Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിരോധ കുത്തിവയ്പ് പാളുന്നതെങ്ങനെ

cow കുളമ്പുരോഗം ബാധിച്ച പശു

നമ്മുടെ തനതു കന്നുകാലി ജനുസുകളുടെ അടിസ്ഥാനഗുണമായിരുന്നു മികച്ച രോഗപ്രതിരോധശേഷി. എന്നാൽ ഉൽപാദനക്ഷമതയേറിയ വിദേശ സങ്കര ജനുസുകൾ പ്രചാരത്തിലായതോടെ കന്നുകാലികളുടെ രോഗപ്രതിരോധശേഷി കുറഞ്ഞു. കാലിവസന്ത, കുളമ്പുരോഗം, അകിടുവീക്കം, അടപ്പൻ, കുരളടപ്പൻ, കരിങ്കാൽരോഗം, ആടുവസന്ത തുടങ്ങിയ രോഗങ്ങൾ മൃഗസംരക്ഷണ മേഖലയിൽ വൻ ഭീഷണി ഉയർത്തി. രോഗങ്ങൾ കാരണമുണ്ടാകുന്ന ജീവനാശം, ഉൽപാദന, പ്രത്യുൽപാദന ക്ഷമതയിലെ കുറവ്, ഉയർന്ന ചികിത്സാച്ചെലവ് തുടങ്ങിയവ ക്ഷീരകർഷകരെയും ദേശീയ സമ്പദ്ഘടനയെപ്പോലും സാരമായി ബാധിച്ചു. ഉദാഹരണത്തിന് കുളമ്പുരോഗം മൂലമുള്ള ശരാശരി വാർഷിക സാമ്പത്തിക നഷ്ടം 20,000 കോടി രൂപയിലധികമാണെന്നു കണക്കുകൾ സൂചിപ്പിക്കുന്നു.

ഈ സാഹചര്യത്തിലാണ് മൃഗാരോഗ്യ– രോഗ നിയന്ത്രണ പദ്ധതിക്കു കേന്ദ്ര കാർഷിക മന്ത്രാലയം രൂപം നൽകിയത്. ഈ പദ്ധതി സമഗ്രവും, ചിട്ടയായും നടപ്പാക്കിയതിനെത്തുടർന്ന് കാലിവസന്ത രോഗം പൂർണമായും നിർമാർജനം ചെയ്യാനായി. ഇതു തുടർപ്രവർത്തനങ്ങൾക്ക് വലിയ ഊർജമാണ് പകർന്നത്. മുഖ്യമായും സമ്പൂർണ പ്രതിരോധ കുത്തിവയ്പിലൂടെയാണ് കാലിവസന്ത നിർമാർജനം എന്ന ലക്ഷ്യം സാധിച്ചത്.

വായിക്കാം ഇ - കർഷകശ്രീ 

തുടർന്നാണ് കുളമ്പുരോഗ നിയന്ത്രണം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ 2004–ൽ ദേശീയ ക്ഷീരവികസന ബോർഡുമായി സഹകരിച്ച് ഗോരക്ഷാ പദ്ധതിക്കു തുടക്കമിട്ടത്. മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകൾ, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകൾ, വിവിധ സർക്കാർ സംവിധാനങ്ങൾ എന്നിവ ഏകോപിപ്പിച്ചു നടപ്പാക്കുന്ന ഊർജിത പ്രതിരോധ കുത്തിവയ്പു പരിപാടിയാണ് ഇത്. അതിർത്തികളിൽ ചെക്പോസ്റ്റ് സ്ഥാപിച്ച് സംസ്ഥാനത്തേക്കു കടന്നുവരുന്ന കന്നുകാലികളുടെ ആരോഗ്യ പരിശോധന, അറവുശാലകളിലെ വിദഗ്ധ പരിശോധന, രോഗബാധ വേളയിലെ നിയന്ത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ തുടങ്ങി വിവിധ തലങ്ങളിലാണു ഗോരക്ഷ നടപ്പാക്കിയത്. വാക്സിൻ ഉൽപാദനം മുതൽ കുത്തിവച്ച മൃഗങ്ങളിലെ പ്രതിരോധശേഷി നിർണയം വരെ സൂക്ഷ്മമായി നിരീക്ഷിച്ചാണ് ഗോരക്ഷാ പദ്ധതി നടപ്പാക്കിയത്. തുടർവർഷങ്ങളിൽ രോഗബാധാ നിരക്കിൽ വന്ന ഗണ്യമായ കുറവ് പദ്ധതിയുടെ വിജയം സാക്ഷ്യപ്പെടുത്തുന്നു.

