അധ്വാനം കുറഞ്ഞാൽ ലാഭം താനേ വരും; ഇതാണ് പച്ചക്കറിക്കൃഷിയിൽ ലാഭം തരും യന്ത്രങ്ങൾ

Mail This Article
വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ഒട്ടേറെ വിളകൾ നമുക്കുണ്ട്. പച്ചക്കറിയും നെല്ലും വാഴയും തെങ്ങും കമുകുമെല്ലാം അക്കൂട്ടത്തിൽപ്പെടും. എന്നാൽ, വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർ പോലും യന്ത്രവൽക്കരണത്തിന്റെ സാധ്യതകൾ വേണ്ടത്ര പ്രയോജനപ്പെടുത്തുന്നില്ല എന്നതാണു വസ്തുത. മേൽപറഞ്ഞ വിളകളുടെയെല്ലാം കൃഷി മുതൽ വിളവെടുപ്പു വരെയുള്ള ഘട്ടങ്ങളിലും തുടർന്നുള്ള പ്രാഥമിക സംസ്കരണത്തിനുമെല്ലാമായി ഇന്നു വൈവിധ്യമാർന്ന യന്ത്രങ്ങൾ വിപണിയിലും വാടകയ്ക്കും ലഭ്യമാണ്. കൃഷിച്ചെലവു കുറയ്ക്കാനും സമയം ലാഭിക്കാനും കൃഷിരീതി കൂടുതൽ ശാസ്ത്രീയമാക്കാനും അതുവഴി ഉൽപാദനം കൂട്ടാനും ഉൽപന്നത്തിന്റെ ഗുണമേന്മ കൂട്ടാനുമെല്ലാം യന്ത്രവൽക്കരണത്തിലൂടെ ക ഴിയും. ലഘുവായ പരിശീലനത്തിലൂടെ പല യന്ത്രങ്ങളും കർഷകനു തന്നെ ഉപയോഗിക്കാനുമാകും.
യന്ത്രസഹായം പച്ചക്കറിക്കൃഷിയിൽ
കൂടുതല്‍ തൊഴിലാളികളെ ആവശ്യമുള്ള വിളകള്‍ കർഷകർ ഒഴിവാക്കുന്ന സ്ഥിതിയുണ്ട്. നെൽകൃഷി ഇത്രയെങ്കിലും നിൽക്കുന്നത് 80 ശതമാനത്തോളം യന്ത്രവൽക്കരണം ഈ കൃഷിയിൽ വന്നതുകൊണ്ടു മാത്രമാണ്. പച്ചക്കറിക്കൃഷിച്ചെലവിന്റെ 60 ശതമാനവും തൊഴിലാളികൾക്കുള്ള കൂലിയാണ്. ഈ ചെലവു കുറയ്ക്കാനുള്ള വഴി യന്ത്രവൽക്കരണം തന്നെ.
യന്ത്രസാധ്യതകൾ
പച്ചക്കറിക്കൃഷിയിൽ ഇപ്പോൾ പ്രചാരം കൃത്യതാക്കൃഷി (Precision farming) രീതിക്കാണ്. ഇതില്‍ മിക്ക ഘട്ടങ്ങളിലും യന്ത്രസഹായം ലഭ്യമാണ്. കൃഷിയിടം തയാറാക്കൽ, തൈകൾ നടാനുള്ള ബെഡ് തയാറാക്കൽ, പുതയിടൽ, ഡ്രിപ് ലൈൻ ക്രമീകരിക്കൽ, നന, നനയ്ക്കൊപ്പം വളം കൂടി കലർത്തി നൽകുന്ന ഫെർട്ടിഗേഷൻ, തൈ നടീൽ, വളം–കീടനാശിനി പ്രയോഗം എന്നിവയ്ക്കെല്ലാം യന്ത്രങ്ങൾ ലഭ്യമാണ്.
കൃഷിയിടം തയാറാക്കൽ
പച്ചക്കറി നടാനുള്ള സ്ഥലം നന്നായി ഉഴുതുമറിക്കേണ്ടതുണ്ട്. ഏകദേശം രണ്ടടിയോളം മണ്ണ് ഇളക്കാവുന്ന തരം കലപ്പ ട്രാക്ടറില്‍ ഘടിപ്പിച്ച് ഈ പണി ചെയ്യാം. തുടർന്ന് റോട്ടവേറ്റർ ഉപയോഗിച്ചു മണ്ണിലെ കട്ട ഉടയ്ക്കുകയും മണ്ണ് നിരപ്പാക്കുകയും ചെയ്യാം. ഇതിനുശേഷം ബെഡ് ഫോർമർ ട്രാക്ടറിൽ ഘടിപ്പിച്ച് ബെഡ് എടുക്കാം. ബെഡിന് ഏകദേശം 90 സെ.മീ. – 1 മീ. വീതിയും 15–20 സെ.മീ. ഉയരവുമുണ്ടാകണം. ബെഡുകൾക്കിടയിൽ 50 സെ.മീ. അകലം നൽകണം. ബെഡുകളുടെ വീതി ക്രമീകരിക്കാനുള്ള സംവിധാനം ബെഡ് ഫോർമറിലുണ്ട്. ബെഡുകളിൽ ആവശ്യാനുസരണം ജൈവവളം, കുമ്മായം മുതലായവ നിറച്ച് മുകൾഭാഗം തട്ടിനിരപ്പാക്കണം. ജൈവവളം വിതറുന്നതിനും മറ്റും ട്രാക്ടറുകളിൽ ഘടിപ്പിച്ച യന്ത്രങ്ങൾ ഇന്നു ലഭ്യമാണ്. ഓരോ വിളയുടെയും വളർച്ചസ്വഭാവം അനുസരിച്ച് ബെഡുകളിൽ ഒന്നോ രണ്ടോ വരി ഡ്രിപ്പുകൾ ക്രമീകരിക്കാം. ഡ്രിപ്പറുകൾ സെറ്റ് ചെയ്യാനും ട്രാക്ടറിൽ ഘടിപ്പിച്ച യന്ത്രങ്ങൾകൊണ്ടു സാധിക്കും. ഡ്രിപ്പറുകൾ സ്ഥാപിച്ചശേഷം അതിലൂടെ വെള്ളം കടത്തിവിട്ട് എല്ലാം പ്രവർത്തിക്കുന്നുണ്ടോ എന്നു പരിശോധിക്കണം. കൃത്യതാക്കൃഷിയിൽ നനയും വളം നല്‍കലും ഡ്രിപ്പറുകളിലൂടെയാണ്.

പുതയിടൽ
ബെഡുകളിൽ ഡ്രിപ്പർ ഇട്ടതിനുശേഷം അടുത്തത് പുതയിടലാണ്. ഇതിനായി യുവി രശ്മികൾ ഏറ്റാലും കേടുവരാത്ത പ്ലാസ്റ്റിക് പുതകളാണ് ഉപയോഗിക്കുക. പുത ബെഡിനു മുകളിൽ വിരിച്ച് രണ്ട് അരികുകളും മണ്ണിട്ടു മൂടുന്നതിനും യന്ത്രങ്ങൾ ലഭ്യമാണ്. ഈ ബെഡിൽ നിശ്ചിത അകലത്തിൽ തൈകൾ നടാനുള്ള തുളകളിടാനും യന്ത്രമുണ്ട്. ബെഡ് തയാറാക്കൽ, വളപ്രയോഗം, ഡ്രിപ് സെറ്റ് ചെയ്യൽ പുതയിട്ട് അതിൽ തുളയിടൽ എന്നീ പണികളെല്ലാം ബെഡ് ഫോർമർ കം മൾച്ച് ലെയിങ് എന്ന ഒറ്റയന്ത്രം കൊണ്ടു ചെയ്യാം. ഇവയ്ക്ക് ഒരു ലക്ഷം രൂപയോളം വില വരും. ബെഡ് തയാറാക്കാൻ മാത്രമെങ്കിൽ 25,000 രൂപയോളം വിലയുള്ള യന്ത്രങ്ങളുമുണ്ട്.

തൈ നടീൽ
കൃത്യതാക്കൃഷിയിൽ തുള്ളിനനരീതിയില്‍ നനയും വളപ്രയോഗവും നടത്തുമ്പോൾ നടീൽവസ്തു ഒരേ പ്രായത്തിലുള്ളവയാകാന്‍ ശ്രദ്ധിക്കണം. എങ്കിലേ വളർച്ചയും ഉൽപാദനവുമെല്ലാം ഒരേ നിരക്കിൽ മുന്നേറുകയുള്ളൂ. അതുകൊണ്ടുതന്നെ വിത്ത് നടുന്നതിനു പകരം നേരിട്ടു തൈകൾ നടുന്നതാണ് ഉത്തമം. ഈ രീതിയിൽ പോളിഹൗസുകളിൽ തൈകൾ ഉൽപാദിപ്പിക്കുന്നതിന് ചകിരിച്ചോർ, പെർലൈറ്റ്, വെർമിക്കുലേറ്റ് എന്നിവ 3:1:1 എന്ന തോതിൽ അടങ്ങിയ മണ്ണില്ലാമിശ്രിതം തയാറാക്കുന്നതിനും അതു ട്രേകളിൽ നിറച്ച് അവയിൽ വിത്തു പാകുന്നതിനുമൊക്കെ ഇന്ന് യന്ത്രങ്ങൾ ലഭ്യമാണ്. വിത്തുപാകി അതിനു മുകളിൽ മിശ്രിതം വിതറി കൺവേയറുകളിലൂടെ പോളിഹൗസുകളിൽ എത്തിക്കാനും യന്ത്രസംവിധാനമുണ്ട്. വിത്തു പാകിയ ട്രേകളിൽ നനയും വളപ്രയോഗവും നടത്തുന്നതിന് ബൂം (Boom sprayer) സ്പ്രേയറുകളുണ്ട്. തൈകൾ ബെഡുകളിൽ നടാനും യന്ത്രങ്ങളുണ്ട്. ബെഡുകളിൽ ഷീറ്റ് വിരിച്ച് അതിൽ തുളയുണ്ടാക്കി തൈകൾ നട്ടുതരുന്ന യന്ത്രം മുതൽ പുതയിട്ട ബെഡുകൾ തുളച്ച് തൈ നടുന്ന ലഘു യന്ത്രങ്ങൾ വരെ ഇന്നു ലഭ്യമാണ്. ഇത്തരം ലഘുയന്ത്രത്തിന് 1500–2000 രൂപയെ മുടക്കുവരൂ.
