Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഗ്ഗർ നഴ്സറികൾ പ്രതിസന്ധിയിൽ

hen-poultry-farm

കേരളത്തിലെ കാലാവസ്ഥയും മറ്റു സാഹചര്യങ്ങളും വാണിജ്യാടിസ്ഥാനത്തിലുള്ള മുട്ടക്കോഴി വളർത്തലിന് അനുകൂലമല്ലെന്നു ചൂണ്ടിക്കാട്ടുന്നു, തിരുവല്ല പക്ഷിരോഗനിർണയകേന്ദ്രത്തിലെ അസി. ഡയറക്ടർ ഡോ. സിസി ഫിലിപ്പ്. ഈർപ്പനില (ഹ്യുമിഡിറ്റി) കൂടിയ കേരളത്തിലെ കാലാവസ്ഥയിൽ വൻകിട വാണിജ്യസംരംഭങ്ങൾ അസാധ്യം. ഉയർന്ന തീറ്റച്ചെലവും സ്ഥലദൗർലഭ്യവുമൊക്കെ പ്രതികൂല ഘടകങ്ങൾ. ജനസാന്ദ്രതയേറിയ സംസ്ഥാനത്ത് അയൽവാസികളുടെ എതിർപ്പുമൂലം ഇന്ന് എഗ്ഗർ നഴ്സറികൾപോലും പ്രതിസന്ധിയിലാണെന്ന് സിസി ഫിലിപ്പ് പറയുന്നു. മലിനീകരണ നിയന്ത്രണം സംബന്ധിച്ച നിയമങ്ങളിലെ അവ്യക്തത മൂലം എഗ്ഗർ നഴ്സറി സംരംഭകർ നെട്ടോട്ടമോടുകയാണ്. മലിനീകരണ നിയന്ത്രണ ബോർഡ് ഇതു സംബന്ധിച്ച നിബന്ധനകളിൽ വ്യക്തത വരുത്തുകയും സംരംഭകരുടെ ആശയക്കുഴപ്പം തീര്‍ക്കുകയും വേണം. അല്ലെങ്കിൽ ഉള്ള നഴ്സറികൾകൂടി നിലയ്ക്കുകയും മുട്ടക്കോഴി ദൗർലഭ്യം അതിരൂക്ഷമാവുകയും ചെയ്യും.

എഗ്ഗർ നഴ്സറികൾ നേരിടുന്ന പ്രശ്നങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് മലിനീകരണ നിയന്ത്രണം സംബന്ധിച്ച ആശയക്കുഴപ്പമെന്ന് കോട്ടയം കുമരകത്തെ ആറ്റുചിറ നഴ്സറിയുടമ എ.എസ്. സുനിൽ. ശേഷിക്കനുസരിച്ചു കോഴിക്കുഞ്ഞുങ്ങളെ ലഭ്യമല്ലെന്നതാണ് നഴ്സറികൾ നേരിടുന്ന പ്രധാന പ്രശ്നം. കഴിഞ്ഞ വർഷം തനിക്ക് ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി, മണർകാട് പൗൾട്രി ഫാം, മണ്ണുത്തിയിലെ സർവകലാശാല ഫാം എന്നിവിടങ്ങളിൽനിന്ന് 15,000 കുഞ്ഞുങ്ങളെ ലഭിച്ചപ്പോൾ ഇക്കൊല്ലം കിട്ടിയത് 6000 കുഞ്ഞുങ്ങളെ മാത്രം. കോട്ടയം ജില്ലയില്‍തന്നെ 40 അംഗീകൃത നഴ്സറികളുണ്ട്. എന്നാൽ ഇവയുടെ പ്രധാന സ്രോതസ്സായ മണർകാട് ഫാമിൽ ശേഷിക്കനുസൃതമായി ഉൽപാദനമില്ല. സംസ്ഥാനത്തെ മിക്ക ഹാച്ചറികളിലും ഫാമുകളിലും ഇതാണ് സ്ഥിതി. പേരന്റ് സ്റ്റോക്കിന്റെ കുറവാണ് പ്രധാന കാരണം. കുഞ്ഞുങ്ങളുടെ ദൗർലഭ്യം നഴ്സറികളുടെ നിലനിൽപ്പുതന്നെ അപകടത്തിലാക്കുന്നു. ജില്ലാ അസോസിയേഷൻ മുൻകൈയെടുത്ത് എല്ലാ സംരംഭകർക്കും ലഭ്യതയ്ക്കും വിതരണത്തിനും അവസരമൊരുക്കിയാണ് തൽക്കാലം പിടിച്ചുനില്‍ക്കുന്നത്.

ഇവിടെ വേണ്ടത്ര ലഭ്യമല്ലാത്തതിനാൽ അയൽ സംസ്ഥാനങ്ങളിൽനിന്നു കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവന്നു വളർത്തുന്നുവെന്ന ആരോപണം നിഷേധിക്കുന്നു സുനിൽ. സർക്കാർ ഫാമുകളിൽനിന്ന് എടുത്തവയാണെന്നതിന്റെ രേഖകൾ വെറ്ററിനറി ഡോക്ടറെ കാണിച്ചു സാക്ഷ്യപ്പെടുത്തിയാലേ കോഴികളെ പദ്ധതികളിൽ വിതരണം ചെയ്യാനാവുകയുള്ളൂ. പദ്ധതിക്കു പുറത്തു നേരിട്ടുള്ള വിൽപന നാമമാത്രമാണുതാനും. ഇക്കാരണങ്ങളാൽ ഈ മേഖലയാകെ തകർച്ചയിലേക്കു നീങ്ങുമ്പോഴാണ് മലിനീകരണ നിയന്ത്രണം സംബന്ധിച്ച ഭീഷണിയും രൂക്ഷമാകുന്ന തെരുവുനായശല്യവും. നായ ആക്രമണത്തിൽ തനിക്ക് ഇരുനൂറോളം കോഴികളെ നഷ്ടപ്പെട്ടെന്നു സുനിൽ. സംസ്ഥാനത്താകെ നൂറുകണക്കിനു കോഴികൾ ദിവസവും നായകൾക്ക് ഇരയാകുന്നുണ്ട്.