ADVERTISEMENT

ഓരുജലത്തിൽ (10 മുതൽ 25 ppt) വളർത്താവുന്ന ചെമ്മീനാണ് വനാമി. ഇവയെ വളര്‍ത്താന്‍ കോസ്റ്റൽ അക്വാകൾച്ചർ അതോറിറ്റി(CAA)യുടെ ലൈസൻസ് ആവശ്യമാണ്. ഇതിനായി CAA വെബ്‌സൈറ്റിൽനിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചു ഭൂമിയുടെ ഉടമസ്ഥാവകാശം, കുളത്തിന്റെ പ്ലാൻ, ജലസ്രോതസ്സിന്റെ വിശദാംശങ്ങൾ, പരിസ്ഥിതി മാനദണ്ഡങ്ങൾ എന്നിവ സഹിതം സമർപ്പിക്കണം. CAA ഉദ്യോഗസ്ഥർ പരിശോധന നടത്തി ബയോ സെക്യൂരിറ്റി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ 5 വർഷത്തേക്ക് ലൈസൻസ് നൽകും. വെള്ളം കയറ്റിയിറക്കാതെ സീറോ വാട്ടർ എക്സ്ചേഞ്ച് രീതിയിൽ മാത്രമേ ഈ കൃഷി അനുവദിക്കുകയുള്ളൂ. 

സ്പെസിഫിക് പത്തൊജൻ ഫ്രീ (SPF) വിത്തുകൾ മാത്രം വാങ്ങുക. ഇവയ്ക്കുള്ള തീറ്റയിൽ 30 മുതൽ 35 ശതമാനം മാംസ്യവും 5 മുതൽ 8 ശതമാനം വരെ കൊഴുപ്പും വേണം. 4 മാസത്തെ വളർച്ചക്കാലയളവിൽ വനാമി ചെമ്മീന്‍ 30 ഗ്രാം വരെ തൂക്കം വയ്ക്കും. ആഴം കുറഞ്ഞ ഓരുജലാശയങ്ങളാണ് കേരളത്തിൽ കൂടുതലും ലഭ്യമായത്. എന്നാല്‍ 1.5 മീറ്റർ ആഴമുള്ള കുളങ്ങളാണ് വനാമിക്കു വേണ്ടത്. മറ്റൊരു വലിയ തടസ്സം വിത്തുകൾ കിട്ടാനില്ലാത്തതാണ്. അയൽ നാടുകളിൽനിന്നാണ് വനാമി വിത്തുകൾ വരുന്നത്.

കൃത്രിമക്കുളങ്ങൾ നിർമിച്ചും ബയോഫ്ലോക് രീതിയിലും വനാമി കൃഷി ചെയ്യുന്നവരുണ്ട്. ഏറെ സാങ്കേതിക പരിജ്ഞാനവും പരിചയവും വേണ്ട മേഖലയാണിത്. ഉയർന്ന സാന്ദ്രതയിൽ വളർത്താമെന്നതാണ് കൃത്രിമക്കുളങ്ങളിൽ വനാമി വളര്‍ത്തലിന് അനുകൂല ഘടകം. ഒരു കിലോ വനാമി ചെമ്മീൻ ഉല്‍പാദിപ്പിക്കാൻ ശരാശരി 230 രൂപ ചെലവു വരും. ആഭ്യന്തര, കയറ്റുമതി വിപണിയില്‍ ആവശ്യക്കാർ ഏറെയുള്ളതിനാൽ വിൽപന പ്രശ്നമല്ല. 

ചെമ്മീൻ മത്സ്യക്കൃഷിയില്‍ അധികമാരും പരീക്ഷിക്കാത്ത ഡയാറ്റം കൃഷി രീതി പ്രചാരത്തിലേക്ക്. ബയോ ഫ്ലോക്കിനേക്കാൾ ചെലവ് കുറഞ്ഞതും എന്നാല്‍ കാര്യക്ഷമത കൂടിയതുമാ‌യ ഡയാറ്റം-ബയോഫ്ലോക്  രീതിയിലൂടെ വർഷം ടൺകണക്കിന് ചെമ്മീനുകളെ ഉൽപാദിപ്പിക്കുകയാണ് ആലപ്പുഴ കായംകുളം ചന്ദ്രനിവാസിൽ വൈ.അഭിലാഷ്. 1000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കൃത്രിമ ജലാശയത്തിൽ ഓരോ തവണയും അഭിലാഷ് വിളവെടുക്കുന്നത് ടൺ കണക്കിന് ചെമ്മീന്‍.

