പൊൻകതിരായി കട്ടമുടിയുടെ അധ്വാനം: ഗോത്രവർഗ ഗ്രാമമായ കുഞ്ചിപ്പെട്ടിയിലെ കാർഷിക വിപ്ലവത്തിന്റെ കഥ

Mail This Article
പശ്ചിമഘട്ടത്തെ തൊട്ടുരുമ്മി നിൽക്കുന്ന മലനിരകളുടെ മുകളിലുള്ള ഗോത്രവർഗ ഗ്രാമമാണു കുഞ്ചിപ്പെട്ടി. ഇവിടെ, പൂർണമായും വനത്താൽ ചുറ്റപ്പെട്ട ട്രൈബൽ സെറ്റിൽമെന്റാണു കട്ടമുടി. മുതുവാൻ സമുദായത്തിൽപെട്ടവർ മാത്രമാണ് ഇവിടെയുള്ളത്. ഇവിടെ, ഏകദേശം 20 ഏക്കറുള്ള തണ്ണീർത്തടം 40 വർഷമായി തരിശു കിടക്കുകയായിരുന്നു. പണ്ടു നെൽക്കൃഷി ഉണ്ടായിരുന്ന ഇവിടെ വീണ്ടും കൃഷിയിറക്കാമെന്നതു കുടിയിലെ നീലമ്മയുടെയും കുമാരസ്വാമിയുടെയും ആശയമായിരുന്നു.
ചുറ്റും വന്യമൃഗങ്ങൾ. ഇടയ്ക്കിടെ ഉണ്ടാകുന്ന വെള്ളപ്പൊക്കം. ചിലപ്പോൾ കൊടും വരൾച്ച. കൃഷിയന്ത്രങ്ങളില്ല. ശാസ്ത്രീയ കൃഷി രീതികളില്ല. വിൽപനയ്ക്കു സംവിധാനങ്ങളില്ല. ഒപ്പം ചേരാൻ കുടിയിൽ നിന്നാരുമില്ല. എങ്ങോട്ടു നോക്കിയാലും പ്രതിബന്ധങ്ങൾ മാത്രം. പരമ്പരാഗത കൃഷിക്കാരായ നീലമ്മയും കുമാരസ്വാമിയും പക്ഷേ പിൻവാങ്ങിയില്ല.

തോൽക്കാത്ത മനസ്സ്
ഏറെ ശ്രമങ്ങൾക്കൊടുവിൽ വിരലിലെണ്ണാവുന്നവർ കൃഷിയിറക്കാൻ ദമ്പതികൾക്കൊപ്പം ചേരാമെന്നു സമ്മതിച്ചു. വേനലാകുമ്പോൾ പാറ പോലെ ഉറയ്ക്കും കട്ടമുടിയിലെ മണ്ണ്. പ്രദേശമാകെ താന്നിപ്പുല്ല് എന്ന രാക്ഷസൻ പുല്ലിന്റെ പിടിയിലായിരുന്നു. ആഴത്തിലുള്ള വേരും പുല്ലിന്റെ ഉയരക്കൂടുതലും നിലമൊരുക്കുന്നതിനു വെല്ലുവിളിയായി. വെട്ടുകത്തിയും മൺവെട്ടിയും ഉപയോഗിച്ചു താന്നിപ്പുല്ലു വെട്ടിയെറിഞ്ഞു. യന്ത്രസഹായമില്ലാതെ തന്നെ നിലം ഉഴുതു വിത്തെറിഞ്ഞപ്പോൾ ഗ്രാമത്തിലെ മറ്റുള്ളവർക്കും ആവേശമായി. അവരും ഒന്നൊന്നായി പാടത്തേക്കിറങ്ങി. ആദ്യം 5 ഏക്കറിൽ കൃഷിയിറക്കി. ഹൈബ്രിഡ് ഇനമായ എച്ച് 4 ആണ് വിതച്ചത്.
വർഷങ്ങൾക്കു ശേഷമുള്ള ആദ്യ കൃഷിയായതിനാൽ ഒരേക്കർ ഒരുക്കിയെടുക്കാൻ അര ലക്ഷം രൂപ വരെ ചെലവു വന്നു. ഏക്കറിന് 300 കിലോ മാത്രമാണു വിളവു ലഭിച്ചത്. വിളവു കുറവും നെല്ലു വിൽക്കാൻ സംവിധാനമില്ലാത്തതും ചെലവു കൂടിയതും പ്രതിസന്ധിയായി. ഈ സാഹചര്യത്തിലാണു ഹരിതകേരളം മിഷൻ കട്ടമുടിക്കാരുടെ നെൽക്കൃഷിക്ക് ഊർജം പകരാനെത്തിയത്. പ്രത്യേക പദ്ധതി പ്രകാരം ഹരിത കേരളം മിഷൻ കൃഷി പൂർണമായും ഏറ്റെടുത്തു. കട്ടമുടിക്കുടി പാടശേഖര സമിതിയും പൊൻകതിർ കൃഷിക്കൂട്ടവും ഉണ്ടായി.

