ADVERTISEMENT

സംസ്ഥാനത്ത് പാലുൽപാദനം കൂട്ടാനും കറവയുടെ ഇടവേള ദൈർഘ്യം കൂട്ടാനുമായി മിൽമയുടെ പാൽ ശേഖരണസമയം മാറ്റുന്നത് ആലോചനയിലുണ്ടെന്ന തീരുമാനം മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചത് ഈയിടെയാണ്. മിൽമ പാൽശേഖരണ സമയം പുനഃക്രമീകരിക്കുന്നത് പരിഗണയിലുണ്ടെന്ന ഈ വാർത്തയ്ക്ക് വലിയ സ്വീകാര്യതയാണ് ക്ഷീരകർഷകസമൂഹത്തിൽനിന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധരിൽനിന്നും ഉണ്ടായിരിക്കുന്നത്. കാരണം ഈ തീരുമാനം നടപ്പിലായാൽ ക്ഷീരകേരളത്തിന്റെ തലവര തന്നെ മാറുമെന്നത് തീർച്ച, കാരണം സാമൂഹികമായും സാമ്പത്തികമായും ഉൽപ്പാദനപരമായും അത്രത്തോളം മാറ്റങ്ങൾ കേരളത്തിൽ പാലുൽപ്പാദന രാഗത്ത് കൊണ്ടുവരാൻ ഈ തീരുമാനത്തിന് കഴിയും. മിൽമയുടെ പാൽ സംഭരണസമയം മാറ്റുമ്പോൾ അത് 12 മണിക്കൂര്‍ ഇടവേള കറവയ്ക്ക് നൽകുന്ന വിധം രാവിലെ 6 മുതല്‍ 8.30 വരെയും, വൈകീട്ട് 4 മുതല്‍ 6.30 വരെയും എന്ന രീതിയിലാക്കണമെന്നതാണ് കർഷകരിൽനിന്നുള്ള ആവശ്യം. 

കറവ ഇടവേള കൂട്ടിയാൽ പശുക്കളിൽ പാലുൽപ്പാദനക്ഷമത കൂടും, രോഗങ്ങൾ മാറി നിൽക്കും

കേരളത്തിലെ നിലവിൽ രാവിലത്തെ കറവയും ഉച്ചയിലെ കറവയും തമ്മിലുള്ള സമയവ്യത്യാസം 8 മണിക്കൂറാണ്. ഭൂരിഭാഗം ക്ഷീരസംഘങ്ങളില്‍നിന്നും രാവിലെ 7.30നകം മില്‍മയുടെ പാല്‍വണ്ടികള്‍ വന്ന് രാവിലെ ശേഖരിച്ച പാല്‍ മില്‍മയുടെ തന്നെ ചില്ലിങ് പ്ലാന്റിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് കറക്കുന്ന പാല്‍ ക്ഷീരസംഘങ്ങളില്‍ നിന്നും ശേഖരിച്ച് മില്‍മയുടെ വാഹനം 1.30നും 3.30നും ഇടയില്‍ ചില്ലിങ് പ്ലാന്റിലേക്ക് കൊണ്ടുപോകും. ഈ രീതിയിൽ കാലാകാലങ്ങളായി ക്രമീകരിക്കപ്പെട്ടിരിക്കുന്ന ക്ഷീര സഹകരണ സംഘങ്ങളിലെ സംഭരണ സമയത്തിനനനുസരിച്ച് കറവനടത്താനും കറവകൾക്കിടയിലെ ഇടവേള ചുരുക്കാനും  ക്ഷീരകർഷകർ നിർബന്ധിതരായി തീരുന്നു എന്നു വേണം പറയാൻ. പാദത്തിനൊത്ത ചെരിപ്പ് വാങ്ങുന്നതിന് പകരം ചെരിപ്പിനൊത്ത് പാദം മുറിക്കുന്ന സമീപനമാണിത്. ഈ രീതി കാരണം പശുക്കൾക്ക് ആരോഗ്യപരമായും ഉൽപാദനപരമായും സംഭവിക്കുന്ന കഷ്ടതകൾ ഏറെയാണ്. ഒരു ദിവസം രാവിലത്തെയും ഉച്ചക്കത്തെയും രണ്ടു കറവകൾക്കിടയിലെ ഇടവേള എട്ടു മണിക്കൂറാണെങ്കിൽ അടുത്ത കറവ പിറ്റേ ദിവസം രാവിലെ 15-16 മണിക്കൂറുകൾക്ക് ശേഷമാണ്. അത്യുൽപ്പാദനമുള്ള 15 ലീറ്ററിന് മേൽ കറവയുള്ള പശുക്കളിൽ ഇതുണ്ടാക്കുന്ന ശാരീരികസമ്മർദ്ദം ചെറുതല്ല. മാത്രമല്ല അകിടിൽ കറവ നടക്കാതെ നിറഞ്ഞ് തുളുമ്പുന്ന പാൽ അകിടുവീക്ക രോഗങ്ങൾക്ക് എളുപ്പം വഴിയൊരുക്കും. ഇത് കർഷകർക്ക് ഉണ്ടാക്കുന്ന സാമ്പത്തിക നഷ്ടവുമേറെ.

കർഷകർക്ക് സാമ്പത്തികനേട്ടമേറെ

രണ്ടു കറവകൾക്കിടയിലെ ഇടവേള വർധിപ്പിക്കുമ്പോൾ അത് പശുക്കളുടെ പ്രതിദിന പാലുൽപ്പാദനത്തിലും മെച്ചപ്പെട്ട ഫലങ്ങളുണ്ടാക്കും. പ്രസവം കഴിഞ്ഞ് രണ്ടു മാസത്തിൽ പരമാവധി കറവയിലെത്തിയ ഒരു പശുവിന് രാവിലെ എട്ട് ലീറ്ററും തുടർന്ന് എട്ട് മണിക്കൂർ കഴിഞ്ഞ് കറക്കുമ്പോൾ നാലു ലീറ്ററുമാണ് കറവയെന്ന് കരുതുക. എന്നാൽ കറവസമയത്തിൽ പന്ത്രണ്ട് മണിക്കൂർ എന്ന ഇടവേള കൊണ്ടു വരുമ്പോൾ പാലുൽപാദനത്തിൽ ഉയർച്ചയുണ്ടാകും. രണ്ടാമത്തെ കറവയിൽ ആദ്യത്തെ കറവയിൽ കിട്ടിയതിനോടുത്ത അളവു തന്നെ പാൽ ലഭിക്കും. അതായത് നിലവിൽ എട്ടു മണിക്കൂർ ഇടവിട്ട് കറക്കുമ്പോൾ രാവിലെ എട്ടും വൈകിട്ട് നാലു ലീറ്ററും അടക്കം ആകെ 12 ലീറ്റർ ആണ് ഉൽപ്പാദനം എന്നിരിക്കട്ടെ.  കറവ ഇടവേള പന്ത്രണ്ട് മണിക്കൂർ ആകുമ്പോൾ രാവിലത്തെയും വൈകിട്ടത്തെയും ഉൽപാദനം യഥാക്രമം ഏഴും ആറും ലീറ്ററായി ഉയർന്ന് ആകെ ഉൽപാദനം 13 ലീറ്റർ വരെയാകും.  ദിവസം മൊത്തം ഒരു ലീറ്ററിന്റെ ഉൽപാദന വ്യത്യാസം. പാലളവ് മാത്രമല്ല പാലിലെ ശരാശരി കൊഴുപ്പിലും വർധനയുണ്ടാവും.  ഇത് ഒരു ഉദാഹരണം മാത്രമാണ്. ഉൽപാദന മികവുള്ള പശുക്കളിൽ കറവ ഇടവേള കൂട്ടുമ്പോൾ പാലളവ് ഇനിയും ഉയരും. ദിവസം ഒന്നോ രണ്ടോ ലീറ്ററോ പാൽ കൂടിയാൽ തന്നെ അത് ക്ഷീരകർഷകരെ സംബന്ധിച്ച് സാമ്പത്തികനേട്ടമാണ്. 

