Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിലവിൽനിന്നു ചില പാഠങ്ങൾ

jilson-juby-in-cow-farm ജിൽസണും ഭാര്യ ജൂബിയും

''മൂന്നാലു വർഷം മധ്യപ്രദേശിലെ ഇൻഡോറിൽ സ്റ്റെനോഗ്രാഫർ, പിന്നെ പത്തു വർഷം കാഡ്ബറീസിനു കൊക്കോക്കുരു സംഭരിക്കുന്ന ഏജന്റിന്റെ ഫീൽഡ് സ്റ്റാഫായി അലച്ചിൽ. അടുത്തതു വിദേശജോലി. ഫാബ്രിക്കേഷൻ പണിയുമായി മൂന്നു വർഷം ഖത്തറിൽ. എഴുപതിനായിരം രൂപ വീസ‍യ്ക്കു നൽകി ഖത്തറിനു തിരിക്കുമ്പോൾ ഏജന്റ് പറഞ്ഞത് രണ്ടു വർഷം കഴിയുമ്പോൾ രണ്ടു മാസത്തെ ലീവും റിട്ടേൺ ടിക്കറ്റും കമ്പനി തരുമെന്നാണ്. പക്ഷേ ആദ്യത്തെ ലീവും മടക്ക ടിക്കറ്റും ലഭിച്ചത് മൂന്നു കൊല്ലമെത്തിയപ്പോൾ.

ആദ്യലീവിന് നാട്ടിലെത്തിയി‌ട്ട് പിന്നെ തിരിച്ചുപോകാൻ തോന്നിയില്ല. പശുവളർത്തലിലൂടെ മാസം ഒരു ലക്ഷം രൂപയ്ക്കു മുകളിൽ വരുമാനമുണ്ടിപ്പോൾ. ചെലവ് കിഴിച്ചാലും മാസം അറുപതിനായിരം രൂപയോളം കയ്യിൽ വരും. സുഖമായി ജീവിക്കാൻ അതു മതി. ഇപ്പോൾ തോന്നുന്നു, നാട്ടിലും മറുനാട്ടിലുമൊക്കെ പത്തു പതിനഞ്ചു കൊല്ലം അലയേണ്ടിയിരുന്നില്ലെന്ന്. കുടുംബത്തോടൊപ്പം നാട്ട‍ിൽ കഴിയാനാകുന്നതു തന്നെ വലിയ കാര്യം,'' ഇടുക്കി ജില്ലയിലെ കരിമണ്ണൂരിനടുത്ത് ചിലവ് ഗ്രാമത്തിലെ പുതുക്കള്ളിൽ ജിൽസന്റെ സന്തോഷം അരികിൽ നിൽക്കുന്ന ഭാര്യ ജൂബിയുടെ മുഖത്തും പടരുന്നു.

ജിൽസൺ തുടരുന്നു, ''95ൽ സ്റ്റെനോഗ്രാഫി പഠിച്ച് ഇൻഡോറിൽ ജോലിക്കെത്തുമ്പോൾ തുച്ഛ ശമ്പളമാണ് ലഭിച്ചത്. അതു മടുത്ത് നാട്ടിലെത്തി ഫീൽഡ് സ്റ്റാഫായി 1997ൽ ജോലിക്കു ചേരുമ്പോൾ ശമ്പളം 1100 രൂപ. പത്തുകൊല്ലം കഴിഞ്ഞ് ജോലി വിടുമ്പോൾ ശമ്പളം 2700 രൂപ. കൊക്കോക്കുരു സംഭരിക്കാനായി രാവിലെ വണ്ടിയിൽ കയറിയാൽ വീട്ടിലെത്തുന്നത് രാത്രി രണ്ടു മണിക്ക്. ഫാബ്രിക്കേഷൻ കോഴ്സ് പഠിച്ചതിന്റെ ബലത്തിൽ ഖത്തറിലെത്തിയപ്പോൾ ശമ്പളം 700 റിയാലാണ്, അതായത് പതിനായിരം രൂപയിൽ താഴെ. അവിടെയും രാപകലില്ലാതെ ജോലി. എങ്കിലും ഓവർടൈമിന് അധികത്തുകയുള്ളതിനാൽ മാസം 25,000 രൂപ നാട്ടിലേക്കയച്ചിരുന്നു.

