Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർഷകരക്ഷ ചിറകിനടിയിൽ

hen-poultry

നാടൻ എന്നപേരിൽ വിപണിയിൽ എത്തുന്ന കോഴിമുട്ടയിൽ കൂടുതലും ‘തമിഴ് നാടൻ’ ആണ്. ഇതിൽപലതും നിറം കയറ്റിയ വൈറ്റ് ലെഗോൺമുട്ട. ഗുണമേന്മയുള്ള നാടൻകോഴിമുട്ട അൽപ്പം വില കൂടുതൽ കൊടുത്താലും വാങ്ങാൻ ജനങ്ങൾ തയാറാണ്. ഇവിടെയാണ് കർഷകർക്ക് മെച്ചപ്പെട്ട വിലയും ആവശ്യക്കാർക്ക് ഗുണമേന്മയുള്ള കോഴിമുട്ടയും എന്ന ലക്ഷ്യത്തോടെ കോഴിക്കോട് താമരശ്ശേരി രൂപതയുടെ സാമൂഹികസേവനവിഭാഗമായ സിഒഡി മുട്ടക്കോഴിപദ്ധതിയുമായി രംഗത്തു വന്നത്.

ചിക്കൻമീറ്റ് എഗ്ഗ് പദ്ധതി

മായം കലരാത്ത കോഴി ഇറച്ചിയും മുട്ടയും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിഒഡി മുട്ടക്കോഴി വിതരണപദ്ധതി ആരംഭിച്ചത്. വിവിധഘടകങ്ങളെ സംയോജിപ്പിച്ചുകൊണ്ടുള്ള ചെയിൻ ഘടനയാണ് ഈ പദ്ധതിക്കുള്ളത്. ഒരുകുടുംബത്തിന് 20 മുട്ടക്കോഴിയും 5 പൂവൻകോഴിയും ഒരുകൂടുമടങ്ങുന്നതാണ് പദ്ധതി . 20,000 രൂപയോളം മുടക്ക് വരുന്ന പദ്ധതിക്ക് കർഷകർ ആദ്യം പണം മുടക്കേണ്ടതില്ല. ബാങ്കുകളിൽനിന്ന് ഇതിനുള്ളവായ്പ ലഭിക്കും. മാസം 750 മുതൽ 1000 രൂപവരെ ബാങ്കിലേക്ക് അടച്ചാൽമതി. 5 മുതൽ 10 സെന്റ് വരെ സ്ഥലം നെറ്റ് ഇട്ട് സുരക്ഷിതമാക്കണം. ഇതിന്റെ നടുവിലാണ് കോഴിക്കൂട് സ്ഥാപിക്കേണ്ടത്.

ആധുനിക സൗകര്യങ്ങളുള്ള കൂടാണ് കർഷകർക്ക് നൽകുന്നത്. രണ്ടു വശവും വാതിലുള്ള കൂട്ടിൽ വെള്ളം, തീറ്റ എന്നിവ യഥാസമയം കോഴികൾക്ക് ലഭിക്കാൻ സൗകര്യമുണ്ട്. കൂട്ടിൽ ഇടുന്ന മുട്ട ഒരുവശത്തേക്ക് ശേഖരിക്കാനുള്ള സൗകര്യവുമുണ്ട്.സർക്കാർ പൗൾട്രി ഫാമിൽ നിന്നുള്ള ഗ്രാമപ്രിയ, ഗ്രാമശ്രീ ഇനത്തിൽപ്പെട്ട നാലുമാസം പ്രായമുള്ള കോഴികളെയാണ് നൽകുന്നത്.പകൽസമയത്ത് നെറ്റ് ഇട്ട് സുരക്ഷിതമാക്കിയ സ്ഥലത്ത് കോഴികളെ അഴിച്ചുവിട്ട് വളർത്തുന്ന രീതിയാണ് സ്വീകരിക്കുന്നത്. രാത്രിയിൽ ഇതിനു നടുവിൽ സ്ഥാപിച്ച കൂട്ടിൽ കോഴികൾ കഴിയും.

വീട്ടിലെ ജൈവ അവശിഷ്ടങ്ങളും സമീകൃത ആഹാരവുമാണ് കോഴിയുടെ പ്രധാന ഭക്ഷണം. നനച്ച പേപ്പർ പോലുള്ള അവശിഷ്ടങ്ങൾ മണ്ണിൽ ഇട്ടാൽ ഒരുദിവസം കൊണ്ട് ഇതിന്റെ അടിയിൽ ചിതൽ നിറയും ഇങ്ങനെയുണ്ടാകുന്ന ചിതലുകൾ കോഴിക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണമാണ്.ചാണകം വിതറിയും ഇങ്ങനെ ചിതലിനെയും മണ്ണിരയേയും ഉണ്ടാക്കാം. നാടൻമുട്ടയുടെ ഗുണം ലഭ്യമാകണമെങ്കിൽ ഇത്തരം ഭക്ഷണവും കോഴിക്ക് ലഭിക്കണം.

hen-poultry-eggs മുട്ടക്കോഴി പദ്ധതിയിൽ മുട്ടകൾ ശേഖരിക്കുന്നു.

അഞ്ചരമാസം ആകുമ്പോൾ കോഴികൾ മുട്ട ഇടാൻ തുടങ്ങും. ആറു രൂപവരെ വില നൽകി സിഒഡി മുട്ട നേരിട്ട് കർഷകരിൽനിന്ന് സംഭരിക്കും. അതിനാൽ വിപണി പ്രശ്നമല്ല. ഏഴു രൂപ നിരക്കിൽ നേരിട്ട് കർഷകരിൽനിന്ന് മുട്ടവാങ്ങുന്നവരും ഉണ്ട്. സിഒഡി സംഭരിക്കുന്ന മുട്ടകൾ സിഒഡിയുടെ മാർക്കറ്റിങ് ഏജൻസിസിയായ സേഫ് വഴി ടൗണിൽ വിൽക്കുകയാണ് ചെയ്യുന്നത്. 16–18 മുട്ടകൾ ഒരുയൂണിറ്റിൽ നിന്ന് ലഭിക്കും.ഈ പദ്ധതിയിലെ കോഴികൾ 15 മാസം വരെയും മുട്ടിയിടും. മുട്ടയിടീൽ തീർന്ന കോഴികളെ നിശ്ചിത വിലനൽകി സിഒഡി ഏറ്റെടുക്കും. വീണ്ടും പുതിയ കോഴികളെ നൽകും. നാടൻകോഴിയുടെ ഗുണമുള്ള ഇത്തരം കോഴികളെ പുറത്ത് വിൽക്കുകയും ചെയ്യാം.

കോഴിവളർത്തലിനുള്ള പരിശീലനവും സിഒഡി നൽകുന്നുണ്ട്. കോഴിയുടെ പരിപാലനം, ആയുർവേദ ചികിൽസാ രീതി, മഞ്ഞൾ, ആര്യവേപ്പ് ഇലകൾ ഇവ ഉപയോഗിച്ചുള്ള രോഗനിയന്ത്രണം എന്നിവയെല്ലാം കർഷകരെ പരിശീലിപ്പിക്കും. സിഒഡിയുടെ നേതൃത്വത്തിലുള്ള ബ്ലസ്ഡ് ഫാർമർ പ്രൊഡ്യൂസർ കമ്പനിയും സേഫ് കമ്പനിയും ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കോഴിക്കാഷ്ഠത്തിൽനിന്ന് മണ്ണിരകംപോസ്റ്റ് ഉണ്ടാക്കുകയും പച്ചക്കറികൃഷി നടത്തുകയും ചെയ്ത് ഈ പദ്ധതിയുടെ പ്രയോജനം കൂടുതൽ മേഖലയിൽ എത്തിക്കാനും സാധിക്കും. ഇതിനുള്ള മണ്ണിരയും സിഒഡി വിതരണംചെയ്യുന്നുണ്ട്. സിഒഡിയുടെ നേതൃത്വത്തിൽ മാംസ സംസ്കരണയൂണിറ്റും ഹാച്ചറി യൂണിറ്റും പ്രവർത്തനം ആരംഭിക്കുന്നതോടെ എട്ടു രൂപ വരെ ഒരുകോഴിമുട്ടയ്ക്ക് കർഷകർക്ക് ലഭിക്കും .

ഗുണമേന്മയുള്ള കോഴിയും കോഴിമുട്ടയും ലഭ്യമാക്കുന്നതോടൊപ്പം കർഷകരെ സ്വയംപര്യാപ്തമാക്കുന്ന പദ്ധതികളുമാണ് സിഒഡി വിഭാവനംചെയ്യുന്നത്. രോഗബാധയും വിലയിടവുംമൂലം പ്രതിസന്ധിയിലായ കാർഷികമേഖലക്ക് ഉണർവു നൽകുന്ന ഈ പദ്ധതികൾ എല്ലാവിഭാഗം ജനങ്ങൾക്കും സിഒഡി ലഭ്യമാക്കുന്നുണ്ട്.

വിവരങ്ങൾക്ക് ഫോൺ: 0495– 2223022

Your Rating: