Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏഴു സെന്റിൽനിന്ന് അമ്പതു ലക്ഷം

steffi-riya-sona-joseph-near-fish-pond മരുമകൾ സ്റ്റെഫി, പേരക്കുട്ടി റിയ, മകൻ സോണ എന്നിവർക്കൊപ്പം ജോസഫ് മത്സ്യക്കുളത്തിനരികെ. ചിത്രം: ടെറൻസ് ജോസ്

ഇതുവരെ പരിചയിച്ച രംഗമൊന്നു മാറ്റിപ്പിടിച്ചാലോ എന്ന് കൊച്ചി ചേരാനെല്ലൂർ പഴനിലത്ത് ജോസഫിനു തോന്നിയത് രണ്ടു കൊല്ലം മുമ്പാണ്. നിർമാണവ്യവസായമായിരുന്നു ഇത്ര കാലം ജോസഫിന്റെ തട്ടകം. കാലങ്ങളായി കല്ലും മണലും സിമന്റും കമ്പിയുമൊക്കെയായാണ് ബന്ധം.

കോൺക്രീറ്റിന്റെ വിരസത വിട്ട് ആനന്ദകരമായ മറ്റേതു മേഖലയുണ്ടെന്ന് തിരഞ്ഞപ്പോൾ മനസ്സിൽ തെളിഞ്ഞത് മൽസ്യകൃഷി. കൊച്ചിക്കാരനായതുകൊണ്ട് ചെമ്മീൻകെട്ടുകൾ കുട്ടിക്കാലം മുതൽ പരിചയമുണ്ട് എന്നാൽ ചെമ്മീൻകെട്ട് പാട്ടത്തിനെടുത്തു ചെയ്യുന്നതിനു പ്രതിബന്ധങ്ങളേറെ.

അങ്ങനെയിരിക്കെയാണ് കൊച്ചിയിൽ പാരമ്പര്യ രീതിയിലുള്ള ഒരു ഫിഷ് ഫാം ജോസഫ് സന്ദർശിക്കുന്നത്. സംഗതി ലാഭകരമെന്നു ഫാം ഉടമ പറഞ്ഞതോടെ വീടിനു പിന്നിൽ, കോൺക്രീറ്റ് കെട്ടിടങ്ങൾക്കു നടുവിലുള്ള പത്തു സെന്റ് സ്ഥലത്ത് ഏഴു സെന്റിൽ കോൺക്രീറ്റ് കുളം തീർത്തു. കൊച്ചിയിൽത്തന്നെ ഓട്ടമൊബീൽ സ്ഥാപനം ന‌ടത്തുന്ന മകൻ സോണയും ഒപ്പം ചേർന്നു.

പരിമിതമായ സ്ഥലത്ത് ആധുനിക കൃഷി സമ്പ്രദായമായ അക്വാപോണിക്സ് പ്രയോജനപ്പെടുത്തിയുള്ള അതിസാന്ദ്രതാ (ഹൈ ഡെൻസിറ്റി ഫാമിങ്) മൽസ്യകൃഷി ചെയ്യുന്നതിനെക്കുറിച്ച് കേൾക്കുന്നത് ഈ നാളുകളിലാണ്. പാരമ്പര്യ മൽസ്യകൃഷിക്കു പകരം ആധുനിക രീതിയാവാം എന്നു നിശ്ചയിച്ചു.

പരീക്ഷണകൃഷി പക്ഷേ, പ്രതീക്ഷിച്ച വിജയം നേടിയില്ല. മൽസ്യവിസർജ്യത്തിൽനിന്നു രൂപപ്പെടുന്ന അമോണിയയുടെ തോതു നിയന്ത്രിക്കാൻ കഴിയാതെ വന്നതും മൽസ്യക്കുളത്തിൽ ഓക്സിജന്റെ അളവു വർധിപ്പിക്കുന്ന എയറേഷൻ സംവിധാനം ദുർബലമായതുമെല്ലാം പോരായ്മയായി.