ചെമ്മീൻകൃഷി ചെയ്യുന്ന കൃത്രിമ ജലാശയം (ഇടത്ത്), വിളവെടുത്ത ചെമ്മീനുകളുമായി അഭിലാഷ് (വലത്ത്)
ചെമ്മീൻകൃഷി ചെയ്യുന്ന കൃത്രിമ ജലാശയം (ഇടത്ത്), വിളവെടുത്ത ചെമ്മീനുകളുമായി അഭിലാഷ് (വലത്ത്)

അഞ്ചു വർഷം മുൻപ് ആരംഭിച്ച ചെമ്മീൻകൃഷി ഇന്നും മികച്ച രീതിയിൽ കൊണ്ടുപോകാനാവുന്നത് ഡയാറ്റം രീതി സ്വീകരിച്ചതുകൊണ്ടാണെന്ന് അഭിലാഷ്. തുടക്കം ബയോഫ്ലോക് രീതിയിലായിരുന്നു. എന്നാൽ, ഇത്രയും വലിയ കുളത്തിൽ മൊളാസസിനും വൈദ്യുതിക്കുവേണ്ടിയുള്ള ഇന്ധനത്തിനുമുള്ള ചെലവ് താങ്ങാനാവാതെ പ്രയാസത്തിലായപ്പോഴാണ് ഡയാറ്റം രീതിയെക്കുറിച്ച് അറിഞ്ഞത്. അങ്ങനെ അതിലേക്കു മാറിയതോടെ കുറഞ്ഞ ചെലവിൽ ചെമ്മീനുകൾക്ക് മികച്ച വളർച്ച ലഭിക്കുന്നതായി കണ്ടു.  

chemmeen-2

ഡയാറ്റം രീതി ആരംഭിച്ച് ഇതുവരെ 16 കൾചർ ചെയ്തിട്ടുണ്ട്. ഇതിൽ ഒന്നു രണ്ടു തവണ കുഞ്ഞുങ്ങളുടെ നിലവാരക്കുറവുകൊണ്ടും മഴ കൂടിയ സാഹചര്യത്തിലും മാത്രമേ ബുദ്ധിമുട്ട് ഉണ്ടായിട്ടുള്ളൂ. ആര്‍ക്കും ഈ രീതി അനുവര്‍ത്തിക്കാം.  നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന ജലാശയമായിരിക്കണമെന്നു മാത്രം, അഭിലാഷ് പറയുന്നു. 16–ാം കൾചറിലെ വിളവെടുപ്പ് കഴിഞ്ഞ ഞായറാഴ്ച പൂർത്തിയായി. മഴ ശക്തമായതിനാൽ 10 ദിവസം നേരത്തെ വിളവെടുക്കുകയായിരുന്നു. ഇത്തവണ 2,700 കിലോ ലഭിച്ചു. ഇത് പൂർണമായും കയറ്റുമതി കമ്പനിക്ക് നൽകി.

ഫോൺ: 9596751637 (അഭിലാഷ്)

പ്രകൃതിയിലെ സൂപ്പർഫുഡ്

മത്സ്യക്കൃഷിയിൽ ഏറെ പരിചിതമായ ബയോഫ്ലോക് രീതിയുടെ പോരായ്മകൾ ഒരു പരിധിവരെ മറികടക്കാൻ സഹായിക്കുന്ന പുതിയ സാങ്കേതികവിദ്യയാണ് ബയോഫ്ലോക്കും ഡയാറ്റവും സംയോജിപ്പിച്ചുള്ള കൃഷിരീതി. ബയോഫ്ലോക് രീതിയിൽ സ്ഥിരമായി വായുസഞ്ചാരം നടത്തേണ്ടതിനാൽ ഊർജച്ചെലവ് കൂടുതലാണ്. കൂടാതെ, ഫ്ലോക് നിലനിർത്തുന്നതിനു ഹെറ്ററോട്രോഫിക് ബാക്ടീരിയകളുടെ വളർച്ചയ്ക്കായി തുടർച്ചയായി ഇതിലേക്ക് മൊളാസസ് / പഞ്ചസാര ചേർത്തു കൊടുക്കേണ്ടതായും വരുന്നു. ഇതും ഒരു പരിധിവരെ കർഷകർക്ക് അധികച്ചെലവുണ്ടാക്കുന്നു. ബയോഫ്ലോക്കിന്റെ ഈ ദോഷങ്ങള്‍ പരിഹരിക്കാൻ ഡയാറ്റം സഹായിക്കും.

