പച്ചക്കറിക്കർഷകരുടെ തലവര മാറ്റാൻ ഫാം ക്ലബ്; വിപണിയും വിലയും ഉറപ്പാക്കും; കണ്ണൂരിൽനിന്ന് കേരളം മുഴുവനും

Mail This Article
സംസ്ഥാനത്തെ പച്ചക്കറി ഉൽപാദനം ഇനം തിരിച്ച് ഓരോന്നും എത്ര ടൺ വീതം എന്നൊരു കണക്ക് നമ്മുടെ പക്കലുണ്ടോ? ഉദാഹരണത്തിന്, സംസ്ഥാനത്ത് ഒരു വർഷം എത്ര ടൺ വെണ്ടയ്ക്ക ഉൽപാദിപ്പിക്കുന്നുണ്ട്? തുടർച്ചയായി വെണ്ടക്കൃഷി ചെയ്യുന്ന എത്ര കർഷകരുണ്ട്? ഓരോ സീസണിലും എത്ര ടൺ വീതം വരും അവരുടെ ഉൽപാദനം? ഏതൊക്കെ പഞ്ചായത്തുകളിൽ, ഏതൊക്കെ സീസണുകളിലാണ് കൂടുതൽ ഉൽപാദനം? മുൻവർഷത്തെ പദ്ധതികളെ അടിസ്ഥാനപ്പെടുത്തിയും കൃഷിവിസ്തൃതി നോക്കിയും ഏറക്കുറെ ഒരു ഉൽപാദനക്കണക്ക് പറയാൻ കൃഷിവകുപ്പിനു കഴിഞ്ഞേക്കും. എന്നാൽ, ഈ കണക്ക് കൃഷിഭവന്റെ ആനുകൂല്യത്തോടെ നടക്കുന്ന കൃഷി സംബന്ധിച്ചുള്ളതാണ്. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന പഴം–പച്ചക്കറിക്കർഷകരിൽ നല്ല പങ്കും കൃഷിഭവനുമായി ബന്ധപ്പെടുന്നേയില്ല എന്നതാണ് വസ്തുത. അങ്ങനെ വരുമ്പോൾ ഉൽപാദനത്തിന്റെ നല്ല പങ്കും കണക്കിനു പുറത്താണ്.
എന്താണ് ഇങ്ങനെയൊരു കണക്കിന്റെ ആവശ്യം? ഉത്തരമിത്രമാത്രം. വിപണിയിൽ നമ്മുടെ പച്ചക്കറിക്കർഷകർ നേരിടുന്ന തിരിച്ചടിക്കു മുഖ്യ കാരണം സംസ്ഥാനത്തെ പച്ചക്കറി ഉൽപാദനവും ഉപഭോഗവും സംബന്ധിച്ച കൃത്യമായ കണക്കും അതിന്റെ അടിസ്ഥാനത്തിലുള്ള കൃഷിയാസൂത്രണവും നമുക്കില്ലാത്തതാണ്.
കണക്കിലാണു കാര്യം

കണക്കും കണക്കുകൂട്ടലുമില്ലാതെ കൃഷി ചെയ്യുന്നതിനാൽ കർഷകൻ അയാളുടെ ശീലത്തിന്റെയോ കൃഷി ഓഫിസറുടെ നിര്‍ദേശത്തിന്റെയോ അടിസ്ഥാനത്തില്‍ ചില വിളകൾ കൃഷി ചെയ്യുകയും വിപണിയിലെത്തുമ്പോൾ ഈയിനങ്ങള്‍ തന്നെയാണ് ഈ സീസണിൽ മിക്കവരും കൃഷി ചെയ്തതെന്നു തിരിച്ചറിയുകയും കിട്ടിയ വിലയ്ക്ക് വിറ്റൊഴിവാക്കേണ്ട അവസ്ഥയിലെത്തുകയും ചെയ്യുന്നു. അതിനു പകരം, കാസർകോടു മുതൽ തിരുവനന്തപുരം വരെ പ്രധാന വിപണികളുടെ താൽപര്യങ്ങളും ഓരോ സ്ഥലത്തെയും ഉപഭോക്താക്കളുടെ ഇഷ്ടയിനങ്ങളും അവയുടെ ലഭ്യതയും കണക്കുകൂട്ടി ഓരോ സീസണിലും കർഷകർക്കു നിർദേശം നൽകി ഉൽപാദനവും വിപണനവും ക്രമീകരിക്കാൻ നമുക്കു കഴിയില്ലേ? എല്ലാ കർഷകരും ഒരു സീസണിൽ ഒരേ വിളതന്നെ കൃഷിയിറക്കി വിപണിയിൽനിന്നു തിരിച്ചടി നേരിടുന്നതിനു പകരം പ്രിയമേറിയ വിളകൾ കൂടിയ തോതിലും മറ്റുള്ളവ കുറഞ്ഞ തോതിലും കൃഷി ചെയ്യുകയെന്നൊരു നിർദേശം കൃഷി തുടങ്ങും മുൻപേ കർഷകർക്കു കൊടുക്കാനായാൽ കൂടുതൽ നേട്ടം ഉറപ്പാക്കാനാകില്ലേ? ഉൽപാദനത്തിന്റെ അളവിനെ സംബന്ധിച്ച് ഒരു മാസം മുൻപേ വിവരം ലഭിക്കുമെങ്കിൽ സംഭരണവും മൂല്യ വർധനയുമൊക്കെ ആസൂത്രണം ചെയ്യാനാകില്ലേ? വലിയ അളവ് ഉൽപാദനമാണ് വരാനിരിക്കുന്നത് എന്നു കണ്ടാൽ മൂല്യവർധന നടത്തുന്ന എഫ്‌പിഒകൾ, സംരംഭകർ, കയറ്റുമതിക്കാർ എന്നിവരുമായി ബന്ധപ്പെട്ടു വിപണിയുറപ്പാക്കാനാവില്ലേ?
