200 മരങ്ങൾ; പ്ലാവിലെ ‘പച്ചക്കറി’ വിറ്റ് തോമസ് നേടുന്നത് വർഷം 2 ലക്ഷം

Mail This Article
മലപ്പുറം പരിയാപുരത്തെ ചോങ്കര വീട്ടിൽ തോമസിന്റെ കൃഷിയിടത്തിനു നടുവിലൂടെ പോകുന്ന പഞ്ചായത്തു റോഡിന് ഇരുവശത്തുമായി തണലേകി നിൽക്കുന്ന വിയറ്റ്നാം പ്ലാവുകളുടെ ചേലൊന്നു വേറെ. 200 പ്ലാവിൻതൈകൾ നട്ട് 4 വർഷം കഴിഞ്ഞപ്പോൾ തോമസ് ഒരു വര്‍ഷം വിൽക്കുന്നത് 2 ലക്ഷം രൂപയുടെ ഇടിച്ചക്ക!

‘തോമസ് മോഡലി’ൽ ചക്ക പഴവർഗമല്ല; പച്ചക്കറിയാണ്. ‘വർഷം മുഴുവൻ കായ്ക്കുന്ന മരപ്പച്ചക്കറി അഥവാ ജാക്ക് വെജ് 365. മറ്റ് പ്ലാവുതോട്ടങ്ങൾ പോലെയല്ല ഈ തോട്ടം’ ഇവിടെ ചക്കപ്പഴമോ മൂപ്പത്തിയ ചക്കയോ കിട്ടില്ല. എന്നാൽ പച്ചക്കറിയായി ഉപയോഗിക്കാവുന്ന ഇടിച്ചക്ക ആണ്ടുവട്ടമുണ്ടാകും. അതു തന്നെ തോമസിന്റെ വിജയരഹസ്യവും. ചക്കയുണ്ടായി മുപ്പതാം ദിവസം വിളവെടുക്കുന്ന ഇടിച്ചക്ക അടുത്തുള്ള കടകളിൽ വിൽക്കുന്നു. പച്ചക്കറിത്തോട്ടത്തിൽ വെണ്ടയും വഴുതനയുമൊക്കെ വിളവെടുക്കുന്നതുപോലെ ആഴ്ചയില്‍ ഒന്നുരണ്ടു തവണ വിളവെടുക്കും. ഓരോ തവണയും ശരാശരി 100 കിലോ ചക്ക കിട്ടും. ചക്ക വലുതാവാൻ വിടാത്തതിനാൽ പ്ലാവിനു ക്ഷീണമില്ലെന്നതാണ് ഈ രീതിയുടെ മെച്ചമായി തോമസ് പറയുന്നത്. വിളവെടുക്കും തോറും പുതിയ ചക്കയുണ്ടാവുന്നതിനാൽ ഏറക്കുറെ വർഷം മുഴുവൻ വിളവെടുക്കുകയും ചെയ്യാം. ഇതുവഴി വർഷത്തിൽ കുറഞ്ഞത് 10 മാസം സ്ഥിരവരുമാനം ലഭിക്കുന്നു.

വിയറ്റ്നാം ഏർലി നട്ടുവളർത്തുന്നവർക്കെല്ലാം മരങ്ങളുടെ ആരോഗ്യവും ചക്കയുടെ എണ്ണവും സംബന്ധിച്ച് ആശങ്കയുണ്ട്. ചെറുപ്രായത്തിൽ മരത്തിൽനിന്നു മൂന്നോ നാലോ ചക്കയിലേറെ വിളവെടുത്തു മരം തന്നെ നഷ്ടമായ അനുഭവമാണ് ഈ പേടിക്കു കാരണം. ആദ്യ വർഷങ്ങളിൽ കൂടുതൽ ചക്കകൾ വളരാൻ അനുവദിച്ച തോട്ടങ്ങളി ലെ മരങ്ങൾ താങ്ങുകാലു കൊടുത്തും വലിച്ചുകെട്ടിയുമൊക്കെ സംരക്ഷിക്കേണ്ടിവരാറുണ്ട്. എന്നാൽ, തോമസിന്റെ ഒരു പ്ലാവിനുപോലും താങ്ങ് നൽകേണ്ടിവന്നിട്ടില്ല. മുപ്പതാം ദിവസം വിളവെടുക്കുന്നതിനൊപ്പം സമൃദ്ധമായി വളം നൽകിയാല്‍ പ്ലാവ് നശിക്കുന്നത് ഒഴിവാക്കാമെന്നു തോമസ്.