വായിക്കാം ഇ - കർഷകശ്രീ

അതോടെ അക്വാപോണിക്സ് മൽസ്യകൃഷിയുടെ അരികും മൂലയും പഠിച്ചാൽ പോരാ, ആഴത്തിൽത്തന്നെ മനസ്സിലാക്കണമെന്ന് ഉറച്ചു. കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ അക്വാറ്റിക് അനിമൽ ഹെൽത്ത് വിഭാഗം സ്ഥാപകനായ ഡോ. ബ്രൈറ്റ്സിങ്ങിനെ പരിചയപ്പെട്ടതോടെ ആശങ്കകൾ നീങ്ങി. ഹൈ ഡെൻസിറ്റി അ‍ക്വാകൾച്ചർ റീ സർക്കുലേറ്റിങ് രീതിയിലുള്ള മൽസ്യകൃഷിയിലേക്ക് എത്തുന്നത് അങ്ങനെ.

പഴയ പരീക്ഷണങ്ങൾ

കേരളത്തിൽ ഈയിടെ ഏറെ ചർച്ച ചെയ്യപ്പെട്ട അക്വാ‌പോണിക്സ് കൃഷിരീതിയുടെ ന്യൂനതകൾ മറികടന്ന സംവിധാനമാണ് തങ്ങളുടേതെന്നു ജോസഫും സോണയും പറയുന്നു. കുളത്തിൽ മൽസ്യം വളർത്തലും അനുബന്ധമായി, മൽസ്യ വിസർജ്യത്തിലെ പോഷകങ്ങൾ മാത്രം പ്രയോജനപ്പെടുത്തിയുള്ള പച്ചക്കറികൃഷിയും ചേർന്നതാണ് അക്വാപോണിക്സ് കൃഷി.

ആയിരം ലീറ്റർ വെള്ളം ഉൾക്കൊള്ളുന്ന ടാങ്കും അതിൽ നൂറിൽ താഴെ മൽസ്യങ്ങളും ടാങ്കിനു മുകളിൽ ക്രമീകരിക്കുന്ന മെറ്റൽ ബെഡ്ഡിൽ പച്ചക്കറികളും വളർത്തുന്ന അക്വാപോണിക്സ് ചെറുപതിപ്പിന് കേരളത്തിലെ ടെറസ് കൃഷിക്കാരുടെ ഇടയിൽ ഈയിടെ നല്ല സ്വീകാര്യത ലഭിക്കുകയുണ്ടായി. എന്നാലിത് വാണിജ്യാടിസ്ഥാനത്തിൽ ചെയ്യുമ്പോൾ പോരായ്മകൾ പലതുണ്ടെന്ന് ജോസഫ്. പാളിച്ചകൾ കാരണം ലക്ഷണക്കണക്കിനു രൂപ നഷ്ടപ്പെട്ടവരും കുറവല്ല.

സാധാരണ മൽസ്യകൃഷിയിൽ ഒരു സെന്റ് കുളത്തിൽ ശരാശരി 200 മൽസ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുക. ഇവയുടെ വിസർജ്യത്തിൽനിന്നു രൂപപ്പെടുന്ന അമോണിയ ദോഷകരമായ അളവിലേക്ക് ഉയരാറില്ല. അതേസമയം അതിസാന്ദ്രതാരീതിയിൽ ഒരു സെന്റിൽ ചുരുങ്ങിയത് 3500 കുഞ്ഞുങ്ങളെ നിക്ഷേപിക്കും. വിസർജ്യത്തിന്റെയും അതുവഴി ജലത്തിലെ അമോണിയയുടെയും അളവ് സ്വാഭാവികമായും വർധിക്കുന്നു.

