ഒരു കോടിപതി; 50 ലക്ഷത്തിനു മുകളിൽ വിറ്റുവരവുള്ള എട്ടു പേർ; ഞെട്ടണ്ട, കഠിനാധ്വാനികളായ കർഷകരുടെ വരുമാനമാണ്

Mail This Article
കോടിപതിയായ ഒരാൾ. 50 ലക്ഷത്തിനും ഒരു കോടിക്കും ഇടയിൽ വിറ്റുവരവുള്ള എട്ടുപേർ. ലോട്ടറിയടിച്ചവരുടെ കാര്യമല്ല. മണ്ണിൽ കഷ്ടപ്പെട്ടു പണിയെടുത്തു നേട്ടമുണ്ടാക്കിയ പാലക്കാട്ടെ പച്ചക്കറി ഗ്രാമമായ എലവഞ്ചേരിയുടെ കഥയാണിത്. കൊളുമ്പ് പുത്തൻവീട്ടിൽ ആർ.ശിവദാസ് (52) ഒരു വർഷം കൊണ്ട് ഒരു കോടിയിലേറെ രൂപയുടെ പച്ചക്കറി കൃഷി ചെയ്തതോടെയാണു കാർഷിക കേരളം എലവഞ്ചേരിയെ ശ്രദ്ധിക്കാൻ തുടങ്ങിയതെങ്കിൽ അതുപോലെതന്നെ മണ്ണിൽ കഷ്ടപ്പെടുന്ന മുന്നൂറോളം കർഷക കുടുംബങ്ങൾ കൂടിയുണ്ട് എലവഞ്ചേരിയിൽ. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ(വിഎഫ്പിസികെ) സ്വാശ്രയ കർഷകസമിതിയുടെ നേതൃത്വത്തിൽ 1996 മുതൽ കർഷകരെ സംഘടിപ്പിച്ചു നടത്തിയ കൂട്ടായ പ്രവർത്തനത്തിന്റെ ഫലം.
വർഷം 16 കോടി വിറ്റുവരവ്
കുമ്പളം, പടവലം, വള്ളിപ്പയർ, പാവൽ, പീച്ചിൽ, മത്തൻ തുടങ്ങി ഏതാണ്ടെല്ലാ പച്ചക്കറികളും എലവഞ്ചേരിയിലുണ്ട്. കേരളത്തിലെ ഏറ്റവും വലിയ നാടൻപച്ചക്കറി ഉൽപാദനമേഖല. കൃഷി ചെയ്യുന്നവരിൽ പകുതിയിലേറെപ്പേരും 20നും 50നും മധ്യേ പ്രായമുള്ളവർ.

ഒരു വർഷം പച്ചക്കറി ഉൽപാദനം 5,500 ടണ്ണോളം. വിറ്റുവരവ് 16 കോടിയോളം രൂപ. സ്വന്തം ഭൂമിക്കു പുറമേ പാട്ടത്തിനെടുത്ത ഭൂമിയിലും കർഷകർ കൃഷി ചെയ്യുന്നു. സമീപ പഞ്ചായത്തുകളിലേക്കും കൃഷി വ്യാപിപ്പിക്കുന്നു. വിളവെടുത്തു കഴിഞ്ഞാൽ ഉൽപന്നം സ്വാശ്രയ വിപണിയിലെത്തും. മിക്ക ജില്ലകളിൽനിന്നും ഇവിടേക്കു പച്ചക്കറി വാങ്ങാൻ ആളെത്തുന്നു. പലരും ഇവിടത്തെ കൂട്ടായ്മ പഠിക്കാനെത്തുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറിക്കൃഷിയോടു പൊതുവേ സർക്കാർ സംവിധാനങ്ങളുടെ ഭാഗത്തുനിന്നു സഹായം കുറവുള്ള കാലത്താണ് ഇവർ ഈ നേട്ടം കൈവരിക്കുന്നത്.

