മുലപ്പാലിനു തുല്യം; വൻ ഡിമാൻഡ്; അഞ്ചേക്കറിൽ കൂവക്കൃഷിയുമായി സുഹൃത്തുക്കൾ, അതും കർണാടകയിൽ

Mail This Article
ഇടക്കാലത്തു വിസ്മരിക്കപ്പെട്ട പല വിളകളും ഉജ്വലമായ തിരിച്ചുവരവിന്റെ വഴിയിലാണ്. ആരോഗ്യഭക്ഷണത്തോട് മലയാളികൾക്കു താൽപര്യമേറുന്നതാണു കാരണം. മുന്നേറ്റത്തിൽ മുൻനിരയിലുണ്ട് കൂവ. മുൻപ് ശിശുക്കളുടെ പോഷകഭക്ഷണം മാത്രമായിരുന്ന കൂവയ്ക്ക് ഇന്ന് ആബാലവൃദ്ധം ആളുകളുടെയും ആരോഗ്യഭക്ഷണം എന്ന നിലയിൽ വിലയും മൂല്യവും ഏറുകയാണ്.
മുലപ്പാലിനു തുല്യമാണ് കൂവപ്പൊടി എന്നാണു ഖ്യാതി. ശിശുക്കൾക്കു മുലപ്പാലിനു പിന്നാലെ ആദ്യ ഭക്ഷണം എന്ന നിലയിൽ കൂവപ്പൊടി കുറുക്കി നൽകുന്നുണ്ട് നമ്മുടെ നാട്ടിൽ. ഇന്ന് എല്ലാ പ്രായക്കാർക്കും ഉന്മേഷവും ആരോഗ്യവും നൽകുന്ന സുപ്പർ ഫുഡ് എന്നാണ് കൂവയുടെ വിശേഷണം. ദഹനപ്രശ്നങ്ങൾ നീക്കി വയറിന് ആശ്വാസം നൽകുന്നതിനാൽ മുതിർന്നവർ കൂവയോട് കൂടുതൽ താൽപര്യം കാണിക്കുന്നുമുണ്ട്. വിപണിയില്‍ ആവശ്യമേറിയതു കൂടുതല്‍ കൃഷിക്കാരെ കൂവയിലേക്ക് ആകര്‍ഷിക്കുന്നു. ചാക്കോ, ശിവപ്രസാദ്, സുധീഷ് എന്നീ സുഹൃത്തുക്കള്‍ കൂവക്കൃഷിയിലെത്തിയതും ഇങ്ങനെ. ഇവരുടെ കൃഷി പക്ഷേ കേരളത്തിലല്ല, കർണാടകയിലാണ്. അഞ്ചോ പത്തോ സെന്റിലുമല്ല, 5 ഏക്കറിലാണ്.

കോട്ടയം മണിമലയിൽനിന്ന് കണ്ണൂർ ഇരിട്ടിയിലേക്കു കുടിയേറിയ കൈരേട്ടുതടത്തിൽ എന്ന കർഷക കുടുംബത്തിലെ അംഗമായ ടി.എസ്.ചാക്കോയ്ക്ക് തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ പഠിക്കുന്ന കാലത്ത് ലഭിച്ച സുഹൃത്തുക്കളാണ് സഹപാഠി സുധീഷ് ഭാസ്കരനും തൃശൂർ എൻജിനീയറിങ് കോളജിൽ പഠിച്ചിരുന്ന ശിവപ്രസാദും. പഠനശേഷം സിനിമ, ടൂറിസം മേഖലകളിലേക്കു ചാക്കോയും ഇന്ത്യയിലും വിദേശത്തുമായി മൾട്ടിനാഷനൽ കമ്പനികളിലെ ഉദ്യോഗങ്ങളിലേക്കു സുഹൃത്തുക്കളും തിരിഞ്ഞു. ഇടയ്ക്കുള്ള സൗഹൃദകൂട്ടായ്മകളിലാണ് കൂവക്കൃഷി എന്ന ആശയമുയര്‍ന്നത്. ബിസിനസിനും ജോലിക്കുമൊപ്പം കൊണ്ടുപോകാവുന്ന കൃഷിയിനം എന്നതാണ് കൂവയുടെ മെച്ചമെന്നു ചാക്കോ. വിത്തിട്ടാൽ പിന്നെ കാര്യമായ പരിപാലനം ആവശ്യമില്ല. എലിയുൾപ്പെടെയുള്ള ശല്യക്കാർക്കു കൂവയോടു താൽപര്യവുമില്ല.