ഏറെക്കാലമായി കാർഷിക വിപണി വിദഗ്ധർ ആവശ്യപ്പെടുന്നതാണ് ഇത്തരമൊരു സംവിധാനം. ഈ ദിശയില്‍ മികച്ച ചുവടുവയ്പാണ് സംസ്ഥാന കൃഷിവകുപ്പിന്റെ ഭാഗമായുള്ള ഹോർട്ടികോർപ് കണ്ണൂരില്‍ തുടങ്ങിയ ഫാം ക്ലബ്. നേരേ ചൊവ്വേ പോയാൽ സംസ്ഥാനത്തെ സാധാരണക്കാരായ പച്ചക്കറിക്കർഷകരുടെ വിപണന പ്രതിസന്ധികൾക്കു പരിഹാരം കാണാനും അവരുടെ വരുമാനം ഉയർത്താനും ഫാം ക്ലബ്ബിനു കഴിയും.

കൃഷിഭവൻതോറും ഫാം ക്ലബ്
കൃഷിവകുപ്പിന്റെ മാർക്കറ്റിങ് ഏജൻസിയായ ഹോർട്ടികോർപ്പിന്റെ ചെയർമാൻ അഡ്വ. എസ്.വേണുഗോപാലാണ് കഴിഞ്ഞ സാമ്പത്തിക വർഷം ഫാം ക്ലബ് എന്ന ആശയം മുന്നോട്ടു വച്ചതെന്ന് ഹോർട്ടികോർപ് വടക്കൻ മേഖല റീജനൽ മാനേജരും കണ്ണൂർ ജില്ല കൃഷിവകപ്പ് ഡപ്യൂട്ടി ഡയറക്ടറുമായ സി.വി.ജിതേഷ്. സംസ്ഥാനത്തെ കർഷകരിൽനിന്നും അയൽ സംസ്ഥാനങ്ങളിൽനിന്നും പഴം–പച്ചക്കറികൾ സംഭരിച്ച് സംസ്ഥാനത്തുടനീളം വിപണനം ചെയ്യുകയാണല്ലോ ഹോർട്ടികോർപ് ചെയ്യുന്നത്. ആവശ്യമുള്ളതിന്റെ ചെറിയ ശതമാനം മാത്രമാണ് സംസ്ഥാനത്തുനിന്നു ഹോർട്ടികോർപ്പിനു ലഭ്യമാകുന്നത്. ആവശ്യകതയില്ലെങ്കിൽപ്പോലും ചിലപ്പോൾ സംഭരിക്കേണ്ടതായും വരും. പലപ്പോഴും വിളവെടുപ്പിനുശേഷമാകും കർഷകരിൽനിന്നോ കൃഷിഭവനിൽനിന്നോ ഹോർടികോർപ്പിനു വിളി വരുക. ‘വിൽക്കാൻ നിവൃത്തിയില്ല, സഹായിക്കണം’ എന്നതാവും ആവശ്യം. തീരെ ഡിമാൻഡ് കുറഞ്ഞ പച്ചക്കറിയിനമാണെങ്കിൽപോലും ആ സമയത്ത് സംഭരിക്കേണ്ടിവരും. വിറ്റഴിക്കാനോ മൂല്യവർധന യൂണിറ്റുകളുമായി ബന്ധപ്പെട്ട് ഒരു ശ്രമം നടത്താനോ പോലും അപ്പോള്‍ കര്‍ഷകര്‍ക്കു സാവകാശം ലഭിച്ചെന്നു വരില്ല. സംസ്ഥാനത്തെ കൃഷിഭവനുകളിൽനിന്ന് ഓരോ സീസണിലും പ്രതീക്ഷിക്കാവുന്ന പഴം–പച്ചക്കറി ഉൽപാദനം സംബന്ധിച്ച് കൃത്യമായ കണക്കു കിട്ടിയാൽ കർഷകർക്കും ഹോർടികോർപിനും ഗുണകരമാകും എന്ന ചെയർമാന്റെ ചിന്ത എംഡി ജെ.സജീവും റീജനൽ മാനേജർ സി.വി.ജിതേഷും ഏറ്റെടുത്തതോടെ കഴിഞ്ഞ വർഷം കണ്ണൂർ ജില്ലയിലെ 89 കൃഷിഭവനുകളിൽ ഫാം ക്ലബ്ബിനു തുടക്കമായി.

