Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാടു വാഴുമോ നാടൻ മുട്ട

eggs ചിത്രം: കെ.സി. സൗമിഷ്

വട്ടംകുളവും കഞ്ഞിക്കുഴിയും കൊട്ടിയവും കേരളത്തിൽ മുട്ടക്കോഴിവളർത്തലിന്റെ പ്രശ്നങ്ങളും സാധ്യതകളും വ്യക്തമാക്കുന്ന പാഠങ്ങൾ.

മലപ്പുറം ജില്ലയിലെ വട്ടംകുളം പഞ്ചായത്തിനെ മുട്ടഗ്രാമമായി മാറ്റിയ ഗ്രാമശ്രീ പദ്ധതിയുടെ തുടക്കം 2008ലാണ്. പഞ്ചായത്തും കുടുംബശ്രീയും മൃഗസംരക്ഷണ വകുപ്പും കേരള വെറ്ററിനറി സർവകലാശാലയും ചേർന്നു നടത്തിയ പദ്ധതിക്കു മുന്നോടിയായി നടത്തിയ സർവേയിൽ അന്നു പഞ്ചായത്തിലുണ്ടായിരുന്നത് 6896 മുട്ടക്കോഴികൾ. പ്രതിദിന ഉൽപാദനം വെറും രണ്ടായിരത്തോളം മുട്ടകൾ.

hens ചിത്രം: കെ.സി. സൗമിഷ്

വീട്ടുമുറ്റത്തെ കോഴിവളർത്തലിനു മുൻഗണന നൽകിയ പദ്ധതിപ്രകാരം 10 കോഴികൾ വീതമുള്ള 1909 യൂണിറ്റുകളാണ് വിതരണം ചെയ്തത്. ഗ്രാമശ്രീ, ഗ്രാമലക്ഷ്മി, ഗ്രാമപ്രിയ എന്നീ സങ്കരയിനം കുഞ്ഞുങ്ങളെ വെറ്ററിനറി സർവകലാശാല നൽകി. ഒരു വർഷം പിന്നിട്ടപ്പോഴേക്കും പ്രതിദിന മുട്ട ഉൽപാദനം പതിനായിരം കവിഞ്ഞു. മൃഗസംരക്ഷണ വകുപ്പും പഞ്ചായത്തും ചേർന്നുള്ള മുട്ടക്കോഴി വളർത്തൽ പദ്ധതി എല്ലാ വർഷവും മുടങ്ങാതെ തുടരുന്നതിനാൽ പഞ്ചായത്ത് ഇപ്പോൾ കോഴിമുട്ട ഉൽപാദനത്തിൽ ഏറെക്കുറെ സ്വയംപര്യാപ്തമാണെന്നും കുറഞ്ഞതു 15,000 മുട്ട പ്രതിദിന ഉൽപാദനമുണ്ടെന്നും വട്ടംകുളത്തു വെറ്ററിനറി സർജനായിരിക്കെ, ഗ്രാമശ്രീ പദ്ധതിക്കു ചുക്കാൻ പിടിച്ച ഡോ. വി.കെ.പി മോഹൻകുമാര്‍ സാക്ഷ്യപ്പെടുത്തുന്നു. സീനിയർ വെറ്ററിനറി സർജനായി ഡോ. മോഹൻകുമാർ ഇന്നും വട്ടംകുളത്തെ കോഴിവളർത്തലുകാരായ വീട്ടമ്മമാർക്കു താങ്ങും തണലുമായി ഒപ്പമുണ്ട്.

വട്ടംകുളത്തിന്റെ വിജയരഹസ്യമെന്തെന്ന ചോദ്യത്തിനു മോഹൻകുമാറിനു വ്യക്തമായ ഉത്തരങ്ങളുണ്ട്.

ഭൂരിപക്ഷവും സാധാരണക്കാരായ വീട്ടമ്മമാരാണ് സംരംഭകർ. അവരുടെ സാഹചര്യവും താൽപര്യവും സര്‍വേയിലൂടെ മനസ്സിലാക്കി പറ്റിയ പദ്ധതി രൂപകൽപന ചെയ്തതു തന്നെ ഏറ്റവും പ്രധാനം. നിലവിലുള്ള നാടൻ കോഴികളെ തുടര്‍ന്നും വളര്‍ത്തുന്നതിൽ മിക്കവരും താൽപര്യം കാണിച്ചില്ല. വിപണിയിൽനിന്നു തീറ്റ വാങ്ങിക്കൊടുത്തു സങ്കരയിനങ്ങളെ വളർത്തുന്നതിനോടും താൽപര്യമില്ലെന്നു സർവേയിൽ വ്യക്തമായി. അങ്ങനെയാണ് സങ്കരയിനങ്ങളെ വീട്ടുമുറ്റത്ത് അഴിച്ചുവിട്ടു വളർത്തുന്ന രീതിയാകാമെന്നു നിശ്ചയിച്ചത്.

