സമ്മർദമുണ്ടാക്കി ഇല്ലാതാക്കരുത്; തോട്ടങ്ങൾ വരെ ഉണങ്ങി; നല്ല പഴങ്ങൾക്കും വിളവിനും റംബുട്ടാന് നൽകേണ്ടത്

Mail This Article
വേനല്‍ക്കാല മാസങ്ങളില്‍ മുഴുവൻ എല്ലാ ഫലവൃക്ഷങ്ങള്‍ക്കും നന അത്യാവശ്യമാണ്, പ്രത്യേകിച്ചു വാണിജ്യകൃഷിയില്‍. 2024 ഡിസംബര്‍ അവസാന ആഴ്ചയിലും 2025 ജനുവരി ആദ്യ ആഴ്ചയിലും അന്തരീക്ഷത്തിലെ ഈര്‍പ്പനില കഴിഞ്ഞ വര്‍ഷങ്ങളിലെ അപേക്ഷിച്ച് വളരെ കുറഞ്ഞതായി കണ്ടിട്ടുണ്ട്. സാധാരണയായി ഈ സമയങ്ങളില്‍ അന്തരീക്ഷ ഈര്‍പ്പനില 45-50% ആയിരുന്നുവെങ്കില്‍ ഈ വര്‍ഷം അത് 40%ല്‍ താഴെ വരെ കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ചെടികളുടെ ആരോഗ്യവും ഉല്‍പ്പാദനശേഷിയും നിലനിര്‍ത്താന്‍ ക്രമമായ ജലസേചനം കൂടിയേ തീരൂ.
റംബുട്ടാന് നന എന്തിന്?
1. വെളളക്കുറവ് മൂലമുളള പ്രതികൂല സമ്മദര്‍ദ്ദം അതിജീവിക്കാന്‍ (Negative Stress)
ചെടികള്‍ക്ക് മതിയായ അളവിലുളള ജലം ലഭിക്കാതെ വന്നാല്‍ പ്രതികൂല സമ്മര്‍ദ്ദത്തിലേക്കു നയിക്കുകയും ഇലകൊഴിച്ചിലിനും ഇലമഞ്ഞപ്പിനും കാരണമാകുകയും ചെയ്യും. പ്രതികൂല സമ്മര്‍ദ്ദമുണ്ടായ ശേഷമാണ് വെളളം നല്‍കുന്നതെങ്കില്‍ ചെടികള്‍ തളിരിടുകയാണ് ചെയ്യുക. ഇത് ശരിയായ നിലയിലുളള പൂവിടീലിനെ ബാധിക്കുകയും ചെയ്യും. ഇതു മൂലം പഴങ്ങളുടെ ഉൽപാദനവും, ഗുണമേന്മയും കുറയാനും ഇടയായേക്കാം.
2. വളര്‍ച്ചക്കുറവ് നിയന്ത്രിക്കാന്‍
ചെറുമരങ്ങൾക്ക് ആവശ്യത്തിന് വെളളം ലഭിക്കാതെ വന്നാല്‍ ശരിയായ നിലയിലുളള വളര്‍ച്ചയുണ്ടാവില്ല. ചെടികള്‍ ഉണങ്ങിപ്പോകാന്‍ വരെ സാധ്യതയുണ്ട്.
3. ഫീഡര്‍ റൂട്ടുകളുടെ സംരക്ഷണം (Feeder Root)
മതിയായ ജലസേചനം ലഭിക്കാതെ വന്നാല്‍ ചെടികള്‍ക്ക് പോഷകങ്ങളും വെള്ളവും വലിച്ചെടുക്കാന്‍ സഹായിക്കുന്ന ഫീഡര്‍ റൂട്ടുകളുടെ നാശത്തിന് കാരണമാകുന്നു. ഇത് ചെടികളുടെ പ്രതിരോധശേഷിയെ ദുര്‍ബലമാക്കുകയും രോഗങ്ങള്‍ ഉണ്ടാകാന്‍ ഇടയാക്കുകയും ചെയ്യും.
