ADVERTISEMENT

പശുക്കളിൽ ചർമമുഴ രോഗത്തിന്റെ മൂന്നാം തരംഗം കേരളത്തിലെ ക്ഷീരമേഖലയിലുണ്ടാക്കിയ ആഘാതം ചെറുതല്ല. സങ്കരയിനമെന്നോ നാടൻ പശുക്കളെന്നോ ഭേദമില്ലാതെ എല്ലായിനം പശുക്കളെയും ചർമമുഴ രോഗം അതിതീവ്രമായി ബാധിച്ചു.

ആയിരക്കണക്കിന് കാലികൾ ചത്തൊടുങ്ങിയെന്നു മാത്രമല്ല, രോഗബാധയേറ്റവയിൽ പാലുൽപാദനവും വലിയ അളവിൽ കുറഞ്ഞു. രോഗബാധയേറ്റവയുടെ ചികിത്സയ്ക്കുൾപ്പെടെ വലിയ സാമ്പത്തികഭാരവും കർഷകർക്കുണ്ടായി. ചർമമുഴ വൈറസ് ബാധിക്കുന്നത് പശുക്കളെയാണെങ്കിലും അതു പിടിച്ചുലച്ചത് ക്ഷീരകർഷകരുടെ നിത്യജീവിതത്തെ കൂടിയാണ്. രോഗബാധയേറ്റു ചത്ത പശുക്കൾക്കും കിടാക്കൾക്കും നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനമെടുത്തിട്ടുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട കൂടുതൽ നിർദ്ദേശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. 

ചർമമുഴ വാക്സീൻ അതിവ ഫലപ്രദം

ചർമമുഴ രോഗം പ്രതിരോധിക്കുന്നതിനായി ഇക്കഴിഞ്ഞ ജനുവരി അവസാനം മുതൽ ഒരു മാസക്കാലയളവിൽ മൃഗസംരക്ഷണ വകുപ്പ് ക്ഷീരകർഷകരുടെ വീടുവീടാന്തരം എത്തി സമഗ്ര വാക്സീനേഷൻ യജ്ഞം നടത്തിയിരുന്നു. രോഗകാരിയായ കാപ്രിപോക്സ് വൈറസിനെതിരെ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടതും ആടുകളിലെ വസൂരി രോഗം തടയാൻ നൽകുന്നതുമായ ഗോട്ട് പോക്സ് വാക്സീനാണ്  (ഉത്തരകാസി സ്ട്രയിൻ) പശുക്കളിൽ ലംപി സ്‌കിൻ പ്രതിരോധകുത്തിവയ്പ്പിനായി ഉപയോഗിച്ചത്.

ആറു മാസത്തിൽ താഴെ പ്രായമുള്ള  കിടാക്കൾ, ആറുമാസത്തിനു മുകളിൽ പ്രായമുള്ള  കിടാരികൾ, വലിയ പശുക്കൾ ഉൾപ്പെടെ ആരോഗ്യമുള്ള എല്ലാ പശുക്കൾക്കും കുത്തിവയ്പ് നൽകിയിരുന്നു. ഈ വാക്സീനേഷൻ പരിപാടി ചർമ മുഴ രോഗത്തെ നിയന്ത്രിച്ചു നിർത്താൻ വലിയ അളവിൽ തുണച്ചെന്നാണ് ഫീൽഡ് തലത്തിൽ ഡോക്ടർമാരിൽനിന്നും കർഷകരുടെ ഭാഗത്തു നിന്നുമുള്ള അനുഭവം. കൃതമായി വാക്സീൻ നൽകിയ പശുക്കളിൽ രോഗബാധ റിപ്പോർട്ട് ചെയ്തത് അപൂർവമായി മാത്രമാണ്. വാക്സീൻ ചെയ്തിട്ടും രോഗബാധയേറ്റവയിൽ രോഗം തീവ്രമായില്ല. ജനിച്ച് രണ്ട് ദിവസം പ്രായത്തിൽ വാക്സീൻ നൽകിയ ഒരു കന്നിക്കിടാവിന് രണ്ടാഴ്ചകൾക്ക് ശേഷം ചർമമുഴ ബാധിച്ചെങ്കിലും കൂടുതൽ മാരകമാവാതെ രക്ഷപ്പെട്ട അനുഭവം ഫീൽഡിൽ കാണാൻ സാധിച്ചിട്ടുണ്ട്. ഒരു ഡെയറി ഫാമിൽ വാക്സീൻ എടുത്ത പശുക്കൾക്ക് ഒന്നും രോഗബാധയേറ്റില്ലങ്കിലും വാക്സീൻ എടുക്കാതെ മാറ്റി നിർത്തിയ ഒരു കിടാരിക്കു മാത്രം രോഗബാധ കണ്ട അനുഭവവും ഉണ്ടായിട്ടുണ്ട്. രോഗം മൂർച്ഛിച്ച് പശുക്കളും കിടാക്കളും ക്രമേണ വീണുകഴിഞ്ഞാൽ പിന്നെ എഴുന്നേക്കാൻ കഴിയാത്ത വിധം കിടപ്പിലാവുന്ന സാഹചര്യമാണ് പൊതുവെ ചർമ മുഴ രോഗബാധയിൽ കണ്ടുവരുന്നത്.