ചെറിയ തൈകളാണു നട്ടത്. ഓരോ തൈയ്ക്കും 20 കിലോ വീതം ചാണകം അടിവളമായി നൽകി. അവ അതിവേഗം വളർന്നു. നട്ട് 9 മാസം പിന്നിട്ടപ്പോൾ പ്ലാവ് പൂവിട്ടു തുടങ്ങി. ഒന്നര വർഷത്തിനുള്ളിൽ എല്ലാ പ്ലാവുകളും കായ്ച്ചു. ഒരു വർഷം പ്രായമാകുന്നതിനു മുൻപേ ശരാശരി 12 അടി ഉയരമെത്തി. എന്നാൽ, ചുവട്ടിൽനിന്ന് 6–7 അടിവരെ ഉയരത്തിൽ ശിഖരങ്ങൾ വളരാൻ അനുവദിച്ചില്ല. ശാഖകള്‍ ഒരുമിച്ചു മുറിക്കരുത്. മരം വളരുന്നതനുസരിച്ച് ഏറ്റവും ചുവട്ടിലെ ഓരോ ശിഖരം വീതം മുറിക്കുക. തായ്ത്തടിയിൽനിന്ന് ഏതാനും ഇഞ്ച് അകലമിട്ടു മാത്രമേ ശിഖരം മുറിക്കാവൂ. അല്ലാത്തപക്ഷം മുറിപ്പാടിലൂടെ തായ്ത്തടിയിൽ ഫംഗസ് ബാധിക്കാം. കമ്പുമുറിച്ചു പരിപാലിച്ചാൽ തായ്ത്തടി കൂടുതൽ വണ്ണം വയ്ക്കുകയും കരുത്തു നേടുകയും ചെയ്യും. ശരാശരി 15 ഇഞ്ചിലേറെ വണ്ണമുള്ള തായ്ത്തടിയാണ് ഈ തോട്ടത്തിലെ പ്ലാവുകൾക്ക്. 12 അടി ഉയരമായ പ്ലാവുകളുടെ തലപ്പ് മുറിച്ച് ഉയരം ക്രമീകരിക്കണം. വാൾ പിടിപ്പിച്ച തോട്ടി ഉപയോഗിച്ച് നിലത്തുനിന്നുതന്നെ ഇതു ചെയ്യാം. 7 അടിക്കു മുകളിലുള്ള ശിഖരങ്ങൾ വളർന്ന് കുട പോലെയാകാൻ അനുവദിക്കണം. കമ്പുകോതൽ വർഷംതോറും വേണം. പ്ലാവുകൃഷിക്ക് ഒപ്പം ആടുവളർത്തലുമാകാമെന്നു സാരം. ഏതായാലും ഈ തോട്ടത്തിലെ പ്ലാവിലകൾ അയൽവീട്ടിലെ ആടുകൾക്കുള്ളതാണ്. നിശ്ചിത ഉയരമെത്തിയ ഒന്നോ രണ്ടോ പ്ലാവുകളുടെ തലപ്പ് ദിവസേന മുറിച്ചെടുക്കുന്ന രീതിയാണിവിടെ. ഒറ്റ നിരയായി വളരുന്ന പ്ലാവുകളുടെ തായ് തടിയിൽ നേരിട്ടു സൂര്യപ്രകാശം പതിക്കുന്നതിനാൽ ചുവടുഭാഗത്ത് കൂടുതല്‍ ചക്കയുണ്ടാകും. അനായാസം വിളവെടുക്കാം. സൂര്യപ്രകാശമടിക്കുന്നതിനാല്‍ ഫംഗസ് മൂലമുള്ള ചീക്കുകേടും മറ്റും ഒഴിവാകുന്നതായും തോമസ് പറയുന്നു.
ഫോൺ: 9400699485