അത്തപ്പൂക്കളമല്ല, ഇത് പ്രകൃതിക്കൃഷി രീതിയുടെ അടിത്തറ; അടുത്തറിയാം 9 തത്വങ്ങൾ

Mail This Article
ഒൻപത് തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് ആന്ധ്രപ്രദേശിലെ പ്രകൃതിക്കൃഷി
വേനൽപച്ച അഥവാ പിഎംഡിഎസ്
വർഷം മുഴുവൻ കൃഷിയിടത്തിനു സസ്യാവരണം. വിളവെടുപ്പിനു ശേഷം വേനൽക്കാലത്തുപോലും സൂര്യപ്രകാശം നേരിട്ടു മണ്ണിലടിക്കാതെ സംരക്ഷിക്കും. പച്ചനിറമുള്ള ഇലകൾ ഒരുപക്ഷേ കണ്ടില്ലെങ്കിലും ജീവനുള്ള വേരുകളോടുകൂടിയ സസ്യാവരണം മണ്ണിനെ സംരക്ഷിക്കും. ഏപ്രിലിൽ റാബി വിളവെടുപ്പ് കഴിയുമ്പോൾ മുതൽ 3 മാസമാണ് ആന്ധ്രയിലെ വേനൽക്കാലം. ഓഗസ്റ്റിൽ മഴയെത്തുന്നതുവരെ കൃഷിയിടത്തെ മൂടാനായി റൈത്തു സാധികാര സമസ്ത (റിസ്– പ്രകൃതിക്കൃഷി വ്യാപനത്തിനായി രൂപീകരിച്ച പൊതുമേഖലാ കമ്പനി) കർഷകർ പിഎംഡിഎസ് അഥവാ പ്രീ മൺസൂൺ ഡ്രൈ സോയിങ് എന്ന തന്ത്രമാണ് സ്വീകരിക്കുക. ഇതനുസരിച്ച് മുപ്പതോളം വ്യത്യസ്ത സസ്യങ്ങളുടെ വിത്തുകിറ്റ് കൃഷിക്കാർക്ക് വിതയ്ക്കാനായി നൽകും. ഒരു ഏക്കറിലേക്ക് പിഎംഡിഎസിന്റെ ഒരു കിലോ കിറ്റ് മതി. നേരിട്ടു വിതയ്ക്കുകയോ സീഡ് പെല്ലറ്റുകളുണ്ടാക്കി വിതറുകയോ ചെയ്യാം. സീഡ് പെല്ലറ്റുകളുണ്ടാക്കാൻ റിസ് കർഷകരും പ്രവർത്തകരും പരിശീലനം നേടിയിട്ടുണ്ട്. ധാന്യങ്ങളുടെയും പയർവർഗങ്ങളുടെയും ഇലവർഗ പച്ചക്കറികളുടെയും പച്ചിലവളച്ചെടികളുടെയും വിത്തുകളടങ്ങിയ മിശ്രിതമാണു കിറ്റിലുള്ളത്. ലഭ്യമായ ചെറിയ ഈർപ്പം പ്രയോജനപ്പെടുത്തി വളർന്നു മണ്ണിനെ മൂടുന്ന ഇവ വിളവെടുക്കാനുള്ളതല്ല. എന്നാൽ, ഈ ചെടികളുടെ മണ്ണിനു മീതേയുള്ള ഇലകളും മറ്റും വളർത്തുമൃഗങ്ങൾക്ക് തീറ്റയായി പ്രയോജനപ്പെടുത്തും. വേരുണങ്ങാത്ത വിധത്തിലാവും ഇതു ചെയ്യുകയെന്നു മാത്രം. ഓഗസ്റ്റിൽ മഴയെത്തുന്നതോടെ ആന്ധ്രയിൽ നെൽകൃഷിയുടെ തുടക്കമാകും. ആന്ധ്രയുടെ നെല്ലറയാണ് കൃഷ്ണനദിയുടെ തീരം. ഈ ഡെൽറ്റാമേഖലയുടെ 80 ശതമാനത്തോളം നെൽകൃഷിയാണ്. ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള ഖരീഫ് സീസണിൽ പ്രകൃതിക്കർഷകർ മണ്ണിന് ആവരണമായി അസോളയും ഉപയോഗിക്കും. നെൽപാടത്ത് കള വളരാതിരിക്കാനും നെല്ലിനാവശ്യമായ നൈട്രജൻ ലഭ്യത ഉറപ്പാക്കാനും ഇതുവഴി സാധിക്കുന്നു. ഒരേക്കർ പാടത്ത് 2 കിലോ അസോള വിതറിയാൽ അതു വളർന്ന് പാടം ആകെ മൂടും.