കണക്കു കൂട്ടി മുന്നോട്ട്
ആദ്യ ഘട്ടത്തിൽ കണ്ണൂർ ജില്ലയിലെ എല്ലാ കൃഷിഭവനുകളിലും ചുരുങ്ങിയത് 20 കർഷകര്‍ ഉൾപ്പെടുന്ന ഫാം ക്ലബ് രൂപീകരിക്കാൻ നിർദേശം നൽകിയന്ന് ജിതേഷ്. തുടക്കത്തിൽ ജില്ലയിൽനിന്നാകെ ഏതാണ്ട് 1500 കർഷകരുടെ വിവരങ്ങളാണു ലഭിച്ചത്. എന്നാൽ ആ പട്ടികയിൽ ഓരോ പ്രദേശത്തെയും കൃഷിഭവനുമായി കാര്യമായി ബന്ധമില്ലാത്ത വാണിജ്യക്കൃഷിക്കാരെക്കൂടി കണ്ടെത്തി ചേർക്കണമെന്നു നിർദേശിച്ചതോടെ എണ്ണം 3000 കവിഞ്ഞു. കർഷകന്റെ പേര്, ഫോൺ നമ്പർ, കൃഷിചെയ്യുന്ന ഇനം, വിസ്തൃതി. പ്രതീക്ഷിക്കുന്ന ഉൽപാദനം, പ്രതീക്ഷിക്കുന്ന വിളവെടുപ്പു സമയം തുടങ്ങിയ വിവരങ്ങളാണ് മുഴുവൻ പഞ്ചായത്തുകളിൽനിന്നു ശേഖരിച്ചത്.
ഇങ്ങനെ റജിസ്റ്റർ ചെയ്ത കർഷകർ ഹോർടികോർപ്പിനു തന്നെ ഉൽപന്നങ്ങൾ കൊടുക്കണമെന്നൊരു നിർബന്ധവുമില്ല. എന്നാൽ വിപണിയിൽ ന്യായവില ലഭിക്കുന്നില്ല എന്നു തോന്നുന്നപക്ഷം അവർക്ക് മുൻകൂർ ആയി ഹോർടികോർപ്പിനെ വിവരം ധരിപ്പിക്കാമെന്ന് സി.വി.ജിതേഷ് പറയുന്നു. തുടർച്ചയായി ലഭിക്കുന്ന ഈ കൃഷിക്കണക്കുകളുടെ അടിസ്ഥാനത്തിൽ ഓരോ സീസണിലും കർഷകർക്കു കൈമാറാൻ കഴിയുന്ന മുന്നറിയിപ്പുകളിലൂടെ കൃഷിയും വിപണിയും ക്രമീകരിക്കാൻ കർഷകർക്കു കഴിയുമെന്നും അദ്ദേഹം പറയുന്നു. ഉദാഹരണത്തിന്, വേനൽസീസണിൽ കണ്ണൂരിലെ മിക്ക കൃഷിക്കാരും വെള്ളരിയും മത്തനും ഇളവനുമാണ് കൃഷി ചെയ്യുക. വിപണിയിൽ ഈ ഇനങ്ങൾക്കു വിലയിടിവ് പതിവാണു താനും. അതേസമയം പയർപോലെയുളള ഇനങ്ങൾ കിട്ടാനില്ലാത്ത സ്ഥിതിയാവും. ഇക്കാര്യത്തിൽ മുന്നറിവു നൽകാനായാൽ കൃഷിക്കാർക്ക് അതനുസരിച്ച് കൃഷിയിനങ്ങളുടെ വിസ്തൃതി കൂട്ടാനും കുറയ്ക്കാനും കഴിയും. ഒപ്പം, നാടൻ പച്ചക്കറികൾക്ക് നല്ല ഡിമാൻഡ് ഉള്ള സാഹചര്യത്തിൽ സംസ്ഥാനത്തുനിന്നുള്ള സംഭരണം വർധിപ്പിക്കാനും ഹോർടികോർപിനു കഴിയും.
