5 ഏക്കറിലേക്ക് ഒരെണ്ണം മതി; വിളവ് കുതിച്ചുയരും; തമിഴ്നാട്ടിലും ഹിറ്റായി മലയാളിയുടെ സ്റ്റാർട്ടപ്

Mail This Article
എപ്പോള്‍ വളം നൽകണമെന്നതാണോ, എങ്ങനെ വളം നല്‍കണമെന്നതാണോ പ്രധാനം? രണ്ടും പ്രധാനമെന്നു പാലക്കാട് ഐഐടിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ‘റെവിൻ കൃഷി’ എന്ന സ്റ്റാർട്ടപ് സംരംഭത്തിന്റെ സിഇഒയും സഹ സ്ഥാപകനുമായ ശ്രീഹരി വിജയകുമാർ. ‘‘നിർഭാഗ്യവശാൽ നമ്മുടെ കർഷകരുടെ ഊന്നൽ വളം കൊടുക്കുന്ന രീതിയിലാണ്. കൃഷി പരാജയത്തിന്റെ മുഖ്യ കാരണവും ഇതുതന്നെ’’യെന്നു ശ്രീഹരി.
‘‘നിങ്ങൾ മഞ്ഞൾക്കൃഷി ചെയ്യുന്നതായി കരുതുക. ഓരോ ഘട്ടത്തിലും വിളയ്ക്ക് ഏതൊക്കെ പോഷകങ്ങളുടെ കുറവുണ്ടെന്നും അതിനൊക്കെ ഏതു വളം നല്‍കണമെന്നും കീട, രോഗബാധ യഥാസമയം കണ്ടെത്തി ഉടനെടുക്കേണ്ട നടപടികളും ഒരു കൂട്ടർ നിർദേശിക്കുന്നു. മറ്റൊരു കൂട്ടർ പറയുന്നത് വളം– കീടനാശിനിപ്രയോഗം എളുപ്പമാക്കുന്ന ഹൈടെക് യന്ത്രങ്ങളെയും അതുവഴിയുള്ള അധ്വാന ലാഭത്തെയും കുറിച്ചാണ്. രണ്ടാമത്തെ കൂട്ടർ പറയുന്ന ‘ഓട്ടമേഷനി’ലേ നിങ്ങള്‍ ശ്രദ്ധിക്കുന്നുള്ളൂ. ആദ്യത്തെ കൂട്ടർ പറയുന്നതൊക്കെ നിങ്ങള്‍ അവഗണിക്കുന്നു. വാസ്തവത്തിൽ വളം കൈകൊണ്ടു വിതറണോ ഡ്രോണ്‍ വഴി വിതറണോ എന്നതു രണ്ടാമത്തെ കാര്യമാണ്. ഏതൊക്കെ വളം എപ്പോഴൊക്ക നല്‍കണമെന്നതാണ് വിളവും കൃഷിയുടെ ഭാവിയും തീരുമാനിക്കുന്നത്,’’ ശ്രീഹരി പറയുന്നു. വിദേശങ്ങളിൽ ഇരു ഘടകങ്ങൾക്കും ഇന്നു തുല്യപ്രാധാന്യമാണുള്ളത്. നമ്മുടെ നാട്ടിൽ പക്ഷേ അധ്വാനം കുറയ്ക്കാനുള്ള യന്ത്രവൽക്കരണവും സ്വയംനിയന്ത്രിത (ഓട്ടമേഷൻ) സംവിധാനവുമാണ് പരമപ്രധാനമെന്ന് പല കർഷകരും കരുതുന്നു.
ഡേറ്റ, അതല്ലേ എല്ലാം!
