11 പശുക്കളും 80 ലീറ്റർ പാലും: നറുംപാൽ വിപണിയിൽ നേട്ടംകൊയ്ത് അധ്യാപികയുടെ പശുവളർത്തൽ

Mail This Article
പുലർച്ചെ 2 മണിക്ക് എഴുന്നേറ്റ് തൊഴുത്തിലേക്കു കയറുമ്പോൾ 11 പശുക്കളും എഴുന്നേറ്റുനിന്ന് രൂപടീച്ചറെ നീട്ടിവിളിക്കും.; ‘അമ്മേ.....’ അയൽപക്കക്കാർക്കു ശല്യമാകാതിരിക്കാൻ ‘‘ശ്ശ്... സൈലൻസ്.. സൈലൻസ്’’ എന്നു രൂപ അവരോട് സ്നേഹത്തോടെ ശബ്ദം താഴ്ത്തിപ്പറയും. അതോടെ മുഴുവൻ പശുക്കളും ശാന്തരാകും. പണികള്‍ തീർത്ത് രാവിലെ 10 മണിക്ക് ക്ലാസ് മുറിയിലെത്തുമ്പോൾ സ്കൂൾ മുഴുവൻ കേൾക്കുംവിധം കുട്ടികളും ഉച്ചത്തിൽ നീട്ടിവിളിക്കും... ‘ടീച്ചറേ...’. അവരോടും രൂപ സ്നേഹത്തോടെ പറയും ‘‘ശ്ശ്... സൈലൻസ്.. സൈലൻസ്...’’. കുട്ടികൾ തല കുലുക്കി ബെഞ്ചിലിരുന്നു ക്ലാസിനു കാതോർക്കും. തൊഴുത്തിലും ക്ലാസിലും സ്നേഹം വിതറി പശുവളർത്തലും പഠിപ്പിക്കലും ഒരേ മികവോടെ കൊണ്ടു പോകുന്നു പാലക്കാട് വടക്കഞ്ചേരിക്കടുത്ത് കിഴക്കഞ്ചേരി മുണ്ടകശ്ശേരി വീട്ടിൽ രൂപ.രാവിലെ രണ്ടു മണിക്ക് എഴുന്നേറ്റ്, തൊഴുത്തില്‍ തൊഴിലാളികൾക്കൊപ്പം ജോലിചെയ്ത്, അവർ കറന്നു വയ്ക്കുന്ന 80 ലീറ്ററോളം പാൽ പായ്ക്ക് ചെയ്ത്, അതത്രയും പുലർച്ചയ്ക്കു മുൻപേ വിതരണം ചെയ്ത്, വീട്ടുജോലികളും തീർത്താണ് രൂപ കുന്ദംകുളത്തിനടുത്തുള്ള സ്കൂളിലെത്തുന്നത്. ജോലി കഴിഞ്ഞ് രാത്രി ഏഴോടെ മടങ്ങിയെത്തി, വീണ്ടും പശുക്കളെ പരിപാലിക്കുന്ന രൂപയോട് പരിചയക്കാരെല്ലാം ചോദിക്കും; ‘ജോലിയില്ലേ... പിന്നെയും ഇത്ര കഷ്ടപ്പെടണോ?’. അവരോട് രൂപ പറയും; ‘പണമല്ല, നല്ല നറും പാൽ ചുരത്തുന്ന ഈ പൈക്കള്‍ നല്‍കുന്ന സന്തോഷമാണ് പ്രധാനം. ’. പഠിപ്പിക്കുന്ന കുട്ടികളോടുള്ളത്ര സ്നേഹവും വാത്സല്യവും പശുക്കളോടും തോന്നാറുണ്ട്. കൃഷി ആസ്വദിച്ചും സ്നേഹിച്ചും ചെയ്താല്‍ ലാഭം പിന്നാലെ വരുമെന്നു രൂപയുടെ അനുഭവം.
ഒരുമിച്ച് 9 പശുക്കൾ
വീട്ടാവശ്യത്തിനുള്ള പാലിനായി ഒന്നുരണ്ടു പശുക്കൾ എന്നുമുണ്ടായിരുന്നു. എന്നാല്‍ അവയെ കണ്ടുനിന്നുള്ള പരിചയമേ ഉണ്ടായിരുന്നുള്ളൂ രൂപയ്ക്ക്. 6 വർഷം മുൻപാണ് കുന്ദംകുളത്തിനടുത്തു തിരുവളവന്നൂർ ഹയർ സെക്കന്‍ഡറി സ്കൂളിൽ ജോലി കിട്ടുന്നത്. കോവിഡ് കാലത്തു വീട്ടിലിരിക്കുമ്പോള്‍ 9 പശുക്കളെ ഒരുമിച്ചു വാങ്ങി. എല്ലാം ചെന നിറഞ്ഞു പ്രസവിക്കാറായവ. തുടക്കത്തിൽ പശുപാലനം ഒട്ടും എളുപ്പമായിരുന്നില്ല. അവയ്ക്കു തീറ്റയൊരുക്കാനും തൊഴിലാളികളെ കണ്ടെത്താനും ഏറെ ഓടി. പെട്ടെന്നു പുതിയ തൊഴുത്തും നിർമിക്കേണ്ടി വന്നു. കോവിഡ് കാലമായതിനാൽ ഇഷ്ടംപോലെ സമയം കിട്ടിയതിനാല്‍ ഓൺലൈനായും ക്ഷീരകർഷകരോടു ചോദിച്ചറിഞ്ഞും പശുപരിപാലനരം പഠിച്ചു. ഒന്നിനു പിറകേ ഒന്നായി 9 പശുക്കളും പ്രസവിച്ചു. കോവിഡ് കഴിഞ്ഞ് സ്കൂൾ തുറന്നപ്പോൾ സമയം കുറഞ്ഞെങ്കിലും പശുക്കളെ വിറ്റുകളയാൻ മനസ്സുവന്നില്ല.

തൊഴുത്തിരിക്കുന്ന ഭാഗത്ത് സാമാന്യം സ്ഥലവിസ്തൃതിയുള്ളതിനാൽ ചാണകം നിരത്തിയിട്ട് എളുപ്പത്തിൽ ഉണക്കിയെടുക്കാം. മഴയത്ത് നിശ്ചിത ഇടവേളയിൽ പച്ചചാണകം കുഴിയിൽനിന്ന് കൃഷിയിടങ്ങ ളിലേക്കു മാറ്റാനും തുടങ്ങി. ചാണകത്തിന് നല്ല ഡിമാൻഡുള്ളതിനാൽ കെട്ടിക്കിടന്ന് പരിസരമലിനീകരണമുണ്ടാക്കുന്നില്ല. സ്ഥലത്തു പൈനാപ്പിൾ ഇലയും തീറ്റപ്പുല്ലും കിട്ടുമെന്നതിനാൽ തീറ്റക്കാര്യത്തിലും ബദ്ധപ്പാടില്ല.
കൃഷിപാഠങ്ങൾ
മംഗളകർമത്തിന് നറുംപാൽതന്നെ വേണമെന്നതിനാല്‍ ഇന്നു കിഴക്കഞ്ചേരിയിലെ മിക്ക ഗൃഹപ്രവേശനങ്ങളിലും പാലുകാച്ചലിന് ഈ ഫാമിലെ പാലാണ് ഉപയോഗിക്കുക. രൂപ ടീച്ചറുടെ ക്ലാസുകൾ കുട്ടികൾക്കും പ്രിയം. പാഠപുസ്തകത്തിനപ്പുറം സമസ്ത ജീവജാലങ്ങളോടും പുലർത്തേണ്ട സ്നേഹവും കരുണയുമെല്ലാം അവര്‍ ടീച്ചറിൽനിന്നു പഠിക്കുന്നു. ഒട്ടേറെ പ്രായോഗിക പാഠങ്ങൾ അവര്‍ക്കു നല്‍കാൻ കൃഷിയനുഭവങ്ങൾഉതകുന്നതായി രൂപ. സഹ അധ്യാപകരെല്ലാം രൂപയുടെ സംരംഭത്തെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

രാവിലെ കറവയ്ക്കു ശേഷം അൽപം അകലെയുള്ള പറമ്പിൽ മേയാൻ പോകുന്ന പശുക്കൾ ഉച്ചതിരിഞ്ഞ് അച്ചടക്കത്തോടെ വഴിയരികിലൂടെ ലൈനായി നടന്നു തിരിച്ചെത്തി ചിട്ടയോടെ തൊഴുത്തിൽ കയറുന്നതു കാണുന്ന കിഴക്കഞ്ചേരിക്കാര്‍ കൗതുകത്തോടെ പറയും, ‘‘കുട്ടികളെപ്പോലെ പശുക്കളെയും ടീച്ചർ അച്ചടക്കം പഠിപ്പിച്ചിട്ടുണ്ടല്ലോ’’.
നേട്ടം ചില്ലറ വിൽപന
നൂറു ശതമാനം വിപണി ഉറപ്പുള്ള ഉൽപന്നം എന്നാണു പാലിനെക്കുറിച്ചു രൂപ ടീച്ചർ പറയുന്നത്. ബ്രാൻഡഡ് പാൽവിപണി സജീവമെങ്കിലും വീടുകളിൽനിന്നുള്ള ഫ്രഷ് മിൽക് എല്ലാവർക്കും ഇഷ്ടം. പാല്‍ എത്രയുണ്ടെങ്കിലും ചുറ്റുവട്ടത്തുതന്നെ വിറ്റുപോകും. 10 പശുക്കളാണിപ്പോള്‍ കറവയില്‍. രാവിലെ ശരാശരി 80 ലീറ്ററും ഉച്ച തിരിഞ്ഞ് 40 ലീറ്ററും കിട്ടും. രാവിലത്തെ പാൽ അത്രയും ചില്ലറവിൽപനയാണ്. സിലിങ് മെഷീൻ ഉപയോഗിച്ച് പായ്ക്കറ്റുകളിലാക്കിയും കുപ്പിയിലും പാത്രത്തിലുമൊക്കെ നിറച്ചും നാലുമണി മുതൽ സ്ഥിരം ഉപഭോക്താക്കളുടെ വീടുകളിൽ എത്തിച്ചു തുടങ്ങും. ഉച്ചതിരിഞ്ഞുള്ളതിൽ ഒരു പങ്ക് ചില്ലറയായും ബാക്കി സൊസൈറ്റിയിലും വിൽക്കും. ചില്ലറയായി ലീറ്ററിന് 58–60 രൂപ ലഭിക്കും. ചില്ലറ വിൽപന എത്രയും കൂട്ടിയാൽ അത്രയും ലാഭമെന്ന് രൂപ ഓർമിപ്പിക്കുന്നു. ദിവസം ശരാശരി 120 ലീറ്റർ പാൽ ലഭിക്കും വിധമാണ് പശുക്കളുടെ ചെനയും കറവയും ക്രമീകരിക്കുന്നത്. കൃത്യമായ കണക്കും കണക്കുകൂട്ടലുമില്ലെങ്കിൽ ഓർക്കാപ്പുറത്ത് കുറേയെണ്ണം ഒരുമിച്ച് കറവ വറ്റിലേക്ക് പോയെന്നിരിക്കും. അതോടെ പതിവുകാര്‍ക്കു കൊടുക്കാൻ പാൽ തികയാതെ വരും. അങ്ങനെ വരാതെ നോക്കണം.
ഫോൺ: 9961258843