അമോണിയ ഉൾപ്പെടെ മൽസ്യവിസർജ്യത്തിലുള്ള പോഷകങ്ങളെ ചെടികൾക്ക് സ്വീകാര്യമായ ഘടനയിലേക്ക് ബാക്ടീരിയകൾ മാറ്റുന്ന പ്രക്രിയയാണ് മെറ്റൽ ബെഡ്ഡിൽ നടക്കുന്നത്. കുളത്തിലെ വെള്ളം ബെഡ്ഡിലെ ചെടികളുടെ വേരുകൾക്കിടയിലൂടെ ഒഴുകി അരിച്ചിറങ്ങി തിരിച്ച് കുളത്തിലേക്കുതന്നെ എത്തുന്നു. ബെഡ്ഡിൽ വളരുന്ന പച്ചക്കറികൾ ജലത്തിലെ ഘടകങ്ങൾ സ്വീകരിച്ച് മണ്ണും മറ്റു വളങ്ങളുമൊന്നുമില്ലാതെ തികച്ചും ജൈവരീതിയിൽ വളർന്ന് മികച്ച ഉൽപാദനം നൽകുന്നു. ഒപ്പം ജലത്തിലെ, മൽസ്യങ്ങൾക്കു ദോഷകരമാകാവുന്ന ചില ഘടകങ്ങളെ വലിച്ചെടുക്കുകയും ചെയ്യുന്നു. നിരന്തരമായ ഈ പ്രവർത്തനത്തിലൂടെ കുളത്തിലെ വെള്ളം മൽസ്യങ്ങൾക്ക് സുരക്ഷിതമായി തുടരുന്നു.

fish-pond മത്സ്യക്കുളത്തിന്റെ വിശാലദൃശ്യം. വലതുഭാഗത്ത് ട്രിക്കിളിങ് യൂണിറ്റ്. ചിത്രം: ടെറൻസ് ജോസ്

ഈ രീതിയിൽ ചെയ്യുമ്പോൾ കുളത്തിന്റെ മൂന്നു മടങ്ങായിരിക്കണം മെറ്റൽ ബെഡ്ഡിന്റെ വിസ്തൃതി എന്നതാണ് പ്രധാന പ്രശ്നമെന്നു സോണ. തങ്ങളുടെ കുളത്തിന്റെ വിസ്തൃതി വച്ച് ബെഡ്ഡിനുതന്നെ വേണ്ടിവരും 21 സെന്റ് സ്ഥലം. അവിടെ 20 അടി നീളത്തിൽ, ഒരടി വീതിയിൽ ടാങ്കുകൾ കെട്ടി ഒരടി കനത്തിൽ മെറ്റൽ നിറയ്ക്കേണ്ടിവരും. കുളത്തിലെ വെള്ളം ഈ ടാങ്കിൽ വളർത്ത‍ുന്ന പച്ചക്കറികൾക്ക് എത്തിക്കാനും അരിച്ചിറങ്ങുന്ന വെള്ളം തിരികെ മൽസ്യക്കുളത്തിലേക്കെത്താനും സംവിധാനവും ഉണ്ടാവണം. കൂടുതൽ സ്ഥലം, ലക്ഷക്കണക്കിനു രൂപയുടെ ചെലവ് എന്നിവയാണ് ഇതിന്റെ പോരായ്മ. മറ്റൊന്ന് ഓരോ പച്ചക്കറികൃഷിക്കു ശേഷവും മെറ്റൽ ബെഡ്ഡ് വൃത്തിയാക്കണം എന്നുള്ളതാണ്. അല്ലാത്തപക്ഷം ചെടികളുടെ അഴുകിയ അവശിഷ്ടങ്ങൾ രോഗബാധയുണ്ടാക്കുകയും അതുവഴി കുളത്തിലെ മൽസ്യകൃഷി അപകടത്തിലാവുകയും ചെയ്തു.

പുതിയ കണ്ടെത്തലുകൾ

പുതിയ അറിവുകളുമായി മൽസ്യകൃഷി തുടങ്ങുന്നതിനു മുമ്പ് ആദ്യപടിയായി പഴയ എയറേഷൻ സംവിധാനത്തിനൊപ്പം, അന്തരീക്ഷവായു ശക്തിയോടെ വലിച്ചെടുത്ത് ജലത്തിലേക്ക് നിക്ഷേപിക്കുന്ന എയർ ഇഞ്ചക്റ്റർ കൂടി ക്രമീകരിച്ചു. ജലത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞാൽ മൽസ്യങ്ങൾ അടിക്കടി ഉപരിതലത്തിലേക്കെത്തും. എയർ ഇഞ്ചക്റ്റർ വന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെട്ടു.

