ലോകത്തിലെ ആദ്യ സങ്കരയിനം കുരുമുളക്! പന്നിയൂർ ഒന്നു മുതൽ 10 വരെ

Mail This Article
തിരുവാതിര ഞാറ്റുവേലയായി. കുരുമുളകു കൃഷി ആരംഭിക്കാൻ പറ്റിയ സമയം. കുരുമുളക് ഏതു നടും എന്ന കാര്യത്തിൽ കർഷകർക്ക് ഇപ്പോഴും സംശയമുണ്ട്. കുരുമുളകിന് നല്ല വില ലഭിക്കുന്ന സാഹചര്യത്തിൽ ഇനത്തെക്കുറിച്ച് അറിയണം.
കണ്ണൂർ തളിപ്പറമ്പ് പന്നിയൂർ കുരുമുളകു ഗവേഷണ കേന്ദ്രത്തിലാണ് ആദ്യമായി സങ്കരയിനം കുരുമുളകുതൈകൾ ഉണ്ടാക്കിയത്. പന്നിയൂർ ഒന്ന് എന്ന ഇനം ഇപ്പോൾ കേരളമാകെ കൃഷി ചെയ്യുന്നുണ്ട്. എന്നാൽ പന്നിയൂർ ഒന്നിനു ശേഷം 10 വരെ വ്യത്യസ്ത ഇനങ്ങൾ ഇവിടെ ഉണ്ടാക്കിയിട്ടുണ്ട്. കേരളത്തിലെ ഓരോ പ്രദേശത്തെ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഇനങ്ങളാണിവ. പ്രത്യേകിച്ച് പന്നിയൂർ 8, 9, 10 ഇനങ്ങൾ ദ്രുതവാട്ടത്തെ പ്രതിരോധിക്കുന്നവ കൂടിയാണ്.
പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിൽ ഉൽപാദിപ്പിച്ച സങ്കരയിനങ്ങളായ പന്നിയൂർ ഒന്നു മുതൽ 10 വരെയുള്ള ഇനങ്ങൾ പരിചയപ്പെടാം.
പന്നിയൂർ 1
ലോകത്തിലെ ആദ്യ സങ്കരയിനം കുരുമുളക്. പന്നിയൂർ ഇനങ്ങളിൽ ഇപ്പോഴും ആവശ്യക്കാർ കൂടുതലുള്ളത് പന്നിയൂർ ഒന്നിനാണ്. തുറസ്സായ സ്ഥലങ്ങളിൽ ഏറ്റവുമധികം വിളവ്. ഇളം നാമ്പ്, ഇളം മഞ്ഞ നിറമുള്ള അടുപ്പിച്ചു മണിപിടിത്തമുള്ള നീണ്ട തിരികൾ, മുഴുത്ത മണികൾ. ഒരു ഹെക്ടറിൽനിന്ന് 3850 കിലോ വരെ ഉണക്കക്കുരുമുളക് ലഭിക്കും.

പന്നിയൂർ 2
തണൽ പ്രദേശത്ത് ഏറ്റവുമധികം ഉൽപാദനം ലഭിക്കുന്ന ഇനമാണിത്. ഉയർന്ന പൈപ്പറിൻ ശതമാനം. ഇളം മാന്തളിരിന്റെ നിറമുള്ള നാമ്പ്, ഇടത്തരം തിരി നീളം. ഒരു ഹെക്ടറിൽനിന്ന് 3313 കിലോ വരെ ഉണക്കക്കുരുമുളക് ലഭിക്കും.

പന്നിയൂർ 3
വെയിൽ കൂടുതലുള്ള സ്ഥലങ്ങളിൽ മെച്ചപ്പെട്ട വിളവ്. ഉയർന്ന ഒലിയോറെസിൻ ശതമാനം. പച്ച കലർന്ന മഞ്ഞ നിറമുള്ള നാമ്പ്, നീണ്ട തിരികൾ. ഒരു ഹെക്ടറിൽനിന്ന് 3269 കിലോ വരെ ഉണക്കക്കുരുമുളക് ലഭിക്കും.

പന്നിയൂർ 4
വെയിൽ കൂടുതലുള്ള സ്ഥലങ്ങളിൽ മെച്ചപ്പെട്ട വിളവു ലഭിക്കും. പ്രതികൂല കാലാവസ്ഥയിലും ശരാശരി വിളവ് പ്രതീക്ഷിക്കാം. കടുത്ത മാന്തളിർ നിറമുള്ള നാമ്പ്, ഇടത്തരം തിരി നീളം, അടുപ്പിച്ചു മണി പിടിത്തം. ഒരു ഹെക്ടറിൽനിന്ന് 2443 കിലോ വരെ ഉണക്കക്കുരുമുളക് ലഭിക്കും.