ക്ഷീരകർഷകർക്ക് തിരികെ കിട്ടും; ടെൻഷനില്ലാത്ത ഒരു ജീവിതം

പാൽ സംഭരണസമയം മാറ്റിയാൽ ക്ഷീരകർഷകർക്ക് അത് നൽകുന്ന ആശ്വാസം ചെറുതല്ല. നിലവിലെ രാവിലെ 6.30നും 7.30നും ഇടക്കുള്ളതും വൈകിട്ട് 3 മണിക്കുള്ളതുമായ പാൽ സംഭരണ സമയം ക്ഷീരകർഷകർക്കുണ്ടാക്കുന്ന സമ്മർദ്ദം ചെറുതല്ല. കറവസമയം ഈ സംഭരണ രീതിക്കനുസരിച്ചായതിനാൽ  മറ്റൊരു ജോലിക്കും പോകാൻ സാഹചര്യമില്ല. എന്തിനേറെ ഒരു വിവാഹമോ വീട്ടുകൂടലോ എന്തിന് ഒരു മരണവീട്ടിൽ പോലും പോയി മനസമാധാനത്തോടെ സമയം ചെലവിടാൻ ക്ഷീരകർഷകനാവാത്തതിന്റെ മുഖ്യകാരണം അവരുടെ മേൽ അടിച്ചേൽപ്പിച്ച കുറഞ്ഞ കറവ ഇടവേളയും പാൽ സംഭരണ സമയ ക്രമവുമാണ്. പല ക്ഷീര കർഷക പരിശീലന ക്ലാസുകളിലും പോലും പോകുമ്പോൾ ഒരു പന്ത്രണ്ടുമണി കഴിയുമ്പേഴേക്കും കർഷകർ അസ്വസ്ഥരാവുന്നത് കാണാം, ചിലർ പരിശീലനങ്ങളിൽ ഒരുക്കിയ ഉച്ചഭക്ഷണം പോലും കഴിക്കാൻ നിൽക്കാതെ വേഗം വീട്ടിലേക്കു തിരിക്കും. കാരണം മറ്റൊന്നുമല്ല, കറവയെ കുറിച്ചും പാൽ വൈകിട്ട് മൂന്ന് മൂന്നര മണിക്കുള്ളിൽ ക്ഷീര സംഘങ്ങളിൽ എത്തിക്കേണ്ട ടെൻഷൻ തന്നെ. ഈ സാഹചര്യങ്ങൾക്ക് തീർച്ചയായും മാറ്റമുണ്ടാവണം. നാടിനെ നല്ല പാലൂട്ടുന്ന ക്ഷീരകർഷകരും മനുഷ്യരാണ്, അവർക്ക് നമ്മൾ എല്ലാവരുടെയും പോലെ സാമൂഹ്യ ജീവിതത്തിനുള്ള അവസരം നൽകേണ്ടതുണ്ട്. സമ്മർദ്ദമില്ലാതെ തൊഴിൽ ചെയ്യാനും പാലുൽപ്പാദനത്തിൽ ഏർപ്പെടാനും അവർക്ക് സാഹചര്യവും സന്ദർഭവും ഒരുക്കി നൽകേണ്ടത് അവരുടെ സേവനത്തിന്റെ ഗുണം നല്ല പാലായി കുടിച്ച് അനുഭവിക്കുന്ന പൊതുസമൂഹത്തിന്റെ കടമയാണ്. പാലുൽപാദനം കൂട്ടാനും കറവയുടെ ഇടവേള ദൈർഘ്യം കൂട്ടാനുമായി മിൽമയുടെ പാൽ ശേഖരണ സമയം മാറ്റുന്നതിനുള്ള വിപ്ലവകരമായ തീരുമാനം പ്രായോഗികമാക്കാനുള്ള നടപടികൾ ഇനി വൈകരുത്.

English summary: The effect of 12 hours milking intervals on milk production

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com