ആദ്യത്തെ വിഭാഗം മുന്നോട്ടു വയ്ക്കുന്ന വിവരാധിഷ്ഠിത കൃഷിരീതിയാണ് ഇനി വേണ്ടത്. കൃഷിയിടത്തിൽ ലഭിക്കുന്ന തത്സമയ ഡേറ്റ വിശകലനം ചെയ്തു തീരുമാനങ്ങളെടുക്കുന്ന ഈ രീതിക്കു മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിലൊക്കെ വലിയ പ്രചാരമായി. കിറുകൃത്യമായ വിവരവിശകലനത്തിന്റെ അടിസ്ഥാനത്തിലുള്ള വളം–കീടനാശിനി പ്രയോഗത്തിന്റെ നേട്ടങ്ങൾ ചെറുതല്ലെന്ന് ഈ ടെക്നോളജി സംരംഭകൻ പറയുന്നു. ഇക്കാര്യത്തില്‍ കർഷകരെ പ്രാപ്തരാക്കുന്ന സംവിധാനമാണ് ശ്രീഹരിയുടെ നേതൃത്വത്തിൽ വികസിപ്പിച്ച, ഐഐടിയുടെ സ്റ്റാർട്ടപ് സംരംഭമായ ‘റെവിൻ കൃഷി.’

കാലാവസ്ഥമാറ്റത്തിന്റെ ഭീഷണികള്‍ നേരിടാൻ കൃഷിയിടത്തിൽ ലഭ്യമാകുന്ന തൽസമയ ഡേറ്റകൊണ്ടു മാത്രമേ കഴിയൂ എന്ന് ശ്രീഹരി പറയുന്നു. ഒരു മേഖലയ്ക്കു മൊത്തമായി കാലാവസ്ഥാനിലയം നൽകുന്ന മുന്നറിയിപ്പുകൊണ്ടു മാത്രം കാര്യമില്ല. പെരുമാട്ടി പഞ്ചായത്തിലെ ഒരു കർഷകന് പാലക്കാടു ജില്ലയ്ക്കു പൊതുവായ കാലാവസ്ഥാവിവരങ്ങളോ പെരുമാട്ടി പഞ്ചായത്തിനുള്ള പൊതുവിവരം തന്നെയോ പോരാ. വാർഡ് തിരിച്ചു മഴയും വരൾച്ചയും വരുന്ന കാലമാണിത്. സ്വന്തം കൃഷിയിടത്തിലെ കാലാവ സ്ഥാവിവരം അഥവാ ഹൈപ്പർ ലോക്കൽ ഡേറ്റയാണ് ആവശ്യം. ഈ ഡേറ്റ തൽസമയം വിശകലനം ചെയ്ത് അപ്പപ്പോൾ എടുക്കേണ്ട നടപടി കർഷകനെ അറിയിക്കുന്ന സംവിധാനമാണ് ‘റെവിൻ കൃഷി’ സ്റ്റാർട്ടപ് വികസിപ്പിച്ച ‘റെവിൻ സൈറ്റ്’ എന്ന ഉപകരണം. 5 ഏക്കറിലേക്ക് ഒരെണ്ണം മതി. വെറും 10 മിനിറ്റില്‍ കൃഷിയിടത്തിൽ ഇതു സ്ഥാപിക്കാം. ഈർപ്പം, താപനില, പിഎച്ച്, കാറ്റിന്റെ ഗതി, വരും മണിക്കൂറിലെ കാലാവസ്ഥ എന്നിങ്ങനെ കൃഷിയുമായി ബന്ധപ്പെട്ട മുഴുവൻ തൽസമയ ഡേറ്റയും ഈ ഉപകരണത്തിനൊപ്പമുള്ള സെൻസറുകൾ വിശകലനം ചെയ്ത് ഓരോ 10 മിനിറ്റിലും സ്മാർട്‌ഫോൺ വഴി കർഷകന് നിർദേശങ്ങൾ നൽകുന്നു. കൃഷിയിടത്തിലെ വിളകളുടെ സവിശേഷ ജനിതകസ്വഭാവങ്ങൾ കൂടി ആധാരമാക്കിയാവും ഈ നിര്‍ദേശങ്ങള്‍. ഉദാഹരണത്തിന്, വിള മഞ്ഞളെങ്കിൽ, അതിന്റെ പ്രതിഭ പോലുള്ള ഇനങ്ങളുടെ ജനിതക സവിശേഷതകൾ കൂടി വിശകലനം ചെയ്താവും പരിപാലനമുറകൾ നിർദേശിക്കുക. അതായത്, വിവരവിശകലനത്തിനൊപ്പം ക്രോപ് സയൻസ് കൂടി ചേർത്തുള്ള കൃത്യതയാർന്ന വിവരങ്ങ ളാണ് റെവിൻ സൈറ്റ് നൽകുന്നത്. ചെറുകിട കർഷകർക്ക് റെവിൻസൈറ്റ് ലഭ്യമാക്കുന്ന ഡേറ്റ അടുത്തുള്ള കൃഷിയിടങ്ങളിലെ കർഷകർക്കു വിറ്റ് അധിക വരുമാനം നേടാനും അവസരമുണ്ട്.
