പ്രസവിക്കാൻ രണ്ടു ദിവസം മാത്രമുള്ളതും നഷ്ടപ്പെട്ടു; രക്തം ഛർദ്ദിച്ച് പന്നിക്കുഞ്ഞുങ്ങൾ: എന്റെ ഫാമിൽ സംഭവിച്ചത്

Mail This Article
പന്നിവളർത്തൽ മേഖലയെ പിടിച്ചുകുലുക്കിയ ആഫ്രിക്കൻ പന്നിപ്പനി കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്തിട്ട് നാലു വർഷമാകുന്നു. 2022 ജൂലൈ മാസത്തിലാണ് കേരളത്തിൽ ആദ്യമായി പന്നിപ്പനി റിപ്പോർട്ട് ചെയ്തത്. ആ ഫാമിലെയും അതിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ളതുമായ പന്നികളെ കൊന്നൊടുക്കി. പിന്നാലെ സംസ്ഥാനത്തിന്റെ പല ഭാഗത്തും പന്നിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടു. കേരളത്തിലെ പന്നികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. മറ്റു സംസ്ഥാനങ്ങളിലും പന്നിപ്പനി വലിയ നാശങ്ങൾ വരുത്തിയതുകൊണ്ടുതന്നെ ഇറച്ചിവിലയും കുഞ്ഞുങ്ങളുടെ വിലയും ഉയരുകയും ചെയ്തു. ഇന്നും കേരളത്തിൽ പല ചെറുകിട–വൻകിട ഫാമുകളും ആഫ്രിക്കൻ പന്നിപ്പനി ഭീതിയിലാണ്. വലിയ മുതൽമുടക്കും തീറ്റച്ചെലവുമെല്ലാം വരുന്നതിനാൽ ഇത്തരം ഫാമുടമകൾ സാമ്പത്തികമായി പ്രതിസന്ധിയിലാവുകയും ചെയ്യുന്നുണ്ട്. അത്തരത്തിൽ ഫാമിലെ പന്നികളെ നഷ്ടപ്പെട്ട അനുഭവം പങ്കുവയ്ക്കുകയാണ് കോട്ടയം സ്വദേശിയായ ആൻസോ ജോസഫ് എന്ന യുവ കർഷകൻ. അദ്ദേഹം മനോരമ ഓൺലൈൻ കർഷകശ്രീക്ക് അയച്ച കത്ത് ചുവടെ...
എന്റെ പേര് ആൻസോ... കോട്ടയം ജില്ലയിലെ ഒരു മലയോര ഗ്രാമത്തിലാണ് താമസിക്കുന്നത്. എഴുതണോ വേണ്ടയോ എന്ന് ഒരുപാട് ആലോചിച്ചു. പിന്നെ, എന്നെപ്പോലെ മറ്റൊരാൾക്ക് സംഭവിക്കരുത് എന്ന് ആഗ്രഹമുള്ളതുകൊണ്ടാണ് ഇത്തരത്തിലൊരു കുറിപ്പ് കർഷകശ്രീക്ക് എഴുതുന്നത്. കർഷകരുടെ അനുഭവങ്ങളും ഡോക്ടർമാരുടെ സർവീസ് സ്റ്റോറികളും മുടങ്ങാതെ വായിക്കാറുണ്ട്. അതുകൊണ്ടുതന്നെയാണ് എനിക്കുണ്ടായ അനുഭവം കുറിക്കുന്നത്.
അഞ്ചു വർഷമായി പന്നിവളർത്തൽ മേഖലയിൽ സജീവമായുണ്ട്. പിതാവ് വർഷങ്ങളായി ചെയ്തുവന്നിരുന്ന പന്നിവളർത്തൽ ഡിഗ്രി പഠനത്തിനുശേഷം ഞാൻ ഏറ്റെടുത്ത് അൽപംകൂടി വിപുലീകരിക്കുകയായിരുന്നു. ഒരുപാട് പന്നികളൊന്നുമില്ല, ഒരു ആൺപന്നിയടക്കം 10 വലിയ പന്നികളായിരുന്നു ഫാമിൽ ഉണ്ടായിരുന്നത്. തീറ്റയും പരിചരണവുമെല്ലാം ഞാൻതന്നെയായിരുന്നു ചെയ്തിരുന്നതും.
