം. ഈ ചുവടു മാറ്റം തനിക്ക് വലിയ ആശ്വാസവും അവസരവുമായെന്ന് രാജ് നാരായണൻ. വാർധക്യത്തിൽ വരുമാനം നൽകാൻ കമുകും ജാതിയും തെങ്ങും ധാരാളം മതി. ആകെ 500 തെങ്ങും 4000 കമുകും 70 ജാതിയുമാണുള്ളത്. ഇവയിൽ ഒരു ഭാഗം വിളവിലെത്തിക്കഴിഞ്ഞു. വളമിടലും മരുന്നടിയുംപോലുള്ള പരിചരണങ്ങൾ മാത്രം മതി, മികച്ച വരുമാ നം ഉറപ്പ്. എന്നു കരുതി വിശ്രമിക്കാനൊന്നും തൽക്കാലം പ്ലാനില്ല.

കൃത്യമായ ആസൂത്രണം
ആരോഗ്യമുള്ളിടത്തോളം അധ്വാനിക്കണം. അതിനായി 12 ഏക്കർ പാട്ടത്തിലെടുത്തു. തെങ്ങും കമുകും മറ്റും നട്ട് 3 വർഷത്തോളം പരിപാലിക്കാമെന്ന ഉറപ്പിലാണ് സ്ഥലം വിട്ടുകിട്ടിയത് പാട്ടത്തിനെടുത്ത 4 ഏക്കറിൽ 3300 നേന്ത്ര വാഴയാണ് കൃഷി. തമിഴ്നാട്ടിൽനിന്നു വാങ്ങിയ നാനൂറ് ഇനം നേന്ത്രവാഴക്കന്നുകൾ 3 ബാച്ചുകളായി 20 ദിവസത്തെ ഇടവേളയില്‍ നട്ടു. ഒരുമിച്ച് കുലച്ചാലുള്ള വിപണനപ്രശ്നം ഒഴിവാക്കാനാണിത്. കൃത്യമായ ആസൂത്രണമാണ് വാഴക്കൃഷിയിലെ വിജയരഹസ്യമെന്ന് രാജ് നാരായൺ പറയുന്നു. ഓരോ ബാച്ചിനും ചെയ്യേണ്ട കൃഷിപ്പണികളെക്കുറിച്ചു വ്യക്തമായ ധാരണയോടെയാണ് കൃഷി ആരംഭിക്കുന്നത്. ഓരോന്നിനും വേണ്ട വളവും മരുന്നും മറ്റ് കാർഷികോപാധികളുമൊക്കെ മുൻകൂട്ടി സംഭരിക്കുന്നതുകൊണ്ട് ചെലവു കുറയ്ക്കാനാകുന്നു. ഓരോ കൃഷി യിടത്തിലെയും സാഹചര്യം കണക്കിലെടുത്താണ് കുഴിയെടുക്കുന്നതും കന്ന് നടുന്നതുമൊക്കെ.
മണ്ണു പരിശോധിച്ച് അമ്ലത നിർണയിച്ച ശേഷം കുമ്മായമിടുന്നു. തുടർന്നു ലഭ്യതയനുസരിച്ച് കോഴിവളമോ ആട്ടിൻകാഷ്ഠമോ ചാണകപ്പൊടിയോ അടിവളമായി ഇടുന്നു. തുടർന്ന് കന്നു നട്ടുമൂടിയ കുഴികളിലൂടെ തുള്ളിനന സംവിധാനം. അത് സ്ഥാപിക്കുന്നതും അറ്റകുറ്റപ്പണികൾ നടത്തുന്നതുമൊക്കെ രാജ് നാരായണനും അനുജൻ രാമചന്ദ്രനും ചേർന്നാണ്. ഒരിടം കൃഷിക്കായി തിരഞ്ഞെടുത്താൽ കലണ്ടറിലെന്നപോലെ കാര്യങ്ങൾ മുന്നേറും. കൃത്യം 280–300 ദിവസം കുല വെട്ടിത്തുടങ്ങുമെന്ന് സ്വാമി. ആദ്യ മാസങ്ങളിൽ ഗാർഡൻ ടില്ലറിന്റെ സഹായത്തോടെ കള നശിപ്പിക്കും. ഇല മൂടിക്കഴിഞ്ഞാൽ പിന്നെ കളശല്യം പേരിനു മാത്രം. അവയെ കൃഷിയിടത്തിലൂടെ നടക്കുമ്പോൾ തന്നെ കൈകാര്യം