chemmeen-3

മത്സ്യങ്ങള്‍ക്കുള്ള പ്രകൃതിയിലെ സൂപ്പർഫുഡ് ആണ് സൂക്ഷ്മ ആൽഗകളായ ഡയാറ്റം (diatom). സിലിക്കമയമായ കോശഭിത്തി(frustule)യുള്ള ഈ ബ്രൗൺ ആൽഗകൾ, ബാസിലാരിയോഫൈസീ (Bacillariophyceae) എന്ന ഏകകോശജീവി വിഭാഗത്തിൽപ്പെടുന്നു. ശുദ്ധജലത്തിലും സമുദ്രജലത്തിലും ഈർപ്പമുള്ള പ്രദേശങ്ങളിലും വളരുന്ന ഡയാറ്റമുകൾ പുറംകടലിലെ പ്രധാന ഉൽപാദകരായാണ് അറിയപ്പെടുന്നത്. ആ ആവാസവ്യവസ്ഥയിലെ എല്ലാ ജന്തുക്കളുടെയും പ്രധാന ഭക്ഷണമായ ഡയാറ്റം ഓമേഗ-3 ഫാറ്റി ആസിഡുകൾ, പ്രോട്ടീനുകൾ, കരോട്ടിനോയിഡുകൾ, മറ്റു പ്രധാന പോഷകങ്ങൾ എന്നിവയുടെ മികച്ച സ്രോതസാണ്. അതുകൊണ്ടുതന്നെ ചെമ്മീനുകൾക്ക് യോജ്യമായ പ്രകൃതിദത്ത തീറ്റയാണിത്. കൃഷിജലത്തിലെ തീറ്റയുടെ അവശിഷ്ടം, ചെമ്മീൻ മാലിന്യങ്ങളിൽനിന്നുള്ള നൈട്രേറ്റുകളും ഫോസ്ഫേറ്റുകളും ഉൾപ്പെടെയുള്ള വസ്തുക്കൾ ഇവ ആഗിരണം ചെയ്യും. ഒപ്പം ഓക്സിജന്റെ അളവ് വർധിപ്പിക്കുകയും വെള്ളത്തിന്റെ ഗുണം മെച്ചപ്പെടുത്തുകയും ചെയ്യും. അതുകൊണ്ടുതന്നെ മത്സ്യത്തിനു നല്‍കുന്ന തീറ്റയുടെ അളവും ജലത്തിൽ നൽകുന്ന എയർപമ്പുകളുടെ എണ്ണവും കുറയ്ക്കാം.

ഒരു മീറ്റർ ആഴമുള്ള, 15–30 ppt ഉപ്പുള്ള ജലാശയമാണ് ചെമ്മീൻകൃഷിക്ക് യോജ്യം. തുടർച്ചയായി  വായുസഞ്ചാരം നൽകുകയും വേണം. ഇതിലേക്ക് Chaetoceros, Thalassiosira, Skeletonema തുടങ്ങിയ ഡയാറ്റമുകളിൽ ഏതെങ്കിലും ഒന്നിനെ നിക്ഷേപിക്കാം. സൂക്ഷ്മ ആൽഗകളെ വേർതിരിച്ചു വളർത്തി പരിപാലിച്ചു വരുന്ന സെന്ററുകളിൽ ഇവ (monoculture inoculum) ലഭ്യമാണ്. നേരിയ വെളിച്ചത്തിൽ 12-16 മണിക്കൂർ ഡയാറ്റം വളർത്തുക. ഇതിനായി സിലിക്കേറ്റ്, നൈട്രജൻ, ഫോസ്ഫറസ് അടങ്ങിയ f/2 മീഡിയമോ മറ്റു ചെലവ് കുറഞ്ഞ സംവിധാനമോ  ഉപയോഗിക്കാം. കൾചർ  pH മൂല്യം  8-9നും താപനില 20-28° സെല്‍ഷ്യസിനുമിടയിൽ നിലനിർത്തുക. കൾച്ചർ നിറം ബ്രൗൺ ആകുന്നത് നിരീക്ഷിക്കുക.

