Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഴിക്കുഞ്ഞിനെ ലഭിക്കും; ഒപ്പം പരിശീലനവും

chicks

ചോദ്യം ഉത്തരംമൃഗസംരക്ഷണം

Q. സർക്കാർ കോഴിവളർത്തൽ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ എന്തൊക്കെ. കർഷകർക്കുള്ള സേവനങ്ങളും അറിയണം.

ജോർജ് ബോബൻ, കരുവാറ്റ

മികച്ച മുട്ടക്കോഴിക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ചു കർഷകർക്കു നൽകുകയാണ് മൃഗസംരക്ഷണ വകുപ്പിന്റെ കോഴിവളർത്തൽ കേന്ദ്രങ്ങളുടെ ലക്ഷ്യം. അത്യുൽപാദനശേഷിയുള്ള കോഴികളുടെ പേരന്റ് സ്റ്റോക്ക് (മാതൃശേഖരം) ഈ കേന്ദ്രങ്ങളിൽ പരിപാലിക്കുന്നു. ഇവയുടെ മുട്ട ശേഖരിച്ച് വിരിയിക്കാനായി ഇൻക്യുബേറ്ററിൽ വയ്ക്ക‍ുന്നു. ആഴ്ചയിൽ ഒരിക്കൽ കോഴിക്കുഞ്ഞുങ്ങളെ വിൽക്കാൻ പാകത്തിലാണ് വിരിയിക്കൽ. മുട്ട വിരിയാൻ 21 ദിവസം വേണം. ആദ്യത്തെ 18 ദിവസം ഇൻക്യുബേറ്ററിൽ വയ്ക്കുന്നു. തുടർന്ന് അടുത്ത മൂന്നു ദിവസത്തേക്ക് ഹാച്ചറിയിലേക്കു മാറ്റുന്നു. വിരിഞ്ഞിറങ്ങുന്ന ദിവസം കോഴിക്കുഞ്ഞുങ്ങളെ എഗ്ഗർ നഴ്സറികൾക്കു നൽകുന്നു. അവിടെ കൃത്രിമ ചൂടും നല്ല തീറ്റയും നൽകി 45 ദിവസംവരെ വളർത്തി കർഷകർക്കു നൽകും. പൂവൻകോഴിക്കുഞ്ഞുങ്ങളെ വിരിഞ്ഞിറങ്ങുന്ന ദിവസം തന്നെ കോഴിയിറച്ചി ഉൽപാദനത്തിനായി ആവശ്യക്കാർക്കു നൽകുന്നു. ഫാമിൽ കോഴിവളം വിൽപനയുമുണ്ട്. സംരംഭകർക്കു കോഴിവളർത്തലിൽ അറിവും പരിശീലനവും ഇവിടെ ലഭിക്കും.

കോഴികളുടെ തമ്മിൽക്കൊത്ത്

Q. കൂട്ടിലിട്ട് കുറച്ചു മുട്ടക്കോഴികളെ ഞാൻ വളർത്തുന്നുണ്ട്. അവ തമ്മിൽക്കൊത്തി പരുക്കേൽപ്പിക്കുന്നു. എന്താണ് ചെയ്യേണ്ടത്.

സി. ഗൗരിയമ്മ, പുല്ലാട്

കൊത്തിപ്പരുക്കേൽപിച്ച കോഴികളെ മാറ്റിപ്പാർപ്പിച്ച് പരുക്കേറ്റ ഭാഗത്തു പോവിഡോൺ അയോഡിൻ പുരട്ടുക. കോഴികൾ തമ്മിൽ കൊത്തി മുറിവേൽപ്പിക്കുന്നതു ദുശ്ശീലമാണ്. കൂട്ടിനുള്ളിലെ സ്ഥലപരിമിതിയും ആവശ്യത്തിനു കാറ്റും വെളിച്ചവും ഇ‍ല്ലാത്തതും തീറ്റയിലെ അപര്യാപ്തതയും ഉണ്ടാക്കുന്ന പിരിമുറുക്കമാണ് കോഴികളിൽ ഈ ശീലത്തിനു പ്രേരകം. ഡീ ബീക്കിങ് എന്ന ചുണ്ടുമുറിക്കൽ വഴി ഇത്തരം കൊത്തിപ്പറിക്കൽ തടയാം. തീറ്റയിൽ വേണ്ടത്ര അളവിൽ ജീവകങ്ങളും ധാതുക്കളും ചേർക്കുക. ചീരയില, പുല്ല്, പനിക്കൂർക്കയില, വാഴയില, വാഴപ്പിണ്ടി, ചേമ്പില, തുളസി എന്നിവ തീറ്റയായി നൽകുക. കോഴികൾക്കു ജീവകം എ നൽകുന്നതും ഇത്തരം ദുശ്ശീലങ്ങൾ ‌ഒഴിവാക്കാനും രോഗപ്രതിരോധശേഷി കൂടാനും ഉപകരിക്കും.

hen

ബീജാധാനം ഫലിക്കാൻ നാടൻ വിദ്യ

Q. എന്റെ പശുവിനെ മദിയിൽ കുത്തിവച്ചതിന്റെ പിറ്റേന്ന് ഈറ്റത്തിൽനിന്നു രക്തം പോയി. ഇത് ഗർഭധാരണത്തിനു തടസ്സമാകാൻ ഇടയുണ്ടോ. എന്താണു ചെയ്യേണ്ടത്.

അയൂബ്, മലപ്പുറം

മദിയുടെ അവസാനഘട്ടത്തിൽ ഗർഭാശയത്തിലേക്കുള്ള രക്തക്കുഴലുകളിൽനിന്നു രക്തസ്രാവം (Metoestral Bleeding) സ്വാഭാവികമാണെങ്കിലും ഇതു ഗർഭധാരണത്തിനു തടസ്സമാകാനിടയുണ്ട്. ഇത്തരം പശുക്കളെ തുടർന്നുള്ള മദിയിൽ ബീജാധാനം നടത്തിയിട്ടും മദി ആവർത്തിച്ചാൽ പിന്നീടുണ്ടാകുന്ന മദിയിൽ ഗർഭാശയത്തിൽ മരുന്നു ചെയ്യേണ്ടിവരും. വീര്യം കുറവുള്ള അയോഡിൻ ലായനി ഉപയോഗിക്കാം. തുടർന്ന് മദിയുടെ അവസാനം മാത്രം ബീജാധാനം നടത്തുക. തുടർന്ന് ശതാവരിക്കിഴങ്ങ്, കറ്റാർവാഴ, തഴുതാമ എന്നീ ചെടികൾ ഒരു പിടി വീതം അരച്ച് മദി അവസാനിച്ചതു മുതൽ ഒരാഴ്ച കൊടുക്കുക. അല്ലെങ്കിൽ തൊട്ടാവാ‌ടി വേരോടുകൂടി അരച്ച് ദിവസവും ഒരു കൈ നിറയെ മദി അവസാനിച്ച് ഒരാഴ്ച കൊടുക്കുക.

പന്നിഫാം തുടങ്ങുമ്പോൾ

Q. പന്നികളെ വളർത്താനാഗ്രഹിക്കുന്നു. മാലിന്യ സംസ്കരണത്തെക്കുറിച്ച് അറിയണം.

ജോബ്, മൂവാറ്റുപുഴ

ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് പന്നിഫാം വരുന്നതു പരാതിക്ക് ഇട നൽകും. കുടിവെള്ളസ്രോതസ്സിൽനിന്നും ജനവാസകേന്ദ്രത്തിൽനിന്നും നിശ്ചിത അകലം പാലിക്കണം. സാധാരണയായി ചുരുങ്ങിയ ദൂരപരിധി 50 മീറ്ററാണ്. ഫാമിനുള്ള ലൈസൻസ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽനിന്നു വാങ്ങണം. കൂടിനുള്ളിലെ പന്നിക്കാഷ്ഠം ദിവസേന രണ്ടു പ്രാവശ്യമെങ്ക‍ിലും എടുത്തുമാറ്റണം. പന്നികളെ കഴുകിയ വെള്ളവും മൂത്രവും ഒക്കെ പ്രത്യേകം ‌‌ടാങ്കുകളിലേക്ക് തിരിച്ചുവിടണം. ബയോഗ്യാസ് പ്ലാന്റ് നിശ്ചയമായും ഉണ്ടാക്കണം. പന്നിക്കാഷ്ഠം ജൈവവളമായി ഉപയോഗിക്കാം.

രോഗമുള്ള കോഴിക‍ളെ ഒഴിവാക്കുക

chicken-food

Q. രോഗമുള്ളപ്പോൾ കോഴികൾ തീറ്റ തിന്നാതിരിക്കുക, തൂങ്ങിനിൽക്കുക തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ടല്ലോ. ഇവയുടെ ഇറച്ചി തിന്നുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ. ഏതൊക്കെ രോഗമുള്ളവയുടെ ഇറച്ചിയാണ് നിർബന്ധമായും ഒഴിവാക്കേണ്ടത്.

ലൈസാമ്മ ബാബു, വടകര

ഇറച്ചി നന്നായി വേവിച്ചു കഴിക്കുന്നതാണ് നമ്മുടെ രീതിയെന്നതിനാൽ രോഗമുള്ളവയുടെ ഇറച്ചി കഴിക്കുന്നതുകൊണ്ടു ദോഷമില്ല. എന്നാൽ സാൽമണലോസിസ് മാരക്സ് പോലുള്ള രോഗങ്ങൾ പിടിപെട്ടവയുടെ ഇറച്ചി ഒഴിവാക്കണം. രോഗമുള്ള കോഴികളുടെ ആന്തരിക അവയവങ്ങളിൽ ക്ഷതങ്ങൾ ഉണ്ടാകുന്നതിനാൽ അത്തരം ഭാഗങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. ഏതായാലും രോഗമില്ലാത്തവയുടെ ഇറച്ചി കഴിക്കുന്നതാണ് സുരക്ഷിതം.

ഉത്തരങ്ങൾ തയാറാക്കിയത്: ഡോ.സി.കെ. ഷാജു, പെരുവ
സീനിയർ വെറ്ററിനറി സർജൻ, ഗവ. വെറ്ററിനറി ക്ലിനിക്, മുളന്തുരുത്തി. ഫോൺ
: 9447399303