Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയനാടൻ മുട്ട മേളം

student-egg

തട്ടുകേടില്ലാത്ത മുട്ട തരക്കേടില്ലാത്ത ആദായമാണിപ്പോൾ വയനാട്ടിലെ കർഷകർക്ക്.വില കുറഞ്ഞ വരവു മുട്ടകൾക്കിടയിലും നമ്മുടെ നാടൻ മുട്ടകൾ വലിയ മാർക്കറ്റ് നേടിക്കഴിഞ്ഞു. ചെലവിനനുസരിച്ചുള്ള ലാഭമില്ലെങ്കിലും അടുക്കളപ്പുറത്തെ കോഴി വളർത്തൽ പോലുള്ള ചെറു സംരംഭങ്ങൾ വട്ടച്ചെലവിന് കാശു തരുന്നവയാണെന്ന് വീട്ടമ്മമാരും തിരിച്ചറിഞ്ഞു കഴിഞ്ഞു.

മുട്ടയുൽപാദനത്തിനായി മൃഗസംരക്ഷണ വകുപ്പ് ഇന്ന് പല പദ്ധതികളും ആവിഷ്കരിച്ചു വരികയാണ്.

വയനാട്ടിലെ മുട്ടയുൽപാദനം വർഷത്തിൽ ഒൻപതു കോടി

ജില്ലയിലെ മാത്രം മുട്ടയുൽപാദനം ഇപ്പോൾ വർഷത്തിൽ ഒൻപതു കോടിയാണ്. നമ്മുടെ കടകളിൽ നിന്ന് സാധാരണയായി ലഭിക്കുന്ന വൈറ്റ് ലഗോൺ കോഴികളുടെ വരവു മുട്ട (വെള്ളമുട്ട) ഇതിൽ പെടുന്നില്ല. നാടൻ കോഴികളുടെയും ഇപ്പോൾ പ്രചാരത്തിലായിട്ടുള്ള സങ്കര ഇനങ്ങളുടെയും ഉൽപാദനമാണ് ഒൻപതു കോടി.

മൃഗസംരക്ഷണ വകുപ്പിന്റെ കണക്കു പ്രകാരം കൃത്യമായി പറഞ്ഞാൽ 8,99,74,200 എണ്ണം. ഇതിൽ നാടൻ മുട്ടകൾ 1,38,76000 ഉം സങ്കര ഇന മുട്ടകൾ 7,60,98,200 ഉം വരും. കേരളത്തിന്റെ മൊത്തം മുട്ടയുൽപാദനം ഇപ്പോൾ 232 കോടി എണ്ണമാണ്. ഇതിൽ നാടൻ 87 കോടിയും സങ്കര ഇനം 145 കോടിയും വരും. എന്നാൽ ഇതിലും എത്രയോ ഇരട്ടിയാണ് നാമക്കലിൽ നിന്നും മറ്റും നമ്മുടെ മാർക്കറ്റിലെത്തുന്ന വൈറ്റ് ലഗോൺ മുട്ടകൾ.

വയനാട്ടിൽ കോഴികൾ മൂന്നേമുക്കാൽ ലക്ഷം

ജില്ലയിൽ നാടനും സങ്കര ഇനവുമായി നടപ്പു കണക്ക് അനുസരിച്ച് 3,75,500 മുട്ടക്കോഴികളാണ് ഉള്ളത്. ഇതിൽ നാടൻ 76900 ഉം സങ്കര ഇനം 2,98,600 ഉം വരും. കേരളത്തിലാകട്ടെ ഒരു കോടി ഒൻപതു ലക്ഷം കോഴികളാണ് ആകെയുള്ളത്. നാടൻ കോഴികൾ 51 ലക്ഷവും സങ്കര ഇനം 58 ലക്ഷവും.

ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന്റെ മുട്ട പദ്ധതികൾ

1. അനിമൽ വെൽഫെയർ ക്ലബ് ഇൻ സ്കൂൾ

സ്കൂൾ വിദ്യാർഥികളിൽ മൃഗസംരക്ഷണ ബോധം വളർത്തുക, മൃഗക്ഷേമ അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. പഠനത്തോടൊപ്പം വരുമാനവും എന്ന ആകർഷണവും ഇതിനുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി നടവയൽ, വാകേരി, പടിഞ്ഞാറത്തറ സ്കൂളുകളിൽ ഇത് നടപ്പാക്കി വരുന്നു.

