ADVERTISEMENT

കാർഷികരംഗത്ത് പത്തു കാശുണ്ടാക്കണം. മുതൽമുടക്കാൻ കയ്യില്‍ അധികം പണമില്ല. കൂടുതൽ റിസ്ക് എടുക്കാനും വയ്യ. പരമാവധി 25,000 രൂപ ഒരുമിച്ചു മുടക്കാം. ഈ തുകയ്ക്ക് തുടങ്ങാവുന്ന സംരംഭങ്ങൾ എന്തെങ്കിലുമുണ്ടോ? എന്തു വരുമാനം നേടാം? പിന്നീട് വീപുലമാക്കാൻ സാധിക്കുമോ? സാധാരണക്കാരായ ഒട്ടേറെപ്പേരുടെ മനസ്സിലെ ചോദ്യങ്ങള്‍. അവര്‍ക്ക് ഉത്തരമായി ഇതാ ചില സംരംഭകർ. ചെറിയ മുതൽമുടക്കില്‍ കാർഷികസംരംഭങ്ങൾ തുടങ്ങി നേട്ടമുണ്ടാക്കുന്ന ചിലരുടെ അനുഭവ പാഠങ്ങളും വിപണ രീതികളും ഒപ്പമുള്ള ലിങ്കുകളിലൂടെ അറിയാം. 

ആദ്യവർഷംതന്നെ വലിയ വരുമാനം കിട്ടുന്ന സംരംഭങ്ങളല്ല ഇവയൊന്നും. മിതമായ തോതിൽ സമയവും സമ്പാദ്യവും ചെലവഴിച്ച് അധിക വരുമാനമാര്‍ഗമായി മാത്രം ആരംഭിക്കുക. അതതു മേഖലയിൽ നൈപുണ്യം നേടുകയും പുത്തൻ അവസരങ്ങൾ കണ്ടെത്തുകയും ചെയ്യുന്നതനുസരിച്ച് സംരംഭം പടിപടിയായി വളർത്താം. സംഗതി ക്ലിക്ക് ആയില്ലെങ്കിലോ, പരാജയം വിജയത്തിന്റെ ചവിട്ടുപടിയെന്നു പ്രഖ്യാപിച്ച് അടുത്ത വഴി നോക്കുക. കൈവിട്ടു പോയതു തുച്ഛമായ തുക മാത്രമെന്ന് ആശ്വസിക്കാം. കിട്ടിയതോ വില പിടിപ്പുള്ള അനുഭവസമ്പത്തും. ഈ അനുഭവത്തിന്റെ കരുത്തില്‍ അടുത്ത തവണ നിങ്ങൾ വിജയിക്കും, ഉറപ്പ്.

quail-jose-6

1. കോഴിയും താറാവും ടർക്കിയും

കോഴിയും താറാവുമൊന്നും പുതിയ ആശയമല്ല. മിതമായ മുതൽമുടക്കിൽ കുടുംബത്തില്‍ അധിക വരുമാനത്തിനായി പണ്ടേ കേരളത്തിലെ വീട്ടമ്മമാര്‍ കോഴികളെ വളര്‍ത്തിയിരുന്നു. ഇടക്കാലത്ത് ആ ശീലം പൊതുവെ ഇല്ലാതായെങ്കിലും വളർത്തുപക്ഷികൾ ഇന്നും ഒട്ടേറെപ്പേരുടെ കീശയിൽ കാശിടുന്നുണ്ട്. അക്കൂട്ടത്തിൽ നാടൻ കോഴിയും വിഗോവ താറാവും ടർക്കിയുമൊക്കെയുണ്ട്. ഏതു പക്ഷിയായാലും ആദ്യം ഉറപ്പാക്കേണ്ടത് വിപണിയാണ്. ഉൽപാദിപ്പിക്കുന്നത് മുട്ടയായാലും ഇറച്ചിയായാലും വാങ്ങാൻ ചുറ്റുവട്ടത്ത് ആളുണ്ടെങ്കിൽ ശങ്ക വേണ്ടാ.  

  • കാടവളർത്തൽ

400 കാടകളുള്ള ഒരു ബാച്ചിനു ദിവസേന ശരാശരി 11 കിലോ തീറ്റ നൽകേണ്ടിവരും. കിലോയ്ക്ക് 40 രൂപ നിരക്കിൽ പ്രതിദിന തീറ്റച്ചെലവ് മാത്രം 440 രൂപ. വൈറ്റമിനുകൾക്കും മറ്റുമായി പരമാവധി 40 രൂപ കൂടി ചെലവാക്കേണ്ടി വരാം. ഇത്രയും കാടകളിൽനിന്നു ദിവസേന 320 മുട്ട പ്രതീക്ഷിക്കാം. കൊറോണക്കാലത്തെ അമിതോൽപാദനം സൃഷ്ടിച്ച പ്രശ്നങ്ങൾ മാറി കാടമുട്ടയ്ക്ക് ആവശ്യക്കാരേറുന്നുണ്ടെന്ന് കർഷകനായ ജോസ് (ജോസിന്റെ കാടവളർത്തൽ സംരംഭത്തെക്കുറിച്ചു വരുമാന നേട്ടത്തെക്കുറിച്ചും വിശദമായി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക). ഒരു മുട്ടയ്ക്ക് 2.5 രൂപ നിരക്കിൽ 320 മുട്ടയ്ക്ക് 800 രൂപ. ഒരു ദിവസത്തെ അറ്റാദായം (800–440) 360 രൂപ. പ്രതിമാസ വരുമാനം 10,000 രൂപ.

  • പൂവൻകോഴി വളർത്തൽ

ഒന്നിടവിട്ട ആഴ്ചകളിൽ ഒരു ദിവസം പ്രായമായ 200 പൂവൻകോഴിക്കുഞ്ഞുങ്ങളെ വീതം വാങ്ങി വളർത്തുക. ഹൈദരാബാദിലെ സ്വകാര്യ ഹാച്ചറിയിൽനിന്നുള്ള റെയിൻബോ റൂസ്റ്റർ പൂവൻമാരെയാണ് ജോസ് വളർത്തുന്നത്. ഇവ ഫാമിലെത്തുമ്പോൾ ഒരു കുഞ്ഞിന് 30 രൂപ ചെലവ് വരും. ആഴ്ച തോറും 100 പൂവന്മാരെ വിൽക്കുന്ന വിധത്തിൽ ഉൽപാദനം ക്രമീകരിക്കാൻ 5 ബാച്ചുകളിലായി ആകെ 1000 കുഞ്ഞുങ്ങളെ വളർത്തണം. കൂട്ടിലെത്തിമ്പോൾ ഒരു പൂവൻകുഞ്ഞിന് 30 രൂപ ചെലവ് വരും. ഗ്രാമശ്രീ പോലുള്ള ഇനങ്ങളുടെ പൂവൻകുഞ്ഞുങ്ങളെ 10 രൂപയ്ക്ക് സർക്കാർഫാമിൽ കിട്ടുമെങ്കിലും അവയുടെ വളർച്ചാനിരക്ക് കുറവാണെന്നാണ് ജോസിന്റെ പക്ഷം. റെയിൻബോ റൂസ്റ്റർ 75 ദിവസമെത്തുമ്പോൾ 2 കിലോ വരെ തൂക്കമെത്തുമെങ്കിൽ ഗ്രാമശ്രീയും മറ്റും ഒന്നരക്കിലോ തൂക്കമെത്താൻ 90 ദിവസം വേണ്ടിവരും. 5 ബാച്ചിനുമായി ഒരു ആഴ്ചത്തെ തീറ്റച്ചെലവ് 15,972 രൂപ. ഇതോടൊപ്പം 100 കുഞ്ഞുങ്ങൾക്കുള്ള വില 3000 രൂപയും ചേർത്താൽ ഒരു ആഴ്ചത്തെ ആകെ ചെലവ് 18,972 രൂപ. ശരാശരി 1.8 കിലോ തൂക്കമെത്തിയ 97 പൂവൻകോഴികളെ  കിലോയ്ക്ക് 150 രൂപ നിരക്കിൽ വിൽക്കാനായാൽ ആഴ്ചതോറും 26,190 രൂപ വരുമാനം. പ്രതിവാര അറ്റാദായം 7218 രൂപ. പ്രതിമാസ വരുമാനം 28,000 രൂപ.