ഇതിനുശേഷം ഷുഗർ അല്ലെങ്കിൽ മോളാസസ് പോലുള്ള കാർബൺ വസ്തുക്കൾ ചേർത്ത് നൈട്രിഫൈയിങ് ബാക്ടീരിയ (Nitrosomonas, Nitrobacter) ഉൾപ്പെടുന്ന ബയോഫ്ലോക് സിസ്റ്റത്തിൽ ഡയാറ്റം കൾചർ പ്രത്യേക അനുപാതത്തിൽ ചേർത്ത് പരമ്പരാഗത രീതിയിൽ ബയോഫ്ലോക് തയാറാക്കാം.

ഡയാറ്റം-ബയോഫ്ലോക്കിനൊപ്പം റൊട്ടിഫേഴ്സ് (Rotifers), കോപ്പപോഡുകൾ (Copepods) എന്നിവയും ചേർക്കുന്നതോടെ പുതിയ ഡയാറ്റം രീതി തയാറാകുന്നു. ഇതില്‍ 50-100/m2 എന്ന നിരക്കിൽ ചെമ്മീനുകളെ നിക്ഷേപിക്കാം. ഗ്രോ ഔട്ട് (പോസ്റ്റ് ലാർവ സ്റ്റേജ് ) കുളങ്ങളിലാണ് ഡയാറ്റം കൃഷിരീതി അവലംബിക്കുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വെളിച്ചം: പ്രകൃതിദത്ത വെളിച്ചം ഉറപ്പാക്കുക, അല്ലെങ്കിൽ കൾചറിന് 100-200 µmol photons/m²/s വെളിച്ചം നൽകുക

ആവശ്യാനുസരണം മാത്രം തീറ്റ നൽകുക. ഡയാറ്റം-ബയോഫ്ലോക് രീതി വഴി കൃത്രിമ തീറ്റ 20-30% കുറയ്ക്കാൻ സഹായിക്കുന്നു, കൂടാതെ, കാർബൺ അളവ് ക്രമീകരിക്കുവാൻ വേണ്ടി ഇടുന്ന പഞ്ചസാരയുടെ അളവും കുറയ്ക്കാം. 

ജലത്തിലെ  pH, DO, TSS, അമോണിയ തുടങ്ങിയവ ദിവസവും പരിശോധിക്കുക. തുടക്കത്തിൽ ബയോഫ്ലോക്കിന്റെ സാന്ദ്രത 300-500 mg/L TSS നിലനിർത്തുക.

ഗുണങ്ങൾ

ഉയർന്ന ഗുണമേന്മയുള്ള പ്രകൃതിദത്ത തീറ്റ, തീറ്റച്ചെലവ് കുറവ്, ചെമ്മീനു നല്ല വളർച്ച, ഗുണമേന്മ, ആകർഷണീയ നിറം, ഊർജലാഭം, കുറഞ്ഞ വൈദുതിച്ചെലവ്, ജലത്തിനു ഗുണമേന്മ, മത്സ്യങ്ങള്‍ക്കു മികച്ച രോഗപ്രതിരോധശേഷി, മികച്ച വിളവ്. 

വിവരങ്ങൾക്ക്: ഡോ. പ്രീത കെ. ഷേണായ്, ആൽഗാജെൻ ബയോ സൊലൂഷൻസ്, എറണാകുളം, ഫോണ്‍: 70120 55982

English Summary:

Vannamei shrimp farming in Kerala offers lucrative opportunities, employing sustainable diatom-biofloc techniques for high yields and reduced costs. This innovative approach minimizes expenses associated with traditional biofloc methods, ensuring higher profits for farmers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com