കീടവും സ്മാർട്ടാണ്
നമ്മൾ മാത്രമല്ല, കീടവും ഇന്നു സ്മാർട്ടാണ്. ആദ്യ ആക്രമണം പോലെയാകണമെന്നില്ല അടുത്തത്. ആദ്യം പ്രയോഗിച്ച കീടനാശിനിയെ അതിജീവിക്കാനുള്ള കരുത്തു നേടിയാകും രണ്ടാം വരവ്. അതിനാല്‍ ആക്രമണസാധ്യത മുന്‍കൂട്ടി തിരിച്ചറിയേണ്ടതുണ്ട്. അങ്ങനെയായാല്‍ മുൻകരുതൽ നടപടികൊണ്ടു തന്നെ കീടങ്ങളെ ചെറുക്കാം. കീടനാശിനിപ്രയോഗം ഗണ്യമായി കുറയ്ക്കാനും കഴിയും. ഈ രീതിയിൽ വെള്ളവും വളവും കീടനാശിനിയുമെല്ലാം നിയന്ത്രിതമാകുമ്പോള്‍ ചെലവു കുറയും, വിളവിന്റെ ഗുണമേന്മ കൂടുകയും ചെയ്യും. വിള ഇൻഷുറൻസ് ക്ലെയിമിനാവശ്യമായ കൃത്യതയാർന്ന തെളിവുകളും വിവരങ്ങളും ലഭ്യമാക്കാനും റെവിൻ സൈറ്റ് ഉപകരിക്കും.

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കൃഷിയിടങ്ങളിൽ റെവിൽ സൈറ്റ് സ്ഥാപിച്ച് നേട്ടമുണ്ടാക്കിയവര്‍ ഏറെയുണ്ടെന്നു ശ്രീഹരി. ഡേറ്റയുടെ അടിസ്ഥാനത്തിൽ കൃഷിയിൽ കൃത്യത വന്നതോടെ ഈറോഡിലെ മഞ്ഞൾക്കർഷകർക്ക് ഉൽപാദനത്തിൽ 18% വർധനയാണുണ്ടായത്. കുർക്കുമിൻ അളവും കൂടി. 1.6 ലക്ഷം രൂപയാണ് റെവിൻ സൈറ്റിന്റെ വില. കൃഷിയിലെ അധികലാഭത്തിലൂടെ ഈ തുക അനായാസം തിരിച്ചു പിടിക്കാം. തേയിലയും കാപ്പിയും പോലെ തോട്ടവിളക്കൃഷിക്കാർക്ക് ഇപകരിക്കുന്ന ഡേറ്റ അധിഷ്ഠിത സേവനങ്ങളായ റെവിൻ സ്കൈപ്ലസ്, റെവിൻ ഫാം ലോഗ് എന്നിവയും ഈ സ്റ്റാർട്ടപ് ലഭ്യമാക്കുന്നുണ്ട്.
ഫോൺ: 9778485001
വെബ്സൈറ്റ്: revinkrishi.com