  • ടർക്കിവളർത്തൽ
quail-jose-9

ഒരു മാസം പ്രായമായ ടർക്കിക്കുഞ്ഞിന് 150 രൂപ വിലയുണ്ട്. ഇവയെ 7 മാസം പ്രായമെത്തുമ്പോൾ മാംസമാക്കുന്നതാണ് ഉചിതം. പ്രായമേറിയ ടർക്കിയുടെ മാംസത്തിനു വിപണിയിൽ പ്രിയം കുറയും. ദിവസേന ശരാശരി 100 ഗ്രാം തീറ്റയും ബാക്കി തീറ്റപ്പുല്ലും നൽകി വളർത്തുന്നതാവും നന്ന്. ഒരു ദിവസത്തെ തീറ്റ ച്ചെലവ് 6 രൂപയെന്നു കണക്കാക്കിയാൽ 180 ദിവസത്തേക്ക് ഒരു ടർക്കിക്ക് 1080 രൂപയുടെ തീറ്റ വേണം. കുഞ്ഞിന്റെ വിലയുൾപ്പെടെ 1230 രൂപ ഒരു പക്ഷിക്ക് ചെലവാകും. 7 മാസം പ്രായമായ ടർക്കിയിൽനിന്ന് കുറഞ്ഞത് 5 കിലോ മാംസം കിട്ടും. കിലോയ്ക്ക് 350 രൂപ നിരക്കിൽ 1750 രൂപ കിട്ടും. അതായത്, ഒരു പക്ഷിയിൽനിന്ന് 500 രൂപയിലേറെ ലാഭം. 100 ടർക്കിയുടെ ഒരു ബാച്ചിനു വിപണി കണ്ടെത്താമെന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ ക്രിസ്മസിനു പൊടിക്കാൻ അര ലക്ഷം രൂപ എക്സ്ട്രാ! ആഴ്ചതോറും 14 ടർക്കി വീതം വിൽക്കാവുന്ന വിധം ഉൽപാദനം ക്രമീകരിക്കാമെങ്കിൽ പ്രതിമാസം 25,000 രൂപയിലേറെ വരുമാനം പ്രതീക്ഷിക്കാം.

2. പന്നിവളർത്തൽ 

quail-jose-8

പന്നിവളർത്തലില്‍ പല കടമ്പകളുമുണ്ടെന്നതു മറക്കുന്നില്ല. യോജിച്ച സ്ഥലം, തീറ്റലഭ്യത, മലിനീകരണ നിയന്ത്രണം എന്നിവയൊക്കെ വെല്ലുവിളികളാണ്. എങ്കിലും ഇത് ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിൽ കുറഞ്ഞ മുതൽമുടക്കിൽ ആരംഭിക്കാവുന്ന സംരംഭം തന്നെ. വളർത്തി വലുതാക്കി വില്‍ക്കുന്നതാണ് ലളിതവും തുടക്കക്കാർക്ക് പരിചയം നേടാന്‍  യോജ്യവും. കൂടുതൽ എണ്ണം വളർത്തുന്നതിന്റെ പ്രായോഗിക പ്രയാസങ്ങൾ നോക്കുമ്പോൾ മൂന്നോ നാലോ എണ്ണത്തെ വളർത്തുകയും സംരംഭത്തിന്റെ അടുത്ത ഘട്ടത്തിൽ പ്രജനനത്തിലേക്ക് മാറുകയുമാവാം.

പന്നിവവളർത്തലിലൂടെ വരുമാനം നേടുന്നവരെക്കുറിച്ച് വിശദമായി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

padannamackal-brothers-3

3. അലങ്കാരമത്സ്യം 

കൃത്യമായ വിപണി കണ്ടെത്താനായാൽ പരിമിത സാഹചര്യത്തിൽപോലും സാധ്യമാണ് അലങ്കാരമത്സ്യപ്രജനനം. ചില്ലറവില്‍പനശാലകൾക്ക് അലങ്കാരമത്സ്യങ്ങളെ ഉൽപാദിപ്പിച്ചു നൽകുകയോ മത്സ്യക്കുഞ്ഞുങ്ങളെ വളർത്തി നിശ്ചിത വലുപ്പമെത്തിച്ചു നൽകുകയോ ആവാം. തുടക്കക്കാർക്ക് ഗപ്പി, പ്ലാറ്റി തുടങ്ങി കുഞ്ഞുങ്ങളെ പ്രസവിക്കുന്ന മത്സ്യങ്ങളാവും യോജ്യം. അലങ്കാരമത്സ്യക്കൃഷിക്കാവശ്യമായ ചെറുടാങ്കുകൾ പ്ലാസ്റ്റിക് പടുത ഉപയോഗിച്ച് അനായാസം കുറഞ്ഞ ചെലവിൽ നിർമിക്കാം. സ്ഥിരമായി മത്സ്യങ്ങളെ വാങ്ങാൻ തയാറുള്ള വിൽപനശാലകൾ കണ്ടെത്തുന്നതിലാണ് സംരംഭത്തിന്റെ വിജയം. ഒരു പരിധിവരെ പ്രാദേശിക ചില്ലറവിൽപനയും നടത്താം.

അലങ്കാരമത്സ്യങ്ങളിൽനിന്ന് വരുമാനം നേടുന്നവരെക്കുറിച്ച് വിശദമായി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

4. തൈ ഉൽപാദനം

നാടെങ്ങും നഴ്സറികൾ കൂണുപോലെ മുളയ്ക്കുന്നത് നാം കാണുന്നു. എന്നാൽ അവർക്കാവശ്യമായ തൈകൾ എവിടെനിന്നു വരുന്നുവെന്നു ചിന്തിച്ചിട്ടുണ്ടോ? വൻകിട നഴ്സറികളിൽനിന്നും തൈ ഉൽപാദകരിൽനിന്നുമൊക്കെ തൈകൾ വാങ്ങി  ഉയർന്ന വിലയ്ക്കു വിൽക്കുകയാണ് പൊതു രീതി. കമ്പു കുത്തി വേരു പിടിപ്പിക്കാനും വിത്തു പാകി കിളിർപ്പിക്കാനുമൊക്കെ താൽപര്യവും  നൈപുണ്യവുമുള്ളവർക്ക്  ഇ തൊരു അവസരമാണ്. രണ്ടോ മൂന്നോ ഇനം ചെടികളുടെ തൈകൾ വൻതോതിൽ ഉൽപാദിപ്പിച്ചാൽ വാ ങ്ങാനാളുണ്ടാവും. നിശ്ചിത നിലവാരം ഉറപ്പാക്കണമെന്നു മാത്രം. നഴ്സറികൾക്കു മാത്രമല്ല കൃഷിഭവനു കളും കൃഷിവിജ്ഞാനകേന്ദ്രങ്ങളും അടക്കമുള്ള കാർഷിക വികസന ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കും തൈകള്‍ ആവശ്യമുണ്ട്.

(തൈയുൽപാദനത്തിലൂടെയും കൂണുൽപാദനത്തിലൂടെയും വരുമാനം നേടുന്ന വീട്ടമ്മയെക്കുറിച്ച് വിശദമായി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക). 

5. കൂൺകൃഷി

കുറഞ്ഞ ചെലവിൽ ആരംഭിക്കാവുന്നതും  ഏറെ വിപണനസാധ്യതയുള്ളതുമായ ഉൽപന്നമാണ് കൂൺ. ചിപ്പിക്കൂൺ ആണ് കേരളത്തിനു കൂടുതൽ  യോജ്യം. റബർതടിയുടെ അറക്കപ്പൊടി, വൈക്കോൽ തുടങ്ങി പ്രാദേശികമായി ലഭിക്കുന്ന അസംസ്കൃതവസ്തുക്കൾ മതിയെന്നതാണ് കൂൺകൃഷിയുടെ മെച്ചം. അടിസ്ഥാനസൗകര്യമായി വേണ്ടത് ഒരു ഇരുട്ടുമുറിയും കൂൺബെഡുകൾ സ്ഥാപിക്കാനുള്ള ഉറികളും. കായികാധ്വാനം കാര്യമായില്ലാത്തതിനാൽ സ്ത്രീകൾക്കും ആരോഗ്യപ്രശ്നങ്ങളുള്ളവർക്കുമൊക്കെ ചെയ്യാം. പ്രോട്ടീൻ സമ്പുഷ്ടമായ കൂണിന്റെ ഉപയോഗം സർവസാധാരണമാകുന്നതിനാല്‍ വിപണിയുമുണ്ട്. 