ഹോർട്ടികോർപ് വിപണിയിൽ കൂടുതൽ ഇടപെടുന്നതിനു മറ്റു ചില ഗുണങ്ങൾ കൂടിയുണ്ട്. ഉൽപാദനത്തിൽ ഒരു പങ്ക് ഹോർട്ടികോർപ് സംഭരിക്കുന്നതിലൂടെ അധികോൽപാദനം കാരണമുള്ള വിലയിടിവിന് ആശ്വാസമുണ്ടാകും. ഹോർട്ടികോർപ് വിപണിൽ ഇടപെടുന്നു എന്നു കാണുന്നതോടെ അനിയന്ത്രിതമായി വിലയിടിക്കാൻ ഇടനിലക്കാരും മടിക്കും. ഇക്കഴിഞ്ഞ മാർച്ചോടെ സംസ്ഥാനത്തെ മുഴുവൻ കൃഷിഭവനുകളിലും ഫാം ക്ലബ് അംഗങ്ങളുടെ ആദ്യഘട്ട വിവര ശേഖരണം നടന്നു കഴിഞ്ഞു. അതനുസരിച്ച് സംഭരണത്തിനു തയാറെടുപ്പും നടന്നു വരുന്നു. കർഷകരും കൃഷിഭവനുകളും ഹോർടികോർപ്പും യോജിച്ചു പ്രവർത്തിച്ചാൽ വരും സീസണുകളിൽ ഫാം ക്ലബ് ഫലം കാണുമെന്നു തീർച്ച. അതേസമയം, ഉദ്യാഗസ്ഥതലത്തിലുള്ള ശ്രമങ്ങൾകൊണ്ടു മാത്രമായില്ല, ഇത്തരം പദ്ധതികൾ നിലനിർത്താൻ കർഷകപക്ഷത്തുനിന്നു ള്ള ജാഗ്രതയും ആവശ്യമാണ്.

വിപണിയിൽ മധുരം
കൃഷിയിലിറങ്ങി ആദ്യ തവണതന്നെ ഒറ്റയടിക്ക് മൂന്നരയേക്കർ തണ്ണിമത്തൻകൃഷിക്കു തുനിഞ്ഞത് സാഹസം തന്നെയായിരുന്നെന്ന് കണ്ണൂർ കീഴല്ലൂർ പഞ്ചാത്തിലെ യുവകർഷകരായ റോഷിത്തും നികേഷും പറയുന്നു. എന്നാൽ ഫം ക്ലബ്ബിലൂടെ ഹോർടികോർപ് സഹായമെത്തിയത് പ്രതിസന്ധിയിൽനിന്നു രക്ഷിച്ചു. പന്ത്രണ്ടര ടൺ തണ്ണിമത്തനാണ് ഇക്കഴിഞ്ഞ ജനുവരി–ഫെബ്രുവരി മാസങ്ങളിലായി ഫോർടികോർപ് ഈ ചെറുപ്പക്കാരുടെ കൃഷിയിടത്തിൽനിന്നു സംഭരിച്ചത്. രണ്ടേകാൽ ലക്ഷം രൂപയോളം കാലതാമസമില്ലാതെ കൈമാറുകയും ചെയ്തു. വലിയൊരളവ് തണ്ണിമത്തൻ ഹോർടികോർപ് സംഭരിച്ചതോടെ ബാക്കിയുള്ളതിന്റെ വിപണനം എളുപ്പമായെന്ന് റോഷിത്. രണ്ടാം ഘട്ടമായി ഒരേക്കർ തണ്ണിമത്തനും രണ്ടരയേക്കർ പച്ചക്കറിയുമാണ് കൃഷി ചെയ്തിരിക്കുന്നത്. വിപണിയിൽ മികച്ച വില കിട്ടാത്തപക്ഷം ന്യായവിലയ്ക്കു സംഭരിക്കാൻ ഹോർടികോർപ് ഉണ്ടെന്നതാണ് ഇരുവരുടെയും ധൈര്യം.
ഫോൺ: 9446065057 (ഹോർടികോർപ്)