പദ്ധതി അവധാനതയോടെ നടപ്പാക്കിയതും ഗുണമേന്മയുറപ്പാക്കിയ കോഴിക്കുഞ്ഞുങ്ങളെ യഥാസമയം ലഭ്യമാക്കിയതുമാണ് മറ്റൊരു കാര്യം. പ്രതിരോധകുത്തിവയ്പുകളും മറ്റും യഥാസമയം നടത്തിയ കോഴിക്കുഞ്ഞുങ്ങളെ കേരള വെറ്ററിനറി സർവകലാശാല നേരിട്ടു നൽകുകയായിരുന്നു ആദ്യഘട്ടത്തിൽ. തുടർന്നും കുഞ്ഞുങ്ങളെ വേണ്ടിവന്നപ്പോൾ പഞ്ചായത്തിൽതന്നെ കുടുംബശ്രീയുടെ ചുമതലയിൽ രണ്ട് എഗ്ഗർ നഴ്സറികൾ തുടങ്ങി. സർവകലാശാലയിലെ വിദഗ്ധരും വെറ്ററിനറി ഡോക്ടറും അവയുടെ പ്രവർത്തനത്തിനു നേരിട്ടു മേൽനോട്ടം വഹിച്ചതിനാൽ ഗുണമേന്മ ഉറപ്പാക്കാനായി.

khayarunnisa-with-chicks വട്ടംകുളത്ത് എഗ്ഗർ നഴ്സറി നടത്തുന്ന ഖയറുന്നീസ കോഴിക്കുഞ്ഞുങ്ങളുമായി സ്കൂളിലേക്ക്. ചിത്രം: കെ.സി. സൗമിഷ്

ഒരു സാധാരണ കുടുംബത്തിൽ ലഭ്യമാകുന്ന ഭക്ഷണാവശിഷ്ടങ്ങളും കൊത്തിപ്പെറുക്കി നടക്കാനുള്ള സ്ഥലസൗകര്യവും നോക്കിയാണ് ഒരു യൂണിറ്റിൽ പത്തു കോഴിക്കുഞ്ഞുങ്ങള്‍ എന്നു നിശ്ചയിച്ചത്. അതിൽ ഏഴെണ്ണമെങ്കിലും അതിജീവിച്ച് ഉൽപാദനത്തിലെത്തും.

കൃത്യമായ തുടർനിരീക്ഷണവും നടപടികളുമുണ്ടായതും വിജയത്തിനു കാരണമായെന്നു ഡോ. മോഹൻ. ആണ്ടിൽ 180–200 മുട്ടയിടാൻ ശേഷിയുള്ള ഇനങ്ങളെയാണ് ഇവിടെ വിതരണം ചെയ്തിട്ടുള്ളത്. യൂണിവേഴ്സിറ്റി ഫാമുകളിൽ 200 മുട്ടവരെ ഉൽപാദിപ്പിക്കുക സാധ്യമാണെങ്കിലും വീട്ടുമുറ്റത്തെ വളർത്തലിൽ പരമാവധി 180 മുട്ടയാണ് ലഭിക്കുന്നത്. വേണ്ടത്ര സമീകൃത തീറ്റയും പരിചരണവും ലഭിച്ചാൽ ഇവ 22–23 ആഴ്ചയാകുമ്പോൾ മുട്ടയിട്ടു തുടങ്ങും. മുട്ടയിടാൻ പ്രായമായ കോഴിക്ക് യോജിച്ച ഭാരം 1.8 കിലോയാണ്. ഇതു രണ്ടു കിലോ വരെയാകാം. എന്നാൽ അന്നജം കൂടുതലുള്ള തീറ്റ (അരി, ഗോതമ്പ് തുടങ്ങിയവ) കൂടുതൽ കഴിച്ചാൽ തൂക്കം കൂടും. മുട്ടയിടീൽ കുറയും. വിദഗ്ധർ ഓരോ വീട്ടിലും കയറിയിറങ്ങിയും ഇടയ്ക്കിടെ കൂട്ടായ്മകൾ വിളിച്ചും ഇക്കാര്യങ്ങൾ ധരിപ്പിച്ചു. ശാസ്ത്രീയ പരിപാലനരീതികൾ പഠിപ്പിച്ചുകൊടുത്തു. കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാട്ടി പരിഹരിച്ചു. തെരുവുനായ്ക്കളുടെ ശല്യം സംരംഭങ്ങൾക്കു ഭീഷണിയായി മാറിയപ്പോൾ വർഷത്തിൽ രണ്ടു തവണ പട്ടിപിടിത്തംവരെ നടത്തിയിരുന്നു പ‍ഞ്ചായത്ത്.

