ഇതിലും ഭേദം കാട്ടാന ചവിട്ടി കൊല്ലുന്നതായിരുന്നു! സഹിക്കാവുന്ന കാഴ്ചയല്ല പിള്ളപ്പാറയിൽ കണ്ടത്

Mail This Article
10/3/2025 വെളുപ്പിന് കാട്ടാനകൾ കയറി നശിപ്പിച്ച ഒരു കർഷകന്റെ കൃഷിയിടം സന്ദർശിച്ചു. അതിരപ്പള്ളിയിലെ പിള്ളപ്പാറയിൽ താമസിക്കുന്ന കർഷകനായ രാധാകൃഷ്ണൻ ഭാര്യയോടൊപ്പം മക്കളെപ്പോലെ വളർത്തിയെടുത്ത വിളവൈവിധ്യം നിറഞ്ഞ കൃഷിയിടമായിരുന്നു അത്. കൃഷിയോടുള്ള താൽപര്യംകൊണ്ടുമാത്രം, പ്രായാധിക്യത്തിലും തളരാത്ത ആവേശവുമായി ചോര വിയർപ്പ് ആക്കി വർഷങ്ങളോളം പരിപാലിച്ച് ഉണ്ടാക്കിയെടുത്ത ഒന്നര ഏക്കറോളം വരുന്ന കൃഷിയിടം ഒറ്റ രാത്രികൊണ്ടാണ് കാട്ടാനകൾ പൂർണമായും തകർത്തെറിഞ്ഞത്. തെങ്ങും കമുകും കശുമാവും ഒട്ടേറെ ഫലവൃക്ഷങ്ങളും പച്ചക്കറികളും ചുറ്റിലും പല ഘട്ടങ്ങളായി ഇട്ടിരുന്ന സോളർ ഫെൻസിങ്, നനയ്ക്കാൻ തയാറാക്കിയ പൈപ്പുകൾ എന്തിനേറെ പറയുന്നു ജൈവവളം നിറച്ച പ്ലാസ്റ്റിക് കന്നാസും ആന ചവിട്ടി മെതിച്ചു.
കണ്ടാൽ ചങ്കു തകരുന്ന കാഴ്ചകളായിരുന്നു ആ കൃഷിയിടത്തിൽ കണാൻ സാധിച്ചത്. ഏതൊരു കർഷകനും കൃഷിയോട് താൽപര്യമുള്ള ആളുകൾക്കും ഇത് കണ്ടാൽ വേദന തോന്നും. ഈ രണ്ടു കർഷകരുടെ എത്ര നാളത്തെ അധ്വാനമാണ് അവിടെ ചവിട്ടയരയ്ക്കപ്പെട്ട് കിടക്കുന്നത്! ഒരു തെങ്ങ് കായ്ഫലം നൽകാൻ എത്ര നാൾ പരിപാലിക്കണം. കൊമ്പൻചെല്ലിയും ചെമ്പൻ ചെല്ലിയും ആക്രമിക്കാതെ എത്ര നാൾ സംരക്ഷിക്കണം. എത്ര രൂപയുടെ വളംതന്നെ നൽകിയിട്ടുണ്ടാകും. അതുപോലെതന്നെയല്ലേ മറ്റു വിളകളുടെ കാര്യവും. ഈയൊരു പ്രായത്തിൽ ഇനി അവർക്ക് കൃഷി ചെയ്യാൻ തോന്നുമോ? ഇത്രയും നാളും പരിപാലിച്ചവ കൺമുന്നിൽ ചവിട്ടിയരയ്ക്കപ്പെട്ട് കിടക്കുമ്പോൾ ഇനി എന്തെങ്കിലും ചെയ്യാൻ ഈ വൃദ്ധ ദമ്പതികൾക്കു തോന്നുമോ? കൃഷി ചെയ്യാത്ത കൃഷിയിടം വെറുതെ കിടന്നാൽ അത് കാടായി മാറും. മൃഗങ്ങൾ വീണ്ടും ഇറങ്ങിവരും. മൃഗങ്ങളെക്കൊണ്ട് കുടിയിറക്കാനാണോ ഭരണകൂടം ശ്രമിക്കുന്നത്?
കഴിഞ്ഞ നാളുകളിൽ വന്യമൃഗ ശല്യത്തിൽ നഷ്ടപരിഹാരത്തിനു വേണ്ടി കൊടുത്ത ഏഴു പരാതികളുടെ തൽസ്ഥിതി വിവരാവകാശംവച്ച് ചോദിച്ചപ്പോൾ മാത്രം രണ്ടു തവണ തുച്ഛമായ തുക ലഭിച്ചെന്നു കർഷകൻ അറിയിച്ചു. എന്നാൽ അതൊരിക്കലും ആ കർഷകന്റെ അധ്വാനത്തെ സംബന്ധിച്ചിടത്തോളം ഒന്നുമല്ല.

പഞ്ചായത്തും വില്ലേജും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ–സംസ്ഥാന–കേന്ദ്ര ഭരണകൂടങ്ങളും ജനങ്ങളുടെ ജീവനും ജീവനോപാധിക്കും എത്രത്തോളം വിലകൽപ്പിക്കുന്നുണ്ട് എന്നതിനുള്ള ഉത്തമ ഉദാഹരണങ്ങളിൽ ഒന്നു മാത്രമാണ് അതിദാരുണമായ ഈ സംഭവം. ഇതിലും ഭേദം കാട്ടാന ചവിട്ടി കൊല്ലുന്നതായിരുന്നു എന്ന് കാഴ്ചക്കാരായവർക്കു പോലും തോന്നിപ്പോകുന്ന നിസ്സഹായ അവസ്ഥ. എന്തിനാണ് നാം നികുതിയും വോട്ടും കൊടുക്കുന്നത് എന്ന് ചോദിച്ചുപോകുന്നു?