Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേണ്ടാത്തതില്ലാത്ത വേണാട് ചിക്കൻ

venad-broiler-chicken വേണാട് ഇറച്ചിക്കോഴി

ദിവസേന എണ്ണപ്പലഹാരവും മധുരപലഹാരവും മക്കൾക്കു വാങ്ങിക്കൊടുക്കുന്ന മാതാപിതാക്കൾപോലും അവരുടെ പൊണ്ണത്തടിക്കു കുറ്റം പറയുന്നത് ബ്രോയിലർ കോഴികളെയാണ്. വളർച്ചാത്വരകങ്ങളുടെ സഹായമില്ലാതെതന്നെ ഇറച്ചിക്കോഴി വളരുന്നതു കാണിച്ചുകൊടുത്താലും ആരും വിശ്വസിക്കാനില്ലാത്ത സാഹചര്യത്തിൽ നട്ടം തിരിയുന്നത് കോഴിവളർത്തൽ സംരംഭകരും.

ഹോർമോൺ കലർത്തിയ തീറ്റയെന്നത് അപ്രായോഗികവും അനാവശ്യമായ ആശയവുമാണെന്നു വെറ്ററിനറി വിദഗ്ധർ ചൂണ്ടിക്കാട്ടാറുണ്ട്. അതേസമയം ആന്റിബയോട്ടിക്കുകളുടെ കാര്യത്തിൽ ഇങ്ങനെയൊരു ഉറപ്പ് നൽകാൻ കഴിയില്ല. ചില കമ്പനികളുടെയെങ്കിലും കോഴിത്തീറ്റയിൽ ആന്റിബയോട്ടിക്കുകൾ ചേരുന്നുണ്ടെന്നതുതന്നെ കാരണം. സസ്യേതര ഘടകങ്ങള്‍ ചേര്‍ന്ന കോഴിത്തീറ്റകളിലാണ് ഇതുണ്ടാവുക. മത്സ്യ–മാംസാവശിഷ്ടങ്ങൾ ചേർത്ത ഇത്തരം തീറ്റകൾ കേടാകാതിരിക്കാനായി ചില തീറ്റക്കമ്പനിക്കാർ ആന്റിബയോട്ടിക്കുകൾ ചേര്‍ക്കാറുണ്ട്. കോഴിയുടെ വളര്‍ച്ചയ്ക്കോ രോഗപ്രതിരോധത്തിനോ വേണ്ടിയല്ല ഇതു ചെയ്യുന്നതെങ്കിലും പേരുദോഷമുണ്ടാകുന്നത് കോഴിവളർത്തലുകാർക്കാണ്. രോഗബാധയ്ക്കെതിരെ ആന്റിബയോട്ടിക്കുകൾ നൽകേണ്ടിവരുന്ന കോഴികളിലും നിശ്ചിത ദിവസം പിന്നിടുന്നതുവരെ അതിന്റെ അവക്ഷിപ്തമുണ്ടാവും.

വായിക്കാം ഇ - കർഷകശ്രീ 

ഈ രണ്ടു ഭീതികളുമൊഴിവാക്കി സുരക്ഷിതമായ രീതിയിൽ ഉൽപാദിപ്പിച്ച കോഴിമാംസവും മുട്ടയും പൊതുജനങ്ങൾക്കും ന്യായവില കൃഷിക്കാർക്കും ഉറപ്പാക്കുന്ന സംരംഭമാണ് കൊട്ടാരക്കര ആസ്ഥാനമായ വേണാട് പൗൾട്രി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി. ആന്റിബയോട്ടിക്കുകളോ ഹോർമോണുകളോ സ്റ്റിറോയിഡുകളോ ചേർത്ത തീറ്റ നൽകില്ലെന്നു കമ്പനി ഉടമകളായ കൃഷിക്കാർ വാഗ്ദാനം ചെയ്യുന്നു. സസ്യചേരുവകൾ മാത്രം കലർത്തിയ തീറ്റ നൽകിയുള്ള കോഴിവളർത്തലിൽ പരിശീലനം നേടിയാണ് കൃഷിക്കാർ സംരംഭത്തിലേക്കിറങ്ങുന്നത്.

മാംസ്യം ഉറപ്പാക്കുന്നതിനു സോയാബീൻ കൂടുതലായി ചേർത്താണ് ഇത്തരം തീറ്റകളുണ്ടാക്കുക. രോഗപ്രതിരോധത്തിനു പ്രാധാന്യം നൽകുകയും ചികിത്സയ്ക്ക് പരമാവധി നാടൻ മരുന്നുകൾ ഉപയോഗിക്കുകയും ചെയ്യും. ഇപ്രകാരം ആന്റിബയോട്ടിക്കില്ലാതെ വളർത്തിയ കോഴിയെ ബാർകോഡും കൃഷിക്കാരന്റെ ഒപ്പും രേഖപ്പെടുത്തിയ പ്രത്യേക ലേബൽ നൽകി വേണാട് സിഗ്നേച്ചർ ചിക്കൻ എന്ന പേരിൽ വിപണിയിൽ എത്തിക്കും. കൃഷിക്കാരനെയും കോഴിയെയും കുറിച്ചുള്ള വിശദവിവരങ്ങൾ ബാർകോഡിൽ രേഖപ്പെടുത്തിയിരിക്കും.

കേരളത്തിനു പുറത്ത് വില നിശ്ചയിക്കപ്പെടുന്ന ഇപ്പോഴത്തെ രീതിയിൽനിന്നു വ്യത്യസ്തമായി കൃഷിക്കാരന്റെ ഉൽപാദനച്ചെലവു കൂടി പരിഗണിച്ചാണ് വേണാട് ചിക്കന്റെ വില കണക്കാക്കുക. സോയാബീൻ അധിഷ്ഠിത കോഴിത്തീറ്റയ്ക്കു വില കൂടുതലും തീറ്റ പരിവർത്തനശേഷി തെല്ല് കുറവുമായതിനാലാണ് സിഗ്നേച്ചർ ചിക്കനു പ്രത്യേക വില ഈടാക്കുന്നത്. ഓരോ ബാച്ചിനും ആവശ്യമായ വെജിറ്റേറിയൻ തീറ്റ, കോഴിക്കുഞ്ഞുങ്ങൾ, പ്രതിരോധമരുന്നുകൾ എന്നിവ കമ്പനിയിൽനിന്നു വാങ്ങുന്ന അംഗങ്ങൾക്കു മാത്രമേ സിഗ്നേച്ചർ ചിക്കന്റെ ലേബൽ നൽ‌കൂ. അതും നിശ്ചിത എണ്ണം മാത്രം. ലേബലിൽനിന്ന് ഓരോ കോഴിയുടെയും ഉൽപാദകനെ തിരിച്ചറിയാമെന്നതിനാൽ കമ്പനിക്കൊപ്പം വളർത്തുകാർക്കും കോഴിയിറച്ചിയുടെ ഗുണനിലവാരത്തിൽ ഉത്തരവാദിത്തമുണ്ടായിരിക്കും. പച്ച നിറത്തിൽ ബ്രാൻഡ് രേഖപ്പെടുത്തിയ മഞ്ഞ ലേബൽ ഇളക്കിമാറ്റാനാവാത്ത വിധം കാലിൽ ഒട്ടിച്ചായിരിക്കും ഇറച്ചിക്കോഴിയെ ചില്ലറ വിപണിയിലെത്തിക്കുക. ഇവയുടെ വിപണനത്തിനായി ശാസ്ത്രീയ മാംസസംസ്കരണ സംവിധാനമുള്ള 15 ഡ്രെസ്സിങ് യൂണിറ്റുകളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക. ഇവയ്ക്ക് നബാർഡ് 45000 രൂപ സബ്സിഡി നൽകും. സംരംഭകരുടെ പരിശീലനം പൂർത്തിയാക്കി ഒരു മാസത്തിനകം ഇവ പ്രവർത്തനമാരംഭിക്കുമെന്ന് കമ്പനി ചെയർമാൻ ഡോ.കെ. ചന്ദ്രപ്രസാദ് പറഞ്ഞു. ആകെയുള്ള 320 അംഗങ്ങളിൽ 100 പേരെയാണ് ആദ്യഘട്ടത്തിൽ സിഗ്നേച്ചർ ചിക്കൻ ഉൽപാദനത്തിനു തിരഞ്ഞെടുത്തിട്ടുള്ളത്. രണ്ടു മാസത്തിലൊരിക്കൽ ഇവര്‍ക്ക് 1000 കോഴികളെ വീതം നൽകും. പരസ്പര മത്സരം ഒഴിവാക്കാൻ നിശ്ചിത ഇടവേളകളിലായിരിക്കും കോഴിക്കുഞ്ഞുങ്ങളെ നൽകുക.

chandraprasad ഡോ.കെ. ചന്ദ്രപ്രസാദ്

മുട്ടക്കോഴികളെ സുരക്ഷിതമായി വളർത്തുന്ന പദ്ധതിക്കും കമ്പനി രൂപം നൽകിയിട്ടുണ്ട്. ഒരു വർഷം 300–320 മുട്ട നൽകാൻ ശേഷിയുള്ള ബിവി 380 ഇനത്തിൽപ്പെട്ട മുട്ടക്കോഴികളെയാണ് ഇതിനായി നൽകുക. അഞ്ചു മുതൽ 100 വരെ കോഴികളെ വളർത്താവുന്ന കൂടുകൾ ഇതിനായി രൂപകൽപന ചെയ്തിട്ടുണ്ട്. പത്തു കോഴികളും കൂടുമടങ്ങുന്ന യൂണിറ്റിനു 4800 രൂപയാണ് കമ്പനി ഈടാക്കുന്നത്. പത്തു കോഴികളുടെ യൂണിറ്റിനും കൂടിനും കൂടി 10000 രൂപ വില നിശ്ചയിച്ചശേഷം 5000 രൂപ കൃഷിക്കാരനിൽനിന്ന് ഈടാക്കുന്ന സർക്കാർ പദ്ധതിയെക്കാൾ മെച്ചമാണിത്. ഒരു കോഴിക്ക് ഒരു ചതുരശ്ര അടി സ്ഥലം വീതം ഈ കൂടുകളിൽ ലഭിക്കും. അഞ്ചു കോഴികളുടെ സെറ്റ് 2750 രൂപയ്ക്കു വാഗ്ദാനം ചെയ്യുന്ന കമ്പനി 25 കോഴികളുടെ യൂണിറ്റിന് 9000 രൂപയും 50 കോഴികളുടെ യൂണിറ്റിനു 17000 രൂപയും ഈടാക്കുന്നു.

കോഴിയിറച്ചിയെക്കുറിച്ചുള്ള ഭീതിയകറ്റുന്ന ഈ സംരംഭത്തിനു പിന്നിൽ നബാർഡും കേരള കാർഷിക സര്‍വകലാശാലയുടെ കൊല്ലം കൃഷിവിജ്ഞാനകേന്ദ്രവുമുണ്ട്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ സംരംഭകർക്കായിരിക്കും കമ്പനിയുടെ സേവനം ലഭിക്കുക. ഉൽപാദനച്ചെലവിന് ആനുപാതികമായ അടിസ്ഥാനവില തീരുമാനിച്ചശേഷം ഓരോ ആഴ്ചയിലെയും വിപണിക്കനുസൃതമായി വിലയിൽ മാറ്റം വരുത്താനാണ് ഉദ്ദേശിക്കുന്നത്. ഈ വില വെബ്സൈറ്റിലൂടെയും മൊബൈൽ സന്ദേശങ്ങളിലൂടെയും എല്ലാവരിലുമെത്തിക്കും.

കോഴിവളർത്തൽ സംരംഭകർക്ക് വിവിധ സേവനങ്ങൾ നൽകുന്ന മൊബൈൽ പൗൾട്രി സർവീസ് യൂണിറ്റും ഇവർക്കുണ്ട്. മരുന്ന്, പ്രതിരോധ കുത്തിവയ്പ്, ഉപകരണങ്ങൾ, മറ്റു സേവനങ്ങൾ എന്നിവ ഈ യൂണിറ്റിലൂടെ ലഭിക്കും. സർവീസ് യൂണിറ്റുകളിലെ വിദഗ്ധർ നിശ്ചിത ഇടവേളയിൽ ഫാമുകൾ സന്ദര്‍ശിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യും. മുപ്പതു ശതമാനംവരെ വില കുറച്ചാണ് മരുന്നും ഉപകരണങ്ങളും നൽകുക. വിൽപനശാലകളിലെ അവശിഷ്ടം സംസ്കരിക്കുന്ന റെൻഡിങ് യൂണിറ്റുകൾ സ്ഥാപിക്കാൻ സർക്കാർ സഹായം കിട്ടുമെന്ന പ്രതീക്ഷയും ഇവർക്കുണ്ട്.

ഫോൺ – 0474-2456225, 2456226, 8111884441, 8111884442