വാഴക്കൃഷിക്ക് ഇത്രയും യന്ത്രങ്ങളോ! കൃഷി ഇനി വേറെ ലെവൽ

Mail This Article
വാഴക്കർഷകർക്ക് ഉപയോഗിക്കാവുന്ന യന്ത്രങ്ങൾ പരിചയപ്പെടാം. നിലമൊരുക്കൽ, കുഴിയെടുക്കൽ, സ്പ്രേയിങ്, കളനിയന്ത്രണം, ജലസേചനം, കുലപൊതിയൽ, വിളവെടുപ്പ്, രോഗ–കീട നിയന്ത്രണം, മൂല്യവർധന എന്നിവയ്ക്കെല്ലാം യന്ത്രങ്ങൾ ലഭ്യമാണ്.
നിലമൊരുക്കൽ
ആഴം കുറഞ്ഞ വേരുകളാണ് വാഴയ്ക്കുള്ളത്. അതിനനുസൃതമായി ഉഴുതുമറിച്ച്, കിളച്ചാവണം നിലമൊരുക്കൽ.
- പവർ ടില്ലർ, ഗാർഡൻ ടില്ലർ, മിനി ടില്ലർ...
ഫലപ്രദമായി നിലമൊരുക്കാൻ സാധിക്കുന്ന യന്ത്രമാണ് പവർ ടില്ലർ. 60 സെന്റീമീറ്റർ വീതിയിലും 20 സെന്റീമീറ്റർ ആഴത്തിലും മണ്ണിളക്കുന്നു. 6 മണിക്കൂറിൽ 0.75 മുതൽ ഒരു ഹെക്ടർ ആണ് യന്ത്രത്തിന്റെ പ്രവർത്തനശേഷി. ഒരു മണിക്കൂർ നേരത്തേക്ക് ഒന്നു മുതൽ ഒന്നേകാൽ ലീറ്റർ ഡീസൽ ആവശ്യമാണ്.
ഏകദേശ വില: 1.87 ലക്ഷം രൂപ.

9 എച്ച്പി പവർ ടില്ലറും നിലമൊരുക്കുന്നതിന് അനുയോജ്യമാണ്. മണിക്കൂറിൽ ഒന്നര ലീറ്ററാണ് ഇന്ധനക്ഷമത. 6 മണിക്കൂറിൽ 0.5 മുതൽ 0.75 ഹെക്ടറാണ് പ്രവർത്തനക്ഷമത. ഏകദേശ വില: 1.76 ലക്ഷം രൂപ.
6.5 എച്ച്പി പെട്രോൾ എൻജിനിൽ പ്രവർത്തിക്കുന്ന മിനി പവർ ടില്ലർ 10 സെന്റീമീറ്റർ ആഴത്തിലും 85 മുതൽ 130 സെന്റീമീറ്റർ വീതിയിലും മണ്ണിളക്കുന്നു. ഏകദേശ വില: 89,000 രൂപ.
6 എച്ച്പി പെട്രോൾ എൻജിൻ പ്രവർത്തിക്കുന്ന മിനി പവർ ടില്ലർ 114 മുതൽ 125 സെന്റീമീറ്റർ വീതിയിലും 15 സെന്റീമീറ്റർ ആഴത്തിലും മണ്ണിളക്കുന്നു. 4 സ്ട്രോക് എൻജിനാണ്. ഏകദേശ വില: 52,000 രൂപ.
7.1 എച്ച്പി പെട്രോൾ ഇന്ധനമായി 2 സ്ട്രോക് എൻജിൻ ഉപയോഗിച്ചു പ്രവർത്തിക്കുന്ന യന്ത്രം 16 സെന്റീമീറ്റർ ആഴ ത്തിൽ മണ്ണിളക്കും. ഏകദേശ വില: 93,000 രൂപ

കുഴിയെടുപ്പ്
കന്നുകൾ ഒന്നര മുതൽ രണ്ടരയടി ആഴത്തിലാണു നടുന്നത്. മണ്ണിന്റെ തരം, വാഴയിനം, നീർവാർച്ച സൗകര്യം എന്നിവയനുസരിച്ചു കുഴിയുടെ വലുപ്പം വ്യത്യാസപ്പെടും.
- എർത്ത് ഓഗറുകൾ
പെട്രോൾ ഇന്ധനമായി പ്രവർത്തിക്കുന്ന യന്ത്രങ്ങൾ ഉപയോഗിക്കാം. രണ്ടര അടി ആഴത്തിൽ കുഴിയെടുക്കാം. മണിക്കൂറിൽ 25 മുതൽ 30 വരെ കുഴികളെടുക്കാം. ഏകദേശ വില: 35,000 രൂപ.