വസ്തുത ഇതാണെങ്കിലും പ്രതിരോധ കുത്തിവയ്പുകളുടെ ഫലപ്രാപ്തിയെയും, അവ കാരണമെന്നു പറയപ്പെടുന്ന പാർശ്വഫലങ്ങളെയും കുറിച്ചു ധാരാളം മിഥ്യാധാരണകൾ കർഷകർക്കിടയിലുണ്ട്. എന്താണ് പ്രതിരോധ വാക്സിൻ എന്നും അവ എങ്ങനെയാണ് ശരീരത്തിൽ പ്രവർത്തിക്കുന്നതെന്നും അറിഞ്ഞാൽ ഈ തെറ്റിദ്ധാരണ മാറും.

എന്താണ് വാക്സിനുകൾ

cow-immunization

രോഗകാരിയായ അണുക്കളെ രൂപമാറ്റവും സ്വഭാവമാറ്റവും (രോഗമുണ്ടാക്കുന്ന സ്വഭാവം നശിപ്പിച്ച്) വരുത്തി ആരോഗ്യമുള്ള മൃഗങ്ങളിൽ പ്രവേശിപ്പിച്ച് അവയ്ക്കു രോഗപ്രതിരോധശേഷി നൽകുന്ന പ്രക്രിയയാണ് പ്രതിരോധവൽക്കരണം അല്ലെങ്കിൽ ഇമ്യൂണൈസേഷൻ. വാക്സിനിൽ ഉപയോഗിക്കുന്ന അണുക്കള്‍ രോഗമുണ്ടാക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ ഓരോ ബാച്ച് വാക്സിനും ഉപയോഗിക്കുന്നതിനു മുൻപ് ദീർഘമായ ഗുണനിലവാര, സുരക്ഷാപരിശോധനകളിലൂടെ കടന്നുപോകേണ്ടതുണ്ട്. കുത്തിവയ്പു മരുന്നുകളുടെ ഫലപ്രാപ്തിയെ ബാധിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ് അവയുടെ സൂക്ഷിപ്പ് അഥവാ കൈകാര്യം ചെയ്യൽ. ഉൽപാദനം മുതൽ ഉപയോഗം വരെ ശീതശൃംഖല (കോള്‍ഡ് ചെയിൻ) കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ഓരോ വാക്സിനും നിർദിഷ്ട താപനിലയിൽ മാത്രമേ സൂക്ഷിക്കാവൂ എന്നർഥം. അതുപോലെതന്നെ പ്രധാനമാണ് കുത്തിവയ്ക്കപ്പെടുന്ന മൃഗങ്ങളുടെ പ്രായവും, ആരോഗ്യസ്ഥിതിയും. പൂർണ ആരോഗ്യമുള്ള മൃഗങ്ങളില്‍ മാത്രമേ കുത്തിവയ്പിനു മികച്ച പ്രതികരണം ഉണ്ടാക്കാനാവുകയുള്ളൂ. വിരബാധപോലുള്ള രോഗങ്ങൾ ഇതിനു തടസ്സം നിൽക്കും. അതിനാൽതന്നെ പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിന് ഒരാഴ്ച മുൻപ് കന്നുകാലികൾക്കു വിരമരുന്ന് നൽകേണ്ടത് അനിവാര്യം. ഏഴു മാസവും അതിലേറെയും ചെനയുള്ള പശുക്കളെ കുത്തിവയ്പിൽ നിന്ന് ഒഴിവാക്കുകയും വേണം.

സാമൂഹിക പ്രതിരോധം

പ്രതിരോധ കുത്തിവയ്പുകളുടെ ഫലപ്രാപ്തിക്ക് ഏറെ അത്യന്താപേക്ഷിതമായ മറ്റൊരു ഘടകമാണ് സാമൂഹിക പ്രതിരോധം അഥവാ ഹേർഡ് ഇമ്യൂണിറ്റി. ഒരു പ്രദേശത്തെ 80 ശതമാനമെങ്കിലും മൃഗങ്ങൾക്ക് മതിയായ രോഗപ്രതിരോധശേഷി ഉറപ്പുവരുത്തുന്നതിലൂടെ അവിടെ സാമൂഹിക പ്രതിരോധം സൃഷ്ടിക്കാനാവും. രോഗകാരികളായ അണുക്കൾക്ക് ആ സമൂഹത്തിൽ നിലനിൽക്കാനാവാത്ത ഒരു സാഹചര്യം ഇങ്ങനെ സൃഷ്ടിക്കപ്പെടുന്നു.

