ഇനി തൈകളും മണ്ണും കരുതിയാൽ മതി, ചാണകവളം ചട്ടി തരും! കൃഷി ചെയ്യാൻ 2 ഇൻ 1 ചാണകച്ചട്ടി

Mail This Article
മട്ടുപ്പാവിലെ പച്ചക്കറിക്കൃഷി വ്യാപകമായതോടെ, തൈ കിളിർപ്പിക്കാനും വളർത്താനും ഉപയോഗിക്കുന്ന ഗ്രോബാഗുകളും മറ്റു പ്ലാസ്റ്റിക് ഉൽപന്നങ്ങളും പരിസ്ഥിതിക്കു ഹാനികരമായി മാറി. ഇതിനു പരിഹാരമായി, കുറഞ്ഞ ചെലവിൽ, ചാണകം മാത്രം ഉപയോഗിച്ചു ചട്ടി നിർമിക്കുകയാണു പാലക്കാട് തിരുവിഴാംകുന്നു കന്നുകാലി ഗവേഷണ കേന്ദ്രം. ഇനി, തൈകളും മണ്ണും കരുതിയാൽ മതി. ചാണക വളം ചട്ടി തന്നു കൊള്ളും!
കാർഷിക മേഖലയെ പ്ലാസ്റ്റിക് വിമുക്തമാക്കുക എന്നതാണു പരിസ്ഥിതി സൗഹൃദ ചാണകച്ചട്ടി നിർമാണത്തിന്റെ പ്രധാന ലക്ഷ്യം. വിളവെടുപ്പു കഴിയുമ്പോൾ ചട്ടിക്കു കേടുപാടില്ലെങ്കിൽ ആവർത്തനക്കൃഷിക്ക് ഉപയോഗിക്കാം. അല്ലെങ്കിൽ ചട്ടി വളമാക്കി മാറ്റാം.

പച്ചച്ചാണകം കുഴച്ച്, ഉണക്കിയെടുക്കലാണു ചട്ടി നിർമാണത്തിന്റെ ആദ്യഘട്ടം. ഗവേഷണ കേന്ദ്രത്തിലെ പോളിഹൗസിലാണു ചാണകം ഉണക്കിയെടുക്കുന്നത്. മഴ നനയാതിരിക്കാനും ഗുണമേന്മയുള്ള ചട്ടിയാക്കി മാറ്റാനുമാണു പോളിഹൗസ് തിരഞ്ഞെടുത്തത്. ഇത്തരം സൗകര്യമില്ലാത്തവർക്കു നല്ല വെയിൽ ലഭിക്കുന്ന തുറസ്സായ സ്ഥലത്തിട്ടും ഉണക്കിയെടുക്കാം. മൂന്നോ നാലോ ദിവസം വെയിലു കൊള്ളിക്കണം. ചാണകം പൂർണമായി ഉണക്കി കല്ലു പോലെയാക്കരുത്. 50 ശതമാനം ഈർപ്പം നിലനിർത്തണം. ചട്ടിയുടെ ശരിയായ രൂപത്തിനും ഉറപ്പിനും ഇത് ആവശ്യമാണ്. അടുത്തഘട്ടം അച്ചിലിട്ടു രൂപപ്പെടുത്തലാണ്. കൈകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന യന്ത്രത്തിൽ ഇറക്കിവച്ച് അതിലെ സ്റ്റിയറിങ് അമർത്തുന്നതോടെ ചട്ടി റെഡി! കേവലം 10 മിനിറ്റ് മാത്രം! ഇവിടെ നിർമിക്കുന്ന ചാണകച്ചട്ടികൾക്ക് അരക്കിലോ തൂക്കമുണ്ട്. 20 രൂപയാണു നിർമാണച്ചെലവ്.
ഇൻഡോർ പ്ലാന്റുകൾ വളർത്താനും ചാണകച്ചട്ടികൾ അനുയോജ്യമാണ്. ഈർപ്പം നിലനിൽക്കുമെന്നതിനാൽ സാധാരണയിൽ കുറവു മതി ജലസേചനം. ദുർഗന്ധമൊന്നുമില്ലതാനും. പോളിഹൗസിലെ കൃഷിക്കും ചാണകച്ചട്ടി നല്ലതാണ്. തുടർച്ചയായി കനത്ത മഴയേറ്റാൽ പക്ഷേ, ചട്ടി കുതിർന്നു പോയേക്കാം.

ചട്ടി നിർമിക്കുന്ന യന്ത്രത്തിന് 15,000 രൂപ വിലയുണ്ട്. കന്നുകാലി ഗവേഷണ കേന്ദ്രത്തിലെ അഗ്രികൾചറൽ അസി.പ്രഫ. അഖില സി.തമ്പി, ഡോ. എസ്.പ്രമോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചട്ടി നിർമാണം. പഠനാവശ്യത്തിനു നിർമിച്ചതായതിനാൽ തൽക്കാലം വിൽപനയ്ക്കില്ല. എന്നാൽ, ആവശ്യക്കാർക്കു സാങ്കേതിക സഹായം നൽകാൻ കേന്ദ്രം തയാറാണ്.
ഫോൺ: 9061635443 (ഡോ. അഖില സി.തമ്പി, അസി. പ്രഫസർ അഗ്രോണമി, ലൈവ്സ്റ്റോക് റിസർച് സ്റ്റേഷൻ)