സ്പ്രേയറുകൾ
വിവിധ ആവശ്യങ്ങൾക്കു മരുന്നുകളും മൂലകങ്ങളും തളിക്കേണ്ടി വരും. ഉദാഹരണത്തിനു കുലയ്ക്കു വണ്ണവും ദൃഢതയും കിട്ടാൻ സൾഫേറ്റ് ഓഫ് പൊട്ടാഷ് സ്പ്രേ ചെയ്യുന്നതു കായ്കൾക്കു ദൃഢതയും വലുപ്പവും കൂട്ടാൻ സഹായിക്കും. ടെലിസ്കോപിക് സ്പ്രേയറുകളാണ് കർഷകർ സാധാരണ ഉപയോഗിക്കുന്നത്.
പോർട്ടബ്ൾ സ്പ്രേയർ, മിസ്‌റ്റ് ബ്ലോവർ...
പെട്രോൾ എൻജിനിൽ പ്രവർത്തിക്കുന്ന പോർട്ടബ്ൾ ബ്രെയറുകൾ ഉപയോഗിച്ചാൽ മരുന്നു ടാങ്ക് കർഷകൻ ചുമലിലേറ്റേണ്ടി വരില്ല. ഡെലിവറി ഹോസിന് 50 മീറ്റർ നീളമുള്ളതിനാൽ ലോങ് സ്പ്രേ റേഞ്ച് സാധ്യമാണ്. ഒരു മിനിറ്റിൽ 12 മുതൽ 14 ലീറ്റർ മരുന്നു ഡിസ്ചാർജ് ചെയ്യും. വില: 32,000 രൂപ.
മിസ്റ്റ് ബ്ലോവർ 2 സ്ട്രോക്ക് എൻജിനിൽ പെട്രോളാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. 12 മീറ്റർ അകലത്തിൽ സ്പ്രേ ചെയ്യാം. മിനിറ്റിൽ 2.5 ലീറ്ററാണ് നിർഗമന ശേഷി. വില: 18,000 രൂപ.
കളനിയന്ത്രണം

ഇടവിളയായി കുറ്റിപ്പയർ, ചീര എന്നിവ കൃഷി ചെയ്യുന്നത് അധിക ആദായം നൽകുന്നതിനോടൊപ്പം കള നിയന്ത്രണവും സാധ്യമാക്കുന്നു. 2.0 X2.0 മീറ്റർ അകലത്തിൽ നടുന്ന വാഴകളുടെ ശരിയായ വളർച്ചയ്ക്ക് കളനിയന്ത്രണം പ്രധാനമാണ്.
- പവർ വീഡർ...
30 സെന്റീമീറ്റർ പ്രവർത്തന വീതിയും 7.5 സെന്റീമീറ്റർ ആഴവും. വരികൾക്കിടയിൽ കളകൾ, വേരുകൾ ഉൾപ്പെടെയുള്ളവ നീക്കം ചെയ്യാൻ കഴിയും. 20 കിലോ ഭാരമുണ്ട്. കള നിയന്ത്രണത്തിനു ശേഷം വളം, തടത്തിൽ മണ്ണിനോടു ചേർത്തിളക്കാനും ഉത്തമം. വില: 30,000 രൂപ.

കീടരോഗ നിയന്ത്രണം
വാഴയുടെ വിവിധ വളർച്ച ഘട്ടങ്ങളിൽ പിണ്ടിപ്പുഴു, മാണവണ്ട്, വാഴപ്പേൻ, ഇലതീനിപ്പുഴുക്കൾ, വെള്ളീച്ച മുതലായ കീടങ്ങളും മാണ അഴുകൽ, ഇലപ്പുള്ളി, കുറുനാമ്പ് തുടങ്ങിയ രോഗങ്ങളും കണ്ടു വരാറുണ്ട്. മരുന്നുകൾ സ്പ്രേ ചെയ്യുന്ന രീതിയിൽനിന്നു വ്യത്യസ്തമായി സ്യൂഡോ സ്റ്റെം ഇൻജെക്ടർ ഉപയോഗിച്ചു തടതുരപ്പനെ നിയന്ത്രിക്കാം.
- സ്യൂഡോ സ്റ്റെം
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച്, മധ്യപ്രദേശ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾചറൽ എൻജിനീയറിങ്, തിരുച്ചിറപ്പള്ളി നാഷനൽ റിസർച് സെന്റർ ഫോർ ബനാന എന്നിവർ സംയുക്‌തമായി വികസിപ്പിച്ചതാണു ബാറ്ററി ഓപ്പറേറ്റഡ് ഇൻജെക്ടർ. മരുന്നിന്റെ അളവു കൃത്യമാക്കാൻ ഈ യന്ത്രത്തിന് സാധിക്കും. 2 മുതൽ 5 മില്ലി മരുന്ന് ഒരു ഇൻജക്‌ഷൻ വഴി നൽകാം. ഒരു മണിക്കൂറിൽ 300 വാഴകളിൽ കുത്തിവയ്ക്കാം. വില: 19,500 രൂപ.
ജലസേചനം