ഒരു വർഷത്തിനുള്ളിൽ കൃഷി വ്യാപിച്ചു. കുടുംബശ്രീയുടെ സഹായത്തോടെ കുടിയിലെ സ്ത്രീകളെ വിളിച്ചുകൂട്ടി ശാസ്ത്രീയ കൃഷിയറിവുകൾ പകർന്നു. ഒരുമയോടെ പാടത്തേക്കിറങ്ങിയപ്പോൾ അടുത്ത കൃഷിക്ക് 15 ഏക്കറിൽ നിന്ന് 5000 കിലോ നെല്ല് കിട്ടി. ഇതു ബ്രാൻഡ് ചെയ്യാനുള്ള നടപടികളും ഹരിത കേരള മിഷൻ ആരംഭിച്ചു. കിലോയ്ക്ക് 80 രൂപയ്ക്കാണ് ആദ്യം വിറ്റത്. ഡിമാൻഡ് കൂടിയപ്പോൾ കിലോയ്ക്ക് 100 രൂപയ്ക്കു വിൽപന നടത്തി. കൃഷിയിറക്കുന്നതിനു സാലിം അലി ഫൗണ്ടേഷനും സാമ്പത്തികമായി പിന്തുണച്ചു.
ഈ വർഷം മുതൽ ഇവിടെ വേനൽക്കാല പച്ചക്കറിക്കൃഷിയും ആരംഭിക്കാനാണു പാടശേഖര സമിതിയുടെ തീരുമാനം. പാടശേഖര സമിതിയും കൃഷിക്കൂട്ടവും ചേർന്നാണു കൃഷിയിറക്കുന്നത്. അടിമാലി കൃഷിഭവന്റെയും ശാന്തൻപാറ കൃഷിവിജ്ഞാന കേന്ദ്രയുടെയും നേതൃത്വത്തിൽ പച്ചക്കറി വിത്തുകളും വിതരണം ചെയ്തു കഴിഞ്ഞു.
ഇടുക്കിയുടെ സ്വന്തം അരി
കട്ടമുടിക്കുടി പാടശേഖരത്തിൽ വിളയുന്ന നെല്ല് ഇനി മുതൽ ‘കുഞ്ചിപ്പെട്ടി അരി’ എന്ന ബ്രാൻഡിൽ വിപണിയിലെത്തിക്കാനാണു ശ്രമം. നെല്ലു സംസ്കരിക്കുന്നതിനുള്ള പദ്ധതി ഉടൻ ആരംഭിക്കുമെന്നും 2 മാസത്തിനകം അരി വിപണിയിൽ ലഭ്യമാക്കുമെന്നും ഹരിതകേരള മിഷൻ പിഎംയു പ്രോജക്ട് അസോഷ്യേറ്റ് എം.ജിഷ്ണു പറഞ്ഞു. തരിശായി കിടന്നിരുന്ന പാടശേഖരത്തിൽ നെൽക്കൃഷി തുടങ്ങാൻ പ്രചോദനം നൽകിയ നീലമ്മയെ കഴിഞ്ഞ കർഷക ദിനത്തിൽ അടിമാലി ഗ്രാമപ്പഞ്ചായത്തു മികച്ച കർഷകവനിതയ്ക്കുള്ള അവാർഡു നൽകി ആദരിച്ചു. തണ്ണീർത്തടങ്ങളുടെ പുനരുജ്ജീവനത്തിനു ചുക്കാൻ പിടിച്ച നീലമ്മയെ തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും ആദരിച്ചു.