പന്നിയൂർ 5
തണൽ പ്രദേശത്തേക്കു പറ്റിയ ഇനം. മെച്ചപ്പെട്ട വിളവ്, ഉയർന്ന ഒലിയോറെസിൻ ശതമാനം. ഇളം മാന്തളിരിന്റെ നിറമുള്ള നാമ്പ്, നീണ്ട തിരികൾ. ഒരു ഹെക്ടറിൽനിന്ന് 2248 കിലോ വരെ ഉണക്കക്കുരുമുളക് ലഭിക്കും.

പന്നിയൂർ 6
വെയിലുള്ള പ്രദേശങ്ങളിൽ മെച്ചപ്പെട്ട വിളവു ലഭിക്കുന്ന ഇനം. മാന്തളിർ നിറമുള്ള നാമ്പ്, മണി വലുപ്പമുള്ള ധാരാളം തിരികൾ. ഒരു ഹെക്ടറിൽനിന്ന് 3359 കിലോ വരെ ഉണക്കക്കുരുമുളക് ലഭിക്കും.

പന്നിയൂർ 7
തുറസ്സായ സ്ഥലങ്ങളിൽ മെച്ചപ്പെട്ട വിളവു പ്രതീക്ഷിക്കാവുന്ന ഇനം. ഇളം മാന്തളിർ നിറമുള്ള നാമ്പ്, നീണ്ട തിരികൾ. ഒരു ഹെക്ടറിൽനിന്ന് 2770 കിലോ വരെ ഉണക്കക്കുരുമുളക് ലഭിക്കും.

പന്നിയൂർ 8
ദ്രുതവാട്ടവും വരൾച്ചയും പ്രതിരോധിക്കാൻ കൂടുതൽ ശേഷിയുള്ള ഇനമാണിത്. വെയിൽ നന്നായി ലഭിക്കുന്ന സ്ഥലത്തു നല്ല വിളവു ലഭിക്കും. ഉയർന്ന ഒലിയോറെസിൻ ശതമാനം. ഇളം മാന്തളിർ നിറമുള്ള നാമ്പ്. കടുംപച്ച നിറമുള്ള മണികൾ. ഒരു ഹെക്ടറിൽനിന്ന് 3000 കിലോ വരെ ഉണക്കക്കുരുമുളക് ലഭിക്കും.
പന്നിയൂർ 9
ദ്രുതവാട്ടം, വരൾച്ച, അതിശൈത്യം എന്നിവയെ പ്രതിരോധിക്കാൻ കഴിവുള്ള ഇനമാണിത്. തുറസ്സായ സ്ഥലങ്ങളിലും ഉയർന്ന പ്രദേശങ്ങളിലും ഏറ്റവുമധികം വിളവു തരും. ഉയർന്ന ഗുണമേന്മ. പച്ച കലർന്ന മഞ്ഞ നിറമുള്ള നാമ്പ്, ഇടത്തരം തിരി നീളം. ഒരു ഹെക്ടറിൽനിന്ന് 3150 കിലോ വരെ ഉണക്കക്കുരുമുളക് ലഭിക്കും.

പന്നിയൂർ 10
തുറസ്സായ സ്ഥലത്തും ഭാഗികമായി തണലുള്ള സ്ഥലങ്ങളിലും മെച്ചപ്പെട്ട വിളവു തരും. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനുള്ള കഴിവുണ്ട്. ദ്രുതവാട്ടത്തെ ചെറുക്കും. ഇളം മാന്തളിർ നിറമുള്ള നാമ്പ്, വലിയ മണികളുള്ള നീണ്ട തിരികൾ. ഒരു ഹെക്ടറിൽനിന്ന് 2700 കിലോ വരെ ഉണക്കക്കുരുമുളക് ലഭിക്കും.
കുരുമുളക് നടുമ്പോൾ ശ്രദ്ധിക്കാൻ
50 സെന്റീമീറ്റർ നീളവും വീതിയും ആഴവുമുള്ള കുഴികളിൽ കുമ്മായമിട്ട് 15 ദിവസത്തിനു ശേഷം വേപ്പിൻപിണ്ണാക്ക്, ട്രൈക്കോഡെർമ ചേർത്ത ചാണകപ്പൊടി എന്നിവ ചേർത്ത് മേൽമണ്ണിളക്കുക. തൈകൾ നട്ട ശേഷം കുഴിയിൽ വെള്ളം കെട്ടി നിൽക്കരുത്.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. എച്ച്.സി.വിക്രം (അസി.പ്രഫസർ ആൻഡ് ഡിപ്പാർട്മെന്റ് ഹെഡ്), ഡോ. സഞ്ജു ബാലൻ (അസി.പ്രഫസർ, പന്നിയൂർ കുരുമുളകു ഗവേഷണ കേന്ദ്രം). ഫോൺ–0460 2227287