6. ജൈവ വളങ്ങള്‍

jyothimol-1

ജൈവവള നിർമാണത്തിനും വിപണനത്തിനും ഇന്നു കേരളത്തില്‍ ഏറെ സാധ്യതയുണ്ട്.  വിപണിയിൽ ലഭ്യമായ കാർഷികോപാധികൾ പൊതുവെ നിലവാരം കുറഞ്ഞതാണെന്ന് എറണാകുളം കൃഷിവിജ്ഞാ നകേന്ദ്രത്തിലെ സബ്ജക്ട് മാറ്റർ എക്സ്പർട്ട് പുഷ്പരാജ് ചൂണ്ടിക്കാട്ടുന്നു. വേപ്പിൻപിണ്ണാക്കായാലും തേങ്ങാപ്പിണ്ണാക്കായാലും ഡോളമൈറ്റായാലും നിശ്ചിത നിലവാരമില്ലാത്തതാണ് പലർക്കും ജൈവകൃഷി യിൽ തിരിച്ചടിയുണ്ടാക്കുന്നത്. അതിനാല്‍ ഉയർന്ന നിലവാരമുള്ള ജൈവ കാർഷികോപാധികൾ പ്രാദേ ശികമായി ലഭ്യമാക്കുന്ന സംരംഭങ്ങള്‍ക്കു നല്ല സാധ്യതയാണ്.

വളനിർമാണത്തിലൂടെ വരുമാനം നേടുന്ന വനിതകളെക്കുറിച്ച് വിശദമായി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.  

pressmud

7. നായ് പ്രജനനം 

പശുവിനെയും ആടിനെയും കോഴിയെയും വളർത്തുന്നവരുടെ എണ്ണം അനുദിനം കുറഞ്ഞു വരികയാണ്. എന്നാൽ അരുമ മൃഗങ്ങളുടെയും പക്ഷികളുടെയും കാര്യം നേരെ വിപരീതമാണ്. കൂടുതൽ ആളുകൾ താൽപര്യത്തോടെ ഈ രംഗത്തേക്ക് കടന്നുവരുന്നതായി കാണാം. വിശേഷിച്ച് നായ്ക്കളെ വളർത്താൻ പുതിയ തലമുറ കൂടുതൽ ഉത്സാഹം കാണിക്കുന്നു -പണ്ടൊക്കെ നാം നായയെ വളർത്തിയിരുന്നത് വീട്ടുകാവലിനായിരുന്നെങ്കിൽ ഇന്ന് സ്ഥിതി മാറി.  സഹചാരിയായാണ്  ഏറെപ്പേരും ഇന്ന് നായ്ക്കളെ കാണുന്നത്. അതുകൊണ്ടുതന്നെ അവയ്ക്കുവേണ്ടി കൂടുതൽ സമയവും സമ്പത്തും ചെലവഴിക്കാൻ മടിക്കാറുമില്ല.  സംരംഭം എന്ന നിലയിൽ നായ വളർത്തലിന്റെ പ്രസക്തിയും സാധ്യതയും ഇതുതന്നെ. ലക്ഷങ്ങൾ വിലയു ള്ള നായ്ക്കളുടെ പ്രജനനം തുടക്കക്കാർക്ക് തീരെ ചേർന്നതല്ല. സങ്കീർണവും ചെലവേറിയതുമാണത്. എന്നാൽ താരതമ്യേന കുറഞ്ഞ വിലയുള്ള കുഞ്ഞൻ നായ്ക്കളുടെ പ്രജനനത്തിലൂടെ ഈ മേഖലയിൽ ചുവടുറപ്പിക്കാനാകും (നായ് വളർത്തലിലൂടെ വരുമാനം നേടുന്ന യുവാവിനെക്കുറിച്ച് വിശദമായി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക).

English summary: 7 ventures with an investment of Rs.25,000

small-dog-breeds
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com