4. മണ്ണിന്‍റെ ഈര്‍പ്പം നിലനിര്‍ത്താന്‍ (Improving Soil moisture balance)
ക്രമമായ ജലസേചനം മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. അതുവഴി മണ്ണ് ഉറച്ചു പോകാതിരിക്കാനും ചെടിയുടെ വേരോട്ടം സുഗമമാക്കാനും സഹായിക്കുന്നു.
5. പഴങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്താന്‍
പഴങ്ങളുടെ വളര്‍ച്ചയുടെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ വെള്ളക്കുറവ് അനുഭവപ്പെട്ടാല്‍ വലുപ്പം കുറഞ്ഞതും ഗുണനിലവാരം ഇല്ലാത്തതുമായ ഫലങ്ങള്‍ക്കു കാരണമാകാം. മതിയായ നന ഇല്ലെങ്കിൽ മരങ്ങളില്‍നിന്നുളള വിളവിനെയും, പഴങ്ങളുടെ ഗുണനിലവാരത്തെയും സാരമായി ബാധിക്കും.
6. അമിതമായ ചൂടുകൊണ്ടുളള സമ്മര്‍ദ്ദം തടയാന്‍
അത്യുഷ്ണ സമയങ്ങളില്‍ വെളളത്തിന്റെ ലഭ്യതക്കുറവ് ഇലകരിച്ചിലിനും തന്മൂലം ചെടിയുടെ പ്രകാശസംശ്ലേഷണത്തിന്റെ കാര്യക്ഷമത കുറയ്ക്കുന്നതിനും കാരണമാകും.
കര്‍ഷകര്‍ക്കുളള ശുപാര്‍ശകള്‍
1. എപ്പോള്‍ ജലസേചനം നടത്തണം?
വേനല്‍ക്കാലങ്ങളില്‍ (ഡിസംബര്‍ മുതല്‍ മേയ് വരെ) നന നിര്‍ബന്ധമാണ്. ഈ കാലയളവില്‍ വേനല്‍മഴ ലഭിച്ചാല്‍ ജലസേചനം അതനുസരിച്ച് ക്രമീകരിക്കാം. മണ്‍സൂണ്‍ മാസങ്ങളില്‍ കൂടുതല്‍ ദിവസങ്ങള്‍ മഴയില്ലാതെ വന്നാല്‍ ചെറുപ്രായത്തിലുളള ചെടികള്‍ക്ക് ആവശ്യത്തിന് വെളളം കൊടുക്കണം. ഏതു സാഹര്യത്തിലാണെങ്കിലും മണ്ണിലെ ഈര്‍പ്പനിലയുടെയും അന്തരീക്ഷ ഈര്‍പ്പത്തിന്റെയും അടിസ്ഥാനത്തിലാണ് നന ക്രമീകരിക്കേണ്ടത്.
2. ജലസേചന സമയം
രാവിലെ അല്ലെങ്കില്‍ വൈകുന്നേരം വെളളം നല്‍കുന്നതാണ് നല്ലത്. ഇത് ബാഷ്പീകരണം മൂലമുള്ള ജലനഷ്ടം കുറയ്ക്കാന്‍ സഹായിക്കും.
3. വെളളം കൊടുക്കേണ്ട ഭാഗം
ചെടിയുടെ ചുവടു മുതല്‍ ഇലച്ചാര്‍ത്തിന്റെ അതിരുവരെ മുഴുവന്‍ തടം നനയുന്ന രീതിയില്‍ വേണം നന ക്രമീകരിക്കുവാന്‍.
4. പുതയിടീല്‍ നിര്‍ബന്ധം
വൃക്ഷങ്ങളുടെ ചുവട്ടില്‍ ഉണങ്ങിയ ജൈവവസ്തുക്കള്‍ ഉപയോഗിച്ച് മണ്ണിലെ ഈര്‍പ്പവും താപനിലയും നിയന്ത്രിക്കുന്നത് നല്ലതാണ്.
വിവരങ്ങൾക്കു കടപ്പാട്
ഗവേഷണവിഭാഗം, ഹോംഗ്രോണ്‍ ബയോടെക്, കാഞ്ഞിരപ്പള്ളി
ഫോൺ: 8113966600