വളപ്രയോഗം
കൃത്യതാക്കൃഷിയിൽ വെള്ളത്തിൽ പൂർണമായും അലിയുന്ന വളങ്ങളാണു പ്രയോഗിക്കുന്നത്. ചെലവ് കുറഞ്ഞ വെഞ്ചുറി സംവിധാനം സ്ഥാപിച്ച് ബക്കറ്റിൽ കലക്കി വച്ച വളം ഡ്രിപ്പുകളിലൂടെ ചെടികളുടെ കടയ്ക്കൽ എത്തിക്കാനാകും. അൽപം കൂടി ചെലവേറിയ ഇൻജക്ടർ (fertilizer injector) സംവിധാനം ഉപ യോഗിച്ചും വളപ്രയോഗം നടത്താം. മണ്ണിന്റെ അമ്ലത്വവും ലവണങ്ങളുടെ തോതും അനുസരിച്ച് വളപ്രയോഗത്തിൽ വേണ്ട ക്രമീകരണം നടത്താൻ കഴിവുള്ള കംപ്യൂട്ടർ അധിഷ്ഠിത സംവിധാനങ്ങളും ഇന്നു ലഭ്യം.
കീട–കള നിയന്ത്രണം
കീടനിയന്ത്രണത്തിനായി സാധാരണ സ്പ്രേയറുകൾക്കു പകരം ബാറ്ററി കൊണ്ടു പ്രവൃത്തിക്കുന്ന സ്പ്രേയറുകൾക്കാണ് ഇന്നു കൂടുതൽ പ്രചാരം. ഒപ്പം, വളപ്രയോഗത്തിനും കീടനിയന്ത്രണത്തിനും ഡ്രോൺ സാങ്കേതികവിദ്യയും പ്രചാരത്തിലാകുന്നുണ്ട്. പുതയിട്ട് കൃഷി ചെയ്യുമ്പോൾ സാധാരണഗതിയിൽ കളനിയന്ത്രണം ആവശ്യമില്ല. എന്നാൽ, മഴക്കാലത്ത് ബെഡുകളുടെ ഇടയിലുള്ള സ്ഥലങ്ങളിൽ വളരുന്ന കളകളെ നിയന്ത്രിക്കേണ്ടി വരും. ഇതിനായി ബ്രഷ് കട്ടറുകൾ ഉപയോഗിക്കാം.
ഈ രീതിയിൽ യന്ത്രവൽകൃത കൃത്യതാക്കൃഷിയിലൂടെ ഏക്കർകണക്കിനു സ്ഥലത്ത് പച്ചക്കറിക്കൃഷി ചെയ്യുന്നവര്‍ കേരളത്തിൽ പലേടത്തുമുണ്ട്. പലരും പാട്ടത്തിനെടുത്ത സ്ഥലങ്ങളിലാണ് കൃഷി ചെയ്യുന്നത്. മൊബൈൽ ഫോൺ ആപ് വഴി എല്ലായിടത്തും ഒരേസമയം നന–വളപ്രയോഗ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാനുള്ള സൗകര്യം ഇവരിൽ പലരും ഒരുക്കിയിട്ടുണ്ട്.
മേൽപറഞ്ഞ യന്ത്രസംവിധാനങ്ങൾ ഉൾപ്പെടുത്തി പച്ചക്കറിക്കൃഷി ചെയ്യുമ്പോൾ ചെടികൾ പിടിച്ചു കെട്ടാ നും പന്തലിടാനും വിളവെടുപ്പു നടത്താനും മാത്രമേ തൊഴിലാളികള്‍ ആവശ്യമുള്ളൂ. അതുകൊണ്ടുത ന്നെ കൂലിച്ചെലവ് 50% കുറയ്ക്കാം. ഒപ്പം, കൃത്യതാരീതിയിലൂടെ ലഭിക്കുന്ന ഉയർന്ന ഉൽപാദനം കൂടി കണക്കാക്കിയാൽ പച്ചക്കറിക്കൃഷി കൂടുതൽ ലാഭകരമായി മാറുന്നതു കാണാം. പച്ചക്കറിക്കൃഷിയിൽ സ്വയംപര്യാപ്തത ലക്ഷ്യമിടുന്ന സർക്കാർ ഇത്തരം സംവിധാനങ്ങൾ ഒരുക്കുന്നതിനുവേണ്ട സാമ്പത്തിക സഹായം കർഷകർക്കു നൽകുകയാണു വേണ്ടത്.
ഫോൺ (ഡോ. വി. നാരായണൻകുട്ടി): 9495634953