മഴയത്തു നട്ടാൽ വേനലിൽ പുഴുങ്ങാം: കിഴങ്ങുകൾ നടാൻ നല്ല സമയം

Mail This Article
പല വിളകളുടെയും നടീൽ സമയമാണ് ഇത്. പ്രധാന വിളകളുടെ നടീൽ രീതിയും പരിപാലനവും അറിയാം
കപ്പ: വെള്ളം കയറാത്ത സ്ഥലത്ത് 90 സെന്റീമീറ്റർ അകലത്തിൽ കുഴികൾ എടുത്ത് കമ്പുകൾ നടാം. നിലം ഒരുക്കുന്നതിനൊപ്പം കാലിവളം, കംപോസ്റ്റ് ഏക്കറിന് 5 ടൺ എന്ന തോതിൽ ചേർക്കാം. ഒരാഴ്ച ഇടവേളയിൽ കൂനകൾ ഒരുക്കുമ്പോൾ രാസവളം നിശ്ചിത അളവിൽ ചേർക്കാം. നട്ട് രണ്ടാം മാസത്തിലും മൂന്നാം മാസത്തിലും നിശ്ചിത അളവിൽ രാസവളം മേൽവളമായി നൽകാം.
മധുരക്കിഴങ്ങ്: ജൂൺ– ജൂലൈ മാസത്തിൽ നടുന്ന മധുരക്കിഴങ്ങ് നാല് മാസം കൊണ്ടു വിളവെടുക്കാം. വള്ളിത്തലപ്പുകളാണ് നടാൻ ഉപയോഗിക്കുന്നത്. 60 സെന്റീമീറ്റർ അകലത്തിൽ വാരങ്ങൾ എടുത്ത് അവയിൽ 15–20 സെന്റീമീറ്റർ അകലത്തിൽ തലപ്പുകൾ നടാം. ഏക്കറിന് 4 ടൺ എന്ന അളവിൽ കംപോസ്റ്റോ കാലിവളമോ ചേർക്കാം. നാലോ അഞ്ചോ ആഴ്ചകൾക്കു ശേഷം നിശ്ചിത അളവിൽ യൂറിയ ഇടണം.
ചേമ്പ്: മേയ് – ജൂൺ മാസം നടാൻ അനുയോജ്യം. 60 സെന്റീമീറ്റർ അകലത്തിൽ വാരങ്ങൾ എടുത്ത് അതിൽ 45 സെന്റീമീറ്റർ അകലത്തിൽ ചേമ്പ് നടാം. പുതയിട്ടു കൊടുക്കണം. ഏക്കറിനു 4.8 ടൺ കാലിവളമോ കംപോസ്റ്റോ കിളയ്ക്കുമ്പോൾ തന്നെ ചേർക്കണം. മുള വന്നു ഒരാഴ്ചയ്ക്കു ശേഷവും ഒരുമാസം കഴിഞ്ഞും കള പറിച്ച ശേഷം നിശ്ചിത അളവിൽ രാസവളം നൽകാം
വിവരങ്ങൾ: പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, കുമരകം