ജനുവരിയിൽ ഫലം തരാൻ പുതിയൊരു ഇനംകൂടി, മിൽക്ക് ഫ്രൂട്ട് ലോ റെൻ– കൂടുതലറിയാം

Mail This Article
വെസ്‌റ്റ് ഇൻഡീസിലെ ഗ്രേറ്റർ ആന്റിലിസ് ദ്വീപിൽനിന്ന് ഉത്ഭവിച്ച ഒരു പഴവർഗ ഇനമാണ് മിൽക്ക് ഫ്രൂട്ട് (Chrysophyllum cainito). മറ്റു പഴങ്ങളുടെ ലഭ്യതക്കുറവുള്ള ഡിസംബർ - ജനുവരി മാസങ്ങളിൽ പൊതുവേ കേരളത്തിൽ മിൽക്ക് ഫ്രൂട്ട് മരങ്ങളിൽ പഴങ്ങൾ വിളവെടുപ്പിന് പാകമാകുന്നു എന്നത് ഇതിന് കൂടുതൽ സ്വീകാര്യത ഉറപ്പാക്കുന്നു. ഇതിന്റെ ഫലങ്ങൾ ഉരുണ്ടതും ഒരു ക്രിക്കറ്റ് ബോളിനെക്കാൾ വലുപ്പമുള്ളതുമാണ്. ഇനം അനുസരിച്ച് വിളവെടുപ്പിന് പാകമാകുമ്പോൾ പച്ച, ഇളം പർപ്പിൾ, കടും പൾപ്പിൾ നിറങ്ങളിൽ കാണപ്പെടുന്നു.
പഴങ്ങൾ മുറിക്കുമ്പോൾ മാംസളഭാഗത്തുനിന്ന് പാൽ പോലെ നീര് പുറത്ത് വരുന്നതിനാലാണ് ഇതിന് 'മിൽക്ക്‌ഫ്രൂട്ട്' എന്ന പേരു ലഭിച്ചത്. അതുപോലെ തന്നെ മുറിക്കുമ്പോൾ ഉൾഭാഗം നക്ഷത്രാകൃതിയിൽ കാണപ്പെടുന്നതിനാൽ 'സ്‌റ്റാർ ആപ്പിൾ' എന്ന പേരിലും ഇത് അറിയപ്പെടുന്നു. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് മിൽക്ക് ഫ്രൂട്ട്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന വിറ്റാമിൻ സിയും, രക്തചക്രപ്രവാഹത്തെ സഹായിക്കുന്ന ഇരുമ്പിന്റെ അംശവും ഇതിൽ ഉയർന്ന അളവിൽ കാണപ്പെടുന്നു.
വിശാലമായ ഇലച്ചാർത്തും, ഇലകളുടെ പ്രത്യേകമായ നിറവിന്യാസവും മിൽക്ക് ഫ്രൂട്ടിനെ ഒരു അലങ്കരവൃക്ഷമായി മാറ്റുന്നു. ആകർഷകമായ നിറങ്ങളിൽ ഫലങ്ങൾ കായ്ച്ച് നിൽക്കുന്ന മിൽക്ക്ഫ്രൂട്ട് മരങ്ങൾ വീട്ടുമുറ്റങ്ങൾക്ക് കൂടുതൽ അലങ്കാരമാകും. അതുകൊണ്ട് ഫലവൃക്ഷമെന്ന നിലയിലും അലങ്കാരവൃക്ഷമെന്ന നിലയിലും മിൽക്ക്ഫ്രൂട്ടിനെ പ്രയോജനപ്പെടുത്താം.
ലോ റെൻ ഇനം
വിയറ്റ്നാമിൽ നിന്നുള്ള വളരെ പ്രശസ്‌തമായ മിൽക്ക്ഫ്രൂട്ട് ഇനമാണ് ലോ റെൻ. നല്ല മധുരവും, മൃദുവായ ഘടനയും, ഉയർന്ന പോഷകമൂല്യവും ആണ് ഈ പ്രശസ്‌തിക്കു കാരണം. തനതായ രുചിയും, ഗുണനിലവാരവും ഉള്ള ഈ ഇനം വിയറ്റ്നാമിലെ പഴക്കൃഷിയിൽ മുഖ്യസ്ഥാനം വഹിക്കുന്നു. പൊതുവേ ഉഷ്‌ണമേഖലാ കാലാവസ്ഥാ പ്രദേശങ്ങളിലാണ് മിൽക്ക്ഫ്രൂട്ട് നല്ല രീതിയിൽ വളരുന്നത്. അതുകൊണ്ടുതന്നെ കേരളത്തിൽ ഇത് മികച്ച വിളവ് തരും.
