ADVERTISEMENT

മഴക്കാലമാണ് പൊതുവെ പശുക്കളിൽ അകിടുവീക്കത്തിന് ഏറ്റവും സാധ്യതയുള്ള കാലമെന്ന് പൊതുവെ പറയാറുണ്ട്. എന്നാൽ കഠിനമായ ഈ വേനൽ കാലത്തും പശുക്കളിൽ അകിടുവീക്കം വരുത്തിവയ്ക്കുന്ന ബാക്റ്റീരിയ രോഗാണുക്കളുണ്ട്. സമ്മർ മാസ്റ്റൈറ്റിസ് അഥവാ വേനൽ അകിടുവീക്കം എന്നാണ് ഈ സാഹചര്യം പശുക്കളിൽ വിളിക്കപ്പെടുന്നത്. പ്രത്യേകിച്ച് പ്രസവം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടതും കറവയിലുള്ളതുമായ പശുക്കളിൽ വേനൽ അകിടുവീക്കം കൂടുതലായി കണ്ടുവരുന്നു. വേനൽ അകിടുവീക്കത്തിന് കാരണമാവുന്ന രോഗാണുക്കൾ പൊതുവെ ശക്തി കൂടിയവയായതിനാൽ വേഗത്തിലുള്ള ചികിത്സയും പ്രതിരോധവും വേണ്ടതുണ്ട്. ഡോക്ടറെ വിളിച്ച് വിദഗ്ധ ചികിത്സ നടത്താൻ കാണിക്കുന്ന അമാന്തവും സ്വയം ചികിത്സയുമെല്ലാം ഒടുവിൽ പശുക്കളുടെ അകിടുകളുടെ നാശത്തിലാണ് ചെന്നവസാനിക്കുക. വേനൽ അകിടുവീക്കം ബാധിച്ച കറവപ്പശുക്കൾക്ക് കൃത്യമായി ചികിത്സ നൽകിയില്ലെങ്കിൽ അവ തീറ്റയെടുക്കാതാവുകയും ക്രമേണ ക്ഷീണവും രോഗത്തിന്റെ സമ്മർദ്ദവും മൂലം എഴുന്നേൽക്കാൻ കഴിയാതെ കിടപ്പിലാവുകയും ചെയ്യും. പശുക്കളെ ബാധിക്കുന്ന വേനൽ പരാദ രോഗങ്ങളായ തെലേറിയയും ബബീസിയയുമെല്ലാം ഈ അവസരം മുതലെടുത്ത് പെരുകുകയും പശുവിന്റെ ആരോഗ്യം ക്ഷയിക്കുകയും ചെയ്യും. വേനൽ അകിടുവീക്കത്തെ ചെറുത്ത് പാലുൽപാദന മികവ് നിലനിർത്താൻ അകിടുവീക്കനിയന്ത്രണത്തിന് നിർദ്ദേശിക്കപ്പെട്ട കാര്യങ്ങൾ തൊഴുത്തിൽ ചെയ്യുന്നുണ്ടെന്ന് കർഷകർ ഉറപ്പാക്കണം. 

വേനൽ അകിടുവീക്കം തടയാൻ വേണ്ടത്

  • കറവയ്ക്ക് മുന്‍പായി അകിടുകള്‍ നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് ലായനി (5 ലീറ്റർ വെള്ളത്തിൽ 0.5 ഗ്രാം പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് പൊടി വീതം) ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഒരു ടവ്വലോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് നനവ് ഒപ്പിയെടുക്കണം. കറവയ്ക്ക് മുൻപ് അകിടുകൾ വൃത്തിയാക്കാൻ ഉപയോഗിക്കാവുന്ന ബയോഫോം  ( BIOFOAM - DELAVEL) പോലുള്ള റെഡിമെയ്‌ഡ്‌ ലായനികളും ഇന്ന് ലഭ്യമാണ്. കറവക്കാരന്റെ കൈകളും കറവയന്ത്രങ്ങളുടെയും ഇതേ രീതിയിൽ വൃത്തിയാക്കേണ്ടതും പ്രധാനമാണ് .