ഡിജിറ്റൽ ടൈമറും സെൻസറും ഉപയോഗിച്ചുള്ള ഡ്രിപ്പ് ഇറിഗേഷനാണ്(തുള്ളിനന) ഇപ്പോൾ പ്രചാരത്തിലുള്ളത്. വെള്ളത്തിൽ ലയിക്കുന്ന വളങ്ങൾ ഇതുവഴി നൽകാൻ കഴിയും 60 ശതമാനം ജലസംരക്ഷണം മറ്റൊരു നേട്ടമാണ്. തുള്ളിനന സംവിധാനം ഒരുക്കുന്നതിനു സബ്‌സിഡി ലഭ്യമാണ്
- ഡീസൽ പമ്പുകൾ...
5.0 എച്ച്പിയുള്ള യന്ത്രത്തിൽ ഡീസലാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. വില: 41,000 രൂപ.
കുല പൊതിയുന്ന സംവിധാനം

വാഴക്കുലയ്ക്കു വിപണി മൂല്യം വർധിപ്പിക്കുന്നതിനായി വാഴക്കുല പൊതിയുന്ന രീതി കർഷകർ അനുവർത്തിക്കാറുണ്ട്. എന്നാൽ, കൂലിവർധനയും ഏണി വച്ചു കയറി കുല പൊതിയാനുള്ള പ്രയാസവും കാരണം കുല പൊതിയാൻ കർഷകർ മടിക്കുന്നു.
ബനാന ബഞ്ച് കവറിങ് ഡിവൈസ്
വാഴക്കൂമ്പ് ഒടിച്ച ശേഷം ബനാന ബഞ്ച് കവറിങ് ഡിവൈസ് ഉപയോഗിച്ചു നിമിഷങ്ങൾക്കകം കുല പൊതിയാം. കേരള കാർഷിക സർവകലാശാലയാണ് ഈ ഉപകരണം വികസിപ്പിച്ചെടുത്തത്. 17 ജിഎസ്എം നോൺ വൂവൺ മെറ്റീരിയൽ തുണിസഞ്ചിയാണ് കവറായി ഉപയോഗിക്കുന്നത്. മണിക്കൂറിൽ 20 മുതൽ 30 വരെ വാഴക്കുലകൾ ഈ യന്ത്രസഹായത്താൽ പൊതിയാം. ഒരു കവർ ഉപയോഗിച്ച് 3 തവണ കുല പൊതിയാൻ കഴിയും. വില: 3,820 രൂപ
കാറ്റിൽ ഒടിഞ്ഞ് വീഴാതെ

ശക്തമായ കാറ്റിൽ വാഴ ഒടിഞ്ഞു വീഴാതെ താങ്ങായി ഉപയോഗിക്കാവുന്ന ഉപകരണമാണ് കോളർ റിങ് ആൻഡ് സ്ട്രിങ് സപ്പോർട്ട് സിസ്റ്റം. വില: 35 രൂപ.
പടലയ്ക്ക് ക്ഷതമില്ലാതെ
പടലയ്ക്കു ക്ഷതമില്ലാതെ വാഴയ്ക്കാ അടർത്തിയെടുക്കുന്ന ഉപകരണമാണ് ബനാന കോംബ് കട്ടർ. വാണിജ്യകൃഷിയിൽ വാഴയ്ക്ക അടർന്നു പോകാതെ കൃത്യമായി പടലകൾ ഓരോന്നായി വെട്ടിമാറ്റുന്നതിന് അനുയോജ്യം. വില: 500 രൂപ
വാഴനാര് വേർതിരിക്കാം
വാഴനാര് എളുപ്പത്തിൽ വേർതിരിക്കുന്ന ഉപകരണമാണ് ബനാന ഫൈബർ എക്സ്ട്രാക്‌ഷൻ ടൂൾ. കൈ കൊണ്ട് പ്രവർ ത്തിക്കാവുന്ന ഈ ഉപകരണത്തിന്റെ സഹായത്തോടെ വാഴനാരുകൾ അനായാസം വേർതിരിക്കാം. വില: 150 രൂപ.
യന്ത്രങ്ങളുടെ ലഭ്യത
സ്‌മാം പദ്ധതി പ്രകാരം 40 മുതൽ 80 ശതമാനം വരെ സബ്‌സിഡിയിൽ യന്ത്രോപകരണങ്ങൾ വാങ്ങാം. സർക്കാരിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ പദ്ധതി മാർഗരേഖകളിൽ ഉൾപ്പെടുത്തിയും യന്ത്രങ്ങൾ സ്വന്തമാക്കാം. ചെറുകിട നാമമാത്ര കർഷകർക്കു കുറഞ്ഞ നിരക്കിൽ വാടകയ്ക്ക് യന്ത്രോപകരണങ്ങൾ വിതരണം ചെയ്യുന്ന കേന്ദ്രമാണ് കസ്‌റ്റം ഹയറിങ് സെന്റർ. അഗ്രോ സർവീസ് സെന്ററുകൾ, ബ്ലോക് തല കൃഷി ഓഫിസുകൾ, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കസ്റ്റം ഹയറിങ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്.
കടപ്പാട്
ഡോ. ബിനു സാം ജോൺ, സീനിയർ സയന്റിസ്റ്റ് ആൻഡ് ഹെഡ്
ജി.ചിത്ര, സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ്, അഗ്രികൾചർ എൻജിയറിങ് (മിത്രനികേതൻ കെവികെ).
ഫോൺ: 9400288040