ചെറുകിട കർഷകരെ ചേർത്തു പിടിച്ച് പരമാവധി ലാഭം നേടിക്കൊടുക്കുന്ന കൂട്ടായ്മ; ചെറുതല്ല ചേനംതരിശ്

Mail This Article
പാടശേഖരസമിതിയുടെ പിൻബലംകൊണ്ടു മാത്രം നെല്‍കൃഷി തുടരുന്ന ഒട്ടേറെപ്പേരുണ്ട് നമ്മുടെ നാട്ടിൽ. എല്ലാ പാടശേഖരസമിതികളും ഒരേ ആവേശത്തോടെ കൃഷിചെയ്യുന്നുമില്ല. എന്നാല്‍ കൃഷിക്കാർക്കു കൂടുതൽ നേട്ടമുണ്ടാകണമെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവയുമുണ്ട്. തൃശൂർ ചേർപ്പ് ചേനത്തുള്ള ചേനംതരിശ് പടവിനെ ഈ ഗണത്തിൽപ്പെടുത്താം. ചെറുകിട കർഷകരെ ചേർത്തു പിടിച്ച് നെൽകൃഷിയില്‍ പരമാവധി ലാഭം നേടിക്കൊടുക്കുകയാണ് ചേനംതരിശ് പടവ്. 4 മാസംകൊണ്ട് ഏക്കറിന് 40,000 രൂപയ്ക്കു മേൽ ലാഭം നല്‍കുന്ന നെൽകൃഷി ആരെങ്കിലും ഉപേക്ഷിക്കുമോയെന്നു ചേനംതരിശ് പടവു കമ്മിറ്റി പ്രസിഡന്റ് ബിജു പണിക്കശ്ശേരിയും സെക്രട്ടറി ടി.കെ.രാജുവും ചോദിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.
സംസ്ഥാനത്ത് നെൽകൃഷിവിസ്തൃതി കുത്തനെ കുറഞ്ഞതിനു കാരണങ്ങൾ പലതുണ്ട്. പ്രധാന കാരണങ്ങളിലൊന്ന് മുൻപ് യന്ത്രവൽക്കരണം നേരിട്ട എതിർപ്പു തന്നെ. തൊഴിൽനഷ്ടത്തിന്റെ പേരിലായിരുന്നു അന്നത്തെ എതിർപ്പെങ്കില്‍ പിന്നീട് തൊഴിലാളിക്ഷാമം കൃഷിയെ തളര്‍ത്തി. നിലം നികത്തലിന്റെ ആക്കം കൂടിയതും കൂടുതൽ ലാഭകരമായ വിളകളുടെ കടന്നുകയറ്റവുമെല്ലാം പ്രതികൂല ഘടകങ്ങളായി. ചെറുകിട കർഷകർക്ക് നെൽകൃഷി ഏറക്കുറെ അസാധ്യമായി. എന്നാൽ ഇന്നു പലയിടത്തും പാടശേഖരസ മിതികളുടെ നേതൃത്വത്തില്‍ അധുനിക സന്നാഹമൊരുക്കുന്നത് നെൽകൃഷിയെ ആകർഷകമാക്കുന്നുണ്ട്. ചേനംതരിശിൽ നടന്നതും അതുതന്നെ. ചേർപ്, പാറളം പഞ്ചായത്തുകളിലായി 550 ഏക്കർ വിസ്തൃതിയുള്ള ചേനംതരിശ് പടവില്‍ കൃഷിയിലും കൃഷിക്കാർക്കു നൽകുന്ന സേവനങ്ങളിലും പുതിയ കാലത്തിന്റെ മാറ്റങ്ങളും സൌകര്യങ്ങളും സമിതി ആവുന്നത്ര പ്രയോജനപ്പെടുത്തുന്നു.

യന്ത്രസഹായം എല്ലാവർക്കും
നടീൽ മുതൽ കൊയ്ത്തു വരെ ഓരോ കർഷകനും സമയബന്ധിതമായി യന്ത്രസഹായം. മാത്രമല്ല, മുഴുവൻ പാടശേഖരത്തിനുമായി യന്ത്രങ്ങളെത്തുമ്പോൾ കൂലിച്ചെലവിൽ ഇളവും ലഭിക്കുന്നു. ഇക്കൊല്ലം വയലിനു പുറത്ത്, പ്രോട്രേയിൽ ഞാറ്റടിയൊരുക്കിയുള്ള പരീക്ഷണവും നടത്തി. വയലിൽ വെള്ളം വറ്റിച്ചു ഞാറ്റടി തയാറാക്കി കൃഷി ആരംഭിക്കാനുള്ള കാലതാമസം പ്രോട്രേ ഞാറ്റടി വന്നതോടെ ഒഴിവായി. നിലവിൽ 50 ഏക്കറിൽ നടത്തിയ പരീക്ഷണം പൂർണമായി വിജയിച്ചാല്‍ വിപുലീകരിക്കും. പരീക്ഷണാർഥം ഡ്രോൺ ഉപയോഗിച്ചു വളപ്രയോഗവും നടത്തി.