പല ഫാമുകളിലും ഇപ്പോഴും ചർമമുഴ രോഗം പ്രതിരോധിക്കാൻ വാക്സീൻ എടുക്കാത്ത കിടാക്കളും പശുക്കളും ഉള്ളതായി കാണാം. സൗജന്യ വാക്സീനേഷൻ കാലവധി കഴിഞ്ഞ സാഹചര്യത്തിൽ ഇതുവരെ വാക്സീൻ എടുക്കാത്ത ഇത്തരം പശുക്കൾക്ക് മൃഗസംരക്ഷണവകുപ്പുമായി ബന്ധപ്പെട്ട് വാക്സീൻ ഉറപ്പാക്കാനുള്ള ക്രമീകരണം കർഷകർ തന്നെ ചെയ്യണം.

methyleneblue
Image credit: asikkk/iStockPhoto

ചർമമുഴ സംശയിച്ചാൽ ഈ ഒറ്റമൂലി മറക്കരുത് 

ഉയര്‍ന്ന പനി, വൈറസ് ബാധിച്ച് ലസികാ ഗ്രന്ഥികളുടെ (ലിംഫ് നോഡ് ) ശക്തമായ വീക്കം, തീറ്റ മടുപ്പ്, കറവയിലുള്ള പശുക്കളുടെ ഉല്‍പാദനം ഗണ്യമായി കുറയല്‍, കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും നീരൊലിപ്പ്, വായില്‍ നിന്നും ഉമിനീര്‍ പതഞ്ഞൊലിക്കല്‍ എന്നിവയെല്ലാമാണ് ചർമമുഴയുടെ  ആരംഭലക്ഷണങ്ങള്‍. ത്വക്കില്‍ പല ഭാഗങ്ങളിലായി 2 മുതല്‍ 5 സെന്റിമീറ്റര്‍ വരെ വ്യാസത്തില്‍ വൃത്താകൃതിയില്‍ നല്ല കട്ടിയുള്ള  മുഴകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. ഇത്തരം മുഴകള്‍ വായിലും അന്നനാളത്തിലും ശ്വസനനാളിയിലും ആന്തരാവയവങ്ങളിലുമെല്ലാം ഉണ്ടാവാനും ഇടയുണ്ട്. പശുക്കളിൽ ചർമമുഴ രോഗം കണ്ടെത്തിയാൽ തുടക്കത്തിൽ തന്നെ കൃത്യമായ ചികിത്സ ഉറപ്പാക്കാൻ കഴിഞ്ഞാൽ രോഗം ഗുരുതരമാകാതെ രക്ഷപ്പെടുത്താൻ കഴിയും. 

ചർമ മുഴ രോഗാരംഭത്തിൽ ഒരു പ്രഥമ ശുശ്രൂഷ പോലെ കർഷകർക്ക് തന്നെ ഉപയോഗിക്കാൻ കഴിയുന്ന ഔഷധമാണ് മെഥിലീൻ ബ്ലൂ എന്ന രാസവസ്തു. ഇതുപയോഗിച്ച് നടത്തിയ ചികിത്സയിലും പരിചരണത്തിലും രോഗബാധയേറ്റ പശുക്കളിൽ ഗുണകരമായ നല്ല മാറ്റങ്ങളാണ് കണ്ടിട്ടുള്ളത്.  നീല നിറത്തിൽ പൗഡർ രൂപത്തിലുള്ള രാസവസ്തുവാണ് മെഥിലീൻ ബ്ലൂ. അധിക അളവിൽ അകത്തുചെന്നാൽ അപകടകാരിയാണെങ്കിലും നിഷ്കർഷിക്കപ്പെട്ട അളവിൽ ഉപയോഗിച്ചാൽ മെഥിലീൻ ബ്ലൂ വൈറസ് രോഗസംഹാരിയാണ്. ആഫ്രിക്കയിൽ സിക്ക രോഗം പടർന്ന് പിടിച്ചപ്പോൾ ചികിത്സയ്ക്കായി മനുഷ്യരിൽ മെഥിലീൻ ബ്ലൂ  ഉപയോഗിച്ചിരുന്നു. കോവിഡ് വൈറസുകൾക്കെതിരെയും മെഥിലീൻ ബ്ലൂ ഫലപ്രദമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

വിവിധ വൈറസുകളുടെ  ജനിതക ഘടനയെ തകർത്ത് വൈറസിന്റെ പെരുപ്പം തടയാൻ മെഥിലീൻ ബ്ലൂ പൗഡറിന്റെ ഗുണമാണ് വൈറസ് രോഗ ചികിത്സയിൽ പ്രയോജനപ്പെടുത്തുന്നത്. പശുക്കളിൽ രോഗബാധയുടെ തുടക്കത്തിൽ തന്നെ മെഥിലീൻ ബ്ലൂ പരിചരണം തുടങ്ങിയാൽ ചർമമുഴ തീവ്രമാവില്ലെന്നത് തീർച്ച, അത് തന്നെയാണ് ഫീൽഡിൽ നിന്നുള്ള അനുഭവവും.

മെഥിലീൻ ബ്ലൂ പൗഡർ  ഒരു ഗ്രാം പൗഡർ വീതം ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച് 0.1  ശതമാനം ലായനി തയാറാക്കി ദിവസം 300 മില്ലി വീതം മൂന്ന് തവണകളായി പശുക്കളെ കുടിപ്പിക്കുന്നതാണ് ഒരു ചികിത്സാവിധി. ഓരോ ദിവസവും ഒരു ലീറ്റർ പുതിയ ലായനി തയാറാക്കി അഞ്ച്- ഏഴ് ദിവസം വരെ കുടിപ്പിക്കണം. കിടാക്കളാണെങ്കിൽ പശുക്കൾക്ക് നൽകുന്നതിന്റെ പകുതി മതി.

ഇതേ ലായനി മുഴകളിലും വ്രണങ്ങളിലും തളിക്കുകയും ചെയ്യാം. ഇതെല്ലാം കർഷകർക്ക് എളുപ്പത്തിൽ തങ്ങളുടെ തൊഴുത്തിൽ തന്നെ ചെയ്യാവുന്നതാണ്.  ആവശ്യമെങ്കിൽ മെഥിലീൻ ബ്ലൂ ലായനി സിരകളിൽ കുത്തിവെയ്ക്കുന്ന ചികിത്സയുമുണ്ട്, അതിന് ഡോക്ടറുടെ സേവനം തേടണം. മെഥിലിൻ ബ്ലൂ പൗഡർ (Pharmaceutical Methylene Blue USP) രാസവസ്തുക്കൾ ലഭ്യമാക്കുന്ന സ്ഥലങ്ങളിൽ ലഭ്യമാവും. ഓൺലൈൻ ഷോപ്പിങ് വഴിയും കിട്ടും. ലാബുകളിൽ ഉപയോഗിക്കുന്ന മെഥിലിൻ ബ്ലൂ ഡൈ/ ലാബ് റിയേജന്റ് എന്നിവ പശുക്കളിൽ ഉപയോഗിക്കരുത്.

സംശയങ്ങൾ ഉണ്ടെങ്കിൽ പരിചരണം തുടങ്ങുന്നതിന് മുൻപായി ഡോക്ടറുടെ ഉപദേശം തേടണം.  മെഥിഥീൻ ബ്ലൂ വാങ്ങി സംഭരിച്ച് സംസ്ഥാനത്തെ മൃഗാശുപത്രികൾ വഴി ലഭ്യമാക്കാനുള്ള നടപടികളും മൃഗസംരക്ഷണവകുപ്പ് തുടങ്ങിയിട്ടുണ്ട്.

English summary: Methylene Blue: A promising antiviral drug for treatment of Lumpy Skin disease in Cattle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com