വിത്തുതേങ്ങ സംഭരിക്കാം, പക്ഷേ ശ്രദ്ധിക്കാനുണ്ട് ചില കാര്യങ്ങൾ

Mail This Article
നന തുടരണം. വിത്തു തേങ്ങ സംഭരണവും ഈ മാസത്തിൽ തുടരാം. വിളഞ്ഞു പാകമായ നാളികേരം മാത്രമേ വിത്തിനായി ഉപയോഗിക്കാവൂ. നാളികേരക്കുല ബലമുള്ള കയറിൽ കെട്ടിയിറക്കണം. ഓരോ കുലയിലെയും ലക്ഷണമൊത്ത തേങ്ങ തിരഞ്ഞെടുത്ത് ഒരു മാസം തണലിൽ സൂക്ഷിച്ചതിനു ശേഷം മാത്രമേ നടാവൂ.
തെങ്ങിൻ തടങ്ങളിൽ ഈർപ്പം നിലനിർത്താൻ പച്ചയോ, ഉണങ്ങിയതോ ആയ ചകിരി, തടങ്ങളിൽ ഇട്ടു മൂടുന്നതു നല്ലതാണ്. തെങ്ങിന്റെ ചുവട്ടിൽ നിന്ന് 3 മീറ്റർ അകലത്തിൽ വരികൾക്കിടയിൽ ചാലുകീറിയോ, ഓരോ തെങ്ങിന്റെ കടയ്ക്കു ചുറ്റും തടിയിൽ നിന്ന് 2 മീറ്റർ അകലത്തിൽ വട്ടത്തിൽ ചാലുകൾ എടുത്തോ, അതിൽ ചകിരി നിരത്തിയ ശേഷം മണ്ണിട്ടു മൂടാം. ചകിരിയുടെ കുഴിഞ്ഞ ഉൾഭാഗം മുകളിലേക്കു വരത്തക്കവിധത്തിലാണു ചകിരി ചാലുകളിൽ അടുക്കേണ്ടത്. ഇതിനു മുകളിൽ മണ്ണിട്ടു മൂടണം. ചകിരി അടുക്കുന്നതു കൊണ്ടുളള ഗുണം 5 –7 വർഷക്കാലം നിലനിൽക്കും. ചകിരിക്കു പകരം ചകിരിച്ചോറ് തെങ്ങൊന്നിന് 25 കിലോ എന്ന തോതിൽ ഓരോ വർഷവും തടത്തിൽ ഇട്ടു മൂടുന്നതും ഈർപ്പം സംരക്ഷിക്കാൻ ഉതകും.
വിവരങ്ങൾക്കു കടപ്പാട്: കേരള കാർഷിക സർവകലാശാല