ദ്രുതവാട്ടത്തെ ചെറുക്കാൻ കുരുമുളകിനു ‘വാക്സീൻ’; കാലവർഷത്തിനു മുൻപേ നൽകണം

Mail This Article
കുരുമുളകു കർഷകർക്ക് ഏറെ തലവേദന സൃഷ്ടിക്കുന്ന രോഗമാണ് ദ്രുതവാട്ടം. കരുത്തോടെ വളരുന്ന കുരുമുളകു ചെടികൾ അതിവേഗം വാടിപ്പോകുന്നതാണ് രോഗം. രോഗം ബാധിച്ചവയെ രക്ഷപ്പെടുത്താൻ സാധ്യമല്ലെന്നു മാത്രമല്ല, മറ്റു കുരുമുളകു ചെടികളിലേക്ക് വ്യാപിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ തോട്ടത്തിൽ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.
കാലവർഷത്തിനു മുന്നോടിയായി എത്തുന്ന മഴ ആരംഭിച്ചാലുടൻ തന്നെ ദ്രുതവാട്ടത്തെ ചെറുക്കാന്‍ സ്യൂഡോമോണാസ് 30 ഗ്രാം അല്ലെങ്കിൽ ബാസില്ലസ് സബ്ടിലിസ് 20 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ കലക്കി കുരുമുളകുചെടിയുടെ തണ്ടിനോടു ചേർത്ത് മണ്ണിൽ ഒഴിക്കുക. ഒരു ചെടിച്ചുവട്ടില്‍ കുറഞ്ഞത് 500 മില്ലി ഒഴിക്കണം. മഴ ലഭിച്ചാൽ മാസാവസാനത്തോടെ താങ്ങുകാലുകൾ നടാം. വേരുപിടിച്ച താങ്ങുകാലിൽനിന്ന് 15 സെ.മീ. അകലെ കുഴികളെടുത്തശേഷം ട്രൈക്കോഡെർമ അടങ്ങിയ ജൈവവളം ചേർത്ത് തൈകൾ നടാം. നടുന്നതിനു മുൻപ് കൂടത്തൈകളിൽ 10 ഗ്രാം പിജിപിആർ–2 ചേർക്കുന്നത് ആദ്യഘട്ട വളർച്ചയ്ക്കു നന്ന്. നടുന്നതിന് 24 മണിക്കൂർ മുൻപ് തൈകളിൽ സ്യൂഡോമോണാസ് അല്ലെങ്കിൽ ബാസില്ലസ് സബ്ടിലിസ് ലായനി ഒഴിച്ചു കൊടുക്കുന്നത് രോഗപ്രതിരോധത്തിന് വാക്സീൻ നൽകുന്നതിനു തുല്യമാണ്.