Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പശു എലിവിഷം തിന്നാൽ

cow-stable Representative image

ചോദ്യം ഉത്തരം ∙ മൃഗസംരക്ഷണം

Q. പശു എലിവിഷം തിന്നാൽ എന്താണ് പ്രഥമശുശ്രൂഷ

മാധവൻ നായർ, ഹരിപ്പാട്

എലിവിഷം സിങ്ക് ഫോസ്ഫൈഡ് (Zinc Phosphide) ആണ്. അതു തിന്നാൻ ഇടയായാൽ ഫോസ്ഫറസിന്റെ അംശം ഏതാനും മണിക്കൂറിനുള്ളിൽ രക്തത്തിൽ കലരും. കലശലായ വയറിളക്കം, വയറുവേദന, ദാഹം എന്നിവ ലക്ഷണങ്ങൾ. വായിൽനിന്ന് ഉമിനീരൊഴുക്ക് കൂടും. ഛർദിച്ച് പുറത്തേക്കു വരുന്ന അവശിഷ്ടങ്ങളിൽ ഫോസ്ഫറസിന്റെ തിളക്കം കാണുന്നതു രോഗനിർണയത്തെ സഹായിക്കും. പ്രഥമശുശ്രൂഷയായി മഗ്നീഷ്യം സൾഫേറ്റ് എന്ന വെളുത്ത പൊടി നൽകണം. വയറിളക്കാൻ എണ്ണ നൽകരുത്. ഫോസ്ഫറസിന്റെ ആഗിരണം ത്വരിതപ്പെടുത്തുന്നതിനാണ് എണ്ണ നൽകരുതെന്നു പറയുന്നത്. ഒരു ശതമാനം വീര്യമുള്ള 100 മില്ലി തുരിശുലായനി വെള്ളത്തിൽ ചേർത്തു കുടിക്കാൻ നൽകണം. ആറു മണിക്കൂർ ഇടവിട്ട് തുരിശുലായനി നൽക‍ണം. ഞരമ്പിൽകൂടി ഗ്ലൂക്കോസ് ലായനി കുത്തിവച്ചും വിഷം പുറന്തള്ളാം. ഒപ്പം കരൾ ഉത്തേജക ഔഷധങ്ങൾ കുത്തിവയ്പായി നൽകണം.

പശുവിന് വയറുപെരുക്കം

Q. പഴകിയ ആഹാരം തിന്നു പശുവിന്റെ വയറു വീർത്താൽ എന്താണ് പ്രഥമശുശ്രൂഷ.

പി. കൃഷ്ണൻകുട്ടി, ഇരുട്ടുക്കാനം‌

വയറുപെരുക്കം കണ്ടാലുടൻതന്നെ പശുവിന്റെ ഇടതുവശത്ത്, ആമാശയഭാഗത്ത് നല്ലവണ്ണം ഉഴിഞ്ഞ് ചൂട് നൽകുക. നല്ലെണ്ണയോ കടല എണ്ണയോ കാൽ ലീറ്റർ എടുത്ത് അതോടൊപ്പം യൂക്കാലി എണ്ണയോ ടർപ്പന്റൈനോ അര ഔൺസ് ചേർത്ത് ഇളം ചൂടുവെള്ളവും കലർത്തി എമൽഷനാക്കി നൽകുക. തുടർന്ന് പശുവിനെ നടത്തി ചാണകവും മൂത്രവും പോകാൻ അനുവദിക്കുക.

വിപണിയിൽ ലഭിക്കുന്ന Tyrel, Himbloat, Bloatosil എന്നീ മരുന്നുകളിലൊന്ന് 100 മില്ലി രണ്ടു പ്ര‍ാവശ്യം നൽകുന്നത് നന്ന്. വയറുപെരുക്കം വന്ന് ശ്വാസതടസ്സമുണ്ടായാൽ വെറ്ററിനറി ഡോക്ടറെ കണ്ട് ചികിത്സിപ്പിക്കണം.

നായ്ക്കളിലെ പുഴുക്കടി

dog-animal

Q. എന്റെ നായയുടെ മുതുകിൽനിന്നു വട്ടത്തിൽ രോമം കൊഴിഞ്ഞു പോകുന്നു. വയറിന്റെ ഭാഗത്തും ഈ പ്രശ്നമുണ്ട്. രോഗം കണ്ടു തുടങ്ങിയിട്ട് രണ്ടാഴ്ചയിലധികമായി. രോഗബാധ പടരുകയാണ‍്. എന്താണ് കാരണം. പ്രതിവിധി നിർദേശിക്കാമോ?

സി.യു. പ്രദീപ്, പട്ടണക്കാട്

നായ്ക്കളുടെ തൊലിപ്പുറത്തു കാണുന്ന ഒരിനം ഫംഗസ് രോഗമായ പുഴുക്കടി അഥവാ റിംഗ്‍വേം ആകാനാണ് സാധ്യത. തൊലിപ്പുറത്തുനിന്നു ചുരണ്ടിയെടുത്ത ഭാഗങ്ങൾ (Skin scrapings) പരിശോധിച്ചാൽ ഫംഗസ് സ്പോറുകൾ കാണാം. ആൻറിഫംഗസ് ക്രീം പുറമേ പുരട്ടുന്നതോടൊപ്പം ആൻറിഫംഗസ് മരുന്നുകൾ ചുരുങ്ങിയത് മൂന്നാഴ്ച നൽകണം. തുടർച്ചയായി മരുന്നു നൽകാതിരുന്ന‍ാൽ ഫംഗസിന്റെ സ്പോറുകൾ പൂർണമായി നശിക്കുകയില്ല. വിപണിയിൽ കിട്ടുന്ന ആൻറിഫംഗൽ ഷാമ്പൂകൾ രോഗാവസ്ഥ അനുസരിച്ച് ആഴ്ചയിൽ രണ്ടു പ്രാവശ്യമോ ഒരിക്കലോ പ്രയോഗിക്കുന്നത് രോഗം ശമിക്കാൻ സഹായിക്കും.

ഉത്തരങ്ങൾ തയാറാക്കിയത്: ഡോ.സി.കെ. ഷാജു, പെരുവ
സീനിയർ വെറ്ററിനറി സർജൻ, ഗവ. വെറ്ററിനറി ക്ലിനിക്, മുളന്തുരുത്തി. ഫോൺ: 9447399303

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.