  • പാല്‍ അകിടില്‍ കെട്ടി നില്‍ക്കാന്‍ ഇടവരാത്ത വിധത്തില്‍ കൃത്യമായ ഇടവേളകളില്‍ പൂർണമായും കറന്നെടുക്കണം. സ്ഥിരമായി ഒരു നിശ്ചിത സമയത്ത് തന്നെ കറവ നടത്തുന്നത് ഏറ്റവും നല്ലതാണ്. കൂടുതൽ പാലുള്ള പശുക്കൾ ആണെങ്കിൽ അകിടിന്റെ സമ്മർദ്ദം കുറയ്ക്കാൻ എട്ടു മണിക്കൂർ ഇടവേളയിൽ മൂന്നുതവണ കറവ നടത്താം. രണ്ടു തവണയാണ് കറവയെങ്കിൽ ഇരുകറവകൾ തമ്മിലുള്ള ഇടവേള 12 മണിക്കൂർ ആയി ക്രമപ്പെടുത്തുന്നതാണ് ഉചിതം.  കൈകൊണ്ടാണ് കറവയെങ്കിൽ അകിടിന് പോറലേൽപ്പിക്കാതെയുള്ള മുഴുകൈ കറവയാണ് അഭികാമ്യം. പശുക്കിടാക്കളെ വിട്ടുകുടിപ്പിക്കുകയാണെങ്കിൽ അകിടിൽ മിച്ചം വരുന്ന പാൽ പിന്നീട്  കറന്നെടുക്കണം.
  • പൂർണ കറവയ്ക്കു ശേഷം മുലക്കാമ്പുകള്‍ നേര്‍പ്പിച്ച പൊവിഡോണ്‍ അയഡിന്‍ ലായനിയില്‍ 20 സെക്കൻഡ് വീതം മുക്കി ടീറ്റ് ഡിപ്പിങ് നല്‍കണം. മുലക്കണ്ണ് വഴി രോഗാണുക്കൾ അകിടിനുള്ളിലേക്ക് കയറുന്നത് തടയുമെന്നു മാത്രമല്ല മുലദ്വാരം പെട്ടെന്ന് അടയുന്നതിനും അയഡിൻ  സഹായിക്കും.  ടീറ്റ് ഡിപ്പിങ് നൽകാൻ ഉപയോഗിക്കാവുന്ന മാസ്റ്റിഡിപ്പ് (MASTIDIP-AYUR VET), ലാക്ടിഫെൻസ്  ( LACTIFENCE - DELAVEL) പോലുള്ള റെഡിമെയ്‌ഡ്‌ ലായനികളും ഇന്ന് വിപണിയിൽ ഉണ്ട് .  
  • പാൽ ചുരത്തിയതിനു ശേഷം മുലദ്വാരം അടയാൻ ചുരുങ്ങിയത് 25 - 30 മിനിറ്റ് സമയമെടുക്കും. മുലദ്വാരം അടയുന്നതു വരെ ഏറ്റവും ചുരുങ്ങിയത് 20 മിനിറ്റ് നേരത്തെക്കെങ്കിലും പശു തറയില്‍ കിടക്കുന്നത് ഒഴിവാക്കാനായി കറവ കഴിഞ്ഞ ഉടന്‍ അൽപം തീറ്റ നൽകാം. ഇത് തീറ്റപ്പുല്ല് അല്ലെങ്കിൽ സൈലേജ് ആവുന്നതാണ് ഉചിതം.
  • അകിടിലുണ്ടാവുന്ന മുറിവുകളും പോറലുകളും എത്ര നിസാരമാണെങ്കിലും കൃത്യമായി ചികിത്സിക്കണം. അകിടിലും മുലക്കാമ്പുകളിലും ഉണ്ടാവുന്ന വിള്ളലുകളിൽ ബോറിക് ആസിഡ് പൊടി ഗ്ലിസറിൻ ദ്രാവകത്തിലോ അയഡിൻ ലായനിയിലോ ചേർത്ത് പ്രയോഗിക്കുന്നത് ഫലപ്രദമാണ്. അകിടിന്റെ ചർമ്മത്തെ ബാധിക്കാൻ ഇടയുള്ള പോക്സ്, ഫംഗസ്, പാപ്പിലോമ പോലുള്ള സാംക്രമിക രോഗങ്ങൾക്കെതിരെ പ്രത്യേക ജാഗ്രത വേണം.