ജോസഫിന്റെ ഫാമിൽ മെറ്റൽ ബെഡ്ഡില്ല. പകരം കക്കാത്തൊണ്ട് നിറച്ചിരിക്കുന്ന പത്തു ഡ്രമ്മുകളിലാണ് നൈട്രിഫൈയിങ് ബാക്ടീരിയകളെ ഉപയോഗിച്ച് പോഷകങ്ങളുടെ പരിവർത്തനവും ഫിൽറ്ററിങ്ങും നടക്കുന്നത്. ബാക്ടീരിയകളെ ലാബിൽ വളർത്തി ഡ്രമ്മിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ബാക്ടീരിയകളുടെ പ്രവർത്തനങ്ങൾക്കു ശേഷവും ജലത്തിൽ അവശേഷിക്കുന്ന അമോണിയയാണ് ഇവയുടെ ഭക്ഷണവും.

കുളത്തിലെ വെള്ളം ഉയരത്തിൽ ക്രമീകരിച്ചിരിക്കുന്ന ടാങ്കിലേക്കാണ് ആദ്യം എത്തുന്നത്. ഇവിടെനിന്ന് പത്തു ബൈപാസ് ലൈനുകളിലൂടെ ഒഴുകി ഡ്രമ്മ‍ുകളിലേക്ക് എത്തുന്നു. ട്രിക്കിളിങ് ഫിൽറ്റർ (trickling filter) ടെക്നോളജിയിലുള്ള ഈ ഡ്രമ്മുകൾക്കുള്ളിൽവച്ചാണ് ബാക്‌‌ടീരിയകളുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. ഈ സംവിധാനത്തിന്റെ മർമപ്രധാനമായ ഭാഗം ട്രിക്കിളിങ് ഫിൽറ്റർ യൂണിറ്റാണെന്നും ഡോ. ബ്രൈറ്റ്സിങ് ചൂണ്ടിക്കാട്ടുന്നു.

ഡ്രമ്മിൽ വലകളിലാക്കി നിറച്ചിരിക്കുന്ന കക്കത്തോടുകൾക്കിടയിലൂടെ ജലം തുള്ളികളായാണ് ഊർന്നിറങ്ങുക, അതുവഴി ജലത്തിലേക്ക് ഓക്സിജൻ ധാരാളമായി കലരുന്നു. മാത്രമല്ല, കക്കയുടെ രൂപഘടന ബാക്ട‍ീരിയകൾക്കു വളരാനും പെരുകാനും പറ്റിയ ആവാസവ്യവസ്ഥ കൂടിയാണ്. ഡ്രമ്മിൽനിന്നു ദോഷഘടകങ്ങൾ ഇല്ലാത്ത ജലം തിരികെ കുളത്തിലേക്ക്. ഇടതടവില്ലാതെ ഈ പ്രവർത്തനം തുടരുന്നു. ഈ രീതിയിൽ മൽസ്യകൃഷി ചെയ്യുമ്പോൾ, അക്വാപോണിക്സ് രീതിയിൽ അനുബന്ധമായുള്ള പച്ചക്കറികൃഷി നിർബന്ധമല്ലാതാവുന്നത് ഈ യൂണിറ്റ് ഉള്ളതുകൊണ്ടാണ്.

kid-child-with-tomato-vegetable അധികാദായമായി ജൈവപച്ചക്കറി. ചിത്രം: ടെറൻസ് ജോസ്

കേൾക്കുന്നത്ര സരളമല്ല സംവിധാനത്തിലെ ഓരോ ഘടകത്തിന്റെയും പരസ്പരബന്ധിത ക്രമീകരണം. എല്ലാ ഘടകങ്ങളും നിരന്തര നിരീക്ഷണത്തിലായിരിക്കണം. ഡ്രമ്മുകൾ ഒരു ഘട്ടത്തിലും വരണ്ടുപോകാൻ പാടില്ല. ജലത്തിലെ അമ്ലക്ഷാരനില (PH) 7–8 ൽ നിലനിർത്തുകയും വേണം.

കുളത്തിനരികിൽ വച്ചിരിക്കുന്ന ഗ്രോബാഗിൽ, വെറും മണ്ണിൽ വളരുന്ന പച്ചക്കറികൾക്ക് കുളത്തിലെ വെള്ളം ജോസഫ് ദിവസവും കോരിയൊഴിച്ചു നൽകുന്നു. മികച്ച വിളവും ലഭിക്കുന്നു. മൽസ്യത്തിൽ നിന്നുള്ള വരുമാനം തന്നെയാണ് ജോസഫിനു പ്രധാനം. വീട്ടാവശ്യത്തിനുള്ള ജൈവ പച്ചക്കറി മാത്രം വിളയിക്കുന്നതിലേ അദ്ദേഹത്തിനു താൽപര്യമുള്ളൂ. വിപുലമായി കൃഷി ചെയ്യാൻ സ്ഥലവും സമയവുമുള്ളവർക്ക് അതാവാം.

വരുമാനം വരുന്ന വഴി

സാധാരണ വളർത്തു മൽസ്യങ്ങളെയെല്ലാം വളർത്താമെങ്ക‍ിലും സമീപനാളുകളിൽ ഏറെ വാണിജ്യമൂല്യം നേടിയ ഗിഫ്റ്റ് തിലാപ്പിയയാണ് ജോസഫ് തിരഞ്ഞെടുത്തത്. ആണ്ടിൽ രണ്ടുവട്ടം വിളവെടുപ്പ്, ആസ്വാദ്യകരമായ രുചി, മികച്ച ഡിമാൻഡ് എന്നിവയാണ് ഗിഫ്റ്റിന്റെ മേന്മ.

ഗിഫ്റ്റിന്റെ ആൺമൽസ്യം ആറുമാസംകൊണ്ട് 500 ഗ്രാമും പെണ്ണ് 200 ഗ്രാമും വളർച്ച നേടും. ആൺമൽസ്യത്തെ മാത്രം വളർത്തുന്നതാണ് ആദായകരം.

ആറു മാസത്തിനപ്പുറം വളർത്തിയാൽ കൂടുതൽ തൂക്കം വയ്ക്കുമെങ്കിലും ഇറച്ചിക്കോഴി വളർത്തലിനു സമാനമായ രീതിയിൽ ആദായകരമല്ലാതായിത്തീരും. കാരണം ഗിഫ്റ്റിന് പ്രത്യേകം തയാറാക്കുന്ന കൃത്രിമ തീറ്റയല്ലാതെ മറ്റൊന്നും നൽകാറില്ല. എങ്കിൽ മാത്രമേ രുചിയും ഗുണനിലവാരവും ഉണ്ടാകുകയുള്ളൂവെന്നു ജോസഫ് പറയുന്നു. ഇക്കാരണത്താലാണ് 'കുളത്തിലെ ഇറച്ചിക്കോഴി' എന്ന് ഇതിനെ വിളിക്കുന്നതും.

വിജയവാഡയിലെ സർക്കാർ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റർ ഫോർ അക്വാകൾച്ചറിൽ (ആർജിസിഎ) നിന്നാണ് ജോസഫ് ഏഴു മാസങ്ങൾക്കു മുമ്പ് ആദ്യബാച്ച് മൽസ്യവിത്ത് വാങ്ങുന്നത്. ഒന്നിന് രണ്ടു രൂപ നിരക്കിൽ ഏഴു സെന്റിലേക്ക് 25,000 കുഞ്ഞുങ്ങൾ. മൂന്നാഴ്ചമാത്രം വളർച്ചയെത്തിയ കുഞ്ഞ‍ുങ്ങൾ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തുംവരെയുള്ള സന്നാഹങ്ങളോ‌ടെയാണ് സ്ഥാപനം അവയെ കൈമാറുക. കുളത്തിലേക്ക് നേരിട്ട് ഇറക്കുന്നതിനുപകരം മൽസ്യപായ്ക്കറ്റുകൾ കുളത്തിലെ വെള്ളത്തിൽ ഇറക്കിവച്ച് പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാൻ സമയം നൽകിയശേഷം മാത്രം കൂടുതുറന്നു വിടുന്നു. ആദ്യ ബാച്ചിലെ കുഞ്ഞുങ്ങളിൽ പരമാവധി 200 എണ്ണം മാത്രമാണ് അതിജീവിക്കാതെ പോയതെന്ന് ജോസഫ്.

ആദ്യത്തെ 15 ദിവസത്തേക്ക് 42 ശതമാനം പ്രോട്ടീനുള്ള, കിലോയ്ക്കു 90 രൂപ വില വരുന്ന സ്റ്റാർട്ടർ തീറ്റ. തുടർഘട്ടങ്ങളിൽ പ്രോട്ടീൻ കുറഞ്ഞ തീറ്റയിലേക്കു മാറുന്നു. മൂന്നു മാസം പ്രായമെത്തുന്നതോടെ കിലോയ്ക്കു 40 രൂപ വിലവരുന്ന, 28 ശതമാനം പ്രോ‌ട്ടീനടങ്ങിയ തീറ്റയിലേക്ക് മാറും. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന തീറ്റ (ഫ്ലോട്ടിങ് ഫീഡ്) യാണിത്. അതിനാൽ മൽസ്യങ്ങൾ കഴിക്കുന്നത് എത്രയെന്നു നിരീക്ഷിച്ച് അളവ് ക്രമീകരിക്കാം. തുടക്കത്തിൽ 25,000 മൽസ്യങ്ങൾക്ക് മൂന്നു കിലോ മതിയാകുമെങ്കിൽ ക്രമേണ അളവ് ഉയർന്ന് മൂന്നു മാസം എത്തുന്നതോടെ മൂന്നു നേരമായി ദിവസം 40 കിലോ തീറ്റയിലേക്ക് ഏതാണ്ട് സ്ഥിരത നേടുന്നു.

അഞ്ചു മാസമെത്തിയപ്പോൾതന്നെ, ആദ്യത്തെ പരീക്ഷണ വിളവെടുപ്പ് നടത്തി. ശരാശരി 400 ഗ്രാം വളർച്ചയെത്തിയ ഒന്നര ടൺ മൽസ്യമാണ് പിടിച്ചെടുത്തത്. ആദ്യകൃഷിയിൽനിന്ന് ശരാശരി 10 ടൺ മൽസ്യം ലഭിക്കുമെന്നാണ് ജോസഫിന്റെ പ്രതീക്ഷ. ഗിഫ്റ്റിനു കിലോയ്ക്ക് 250 രൂപ വിലയുണ്ട്. അ‍ങ്ങനെ നോക്കുമ്പോൾ ആദ്യകൃഷിയിൽനിന്ന് ചുരുങ്ങിയത് 25 ലക്ഷം രൂപ ലഭിക്കും. വർഷം രണ്ടു കൃഷിയും വിളവെടുപ്പും. വരുമാനം ഏഴു സെന്റിൽനിന്ന് 50 ലക്ഷം രൂപ!

തുടക്കത്തിൽ മൊത്തം മുതൽമുടക്ക് ഏകദേശം 15 ലക്ഷം രൂപ. ആദ്യവിളവെടുപ്പിൽനിന്നുതന്നെ പത്തുലക്ഷം രൂപ ലാഭം. ഇനിയങ്ങോട്ട് ഓരോ കൃഷിക്കും സീഡും ഫീഡും രണ്ടു മാസം കൂടുമ്പോൾ 12,000 രൂപ വൈദ്യുതിചാർജും മാത്രമാണ് കാര്യമായ ചെലവ്.

ജോസഫിന്റെ കൊച്ചിൻ ഫിഷ് ഫാം കാണാൻ ഒട്ടേറെ ആളുകൾ എത്തുന്നുണ്ട്. ജോസഫാകട്ടെ, ലക്ഷങ്ങൾ നേടാവുന്ന ഗിഫ്റ്റ് കൃഷിയിലേക്ക് കേരളത്തിലെ പുതുതലമുറ സംരംഭകർ കടന്നുവരണമെന്ന അഭിപ്രായക്കാരനുമാണ്.

ഫോൺ (ജോസഫ്): 9846126994, 9846440526
ഡോ. ബ്രൈറ്റ്സിങ്: 9447631101
Email: isbsing@gmail.com

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.