കർണാടകയിലേക്ക്
നാട്ടിൽ സ്ഥലം പാട്ടത്തിനെടുത്തു കൃഷി ചെയ്യാനായിരുന്ന ആദ്യ ആലോചന. എന്നാൽ ഏക്കറുകൾ വിസ്തൃതിയുള്ള ഒറ്റ പ്ലോട്ട് കേരളത്തിൽ ലഭിക്കുക എളുപ്പമല്ലല്ലോ. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ യന്ത്രവൽക്കരണം ആവശ്യം. അതു നടപ്പാക്കണമെങ്കിലും ഏക്കറുകൾ ഒരുമിച്ച് ലഭിക്കണം. ഒടുവില്‍ കർണാടകയിലെ എച്ച്‌ഡി കോട്ടയ്ക്കടുത്ത് സ്ഥലം കണ്ടെത്തി. കർണാടകയിൽ കൂവക്കൃഷിക്കു പ്രചാരമില്ലാത്തതിനാൽ, തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപന(CTCRI)ത്തിന്റെ സഹായത്തോടെ പ്രദേശത്തെ മണ്ണുപരിശോധന നടത്തി കൃഷിസാധ്യത ഉറപ്പിച്ചു. നിലം ഉഴുതുമറിക്കാൻ റോട്ടവേറ്ററും ബെഡ് തയാറാക്കാൻ ബെഡ് ഫോർമർ യന്ത്രവും ഉപയോഗിച്ചു. രണ്ടും ട്രാക്ടറിൽ ഘടിപ്പിച്ചാണ് പ്രവർത്തിപ്പിക്കുന്നത്.
ചാണകവും കോഴിവളവും അടിവളമായി നല്‍കി. പിന്നെ നല്‍കിയതും ജൈവവളം മാത്രം. കൂവക്കൃഷിയില്‍ സജീവമായ, എറണാകുളം മാഞ്ഞാലി സർവീസ് സഹകരണ ബാങ്കിൽനിന്നാണ് കൃഷിക്കുള്ള വിത്തു വാങ്ങിയത്. 5 ഏക്കറിലേക്ക് ഒന്നര ടൺ വിത്ത് ആവശ്യം വന്നു. വേനലിനെ ചെറുക്കാൻ സ്പ്രിങ്ഗ്ലർ നന സൗകര്യവും ഒരുക്കി. കഴിഞ്ഞ മേയ് മാസത്തിൽ വിത്തിട്ട് മാർച്ചിൽ വിളവെടുത്തു തുടങ്ങി. അടുത്ത സീസണിൽ കൂടുതൽ സ്ഥലത്തേക്കു കൃഷി വ്യാപിപ്പിക്കും.
ഒന്നര മീറ്റർ ആഴത്തിൽ ബെഡ് ഇളക്കി നൽകുന്ന നാഗൽ എന്ന യന്ത്രം ട്രാക്ടറിൽ ഘടിപ്പിച്ചാണ് വിളവെടുപ്പ്. ഇളകി മണ്ണിന്റെ മുകളിലെത്തുന്ന കിഴങ്ങ് പെറുക്കിയെടുക്കാനും വൃത്തിയാക്കാനും തൊഴിലാളികള്‍. ആദ്യ കൃഷിയിൽത്തന്നെ സാമാന്യം മികച്ച വിളവു ലഭിച്ചെന്നും ചാക്കോ. കൂവപ്പൊടി നിർമാതാക്കൾക്കാണു കിഴങ്ങ് വിൽക്കുന്നത്. ആദ്യ കൃഷിയുടെ ഉത്സാഹത്തിൽ തുടർകൃഷിയിലേക്കു നീങ്ങുകയാണ് മൂവർസംഘം.
ഫോൺ: 8921979549