ചെയ്യുന്നു. ഒരു വാഴയ്ക്ക് ഒരു ഡ്രിപ് മാത്രം മണിക്കൂറിൽ 8 ലീറ്റർ വീതം നൽകുന്ന രീതിയിൽ ക്രമീകരിക്കും. മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ തയാറാക്കുന്ന ഫെർട്ടിഗേഷൻ ഷെഡ്യൂൾ പ്രകാരമാണ് പോഷകപ്രയോഗം. എൻപികെയും സൂക്ഷ്മമൂലകങ്ങളും ആഴ്ചയിൽ 2–3 തവണയായി നൽകും. സിഗട്ടോക്ക പോലുള്ള രോഗങ്ങൾ കാര്യമായുണ്ടാവാറില്ല. അഥവാ രൂക്ഷമായ രോഗബാധ കണ്ടാൽ വാഴ പിഴുതുമാറ്റും. എന്നാൽ പിണ്ടിപ്പുഴു വില്ലനാണ്. തോട്ടത്തിലൂടെ നടക്കുമ്പോൾ തന്നെ അവയുടെ ആക്രമണമേറ്റ വാഴകൾ കണ്ടെത്തി മരുന്നു നൽകും. വർധിച്ചുവരുന്ന കാട്ടുപന്നിശല്യമാണ് മറ്റൊരു വെല്ലുവിളി. അവയെ ചെറുക്കാൻ വൈദ്യുതി വേലിയാണ് ശരണം.
കണക്കു സൂക്ഷിക്കല്‍
വാഴക്കൃഷിയുടെ ആദ്യ ദിവസം മുതലുള്ള മുഴുവൻ ചെലവുകളും അനുജൻ രാമചന്ദ്രന്‍ കംപ്യൂട്ടറിൽ രേഖപ്പെടു ത്തുന്നു. 3 മാസം പ്രായമായ ഓരോ വാഴയ്ക്കും ഇതിനകം 68 രൂപ ചെലവായെന്നു കൃത്യമായി പറയാൻ കഴിയു ന്നത് അതുകൊണ്ടാണ്. ഒരു വാഴയ്ക്ക് 150 രൂപയിലേറെ ചെലവ് വരില്ലെന്നു സ്വാമിക്കുറപ്പ്. വാഴക്കുലകൾക്ക് ശരാശരി 15 കിലോ തൂക്കമുണ്ടാകുമെന്നും സ്വാമി ഉറപ്പാക്കുന്നു. കിലോയ്ക്ക് 40 രൂപ വില കിട്ടിയാൽ 3000 വാഴകളിൽനിന്നുള്ള 45 ടൺ നേന്ത്രക്കുലകൾ 16 ലക്ഷം രൂപ നേടിത്തരുമെന്നാണ് പ്രതീക്ഷ. പരമാവധി 4 ലക്ഷം രൂപ കൃഷിച്ചെലവ് കണക്കാക്കിയാൽ നാലേക്കറിൽ 11 മാസത്തിനകം 12 ലക്ഷം രൂപ കിട്ടും. വില നേർ പകുതിയായി കുറഞ്ഞാൽപോലും നഷ്ടമുണ്ടാവില്ല. ലോക്ഡൗൺ കാലത്ത് പെട്ടെന്നുണ്ടായ വിലയിടിവു മൂലം ലാഭത്തിൽ 10 ലക്ഷം രൂപയാണ് സ്വാമിക്കു നഷ്ടമായത്. കച്ചവടക്കാർ തോട്ടത്തിലെത്തി കുല വാങ്ങുകയാണ് പതിവ്. തരിശിട്ടിരിക്കുന്ന പത്തേക്കറെങ്കിലും വർഷംതോറും ഏറ്റെടുത്ത് കൃഷി ചെയ്യുമെന്ന് രാജ് നാരായൺ പറഞ്ഞു. പണച്ചെലവില്ലാതെ തോട്ടങ്ങൾ സ്വന്തമാക്കാൻ ഇത് ഭൂവുടമകളെ സഹായിക്കുന്നു. ഇടവിളക്കൃഷി അനുവദിക്കില്ലെങ്കിൽ നിശ്ചിത തുക ഈടാക്കിയും തോട്ടങ്ങൾ തുള്ളിനന സംവിധാനത്തോടെ പരിപാലിച്ചു നൽകാറുണ്ട്.
ഫോൺ: 9446725068
English summary: Precision Agriculture: A Success Story