വിദ്യാർഥികൾക്ക് മുട്ടക്കോഴികളെ നൽകുകയും മുട്ടയിൽ നിന്ന് ലഭിക്കുന്ന വരുമാനം സ്കൂളിനും വിദ്യാർഥികൾക്കും പദ്ധതിയുടെ തുടർ നടത്തിപ്പിനുമായി എടുക്കുകയും ചെയ്യുന്നു. 50 കുട്ടികളാണ് ഓരോ സ്കൂളിലെയും ക്ലബിലുള്ളത്. അഞ്ചു കോഴി വീതമാണ് ഓരോ വിദ്യാർഥിക്കും നൽകുന്നത്. കുറഞ്ഞത് 100 മുട്ടകൾ പദ്ധതിയുടെ തുടർ നടത്തിപ്പിനായി ഓരോ കുട്ടിയും സ്കൂളിലെത്തിച്ച് നൽകണം.

2. പൗൾട്രി ക്ലബ്

ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും രണ്ടു സ്കൂളുകളിൽ വീതം പൗൾട്രി ക്ലബ് പ്രവർത്തിക്കുന്നു. 50 വിദ്യാലയങ്ങൾ ഈ സ്കീമിലുണ്ട്. മുട്ടക്കോഴിയും കോഴിത്തീറ്റയും ഇവിടെ വിതരണം ചെയ്യുന്നു. അഞ്ചു വർഷമായി ജില്ലയിൽ പ്രവർത്തിക്കുന്ന പൗൾട്രി ക്ലബുകൾ വഴി മുട്ടയുൽപാദനത്തിൽ പുതിയ തലമുറയുടെ പങ്കാളിത്തവും ഉറപ്പാക്കപ്പെടുന്നു.

മുട്ട സംരംഭങ്ങൾ

വിപണിനാമത്തിൽ മുട്ട പുറത്തിറക്കുന്ന സംഘങ്ങളും ജില്ലയിലുണ്ട്. പൂതാടി ഗ്രാമ പഞ്ചായത്തിലെ ഇരുനൂറ്റിയൻപതോളം കുടുംബശ്രീ അംഗങ്ങൾ സങ്കരയിനം കോഴികളെ വളർത്തി മുട്ട ശേഖരിച്ച് ഗ്രീൻ എഗ്സ് എന്ന മുദ്രണത്തോടെ 10 മുട്ടകളടങ്ങിയ പായ്ക്കറ്റുകൾ വിപണിയിലെത്തിക്കുന്നുണ്ട്.

മാതൃകാ ഗ്രാമ പഞ്ചായത്ത് പദ്ധതി പ്രകാരം നാലു ലക്ഷം രൂപ വിനിയോഗിച്ച് പൂതാടി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഇത്തരത്തിൽ എഗ് കോസ് സൊസൈറ്റികൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഇരുളം മൃഗാശുപത്രി വെറ്റിറിനറി സർജൻ ഡോ. കെ.എസ്. പ്രേമൻ പറഞ്ഞു. പടിഞ്ഞാറത്തറയിൽ കുടുംബശ്രീകൾ ചേർന്ന് ബാപ്കോസ് എന്ന മുദ്രണത്തിൽ അടുക്കളമുറ്റത്ത് അഴിച്ചു വിട്ടു വളർത്തുന്ന കോഴിയിടുന്ന മുട്ട എന്ന അറിയിപ്പോടെ ഫ്രീ റേഞ്ചു മുട്ടകൾ ‘ബയോ ഫ്രഷ് എഗ്സ്’ എന്ന പേരിൽ വിപണിയിൽ എത്തിക്കുന്നു.

കർഷകർക്കായി പുതിയ ഇനം കോഴികൾ

ഗ്രാമശ്രീ, ഗ്രാമപ്രിയ – അടുക്കള മുറ്റത്ത് അഴിച്ചു വിട്ടു വളർത്താൻ മികച്ചത്. രോഗ പ്രതിരോധ ശേഷി കൂടുതൽ, വർഷത്തിൽ 180– 200 മുട്ട. –അതുല്യ– അടുക്കള മുറ്റത്ത് അഴിച്ചു വിടാം. രോഗ പ്രതിരോധ ശേഷി അൽപം കുറവ്. വർഷത്തിൽ 250 –280 മുട്ട.–കലിംഗ ബ്രൗൺ– മുട്ടയ്ക്കൊപ്പം ഇറച്ചിക്കോഴിയായും വളർത്താം. രണ്ടര കിലോ വരെ തൂക്കം വയ്ക്കും. വർഷത്തിൽ 150 മുട്ട –ബിവി – 380 അത്യുൽപാദന ശേഷിയുള്ള കോഴികൾ. അടുക്കളമുറ്റത്ത് അഴിച്ചു വിട്ടും കൂട്ടിലിട്ടും വളർത്താം. വർഷത്തിൽ 300 മുതൽ 320 വരെ മുട്ട ലഭിക്കും.

മുട്ടയെ അറിയുക

മുട്ടയെ എത്ര അറിഞ്ഞാലും മുട്ടയോ കോഴിയോ ആദ്യം എന്നത് അറിയുക അൽപം ബുദ്ധിമുട്ടു തന്നെയെന്ന് വിദഗ്ധരും ചിരിച്ചു കൊണ്ട് പറയും.കുറഞ്ഞ വിലയിൽ കൂടുതൽ പ്രോട്ടീൻ ലഭ്യമാക്കുന്ന വിലക്കുറവുള്ള ഭക്ഷ്യവസ്തു എന്ന് എളുപ്പത്തിൽ മുട്ടയെപ്പറ്റി പറയാം. മുട്ടയുടെ വെള്ള– സെലിനിയം, വൈറ്റമിൻ ഡി, ബി– 6. ബി– 12 എന്നിവയാൽ സമ്പുഷ്ടം,മുട്ടയുടെ മഞ്ഞക്കരു– ലെസിനിൻ, വൈറ്റമിൻ എ, ഡി, ഇ, കെ എന്നിവ നിറഞ്ഞത്.

മാംസ്യം കൂടുതലും വെള്ളയിലും കൊഴുപ്പും ഊർജവും മഞ്ഞക്കരുവിലുമാണ്. എട്ട് അമിനോ ആസിഡുകൾ അടങ്ങിയ മുട്ട ഒരു സമ്പൂർണ മാംസ്യാഹാരമാണ്. കോഴിക്ക് നൽകുന്ന തീറ്റയുടെ അളവനുസരിച്ച് മുട്ടയിലടങ്ങിയിരിക്കുന്ന ഒമേഗ –3 ഫാറ്റി ആസിഡിന്റെ തോതും കൂടും. മഞ്ഞൾ, നിറവും രുചിയും വർധിപ്പിക്കാൻ കോഴിത്തീറ്റയിൽ കാരറ്റ്, തുളസിയില, തഴുതാമ, കൊടകനില, കീഴാർനെല്ലി എന്നിവ ഉൾപ്പെടുത്തിയാൽ വിപണിയിൽ നല്ല പ്രിയം ലഭിക്കും. ഇത്തരത്തിലുള്ള മുട്ട ഉൽപാദക കേന്ദ്രങ്ങൾ ജില്ലയിൽ നിലവിലുണ്ട്.

child-hen

മുട്ടയിലെ കൊളസ്ട്രോൾ

മുട്ട ഒരു കൊളസ്ട്രോൾ ബോംബൊന്നുമല്ലെന്നാണ് മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാരുടെ അഭിപ്രായം. ഒരു വലിയ മുട്ടയിൽ 186 മില്ലി ഗ്രാം കൊഴുപ്പ് മാത്രമാണ് അടങ്ങിയിരിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണ രീതിയിൽ നിന്ന് മുട്ടയെ ഒരിക്കലും ഒഴിവാക്കേണ്ട കാര്യമില്ലെന്ന് പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രം അസിസ്റ്റന്റ് പ്രോജക്ട് ഓഫിസർ ഡോ. അനിൽ സഖറിയ പറയുന്നു. രക്തത്തിലെ കൊഴുപ്പ് ഉയർത്തുന്നതിൽ മുട്ടയുടെ പങ്ക് കുറവാണെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുമുണ്ട്.

കോഴിക്കു പുറമെ

കോഴിക്കു പുറമെ ടർക്കി, താറാവ്, കാട, വാത്ത, യമു എന്നിയെയും കർഷകർ വളർത്തുകയും മുട്ട ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. കാട. താറാവ് എന്നിവ ഒഴികെയുള്ളവയുടെ മുട്ടയുടെ ലഭ്യത വളരെ കുറവാണ്.

വിവരങ്ങൾക്ക്

മുട്ടക്കോഴികൾക്കും കൂടുതൽ വിവരങ്ങൾക്കും അതത് പ്രദേശങ്ങളിലെ മൃഗ സംരക്ഷണ ഓഫിസുകളുമായി കർഷകർക്ക് ബന്ധപ്പെടാവുന്നതാണ്.

Your Rating: