ADVERTISEMENT

ആരോഗ്യമുള്ള ഒരു പശു പ്രതിദിനം ശരാശരി 12 കിലോ ചാണകമിടും. 1300 മില്യൺ ടൺ ചാണകമാണ് ഒരു വർഷം ഇന്ത്യയിൽ ലഭ്യമാകുന്നത്. ഇതിൽ വെറും 15 ശതമാനം മാത്രമാണ് കൃഷിക്കും മറ്റുമായി ഉപയോഗിക്കുന്നത്. ബാക്കി 85 ശതമാനവും ഉപയോഗിക്കാതെ നശിച്ചു പോകുന്നു. ഇന്ത്യയിൽനിന്നും മാലദ്വീപ്, അമേരിക്ക, സിങ്കപ്പൂർ എന്നിവിടങ്ങളിലേക്കു ചാണകം കയറ്റുമതി ചെയ്യുന്നുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ ചാണകം കയറ്റുമതി ചെയ്യുന്നത് ഇന്ത്യയിൽ നിന്നാണ്. രാജ്യത്ത് ഈ മേഖലയിൽ പ്രവർത്തിക്കുന്ന 174 കയറ്റുമതിക്കാരുണ്ട്.

നൈട്രജൻ, കാർബൺ, സെല്ലുലോസ്, നാരുകൾ, മഗ്നീഷ്യം, മാംഗനീസ്, കാത്സ്യം, സിങ്ക് തുടങ്ങി ചെടികളുടെ വളർച്ചയ്ക്കാവശ്യമായ എല്ലാ ഘടകങ്ങളും ചാണകത്തിലുണ്ട്. ഉണങ്ങിയ ചാണകത്തെ അപേക്ഷിച്ച് പച്ചച്ചാണകത്തിന് ഗുണമേറും. കാരണം പച്ചച്ചാണകത്തിൽ കാണുന്ന ബാക്ടീരിയകൾ മണ്ണിലെ സൂഷ്മാണുക്കളെ പെരുകാൻ സഹായിക്കും. ഇതുവഴി മണ്ണിന്റെ ഫലഭൂയിഷ്ടത വർധിക്കും. എങ്കിലും സ്ഥിരമായി പച്ചച്ചാണകം വൃക്ഷത്തിന്റെ തടിയോട് ചേർന്ന് നിക്ഷേപിക്കാൻ പാടില്ല. ഇത് മരം കേടാകുന്നതിനും ഉണങ്ങുന്നതിനും കാരണമാകും.

ചാണകത്തിൽനിന്നുള്ള മീഥെയ്ൻ ബയോഗ്യാസായി ഉപയോഗിക്കാം. മറ്റു സംസ്ഥാനങ്ങളിൽ ചാണകം ‘പരത്തി ഉണക്കി’ (ചാണക വറളി) പാചകത്തിനായി ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. മുൻ കാലങ്ങളിൽ വീടുകൾക്കുള്ളിലെ നിലം മെഴുകുന്നതിന് ചാണകം ഉപയോഗിച്ചിരുന്നു. പൊട്ടാസ്യം, ഫോസ്ഫറസ്, നൈട്രജൻ എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ചാണകവെള്ളം ചെടികളിൽ തളിച്ച് നൽകാം. ചാണകവെള്ളം പുഴുക്കളുടെ ആക്രമണത്തേയും പ്രതിരോധിക്കും.

ചാണകം ഉണക്കി ചാക്കിലാക്കിയതിന് ഇപ്പോൾ ആവശ്യക്കാർ ഏറെയാണ്. ചാക്കൊന്നിന് 150 രൂപ മുതൽ മുകളിലേക്കാണ് കർഷകർ ഈടാക്കുന്നത്. വൻകിട ഫാമുകാർ യന്ത്ര സഹായത്തോടെ ചാണകം ഉണക്കുമ്പോൾ ചെറുകിട ഇടത്തരം കർഷകർ മഴ നനയാതെ ഷെഡ് കെട്ടി അതിൽ ചാണകം നിരത്തിയിട്ട് ഉണങ്ങിയതിനു ശേഷം ചാക്കുകളിലാക്കുകയാണ് ചെയ്യുന്നത്. 10 മുതൽ 15 വരെ മുട്ടക്കോഴികളെ ചാണകം നിരത്തിയിട്ടിട്ടുള്ള സ്ഥലത്ത് തുറന്നു വിട്ട് വളർത്തുന്നതും കാണാം. അരി, ഗോതമ്പ് പോലുള്ള ധാന്യങ്ങൾ ചെറിയ തോതിൽ ചാണകത്തിനു മുകളിൽ വിതറിക്കൊടുക്കും. കോഴികൾ ഇവ തിന്നുന്നതിനായി ചിക്കിച്ചികയുന്നതുകൊണ്ട് ചാണകം ഇളകി പൊടിഞ്ഞ് പെട്ടെന്ന് ഉണങ്ങുന്ന പരുവത്തിലാകും. ചാണത്തിൽ വളരുന്ന ചെറിയ പുഴുക്കളും മറ്റും കോഴികൾക്കു ഭക്ഷണമാവുകയും ചെയ്യും. അങ്ങനെ കർഷകർക്ക് വലിയ ചെലവില്ലാതെ വീട്ടാവശ്യത്തിനു മുട്ടയും ലഭിക്കും. കൂടുതൽ കോഴികളുണ്ടെങ്കിൽ മുട്ട വിൽക്കുന്നതിലൂടെ വരുമാനവും ലഭിക്കും.

ഇങ്ങനെയൊക്കെയാണെങ്കിലും ചാണകം കൂനയായി കെട്ടിക്കിടക്കുന്നിടത്ത് രോഗ ഹേതുക്കളായ ബാക്ടീരിയ വളരാനുള്ള സാധ്യതയുണ്ട്. അതിനാൽ സമയാസമയം ചാണകം നീക്കം ചെയ്യണം. കയ്യുറ ധരിക്കുകയും വേണം.

English Summary:

Unleashing the Potential of Cow Dung: India's Hidden Agricultural Asset

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com