നേട്ടത്തിന്റെ കാരണം ഒത്തൊരുമ
മണ്ണൊരുക്കം മുതൽ വിപണനം വരെ കർഷകർ തമ്മിലുള്ള ഒത്തൊരുമയാണ് ഇവിടത്തെ പ്രത്യേകത. കാർഷിക ശീലങ്ങൾ ചിട്ടയായി പരിപാലിക്കുന്നു. ഒപ്പം കാർഷികമേഖലയിലെ ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകൾ പരീക്ഷിക്കാനും താൽപര്യമെടുക്കുന്നു. കൃത്യത കൃഷി പിന്തുടരുന്നതിനാൽ ജലസേചനത്തിനും വളപ്രയോഗത്തിനുമുള്ള ഭീമമായ ചെലവ് കുറയ്ക്കാൻ കഴിയുന്നു. പ്ലാസ്റ്റിക് പുതയിടൽ കളശല്യം കുറയ്ക്കുന്നു. ഏതാണ്ടെല്ലാ കൃഷിഭൂമിയിലേക്കും എത്തുന്ന പൈപ്പ് വഴി വെള്ളത്തിന്റെയും വളത്തിന്റെയും വിതരണം നടക്കുമെന്നതിനാൽ രോഗ–കീടബാധ ഇല്ലാതാക്കുന്നതിനു കർഷകർക്കു കൂടുതൽ സമയം കിട്ടുന്നു.
∙ ഭൂരിഭാഗം കൃഷിയിടങ്ങളിലും സ്ഥിരം പന്തലുണ്ട്. താൽക്കാലിക പന്തലുകൾ അധികച്ചെലവു വരുത്തും.
∙ ഏറ്റവും മികച്ച വിത്തുകളും തൈകളും.
∙ വിഎഫ്‌പിസികെയുടെ വിപുലമായ വിപണന ശൃംഖല. ഉൽപന്നങ്ങളെല്ലാം വില നിശ്ചയിച്ചു വിഎഫ്‌പിസികെ സമിതി എടുക്കും. ലാഭം മാത്രമല്ല നഷ്ടവും വിഭജിക്കുന്നു. അതായതു വിറ്റഴിക്കാൻ പറ്റാതെ ഉപേക്ഷിക്കുന്ന പച്ചക്കറിയുടെ നഷ്ടം എല്ലാവരും ചേർന്നു സഹിക്കും.

∙ മണ്ണു പരിശോധനാഫലം അനുസരിച്ചുള്ള കൃഷി രീതി.
എലവഞ്ചേരിയെ മാതൃകയാക്കാം
കേരളത്തിലെ ഏതു ഗ്രാമത്തിലും പരീക്ഷിക്കാവുന്നതാണ് എലവഞ്ചേരി മോഡൽ. വാണിജ്യ പച്ചക്കറിക്കൃഷിക്കു കൂടുതൽ പിന്തുണ നൽകിയാൽ ഇനിയും മികച്ച നേട്ടം എലവഞ്ചേരിക്കു സ്വന്തമാക്കാം. മന്ത്രിമാർ ഉൾപ്പെടെയുള്ളവർ തങ്ങളുടെ ഗ്രാമം സന്ദർശിക്കണമെന്നു കർഷകർക്ക് ആഗ്രഹമുണ്ട്. ഒരു കോടി വിറ്റുവരവിന്റെ തിളക്കത്തിൽ നിൽക്കുമ്പോഴും കർഷകർ നേരിടുന്ന പ്രതിസന്ധികൾ അധികൃതർ മനസ്സിലാക്കണമെന്ന് അവർ പറയുന്നു.
കർഷകരുടെ ആവശ്യങ്ങൾ...
∙ ഹൈടെക് പച്ചക്കറി ഗ്രാമമെന്ന ലക്ഷ്യം കൈവരിക്കണം. 2014ൽ പ്രഖ്യാപനം നടത്തിയതാണ്.
∙ നല്ല റോഡുകൾ വേണം. തോട്ടങ്ങളിലേയ്ക്കും വിപണിയിലേയ്ക്കും നൂറുകണക്കിനു ലോറികളാണ് എത്തുന്നത്.
∙ സപ്ലൈ ചെയിൻ വേണം. പച്ചക്കറി കേടുകൂടാതെ സൂക്ഷിക്കാൻ ഉതകുന്നതാകണം സംവിധാനം.
∙ വന്യമൃഗശല്യത്തിനു പരിഹാരം കാണണം.
∙ ജലസേചനത്തിനു വെള്ളം കണ്ടെത്താൻ സഹായം വേണം
∙ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികൾ ലഭ്യമാക്കണം
∙ കാലവസ്ഥാവ്യതിയാനം മൂലമുള്ള കൃഷിനാശം
∙ പാട്ടത്തുകയുടെയും കൂലിച്ചെലവിന്റെയും വർധന താങ്ങാനാകുന്നില്ല
കേരളം അന്വേഷിച്ചു നടക്കുന്ന നാടൻ പച്ചക്കറിയുടെ കലവറയാണ് എലവഞ്ചേരി. ചെറുപ്പക്കാരാണു കർഷകർ. കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുണ്ട് അവർക്ക്. അവർ ആവശ്യപ്പെടുന്നതു കാർഷിക കേരളത്തിന്റെ പിന്തുണയാണ്.
ഫോൺ: 9778223138 (എലവഞ്ചേരി സ്വാശ്രയ കർഷക സമിതി).