  • പാല്‍ തൊഴുത്തിന്റെ തറയില്‍ പരന്നൊഴുകാതെ ശ്രദ്ധിക്കണം. പാൽ തൊഴുത്തിന്റെ തറയിലേക്കു പിഴിഞ്ഞ് കളയുന്നത് ഒഴിവാക്കണം. തറയിൽ കിടക്കുമ്പോൾ പാൽ തനിയെ ചുരത്തുന്ന ചില കറവപ്പശുക്കളുണ്ടാവാം. ഫോസ്‌ഫറസ്‌ മൂലകത്തിന്റെ അഭാവമാണ് ഈ അവസ്ഥയുടെ പ്രധാന കാരണം. വലുപ്പം കൂടിയ മുലദ്വാരമുള്ള പശുക്കളിലും പാൽ തനിയെ ചുരത്തുന്ന അവസ്ഥ കാണാറുണ്ട്. തനിയെ തറയിൽ പാൽ ചുരത്തുന്ന അകിടുകൾ രോഗാണുക്കളെ മാടിവിളിക്കും. തറയിൽ പരന്നൊഴുകുന്ന പാലിൽ രോഗാണുക്കൾ എളുപ്പത്തിൽ പെരുകും. തനിയെ പാൽ ചുരത്തുന്ന പശുക്കളിൽ മാത്രമല്ല മറ്റ് പശുക്കളിലും ഇത് അകിടുവീക്ക സാധ്യത കൂട്ടും. മതിയായ ചികിത്സ ഉറപ്പാക്കി ഇത്തരം സാഹചര്യങ്ങൾ തടയാൻ ക്ഷീരകർഷകർ ജാഗ്രത പുലർത്തണം. ഫോസ്‌ഫറസ്‌ മൂലകത്തിന്റെ അപര്യാപ്തത പരിഹരിക്കാൻ ഇനോർഗാനിക് ഫോസ്‌ഫറസ്‌ ഫോസ്‌ഫോ വെറ്റ് (Phosphovet), ഫോസ്‌ഫറസ്‌ വെറ്റ് തുടങ്ങിയ പൊടികളോ ഗുളികകളോ  കുത്തിവയ്പുകളോ പശുക്കൾക്ക് നൽകാം. വലിയ മുലദ്വാരമുള്ള പശുക്കളെ ദിവസം മൂന്നു തവണയെങ്കിലും കറവ നടത്താനും തൊഴുത്തിലെ ഏറ്റവും വൃത്തിയുള്ള സ്ഥലത്ത് പ്രത്യേകം പാർപ്പിക്കാനും ശ്രദ്ധിക്കണം.
  • പാലിന്റെ മണവും രുചിയും നിറവും രൂപവും  വ്യത്യാസപ്പെടുന്നതടക്കമുള്ള അകിടുവീക്കത്തിന്റെ ബാഹ്യ  ലക്ഷണങ്ങൾ ഒന്നും പുറത്ത് പ്രകടമാവാത്ത തരത്തിലുള്ള നിശബ്ദ അകിടുവീക്കത്തിനും  (സബ് ക്ലിനിക്കൽ മാസ്‌റ്റൈറ്റിസ് ) പശുക്കളിൽ സാധ്യതയുണ്ട്. പാൽ ക്രമേണ ക്രമേണ കുറഞ്ഞുവരുന്നതായിരിക്കും ഇത്തരം അകിടുവീക്കത്തിന്റെ പ്രധാന ലക്ഷണം. ഇങ്ങനെ നിശബ്ദ അകിടുവീക്കമുള്ള പശുക്കളിൽ പിന്നീട് ശക്തമായ അകിടുവീക്കം ഉണ്ടാവാനുള്ള സാധ്യതയും ഉണ്ട് .  സബ് ക്ലിനിക്കൽ മാസ്‌റ്റൈറ്റിസ്  മുൻകൂട്ടി തിരിച്ചറിയുന്നതിനായി അകിടുവീക്കനിര്‍ണയ കിറ്റ് (കാലിഫോർണിയ മാസ്‌റ്റൈറ്റിസ് ടെസ്റ്റ് കിറ്റ്/ സിഎംടി) ഉപയോഗിച്ച് വീട്ടിൽ തന്നെ സ്വയം ചെയ്യാവുന്ന  ലളിതമായ പരിശോധന കർഷകർക്ക് പ്രയോജനപ്പെടുത്താം. നിശബ്ദ അകിടുവീക്കം കണ്ടെത്തിയാൽ ഡോക്ടറുടെ നിർദേശപ്രകാരം ട്രൈസോഡിയം സിട്രേറ്റ് പൊടി പശുവിന്റെ 100 കിലോഗ്രാം ശരീരതൂക്കത്തിന് 3 ഗ്രാം എന്ന അളവിൽ കറവപ്പശുക്കൾക്ക് നൽകുന്നത് രോഗം തടയാൻ ഫലപ്രദമാണ്. രോഗകാരിയായ ബാക്ടീരിയകളുടെ വളർച്ച ത്വരിതപ്പെടുത്തുന്ന പാലിന്റെ അമിത ക്ഷാരനില നിർവീര്യമാക്കാനും പാലിന്റെ സാധാരണ അമ്ല-ക്ഷാര നില കൈവരിക്കാനും ട്രൈസോഡിയം സിട്രേറ്റ് പൗഡർ നേരിട്ടോ ഈ ഘടകം അടങ്ങിയ വിപണിയിൽ ലഭ്യമായ റെഡിമെയ്‌ഡ്‌ പൗഡറുകളോ ( അവാസിട്രേറ്റ്,  മമ്മീഡിയം , പ്രീമാസ്റ്റ് , മാസ്റ്റിഗാർഡ് ) നൽകുന്നത് സഹായിക്കും. ട്രൈസോഡിയം പൗഡർ മിൽമ ക്ഷീരസംഘങ്ങൾ വഴി കർഷകർക്ക് ലഭ്യമാക്കുന്നുണ്ട്.  രോഗതീവ്രത അനുസരിച്ച് ആവശ്യമെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം ആന്റിബയോട്ടിക് അടക്കമുള്ള അകിടുവീക്ക ചികിത്സകൾ നൽകേണ്ടതും പ്രധാനമാണ് . സിഎംടി പരിശോധനയുടെ അടിസ്ഥാനത്തിൽ ശേഖരിക്കുന്ന പാൽ ബാക്റ്റീരിയൽ കൾച്ചർ ആൻഡ് സെൻസിറ്റിവിറ്റി പരിശോധനകൾക്ക് വിധേയമാക്കി കൃത്യമായ ആന്റിബയോട്ടിക് മരുന്നുകൾ നിർണയിക്കാനുള്ള സേവനവും മൃഗ സംരക്ഷണവകുപ്പ് ഇപ്പോൾ കർഷകർക്ക് ലഭ്യമാക്കുന്നുണ്ട്.
  • പശുക്കളുടെ തീറ്റ ശാസ്ത്രീയവും സമീകൃതവും സന്തുലിതവുമാകാൻ പ്രത്യേകം ശ്രദ്ധ വേണം. ശാസ്ത്രീയവും സന്തുലിതവുമായ തീറ്റക്രമം അനുവർത്തിക്കുന്നതിനൊപ്പം  ആമാശയ അമ്ലത കുറയ്ക്കുന്നതിനായി ക്ഷാരഗുണമുള്ള സോഡിയം ബൈ കാര്‍ബണേറ്റ് /അപ്പകാരം, മഗ്നീഷ്യം ഓക്സൈഡ്, മഗ്നീഷ്യം കാര്‍ബണേറ്റ് എന്നിവയിലേതെങ്കിലും പ്രതിദിനം 100 - 150 ഗ്രാം വരെ തീറ്റയില്‍ ഉള്‍പ്പെടുത്താം. അകിടിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന കോപ്പർ , സിങ്ക് , സെലീനിയം എന്നീ  ധാതുക്കൾ അടങ്ങിയ  മിശ്രിതങ്ങൾ ദിവസവും 30 ഗ്രാം എങ്കിലും നിത്യവും തീറ്റയില്‍ ഉള്‍പ്പെടുത്തണം. വറ്റുകാലത്തും പ്രസവത്തോടനുബന്ധിച്ചുമെല്ലാം ഈ മിശ്രിതങ്ങൾ നൽകണം. പശുക്കളുടെ തീറ്റയിൽ യീസ്റ്റ്, ലാക്ടോബാസില്ലസ് തുടങ്ങിയ  മിത്രാണുക്കൾ അടങ്ങിയ പ്രോബയോട്ടിക് മിശ്രിതങ്ങൾ ഉൾപ്പെടുത്തുന്നതും അകിടുവീക്കം പ്രതിരോധിക്കാൻ ഫലപ്രദമാണെന്ന് പുതിയ ഗവേഷണങ്ങൾ  പറയുന്നു.

ഡ്രൈ കൗ തെറാപ്പി മറക്കരുത്

ഗർഭിണിപ്പശുക്കൾ കറവയിലാണെങ്കിൽ പ്രസവം പ്രതീക്ഷിക്കുന്നതിന്റെ രണ്ട് മാസങ്ങൾക്ക് മുൻപ് കറവ അവസാനിപ്പിച്ച് വറ്റുകാല വിശ്രമം നൽകണം. രണ്ടു മാസക്കാലത്തെ വറ്റുകാല വിശ്രമം അടുത്ത ഉൽപാദനകാലത്ത്  മികച്ച അളവിൽ  പാൽ  ലഭിക്കാൻ സഹായിക്കും.  അകിടിന്റെ പ്രതിരോധശക്തി കുറയാൻ ഇടയുള്ളതിനാൽ വറ്റുകാലത്ത് അകിടിൽ അണുബാധയ്ക്ക് സാധ്യത കൂടുതലാണ്.  അണുക്കള്‍ കൂടുതല്‍ കാലം അകിടിൽ നിലനിന്നാൽ പ്രസവാനന്തരം  അകിടുവീക്കത്തിനുള്ള സാധ്യത ഉയരുകയും ചെയ്യും. ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനായി വറ്റുകാലം ആരംഭിക്കുന്നതിന് മുന്നോടിയായി പശുക്കൾക്ക്  വറ്റുകാല ചികിത്സ (ഡ്രൈ കൗ തെറാപ്പി ) ഉറപ്പാക്കണം. വറ്റുകാലം ആരംഭിക്കുന്നതിന് തൊട്ട് മുൻപ് മുഴുവൻ പാലും കറന്നെടുത്ത ശേഷം കൂടുതൽ കാലം രോഗാണു പ്രതിരോധ ശേഷിയുള്ള തരം   ആന്റിബയോട്ടിക്ക് മരുന്നുകള്‍ നാലു മുലക്കാമ്പിനുള്ളിലേക്കും കൊടുക്കുകയാണ് വറ്റുകാലചികിത്സയില്‍ ചെയ്യുന്നത്. ആവശ്യമെങ്കിൽ  മൂന്ന് ആഴ്ചത്തെ ഇടവേളയ്ക്കു ശേഷം ഒരു തവണ കൂടി ഇത്തവർത്തിക്കണം. വറ്റുകാലത്തോടൊപ്പം  വറ്റുകാല ചികിത്സയും നൽകുന്നത് നിലനിൽക്കുന്ന രോഗാണുക്കളെ നശിപ്പിക്കാനും പുതിയ രോഗാണുക്കളെ തടയാനും അടുത്ത കറവക്കാലത്ത് അകിടുവീക്കം ഉണ്ടാവുന്ന സാധ്യത കുറയ്ക്കാനും സഹായിക്കും. വറ്റുകാല ചികിത്സ നൽകുന്നത് അടുത്ത കറവക്കാലത്ത് 8 - 10 ശതമാനം വരെ ഉൽപ്പാദനം കൂട്ടുമെന്ന് വിവിധ പഠനങ്ങൾ പറയുന്നു.

English summary: How to manage summer mastitis in cattle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com