ഖരീഫ് കൃഷി കഴിയുന്നതോടെ റബി വിളയായി പയർവിളകൾ കൃഷി ചെയ്യുന്നു. ചെറുപയറും ഉഴുന്നുമൊക്കെയാണ് പ്രധാനം. എന്നാൽ, കോഴിത്തീറ്റയ്ക്ക് നല്ല വിലയുള്ള സമയമാണെങ്കിൽ കർഷകർ ഇക്കാലത്ത് ചോളവും കൃഷി ചെയ്യും. ചുരുക്കത്തിൽ വർഷം മുഴുവൻ മണ്ണില്‍ ഏതെങ്കിലും വിളയുടെ സജീവമായ വേരുകളുണ്ടാകുമെന്ന് ഉറപ്പാക്കാൻ ആന്ധ്രയിലെ പ്രകൃതിക്കർഷകർ പ്രത്യേകം ശ്രദ്ധിക്കുന്നു.
വിളവൈവിധ്യം
ഒരേസമയം ഒന്നിലധികം വിളകൾ കൃഷി ചെയ്യുന്നതും പ്രകൃതിക്കൃഷിയുടെ ഭാഗമാണ്. ഓരോ മുഖ്യവിളയോടുമൊപ്പം കൃഷി ചെയ്യാവുന്ന കൂട്ടുവിളകളുടെ പട്ടിക തന്നെ തയാറാക്കിയിട്ടുണ്ട്. ഇടവിളകളും കെണിവിളകളും അതിരുവിളകളുമൊക്കെയുണ്ടാകും. മുഖ്യവിളകളെ രോഗ, കീടകളിൽ നിന്നു സംരക്ഷിക്കുന്നതിനൊപ്പം അധിക വരുമാനത്തിനും ഇത് ഉപകരിക്കുന്നു. നെൽപാടങ്ങളിൽ വിള വൈവിധ്യം ഉറപ്പാക്കാനായി പാടങ്ങളോടു ചേർന്നുള്ള വീതികുറഞ്ഞ വരമ്പുകളെ അഞ്ചടി വീതിയുള്ള ചെറുബണ്ടുകളാക്കുന്നു. കിഴക്കുപടിഞ്ഞാറൻ ദിശയിലുള്ള വരമ്പുകളാണ് ഇതിനായി തിരഞ്ഞെടുക്കുക. ബണ്ടുകളിൽ പയർവർഗവിളകളും പച്ചക്കറികളും ആത്ത, വാഴ തുടങ്ങിയ വലിയ വിളകളും നടുന്നു.
പുതയിടൽ
പ്രധാന വിളകൾക്കിടയിലെ മണ്ണിൽ സൂര്യപ്രകാശം നേരിട്ടു പതിക്കാതിരിക്കുന്നതിനാണ് പുത. രണ്ടു രീതിയിലാണിത്. മഞ്ഞളും മറ്റും കൃഷിചെയ്ത് ജീവനുള്ള പുതയോ ഉണങ്ങിയ ഇലകളും മറ്റും വിതറി ഉണക്കപ്പുതയോ നല്‍കാം. ഇടവിളക്കൃഷിക്കു സാഹചര്യമില്ലാത്തവർ വൈക്കോൽ, ഉമി, ഉണക്ക വാഴയില, നിലക്കടലത്തൊണ്ട് എന്നിവയൊക്കെ പുതയായി നല്‍കുന്നു. നിർജീവ പുതയ്ക്കായി എതു കാർഷികാവശിഷ്ടവും പ്രയോജനപ്പെടുത്താം.
മണ്ണിളക്കാതെ കൃഷി

നിലം ഉഴാതെയും കിളയ്ക്കാതെയുമുള്ള രീതിയാണ് പ്രകൃതിക്കൃഷി. ഇളകാത്ത മണ്ണിൽ വിതയ്ക്കുകയോ വിത്തു പാകുകയോ ചെയ്യാം. നിലമുഴാതെ നെൽകൃഷി പോലും ചെയ്യുന്ന കർഷകർ ഇവിടെയുണ്ട്. സീഡ് ഡ്രിൽ ഉപയോഗിച്ചാണ് അവർ വിത്തു പാകുന്നത്. മണ്ണിളക്കിയാൽ ഉപകാരികളായ സൂക്ഷ്മജീവികളുടെ കോളനികൾ നശിക്കുമെന്ന ആശങ്കയാണ് ഇതിനു കാരണം.
നാടൻ വിത്തുകള്‍