യന്ത്രക്കൊയ്ത്ത് തഥാസമയം സാധിക്കുന്നതും പടവുസമിതിയുടെ ആസൂത്രണംകൊണ്ടാണ്. വൈക്കോൽ വിൽപനയിൽ ഇടനിലക്കാരുടെ കടന്നുകയറ്റവും ചൂഷണവും ഒഴിവാക്കാനും കഴിയുന്നതായി ബിജു പറയുന്നു. നല്ല വില നൽകുന്ന കച്ചവടക്കാരെ കണ്ടെത്താനും എല്ലാ കർഷകർക്കും ഒരേ വില ഉറപ്പാക്കാനും കഴിയുന്നതു കൂട്ടായ്മയുടെ ബലം തന്നെ. സപ്ലൈകോ സംഭരണത്തിലെ പ്രശ്നങ്ങൾ യഥാസമയം ഉന്നയിക്കാൻ കഴിയുന്നതും കൂട്ടുകൃഷിയുടെ നേട്ടം.
വളം, കീടനാശിനി എന്നിവയെല്ലാം ലഭ്യമാക്കുന്നതു കമ്മിറ്റി തന്നെ. കൊയ്ത്തു കഴിഞ്ഞ് പണം കയ്യിലെത്തുമ്പോഴാണ് അതിന്റെ വില ഈടാക്കുക. വളം–കീടനാശിനികൾ വിതരണം ചെയ്യുന്ന കമ്പനികള്‍ക്കു പണം കൊടുക്കുന്നതും അപ്പോഴാണ്. കൃഷിച്ചെലവ് തവണകളായി തിരിച്ചടച്ചാൽ മതിയെന്നത് കർഷകർക്ക് ആശ്വാസകരം. കൃഷിക്കാർക്ക് തൊഴിലാളികളെയും കമ്മിറ്റി ലഭ്യമാക്കും. പാടശേഖരത്തിൽ കൃഷിക്കു താൽപര്യമില്ലാത്തവരുടെ പാടം തരിശിടാതെ കമ്മിറ്റി തന്നെ നേരിട്ടു കൃഷി നടത്താറുമുണ്ട്. മുഴുവൻ പ്രവർത്തനങ്ങളെയും കംപ്യൂട്ടർവൽക്കരിച്ച് സേവനങ്ങൾ സുഗമമാക്കി. വിള ഇൻഷുറൻസ് മുതൽ സപ്ലൈകോ റജിസ്ട്രേഷൻ വരെയുള്ള ഓൺലൈൻ സേവനങ്ങളെല്ലാം കർഷകർക്ക് പടവു കമ്മിറ്റി വഴി ലഭിക്കും. ഇങ്ങനെ നെൽകൃഷി നേരിടുന്ന വെല്ലുവിളികളിൽ നല്ല പങ്കും പരിഹരിക്കാൻ ഈ കൂട്ടായ്മയി ലൂടെ കഴിയുന്നു.
ഒരു നെല്ലും മീനും രീതി നന്നായിട്ടു നടത്തിയിരുന്നു ഈ പാടശേഖരത്തില്‍. ആറു മാസത്തെ മത്സ്യക്കൃഷി കർഷകർക്ക് ആദായകരവുമായിരുന്നു. എന്നാൽ പ്രളയത്തിനു ശേഷം വെള്ളം കെട്ടിനിർത്തിയുള്ള മത്സ്യക്കൃഷി ജില്ലാ ഭരണകൂടം വിലക്കിയതിനാല്‍ രണ്ടു പൂവു നെൽകൃഷിയിലേക്ക് നീങ്ങാനുള്ള തീരുമാനത്തിലാണ് ചേനംതരിശിലെ കർഷകർ.
ഫോൺ: 9446625865 (സെക്രട്ടറി)