പ്രധാനമായും പ്രജനനത്തിനായിരുന്നു ഞാൻ പ്രാധാന്യം നൽകിയിരുന്നത്. മാസത്തിൽ കുറഞ്ഞത് 2 ബാച്ച് പന്നിക്കുഞ്ഞുങ്ങളെ വിൽക്കാൻ കഴിയുന്ന വിധത്തിലായിരുന്നു ബ്രീഡിങ്. നല്ല കുഞ്ഞുങ്ങളെ മറ്റു കർഷകർക്ക് വിൽക്കുകയും മോശം കുഞ്ഞുങ്ങളെ ഫാമിൽത്തന്നെ നിലനിർത്തുകയുമായിരുന്നു രീതി. തരക്കേടില്ലാതെ മുൻപോട്ടു പോകുമ്പോഴാണ് പെട്ടെന്നൊരു ദിവസം രണ്ടു പന്നികൾ തീറ്റമടുപ്പ് കാണിച്ചുതുടങ്ങിയത്. എഴുന്നേറ്റ് നിൽക്കുമ്പോൾ കാലുകൾക്ക് ബലക്കുറവും അനുഭവപ്പെട്ടു. എഴുന്നേൽപ്പിക്കുമ്പോൾ വേദനയുള്ളപോലെയായിരുന്നു അവയുടെ പെരുമാറ്റം. ഒന്ന് പ്രസവിക്കാൻ 6 ദിവസവും മറ്റേത് പ്രസവിക്കാൻ 25 ദിവസവും മാത്രമാണുണ്ടായിരുന്നത്. കുടുംബസുഹൃത്തായ വെറ്ററിനറി ഡോക്ടറുടെ സഹായം തേടി. അദ്ദേഹം വേദനസംഹാരികളും ആന്റിബയോട്ടിക് മരുന്നുകളും നൽകി. രണ്ടെണ്ണത്തിന് മാത്രമായിരുന്നു ക്ഷീണം എന്നതിനാൽ ആഫ്രിക്കൻ പന്നിപ്പനിയാണെന്ന് കരുതാനും തോന്നിയില്ല. പക്ഷേ, മൂന്നു ദിവസം മരുന്നുകൾ നൽകിയിട്ടും ഒരു മാറ്റവും ഉണ്ടാകുന്നില്ലെന്നു കണ്ടപ്പോൾ ഇനി പ്രതീക്ഷ വേണ്ട, ആഫ്രിക്കനാണെന്ന് ഉറപ്പിച്ചു. നാലാം ദിവസം രാവിലെ ഫാമിൽ ചെന്നപ്പോൾ 2 എണ്ണത്തിനും ജീവൻ നഷ്ടപ്പെട്ടിരുന്നു.
പ്രസവിക്കാറായവ ആയിരുന്നതുകൊണ്ടുതന്നെ രണ്ടിനും ഭാരമുണ്ടായിരുന്നു. കൂട്ടിൽനിന്ന് വലിച്ചു പുറത്തിറക്കാൻ കുറേ കഷ്ടപ്പെട്ടു. പറമ്പിൽ കുഴികുത്തി മൂടി. മറ്റുള്ളവയ്ക്ക് കുഴപ്പമില്ലല്ലോ എന്നു കരുതി ആശ്വസിച്ചിരുന്നപ്പോൾ, രണ്ടാം ദിവസം അടുത്ത രണ്ടു പന്നികൾ സമാന ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്തു. പക്ഷേ അവയും സമാന രീതിയിൽത്തന്നെ ചത്തു. അവയ്ക്കും പറമ്പിൽ കുഴികളുണ്ടായി. അങ്ങനെ കൃഷിയിടത്തിന്റെ പല ഭാഗങ്ങളിലും ശവക്കുഴികൾ ഒന്നൊന്നായി വർധിച്ചു.