ആന്ധ്രയിലെ കർഷകരുടെ ഉൽപാദനച്ചെലവിന്റെ 20% വരെ വിത്തു വാങ്ങാനായി വേണ്ടിവരുന്നുണ്ടത്രെ. എന്നാൽ, നാടൻവിത്തുകളുടെ ഉപയോഗത്തിലൂടെ ഈ ചെലവ് ലാഭിക്കുകയാണ് പ്രകൃതിക്കർഷകർ. സങ്കരവിത്തുകൾ ഉപയോഗിക്കുന്നവർക്ക് ഓരോ വർഷവും അവ വില കൊടുത്തുവാങ്ങേണ്ടതുണ്ട്. ആന്ധ്രയിലെ മുളക്, പരുത്തിക്കർഷകർ സങ്കരവിത്ത് ഉപയോഗിച്ചപ്പോൾ അതാണു സംഭവിച്ചത്. എന്നാൽ, നെല്ലിൽ പ്രാദേശിക ഇനങ്ങൾ ഇപ്പോഴും ലഭ്യമാണ്. അവയുടെ വിത്ത് കൃഷിക്കാർക്ക് സ്വയം തയാറാക്കുകയോ പരസ്പരം കൈമാറുകയോ ചെയ്യാനാവും. ചില പാരമ്പര്യ നെല്ലിനങ്ങൾക്ക് ഔഷധഗുണവുമുണ്ട്. നാടൻ ഇനങ്ങൾക്ക് പ്രാദേശിക കാലാവസ്ഥാ സാഹചര്യങ്ങളോടും മണ്ണിനോടും പൊരുത്തപ്പെടാനുള്ള കഴിവും കൂടുതലായിരിക്കും. പ്രകൃതിക്കൃഷി രീതികളോടെ നന്നായി പ്രതികരിക്കുമെന്നതും നാടൻ ഇനങ്ങളുടെ സ്വീകാര്യത മെച്ചപ്പെടുത്തി.
വളർത്തുമൃഗങ്ങൾക്കു പ്രാധാന്യം

കൃഷിയും മൃഗപരിപാലനവും സംയോജിപ്പിച്ചാണ് പ്രകൃതിക്കൃഷി നടപ്പാക്കുന്നത്. പാടി–പണ്ട എന്ന തെലുങ്കുചൊല്ലിന്റെ അർഥം തന്നെ മൃഗങ്ങളുണ്ടെങ്കിൽ കൃഷി നടക്കുമെന്നാണ്. വളർത്തുമൃഗങ്ങളുടെ ചാണകത്തിനു മണ്ണിനെ മെച്ചപ്പെടുത്താൻ കഴിയും. മണ്ണിലെ പോഷക മൂലകങ്ങളല്ല, സൂക്ഷ്മജീവികളെയാണ് ചാണകം വർധിപ്പിക്കുന്നത്.
ജൈവ ഉത്തേജകങ്ങൾ
ദ്രവജീവാമൃതം, ഖരജീവാമൃതം, ബീജാമൃതം എന്നിങ്ങനെ സുപരിചിതമായ ജൈവ ഉത്തേജകങ്ങൾ തന്നെയാണ് ആന്ധ്രയിലെയും പ്രകൃതിക്കൃഷിയില്‍ ഉപയോഗിക്കുന്നത്. ചാണകം ഉപയോഗിച്ച് ഇവ തയാറാക്കാൻ ഏറക്കുറെ എല്ലാ പ്രകൃതിക്കർഷകർക്കും ഇവർ പരിശീലനം നൽകിയിട്ടുണ്ട്.
രോഗ, കീട നിയന്ത്രണം
വിളകളോടൊപ്പം കെണിവിളകളും അതിരുവിളകളുമൊക്കെ നടുന്നതുതന്നെ പ്രകൃതിക്കൃഷിയിലെയും കീടനിയന്ത്രണത്തിന്റെ ആദ്യപടി. ഉയരത്തിൽ വളരുന്ന ജോവർ, ബാജ്റ, ചോളം എന്നിവ കൃഷിയിടത്തിന്റെ അതിരുകളില്‍ കൃഷി ചെയ്യുന്നതുവഴി പ്രധാന വിളയെ കീടങ്ങളിൽനിന്നു മറയ്ക്കുന്നു. ജമന്തിയും ആവണക്കുമൊക്കെയാണ് കെണിവിളയായി പച്ചക്കറിക്കൃഷിയിൽ ഉപയോഗിക്കു ന്നത്. നെൽപാടങ്ങളിലെ വീതിയേറിയ ബണ്ടുകളിലാണ് ഇവയ്ക്ക് ഇടം കണ്ടെത്തുക. നീല, മഞ്ഞ കെണികളും ഫിറമോൺ കെണികളും ഫലപ്രദം.
രാസ കാർഷികോപാധികൾ ഒഴിവാക്കൽ
എല്ലാത്തരം രാസ കാർഷികോപാധികളും ഒഴിവാക്കുന്നു. കീടനാശിനികളും രാസവളങ്ങളും മാത്രമല്ല, രാസകുമിൾ നാശിനികളും കളനാശിനികളുമൊക്കെ പ്രകൃതിക്കൃഷിയിടത്തിനു പുറത്താണ്. കളനിയന്ത്രണത്തിനു നെൽകൃഷിയിലാണെങ്കിൽ അസോള വളർത്തും. മറ്റു കൃഷികളിൽ ആവരണവിളകളും പിഎംഡിഎസുമൊക്കെ കളകളെ തടയും.