മികച്ച വളർച്ചയ്ക്കായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- നല്ല നീർവാർച്ചയുള്ള മണ്ണും, പൂർണ സൂര്യപ്രകാശവും ആവശ്യമാണ്.
- മറ്റു പഴവർഗ്ഗങ്ങളെപ്പോലെ ഏപ്രിൽ - മേയ് മാസങ്ങളാണ് നടീലിന് അനുയോജ്യം
- മരങ്ങൾ പടർന്ന് വളരാനും, വേരുകളുടെ വളർച്ച മെച്ചപ്പെടാനും 30 x 30 അടി അകലത്തിലാണ് തൈകൾ നടേണ്ടത്.
- വാണിജ്യ കൃഷിയായി ചെയ്യുമ്പോൾ വാഴ, കൊക്കോ, കമുക് പൈനാപ്പിൾ പോലുള്ള പഴവർഗ്ഗങ്ങൾ ഇടവിളയായി ചെയ്യാം.
ഉൽപാദനവും വിളവെടുപ്പും
സാധാരണയായി ലോ റെൻ മിൽക്ക്‌ഫ്രൂട്ട് ഇനം ഡിസംബർ - ജനുവരി മാസങ്ങളിലാണ് വിളവെടുപ്പിന് പാകമാകുന്നത്. പഴങ്ങൾ ഇളം വയലറ്റ് നിറത്തിൽ നിന്നും കടും പർപ്പിൾ (Deep Purple) നിറത്തിലേക്ക് മാറിക്കഴിയുമ്പോൾ വിളവെടുപ്പിന് തയാറായി എന്നു മനസ്സിലാക്കാം. ശരിയായ നിലയിലുള്ള വിളവെടുപ്പ് പഴങ്ങളുടെ ഗുണനിലവാരത്തെയും സൂക്ഷിപ്പുകാലത്തെയും വർധിപ്പിക്കും. പഴങ്ങൾ തണുപ്പിച്ച് കഴിക്കുന്നത് ഏറെ ആസ്വാദ്യകരമാണ്.
മറ്റ് സവിശേഷതകൾ
- മിൽക്ക് ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്ന നിരോക്‌സീകാരകങ്ങളും, നാരുകളും ആരോഗ്യപരമായ ഗുണങ്ങൾ പ്രദാനം ചെയ്യുന്നു.
- പഴമായി കഴിക്കുന്നതിന് പുറമെ പാനീയങ്ങൾ ഉണ്ടാക്കുന്നതിനും മറ്റും ഉപയോഗിക്കാം.
കേരളത്തിന്റെ സാധ്യത
കേരളത്തിന്റെ തനതായ ഉഷ്‌ണമേഖലാ കാലാവസ്ഥയും ഫലഭൂയിഷ്‌ഠമായ മണ്ണും മിൽക്ക് ഫ്രൂട്ട് കൃഷിക്ക് ഏറെ അനുയോജ്യമാണ്. ഉപ്പുരസമുള്ള മണ്ണിലും താഴ്ന്ന പ്രദേശങ്ങളിലും ലോ റെൻ മിൽക്ക് ഫ്രൂട്ട് നന്നായി വളരും. നല്ല പരിചരണം ഉറപ്പാക്കിയാൽ ലോ റെൻ മരങ്ങൾ ധാരാളം പഴങ്ങൾ നൽകും. നൂറു കണക്കിന് പഴങ്ങളാൽ നിറഞ്ഞ് നിൽക്കുന്ന ഇവ കാഴ്ചയ്ക്ക് വളരെ മനോഹരമാണ്. ഒപ്പം കേരളത്തിൽ മറ്റ് പഴങ്ങളൊന്നും തന്നെയില്ലാത്ത മാസങ്ങളിൽ വിളവെടുക്കാം എന്നുളളത് കർഷകർക്ക് ഏറെ പ്രയോജനം നൽകുകയും ചെയ്യും.
വിവരങ്ങൾക്ക് കടപ്പാട്: ഗവേഷണവിഭാഗം, ഹോംഗ്രോൺ ബയോടെക്, കാഞ്ഞിരപ്പള്ളി. ഫോൺ: 8113966600