മൂന്നു ബാച്ചുകളായി 25 പന്നിക്കുഞ്ഞുങ്ങളും ഫാമിലുണ്ടായിരുന്നു. ആദ്യ പന്നിക്ക് ക്ഷീണം കണ്ടതേ പന്നിക്കുഞ്ഞുങ്ങൾക്കായി ബുക്ക് ചെയ്ത കർഷകരെ വിളിച്ച് കാര്യം അറിയിച്ചു. പന്നിപ്പനിയാണെങ്കിൽ എന്തിന് അവർക്കുകൂടി ബുദ്ധിമുട്ട് ഉണ്ടാക്കണം! അതുകൊണ്ട് വരുന്നിടത്തുവച്ച് കാണാം എന്നു കരുതി കുഞ്ഞുങ്ങളെ സംരക്ഷിച്ചു. എന്നാൽ ആദ്യ പന്നികൾ ചത്ത് ഒരു മാസം കഴിഞ്ഞപ്പോൾ ഒരു കൂട്ടിൽ കിടന്ന 6 കുഞ്ഞുങ്ങൾ രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. രക്തം ഛർദ്ദിച്ചു. കൂടിനുള്ളിൽ മുഴുവൻ രക്തം. ഒരു കർഷകനെന്ന നിലയിൽ വേദന തോന്നിയ നിമിഷമായിരുന്നു അത്. അവയ്ക്ക് ദയാവധം നൽകി കുഴിച്ചിട്ടു. പിന്നെ ഒന്നു രണ്ടാഴ്ചയ്ക്കു ശേഷം അടുത്ത ബാച്ചിലെ 9 എണ്ണം തീറ്റ കഴിക്കാതെ രോഗലക്ഷണം കാണിച്ചു. ഓരോ ദിവസവും ഓരോന്ന് എന്ന രീതിയിലായിരുന്നു മരണം. ശേഷിക്കുന്ന 10 എണ്ണവും മേൽ സൂചിപ്പിച്ച രീതിയിൽ നഷ്ടപ്പെട്ടു. ഒന്നും പെട്ടെന്നല്ല, ഏതാണ്ട് രണ്ടര മാസംകൊണ്ടാണ് പന്നി ഫാം പൂർണമായി കാലിയായത്. വൃത്തിയാക്കി അണുനശീകരണം നടത്തി ഇട്ടിട്ടുണ്ടെങ്കിലും ഫാം കാണുമ്പോൾ ഒരു നഷ്ടബോധമാണ്. സാമ്പത്തികമായി തളർന്ന അവസ്ഥയിലാണ്. 10 പന്നികളെ നഷ്ടപ്പെട്ട എനിക്ക് ഇത്രത്തോളം ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിലും നൂറും ഇരുന്നൂറുമൊക്കെ വളർത്തി നഷ്ടപ്പെട്ട കർഷകർക്ക് എത്രത്തോളം ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടാകും?
കൂട്ടിൽ പന്നിയുണ്ടെങ്കിൽ ഒന്നും പേടിക്കേണ്ട, വരുമാനം ഉണ്ട്. എന്നാൽ, അവ പോയാലോ? നമ്മുടെ മുതലും മുടക്കുമുതലും പോകും. എനിക്ക് 5 ലക്ഷം രൂപയ്ക്കു മുകളിലാണ് നഷ്ടം. ഇനി എല്ലാം വീണ്ടും ഒന്നിൽനിന്ന് തുടങ്ങണം. വൈകാതെ തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ.

പാളിയത് എവിടെ?
വീടിനോട് ചേർന്നുള്ള ഫാം ആയതുകൊണ്ടുതന്നെ ഹോട്ടലിൽനിന്നുള്ള മിച്ചഭക്ഷണം ഞാൻ പന്നികൾക്ക് കൊടുക്കാറില്ലായിരുന്നു. പകരം, പരിചയത്തിലുള്ള ഒരു കോഴിക്കടയിൽനിന്ന് ചിക്കന്റെ അറവ് അവശിഷ്ടങ്ങൾ മാത്രമായിരുന്നു എടുത്തിരുന്നത്. വൈകുന്നേരം ഫാമിൽ എത്തിച്ച് വേവിച്ച് നൽകും. ഒപ്പം കുറഞ്ഞ വിലയ്ക്ക് മാർക്കറ്റിൽ ലഭ്യമായ അരി വേവിച്ചും കൊടുക്കും. ഇവ രണ്ടുമായിരുന്നു പ്രധാന ഭക്ഷണം. അതോടൊപ്പം പച്ചപ്പുല്ലും ധാതുലവണങ്ങളും നൽകും. പന്നിപ്പനി ഭീതിയുള്ളതിനാൽ മറ്റു ഫാമുകളുമായി സമ്പർക്കം വരാതെ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. എന്നാൽ, ചെറിയൊരു അശ്രദ്ധ വന്നു. അടുത്തുള്ള 5 വീടുകളിൽനിന്നുള്ള അടുക്കള അവശിഷ്ടങ്ങളും കാടിയും എടുത്തിരുന്നു. അവർക്ക് സ്ഥലപരിമിതി ഉള്ളതിനാൽ വർഷങ്ങളായി ഞാൻതന്നെയാണ് എടുത്തിരുന്നത്. ആ കാടിയുടെ കൂട്ടത്തിൽ രോഗബാധ വന്നിരിക്കാം. ഏതായാലും പന്നിവളർത്തൽ വീണ്ടും ആരംഭിക്കണം. ഇനി ചെയ്യുമ്പോൾ കുറച്ചുകൂടി ജാഗ്രത പാലിക്കാൻ ശ്രദ്ധിക്കും. മിച്ചഭക്ഷണമോ അറവ് അവശിഷ്ടങ്ങളോ ഇല്ലാതെ ഫാം ലാഭകരമായി കൊണ്ടുപോകാൻ കഴിയുമോ എന്നത് പഠിച്ചുകൊണ്ടിരിക്കുകയാണ്. എന്തായാലും എനിക്ക് പറ്റിയ അബദ്ധം മറ്റാർക്കും ഉണ്ടാകാതിരിക്കട്ടെ...