തെക്കൻ സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ 2007–08, 2013–14 വർഷങ്ങളിലും സാരമായ കുളമ്പുരോഗബാധ ഉണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. തെക്കൻ സംസ്ഥാനങ്ങളിൽ വിശേഷിച്ചും കേരളത്തിൽ അന്തരീക്ഷ ഈർപ്പത്തിന്റെ അളവ് കൂടുതലായതു കൊണ്ട് രോഗാണുക്കൾക്ക് വളരെ വേഗത്തിൽ പടരാൻ സാധിക്കും.

ഗോരക്ഷ പദ്ധതിയുടെ ഭാഗമായി 2004 മുതൽ ഊർജിത കുളമ്പുരോഗപ്രതിരോധ കുത്തിവയ്പു നടത്തുന്നുണ്ടെങ്കിലും കേരളത്തിൽ 2013ൽ ഓഗസ്റ്റ് മുതൽ നവംബർ വരെ വ്യാപകമായി കുളമ്പുരോഗം ഉണ്ടാവുകയും 12 ജില്ലകളിലെ കന്നുകാലികളെ ബാധിക്കുകയും ചെയ്തു. നൂറുകണക്കിനു കന്നുകാലികൾ ചത്തൊടുങ്ങുകയും പാലുൽപാദനം ഗണ്യമായി (70 ശതമാനത്തോളം) കുറയുകയും അതുവഴി വൻ സാമ്പത്തിക നഷ്ടമുണ്ടാകുകയും ചെയ്തു. കുളമ്പുദീനം പശു, എരുമ, ആട്, പന്നി, കാട്ടുമൃഗങ്ങൾ, മാൻ, ആന മുതലായവയെ ബാധിച്ചു. കുളമ്പുരോഗപ്രതിരോധ കുത്തിവയ്പ് എടുക്കാത്ത പശുക്കളെയും പന്നികളെയുമാണ് സാരമായി ബാധിച്ചത്. പക്ഷേ ശാസ്ത്രീയമായി പരിചരിക്കുകയും, കുത്തിവയ്പ് നൽകുകയും ചെയ്യുന്ന, സർക്കാർ ഫാമിലെ കന്നുകാലികളെ രോഗം ബാധിച്ചില്ല.

കുളമ്പുദീനം പശുക്കളിൽ പാലുൽപാദനം കുറയ്ക്കുകയും, കന്നുകുട്ടികളിൽ ഹൃദയ പേശികളെ ബാധിക്കുന്നതിനാൽ മരണം സംഭവിക്കുകയും ചെയ്യുന്നു. എന്നാൽ 2013ലെ രോഗബാധയിൽ പശുക്കളിലും ഉയർന്ന മരണനിരക്കാണുണ്ടായത്. കുളമ്പുദീനം ബാധിച്ച് രോഗപ്രതിരോധശേഷി കുറഞ്ഞപ്പോൾ കുരളടപ്പൻ രോഗത്തിന്റെ അണുക്കൾ ശക്തിപ്രാപിക്കുകയും രോഗമുണ്ടാക്കുകയും ചെയ്തതാണു കാരണം. അതുപോലെതന്നെ അനാപ്ലാസ്മ, തൈലേറിയ എന്നീ രോഗങ്ങളും മൂർച്ഛിച്ചതായി കണ്ടു. 2015ൽ വയനാട് ജില്ലയിൽ നെന്മേനി, നൂൽപ്പുഴ പഞ്ചായത്തുകളിൽ രോഗബാധ ഉണ്ടാവുകയും നൂറോളം പശുക്കളെ ബാധിക്കുകയും പതിനൊന്ന് പശുക്കൾ ചാവുകയും ചെയ്തു.

രോഗ കാരണങ്ങൾ

∙ അയൽ സംസ്ഥാനത്തു നിന്ന് അനിയന്ത്രിതമായി അതിർത്തി ചെക്ക് പോസ്റ്റുകളിലൂടെ കന്നുകാലികളെ കൊണ്ടുവരുന്നത്. കുളമ്പുദീനം ബാധിച്ച കന്നുകാലികളെ അറവുശാലകളിലേക്കു കൊണ്ടുവരുന്നത്. 10 ലക്ഷത്തിലധികം പശുക്കളെയാണ് ഒരു വർഷം അറക്കാൻ വേണ്ടി കേരളത്തിലേക്കു കൊണ്ടുവരുന്നത്.

∙ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പിന്റെ സമയക്രമം കൃത്യമായി പാലിക്കാതിരിക്കുന്നത്. ആറു മാസം ഇടവിട്ട് കുത്തിവയ്പ് നടത്തേണ്ടതാണ്. സ്ഥലത്തെ എൺപതു ശതമാനം കന്നുകാലികളെയും കുത്തിവയ്ക്കാതിരുന്നത്.

∙ അനാപ്ലാസ്മ, തൈലേറിയ രോഗങ്ങൾ, വിവിധ വിരബാധകൾ എന്നിവ സാമൂഹിക പ്രതിരോധശേഷിയെ സാരമായി ബാധിച്ചത്.

∙ പാലുൽപാദനം കുറയുമെന്ന ഭയത്താൽ കുത്തിവയ്പ് എടുക്കാൻ ക്ഷീരകർഷകർ വിസമ്മതിച്ചത്.

∙ സീൽ തുറന്ന വാക്സിൻ തുടർ ദിവസങ്ങളിൽ ഉപയോഗിക്കുന്നത്.

23b

∙ വാക്സിൻ നിർദിഷ്ട താപനിലയിൽ സൂക്ഷിക്കാത്തത്.

സാമൂഹിക പ്രതിരോധശേഷി

കുളമ്പുരോഗ പ്രതിരോധശേഷി കൈവരിച്ചിട്ടുണ്ടോ എന്ന് അറിയാൻ സീറം പരിശോധിച്ചപ്പോൾ കേരളത്തിൽ മൊത്തം വേണ്ടത്ര സമൂഹപ്രതിരോധശേഷി കൈവരിച്ചിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

നഷ്ടം തടയാൻ

∙ ഉയർന്ന മരണനിരക്ക് തടയാൻ കന്നുകാലികൾക്കു കുരളടപ്പൻ രോഗത്തിനുള്ള രോഗപ്രതിരോധ കുത്തിവയ്പ് എല്ലാ കൊല്ലവും (ഏപ്രിൽ–മേയ് മാസം) നൽകണം.

∙ ശാസ്ത്രീയമായി കൃത്യ അളവിൽ വിരമരുന്ന് നൽകുകയും, ചെള്ള്, പേൻ തുടങ്ങിയവയ്ക്കു മരുന്ന് പ്രയോഗിക്കുകയും ചെയ്യണം.

∙ അയൽ സംസ്ഥാനങ്ങളിൽനിന്നു കൊണ്ടുവരുന്ന കന്നുകാലികളെ ചെക്ക് പോസ്റ്റിൽ മൂന്നാഴ്ച നിരീക്ഷണത്തിൽ നിർത്തണം. രോഗപ്രതിരോധ കുത്തിവയ്പിനു ശേഷം മാത്രമേ കടത്തിവിടാവൂ.

∙ കേരളത്തിലെ പതിന്നാല് ചെക്ക് പോസ്റ്റുകളിലും കന്നുകാലികൾക്ക് നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണം.

∙ വാക്സിന്റെ ഗുണനിലവാരം നിലനിർത്താൻ മികച്ച ശീതീകരണ സംഭരണികൾ അനിവാര്യം.

വിജയകരമായ രോഗപ്രതിരോധം കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂ. അതിൽ സാങ്കേതിക വിദഗ്ധരും ശാസ്ത്രജ്ഞരും സന്നദ്ധ സംഘടനകളും കർഷകരും എല്ലാം കൈകോർത്തു നിൽക്കേണ്ടതുണ്ട്. ഗോരക്ഷ, അസ്കാ‍ഡ് തുടങ്ങിയ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പദ്ധതികളും ഇങ്ങനെയാണ് നടപ്പാക്കേണ്ടത്. കുത്തിവയ്പ് ക്യാമ്പുകളുടെ സമയക്രമം മുൻകൂട്ടി മനസ്സിലാക്കി അതിൽ സ്വന്തം ഉരുക്കളെ പങ്കെടുപ്പിക്കുക. അപ്പോൾ നാടിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ആരോഗ്യത്തിനും, ഭക്ഷ്യ സുരക്ഷയ്ക്കുമുള്ള വലിയ പ്രവർത്തനത്തിന്റെ ഭാഗമാകുകയാണ് നമ്മൾ.

വിലാസം: രോഗപ്രതിരോധ വിഭാഗം,
കോളജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ്,
പൂക്കോട്, ലക്കിടി പി.ഒ., വയനാട്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.