mandaravalappil-sailaja മന്ദാരവളപ്പിൽ ശൈലജ. ചിത്രം: കെ.സി. സൗമിഷ്

മന്ദാരവളപ്പിൽ ശൈലജയും കൊടയിക്കൽ ലതയുമൊക്കെ സ്വന്താവശ്യം കഴിഞ്ഞു മുട്ട വിൽക്കുന്നുമുണ്ട്. 20 കോഴികളുള്ള ശൈലജയ്ക്കു ദിവസം കുറഞ്ഞത് പത്തു മുട്ട കിട്ടും. വീട്ടാവശ്യം കഴിഞ്ഞുള്ളത് അയൽക്കാർ വാങ്ങുന്നു. ഒരു മുട്ടയ്ക്ക് ഒമ്പതു രൂപ വരെ കിട്ടുന്നുണ്ട്.

ആദ്യഘട്ടത്തിൽ മുട്ടവിപണനത്തിൽ ചില പ്രശ്നങ്ങളുണ്ടായി. തുടർന്നു മൃഗസംരക്ഷണ വകുപ്പ് ഒരു മുട്ട സംഭരണ, വിതരണ സ്റ്റാൾ തുറക്കുകയുണ്ടായി. ഇന്നു കൃഷിവകുപ്പ് ക്ലസ്റ്ററിന്റെ ഭാഗമായുള്ള വിപണനകേന്ദ്രം വഴിയാണ് മുട്ട സംഭരണ– വിപണനം. ആഴ്ചയിൽ 500 മുട്ട ഈ സ്റ്റാളിലൂടെ വിൽക്കുന്നുണ്ടെന്ന് ക്ലസ്റ്റർ കോർഡിനേറ്റർ സോഫി പറയുന്നു. ഒരു മുട്ട ആറു രൂപയ്ക്കാണ് എടുക്കുന്നത്. ഏഴു രൂപയ്ക്കു വിൽക്കും. ആഴ്ചയിൽ മുന്നൂറു മുട്ട സ്റ്റാളിലും അല്ലാതെയുമായി താൻ നൽകുന്നുണ്ടെന്ന് 75 കോഴികളുള്ള തിതുത്തിൻമല നന്ദകുമാർ. ചില്ലറയായി വിൽക്കുമ്പോൾ ഒരു മുട്ടയ്ക്ക് 8–9 രൂപ കിട്ടുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.

nandakumar-egg-sales കൃഷിവകുപ്പിന്റെ ക്ലസ്റ്റർ വിപണനശാലയിൽ നന്ദകുമാർ മുട്ട വിൽക്കാനെത്തിയപ്പോൾ. ചിത്രം: കെ.സി. സൗമിഷ്

സംസ്ഥാനത്തു പഞ്ചായത്തുകളും കെപ്കോ (കേരള പൗൾട്രി വികസന കോർപറേഷൻ) പോലുള്ള സർക്കാർ ഏജൻസികളും സന്നദ്ധസംഘടനകളുമൊക്കെ മുട്ടക്കോഴി വളർത്തൽ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. അവിടെയൊന്നും ഒരു വട്ടംകുളം ഉണ്ടാകുന്നില്ല. എന്തുകൊണ്ട്? വട്ടംകുളത്തെ മുന്നേറ്റം വെറ്ററിനറി സർവകലാശാലയിലെ ഡോ. ബി. അജിത് ബാബുവിന്റെ ഗവേഷണ വിഷയമായിരുന്നു. പാലക്കാട് തിരുവിഴാംകുന്നിലെ കോളജ് ഓഫ് ഏവിയൻ സയൻസസ് ആൻഡ് മാനേജ്മെന്റിന്റെ സ്പെഷൽ ഓഫിസറായ ഡോ. അജിത് ബാബുവിന്റെ പ്രതികരണത്തിലേക്ക്:

പദ്ധതികളിൽ വിതരണം ചെയ്യുന്ന കോഴിക്കുഞ്ഞുങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാനുള്ള സാഹചര്യം ഇപ്പോഴില്ല. പദ്ധതി രൂപപ്പെടുത്തി നടപ്പാക്കാറാവുമ്പോഴേക്കും സാമ്പത്തിക വർഷം തീരാറാവും. പിന്നെയൊരു ഉത്രാടപ്പാച്ചിലാണ്. ഇതിനിടെ കോഴിക്കുഞ്ഞുങ്ങളുടെ സ്രോതസ്സും ഗുണമേന്മയും ആരു ശ്രദ്ധിക്കാൻ. ഒരു വർഷം ഇത്തരം പദ്ധതികളിലൂടെ വിതരണം ചെയ്യുന്ന കോഴികളുടെ എണ്ണവും സംസ്ഥാനത്തെ അംഗീകൃത എഗ്ഗർ നഴ്സറികൾക്കു സർക്കാർ, പൊതുമേഖല ഫാമുകൾ വഴി ലഭിക്കുന്ന കോഴിക്കുഞ്ഞുങ്ങളുടെ എണ്ണവും താരതമ്യം ചെയ്താൽ ചെമ്പു തെളിയും. ആവശ്യമുള്ളത്ര കോഴിക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാനുള്ള സംവിധാനമില്ലാത്തതാണ് ഇതിനു മൂലകാരണം. മൃഗസംരക്ഷണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വിരലിലെണ്ണാവുന്നത്ര ഹാച്ചറികളിൽ വിരിയിക്കുന്ന, ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ അംഗീകൃത എഗ്ഗർ നഴ്സറികളിൽ 45 ദിവസം വളർത്തി പ്രതിരോധ കുത്തിവയ്പുകളും നൽകിയാണ് പദ്ധതിയിലെ ഗുണഭോക്താക്കൾക്കു വിതരണം ചെയ്യേണ്ടത്. കോഴിക്കുഞ്ഞുങ്ങളുടെ ഉറവിടവും ഗുണമേന്മയും വെറ്ററിനറി ഡോക്ടർ സാക്ഷ്യപ്പെടുത്തേണ്ടതുമുണ്ട്. പക്ഷേ അവസാന നിമിഷം ധൃതിപിടിച്ചു കോഴിക്കുഞ്ഞുങ്ങളെ തേടിയോടുമ്പോൾ കിട്ടുന്നിടത്തുള്ളതു വാങ്ങേണ്ടിവരുന്നു. ജില്ലാതലത്തിൽ പലയിടങ്ങളിലായി കൂടുതൽ ഹാച്ചറികൾ വരണം. ഒപ്പം എഗ്ഗർ നഴ്സറികളെ കർശനമായി നിരീക്ഷിക്കാനുള്ള സംവിധാനവും വേണം. ഓരോ സ്ഥലത്തിനും സാഹച‌ര്യത്തിനും യോജിച്ച പദ്ധതികൾ ആവിഷ്കരിക്കുകയും വേണ്ടത്ര സമയമെടുത്തു ശ്രദ്ധയോടെ നടപ്പാക്കുകയും ചെയ്താൽ ഈ പ്രശ്നം ഒഴിവാക്കാം.

dr-b-ajith-babu ഡോ. ബി. അജിത് ബാബു. ചിത്രം: കെ.സി. സൗമിഷ്

പദ്ധതികളുടെ തുടർച്ചയില്ലായ്മയാണ് മറ്റൊരു പ്രശ്നമെന്ന് ഡോ. അജിത് ബാബു. സങ്കരയിനം കോഴികളുടെ ഉൽപാദനകാലം പരമാവധി ഒന്നര വർഷമാണ്. പിടക്കോഴികളെ മാത്രമാണ് ഇത്തരം പദ്ധതികളിലൂടെ ലഭിക്കുന്നത്. അതിനാൽ ഇവയുടെ മുട്ട അടവച്ച് കുഞ്ഞുങ്ങളെ വിരിയിക്കാനാവില്ല. പൂവൻകോഴികളുണ്ടെങ്കിൽപോലും സങ്കരയിനം പിടക്കോഴികൾക്ക് അടയിരിക്കുന്ന സ്വഭാവമില്ല. അതിനാൽ സംരംഭകർക്കു തുടർന്നും കോഴിക്കുഞ്ഞുങ്ങളെ ലഭിക്കണമെങ്കിൽ പദ്ധതി തുടരണം. പല പഞ്ചായത്തുകളിലും അതുണ്ടാകാറില്ല. ഫലമോ, മിക്കവരും സംരംഭം നിർത്തുന്നു. പദ്ധതിപ്രകാരമല്ലാതെ കോഴിക്കുഞ്ഞുങ്ങളെ ലഭിക്കുക അത്ര എളുപ്പമല്ല, ലഭിച്ചാൽ തന്നെ സബ്സിഡിയില്ലാത്തതിനാൽ വലിയ വില നൽകേണ്ടി വരും.

പദ്ധതി രൂപീകരണത്തിലെ പോരായ്മയാണ് മറ്റൊരു പ്രശ്നം. മിക്ക പഞ്ചായത്തു പദ്ധതികളിലും ഒരാൾക്ക് 500 രൂപയാണ് നീക്കിവയ്ക്കുക. ഇതുപ്രകാരം കൊടുക്കാനാവുന്നത് അഞ്ചു കോഴികളെ മാത്രം. ഒരു സാധാരണ വീട്ടിൽ ശരാശരി പത്തു കോഴികളെ അടുക്കളമുറ്റത്തു വളർത്താനാകുമ്പോഴാണ് അതിന്റെ പകുതിമാത്രം നൽകുന്നത് അവയിൽതന്നെ ഒന്നുരണ്ടെണ്ണമെങ്കിലും ചത്തു പോകാം. തെരുവുനായശല്യം രൂക്ഷമായതോടെ പലേടത്തും മരണനിരക്ക് 50 ശതമാനം വരെ ഉയർന്നിട്ടുണ്ടത്രെ. 10 കോഴിക്കുഞ്ഞുങ്ങള്‍, രണ്ടു കിലോ തീറ്റ, വിറ്റമിനുകൾ എന്ന പാക്കേജ് വന്നാൽ മുട്ടക്കോഴി വളർത്തലിൽ ശ്രദ്ധേയമായ മുന്നേറ്റമുണ്ടാകും. സ്കൂൾ കുട്ടികൾക്കുള്ള പദ്ധതി വൻ വിജയമാണെന്നാണ് റിപ്പോർട്ടുകൾ. പ്രധാന കാരണം അതിന്റെ പാക്കേജ് (5–6 കോഴി+2 കിലോ തീറ്റ+വിറ്റമിനുകൾ) തന്നെ. വിജയത്തിനു കുട്ടികളുടെ താൽപര്യവും ആത്മാർഥതയും കൂടി കാരണമായിട്ടുണ്ട്. കെപ്കോയുടെ പുതിയ പദ്ധതികളും യാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞു പരിഷ്കരിച്ചിട്ടുണ്ട്.

ഗുണമേന്മയുള്ള കോഴികളുടെ ദൗർലഭ്യം മുതൽ വിപണനത്തിലെ ബുദ്ധിമുട്ടും തെരുവുനായശല്യവുംവരെ. മുട്ടക്കോഴി വളർത്തൽ മേഖല നേരിടുന്ന മിക്ക പ്രശ്നങ്ങളും പരിഹരിക്കാൻ കഴിഞ്ഞതാണ് വട്ടംകുളത്തിന്റെ മുന്നേറ്റത്തിനു വഴിയൊരുക്കിയതെന്നു ഡോ. അജിത് ബാബു ചൂണ്ടിക്കാട്ടുന്നു. പഞ്ചായത്ത് എല്ലാ വർഷവും പദ്ധതി നടപ്പാക്കുന്നതിനാൽ പുതിയ ഗുണഭോക്താക്കളെ ഉൾക്കൊള്ളിക്കാനും നിലവിലുള്ളവർക്ക് കോഴികളെ തുടർച്ചയായി നൽകാനും കഴിയുന്നുണ്ട്. ഈ തുടർച്ച ഇല്ലാത്തതാണ് മുട്ടയുൽപാദനത്തിൽ മുന്നേറിയ പല പഞ്ചായത്തുകളും പിന്നീട് പിന്നോട്ടടിക്കാൻ കാരണമെന്നും അജിത് ബാബു വിലയിരുത്തുന്നു.

ഫോൺ: ഡോ. അജിത് ബാബു: 9446096855
ഡോ. വി.കെ.പി. മോഹൻ കുമാർ: 9447443167