വായിക്കാം ഇ - കർഷകശ്രീ

മൂന്നു കൊല്ലം കഴിഞ്ഞു ലീവിനു പോരുമ്പോൾ മടങ്ങിപ്പോകണം എന്നുതന്നെയായിരുന്നു മനസ്സിൽ. കൂടെ ജോലിചെയ്യുന്ന ആളെ ജാമ്യം നിർത്തിയേ അന്ന് ലീവു തരൂ. നമ്മൾ തിരിച്ചു ചെന്നില്ലെങ്കിൽ അയാളുടെ ശമ്പളത്തിൽനിന്നു 10,000 രൂപ പിടിക്കും. 2009ൽ ലീവിനു വന്ന നാളുകളിൽ നാട്ടിൽ റബറിനു വില കയറുകയാണ്. അപ്പച്ചന് ഓഹരി കിട്ടിയ രണ്ടര ഏക്കർ സ്ഥലമാണ് കുടുംബസ്വത്തായുള്ളത്. അതു മുഴുവൻ റബറാണ്. ഏക വരുമാനവും അതുതന്നെ. വിലയുള്ളതിനാൽ സ്ലോട്ടർ ടാപ്പിങ്ങിന് അടുത്തെവിടെയെങ്കിലും തോട്ടം കിട്ടുമോയെന്ന് അന്വേഷിച്ചു. കിട്ടു‍കയും ചെയ്തു. ഞാനും അനുജനുമായിരുന്നു വെട്ടുകാർ. റബർഷീറ്റ് വിറ്റപ്പോൾ ആദ്യം ചെയ്തത്, ഗൾഫിൽ എനിക്കു ജാമ്യം നിന്ന സുഹൃത്തിന്റെ വീട്ടിലെത്തി, ഞാൻ മടങ്ങിച്ചെല്ലാത്തതിന്റെ പേരിൽ ശമ്പളത്തിൽനിന്നു പിടിച്ച 10,000 രൂപ വീട്ടുകാർക്കു കൈമാറുകയായിരുന്നു.

റബറിന് ഗംഭീര വിലയായിരുന്നല്ലോ 2011 വരെ. ഓർക്കാപ്പുറത്ത് വിലയിടിയാൻ തുടങ്ങിയെങ്കിലും ദൈവാധീനംകൊണ്ട് ഞങ്ങൾക്ക് ഒരു രൂപ പോലും നഷ്ടം വന്നില്ല. കാരണം വിലയി‌ടിവിനു മുമ്പ് പുതിയ തോട്ടങ്ങൾ തേടിയെങ്കിലും ഒത്തുകിട്ടിയിരുന്നില്ല.

വീട്ടാവശ്യത്തിന് ഒന്നു രണ്ടു പശുക്കൾ പണ്ടേ വീട്ടിലുണ്ട്. പശുവളർത്തൽ പരിചയവുമുണ്ട്. നല്ല ഡിമാൻഡും നിശ്ചിത വിലയുമുള്ള ഉൽപന്നമാണല്ലോ പാല്. ആഴ്ചതോറും മുടങ്ങാതെ വരുമാനം കയ്യിൽ വരും. എങ്കിൽ പിന്നെ പശുവളർത്തൽ വിപുലമാക്കാ‍മെന്ന് ഉറച്ചു.

ഞങ്ങളുടേത് അപ്പച്ചനും അമ്മച്ചിയും ഞാനും ഭാര്യ ജൂബിയും മക്കളും അനുജൻ നെൽസണും ഭാര്യ സിജിയും മക്കളും ചേരുന്ന കൂട്ടുകുടുംബമാണ്. എല്ലാവരും അധ്വാനിക്കാൻ തയാർ. ഫാമിലേക്ക് പണിക്കാരെ തേടേണ്ടിവന്നില്ല.

ആദ്യപടിയായി ഒരേക്കർ സ്ഥലം പാ‌ട്ടത്തിനെടുത്ത് സിഒ3 ഇനം പുല്ല് കൃഷിചെയ്ത‍ു. തണ്ടിന് കട്ടി കുറവ്, നല്ല രുചി. സിഒ4 പക്ഷേ തണ്ടിന് കനം കൂടിയ ഇനമാണ്. മൂത്തുപോയാൽ പശുക്കൾ അത്ര താൽപര്യം കാണിക്കില്ല. സിഒ3 പുൽക്കട വാങ്ങിയപ്പോൾ കുറച്ച് സിഒ4 ഇനവും പെട്ടിരുന്നു. അത് പിന്നീട് ഗുണമായി. തണ്ടിനു കട്ടികുറവുള്ള സിഒ3 കാറ്റുപിടിച്ചാൽ ചായും. കട്ടികൂടിയ സിഒ4 ഇടയ്ക്കു നിന്നാൽ അതിനു തടയാകും. മാത്രമല്ല, കനത്ത മഴയത്ത് സിഒ3 കൂമ്പുകൾ ചീയും. ഉൽപാദനം കുറയും. സിഒ4 ഉള്ളതിനാൽ ആ കുറവ് നികത്താം.

milking-cow-by-jilson-juby യന്ത്രസഹായത്തോടെ കറവ എളുപ്പമാക്കാം

പുല്ലിനു മുഖ്യവളം ചാണകം കലക്കിയതുതന്നെ. ഓരോ തവണയും, മുറിച്ച് പിറ്റ‍േന്നു തന്നെ ഫാമിലെ ചാണകം കലക്കി ഒഴിക്കും. വളർച്ച കുറവെന്നു കണ്ടാൽ യൂറിയയും നൽകും.

പുല്ല് വളർന്ന് രണ്ടര മാസംകൊണ്ട് ആദ്യത്തെ മുറിക്കലിനു പാകമായപ്പോഴേക്കും അഞ്ചു പശുക്കൾക്ക് നിൽക്കാവുന്ന തൊഴുത്തു പണിതു. കറവ കുറഞ്ഞ രണ്ടു പശുക്കളെയും വി‍റ്റ് ഒരു നേരം ശരാശരി പത്തു ലീറ്റർ കിട്ടുന്ന അഞ്ചു പശുക്കളെ വാങ്ങി. ജഴ്സിയും എച്ച്എഫും ഇനങ്ങൾ. വാങ്ങിയതു നാട്ടിൽനിന്നു തന്നെ. നല്ല പശുക്കളെ നാ‌ട്ടിലധികം കിട്ടാനില്ല. ലീറ്ററിന് 5000 രൂപ കണക്കിൽ പത്തു ലീറ്റർ കറവയുള്ളതിന് 50,000 രൂപയ്ക്കു മുകളിൽ വിലവരും.

രണ്ടും മൂന്നും പ്രസവിച്ച പശുക്കളെയാണ് വാങ്ങിയത്. നല്ല പശുക്കളെ ഒത്തുകിട്ടിയാൽ അവയെ പിന്നെ മാറ്റില്ല. ആരോഗ്യമുള്ളവയെ പത്തു പ്രസവം വരെ നിർത്താം. ഒരിക്കൽ അസുഖം ബാധിച്ചവയ്ക്കു പിന്നീടും അസുഖങ്ങൾ വരും. അവയെ മാറ്റുന്നതുതന്നെ നല്ലത്.

ഒരുപാട് പണം മുടക്കി ഫാം ഹൈടെക് ആക്കാനൊന്നും മെനക്കെട്ടില്ല. ചെറിയ സംരംഭമാകുമ്പോൾ തുടക്കത്തിൽ വലിയ മുതൽമുടക്ക് ബുദ്ധിയല്ല. വൃത്തിയുള്ള സാഹചര്യം, ആരോഗ്യവും മികച്ച ഉൽപാദനവുമുള്ള പശുക്കൾ, അവയാണ് പ്രധാനം. കറവ കഴിഞ്ഞ് കാലിത്തീറ്റയും പരുത്തിക്കുരുപ്പിണ്ണാക്കും ചോളത്തവി‌ടും ചോളപ്പൊ‌ടിയും കടലപ്പിണ്ണാക്കും ചേർന്ന കാലിത്തീറ്റ നൽകും. പിന്നീട് വയർ നിറയെ തീറ്റപ്പുല്ലും. കൂട്ടത്തിൽ പറയട്ടെ, കാലിത്തീറ്റ വില അടുത്ത കാലത്ത് മൂന്നു തവണ‍യാണ് കൂടിയത്. അക്കാര്യത്തിൽ സർക്കാർ ശ്രദ്ധ വച്ചാൽ ഉപകാരം. പരുത്തിക്കുരുപ്പിണ്ണാക്കിന് കഴിഞ്ഞ വർഷം ചാക്കിന് 1600 രൂപയായിരുന്നത് 2100 രൂപയായി. 900 രൂപയായിരുന്ന ചോളത്തവിടിന്റെ വില 1100 രൂപയും. ഇതിനൊക്കെ നിയന്ത്രണമുണ്ടായിരുന്നെങ്കിൽ നന്ന‍ായിരുന്നു.

ഡെയറിഫാം തുടങ്ങി കുറച്ചുകാലം കഴിഞ്ഞപ്പോൾതന്നെ തൊഴുത്ത് വലുതാക്കി. പശുക്കളുടെ എണ്ണം പത്തായി ഉയർത്തി. ഏഴു പശുവെങ്കിലും എപ്പോഴും കറവയിലുണ്ടാവുംവിധമാണ് ചെന പിടിപ്പിക്കുക. അതുകൊണ്ട് പ്രതിദിന ഉൽപാദനം ശരാശരി 110 ലീറ്ററായി തുടരും. 20 ലീറ്റർ പാലിനു ചുറ്റുവട്ടത്തുതന്നെ ആവശ്യക്കാരുണ്ട്. ബാക്കി നൽകുന്നത് കോതമംഗലം രൂപതയുടെ കീഴിലുള്ള ക്ഷീരസംഘമായ ജീവ മിൽക്കിനാണ്. ചിലവിൽത്തന്നെ ജീവയുടെ പാൽസംഭരണകേന്ദ്രമുണ്ട്. ലീറ്ററിന് 31–32 രൂപ വില ലഭിക്കും. കഴിഞ്ഞ വേനലിൽ രണ്ടുമാസമളന്ന പാലിന് വേനൽക്കാല ഇൻസെന്റീവായി ലീറ്ററിന് രണ്ടര രൂപ അധികം ലഭിച്ചു. ഓണക്കാലത്ത് രണ്ടു മാസം ഓണസമ്മാനമായി ലീറ്ററിന് മൂന്നര രൂപയും അധികം ലഭിച്ചു. ഒന്നിച്ചൊരു തുക കിട്ടുന്നതു ചെറിയ കാര്യമല്ലല്ലോ. മിൽമയ്ക്കും ചെറിയ അളവിൽ പാലു നൽകുന്നുണ്ട്. എന്നാൽ ഇത്രത്തോളം ഗുണകരമല്ലെന്ന് പറയാതെ വയ്യ.

പത്തു ദിവസത്തെ തീ‍റ്റ ഒന്നിച്ചാണ് വാ‍ങ്ങാറ്. പത്തു പശുക്കൾക്ക് പത്തു ദിവസത്തേക്ക് 15,000 രൂപ തീറ്റച്ചെലവു വരും. ഒരു മാസം 45,000 രൂപ. മരുന്ന്, മറ്റു പോഷകങ്ങൾ, അനുബന്ധച്ചെലവുകൾ എന്നിവയെല്ലാം കൂട്ടിയാലും 50,000 രൂപയിലൊതുങ്ങും. അത്രയും തന്നെ ലാഭവും.

ഫാം തുടങ്ങി ഏതാനും മാസം കഴിഞ്ഞപ്പോൾ അനിയന് കെഎസ്ആർടിസിയിൽ ഡ്രൈവറായി ജോലി കിട്ടി. അടുത്തുള്ള ഡിപ്പോയിലാണിപ്പോൾ. ഒന്നിടവിട്ട ദിവസങ്ങളിലാണു ഡ്യൂ‌ട്ടി. ഒഴിവുദിവസങ്ങളിൽ അവനും ഫാമിലുണ്ടാവും. ഈ വർഷം കുറച്ച് റബർ സ്ലോട്ടറിനെടുത്തിട്ടുണ്ട്. ഞങ്ങൾ രണ്ടുപേരും ചേർന്നാണ് വെട്ട്.

ഇക്കൊല്ലം തീറ്റപ്പുല്ലുകൃഷി രണ്ടരയേക്കറിലാണ്. പത്തു പശുക്കൾക്ക് വർഷം മുഴുവൻ തിന്നാൻ ഒരേക്കറിലെ പുല്ലു മതി. ബാക്കി മറ്റു ഫാമുകൾക്ക് വിൽക്കാനാണ് ഉദ്ദേശ്യം. ഒപ്പം നെയ്യ്, തൈര്, മോര് എന്നിവ വിപണിയിലെത്തിക്കാനും പദ്ധതിയുണ്ട്. കൂട്ടുകുടുംബമായതുകൊണ്ടും എല്ലാവരും എല്ലാ ജോലികളും ചെയ്യുന്നതുകൊണ്ടുമാണ് എല്ലാം നടക്കുന്നത്. കുടുംബം ഒരു മനസ്സോ‌ടെ അധ്വാനിച്ചാൽ ഡെയറി ഫാം ലാഭമെന്നു തീർച്ച. അതുകൊണ്ട‍ുതന്നെ ഇടുക്കി ജില്ലയിൽ പശുവളർത്തൽ കൂടിയിട്ടുണ്ട്. റബറിന്റെ കാര്യം പരുങ്ങലിലായതാണ് കാര്യം. ഒന്നും രണ്ടും പശുക്കൾ ഉണ്ട‍ായിരുന്നവർ ഞങ്ങളെപ്പോലെ എണ്ണം കൂട്ടി. പലരും പശുവളർത്തൽ തുടങ്ങി.''

കഥ പറഞ്ഞുനിന്ന് പശുക്കളുടെ കാര്യം മുടങ്ങരുതല്ലോ. ജിൽസണും ജൂബിയും മുറിച്ചിട്ടിരിക്കുന്ന പുല്ലു വാരിയെടുത്ത് പുൽത്തൊട്ടിക്കു നേരെ നടന്നു. പച്ചപ്പുല്ലിലേക്കു നോക്കി 'വേഗം വാ' എന്ന് പശുക്കൾ അക്ഷമരായി.

ഫോൺ– 9961145430