sections
MORE

യൂറോപ്പിനു രുചിക്കാൻ മലയാളത്തിന്റെ ചോക്കലേറ്റ്

chocolate
SHARE

അവിശ്വസനീയമായി തോന്നാമെങ്കിലും സത്യമാണത്. കേരളത്തിലെ ജൈവ കർഷകർ മുൻകൈയെടുത്തു രൂപീകരിച്ച ആലുവ കേന്ദ്രമായുള്ള ഇന്ത്യൻ ഓർഗാനിക് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി (ഐഒഎഫ്പിസിഎൽ) വിദേശവിപണിക്കായി ചോക്കലേറ്റ് നിർമാണം തുടങ്ങിക്കഴിഞ്ഞു. സ്വിറ്റ്സർലൻഡിലെ ‘ചോക്കലേറ്റ് സ്റ്റെല്ല’ എന്ന കമ്പനിയാണ് ഐഒഎഫ്പിസിഎലിനുവേണ്ടി ചോക്കലേറ്റ് ഉണ്ടാക്കുക.  ഏതാനും വർഷം മുമ്പുവരെ ഐഒഎഫ്പിസിഎലിൽനിന്നും ജൈവകൊക്കോ വാങ്ങിയിരുന്ന കമ്പനിയാണിത്.  രാജ്യാന്തര നിലവാരമുള്ള ഈ ഉൽപന്നം വിദേശവിപണികളിൽ വിപണനം നടത്തുന്നതാവട്ടെ, മലയാളിയായ ആകാശ് മാത്യുവിന്റെ ‘റൈറ്റ് ഒറിജിൻസ് ’ കമ്പനിയും. ചോക്കലേറ്റ് വിൽപനയിൽനിന്നുള്ള വരുമാനത്തിന്റെ 80 ശതമാനവും ഐഒഎഫ്പിസിഎലിലെ കൃഷിക്കാർക്കു ലഭിക്കത്തക്കവിധത്തിലാണ്  ക്രമീകരണം. ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ പിൻബലത്തിലാവും ചോക്കലേറ്റിന്റെ വിപണനമെന്ന് ആകാശ് പറയുന്നു. കൊക്കോ ഉൽപാദിപ്പിച്ച കൃഷിയിടം മുതൽ വിപണിവരെയുള്ള ഓരോ ഘട്ടവും  ഉപഭോക്താവിനു മനസ്സിലാക്കുന്നതിനായി ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്.

നമ്മുെട നാട്ടിലെ ജൈവകൃഷിക്കാർക്കു രാജ്യാന്തരവിപണിയിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രയത്നങ്ങളിൽ ഇതൊരു വഴിത്തിരിവാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ആദായകരമായ ജൈവകൃഷി സാധ്യമാക്കുന്നതിനുവേണ്ടി 11 കൃഷിക്കാർ ഓഹരിയുടമകളായി 2004ൽ ആരംഭിച്ച ഈ സ്ഥാപനത്തിന് അവകാശപ്പെടാൻ നിലവിൽ നേട്ടങ്ങളേറെ. നാളികേരത്തിനു വിപണിയിൽ 12 രൂപ മാത്രമുള്ളപ്പോൾ  20 രൂപ നൽകി കൃഷിക്കാരിൽനിന്നു തേങ്ങ സംഭരിച്ചതും വിപണിവിലയെക്കാൾ 30 ശതമാനം വില കൂടുതൽ നൽകി വയനാട്ടിലെ കർഷകരിൽനിന്നു കാപ്പി വാങ്ങി കയറ്റുമതി ചെയ്തതുമൊക്കെ ഇതിലുൾപ്പെടും. കൊക്കോയ്ക്ക് 16 രൂപ വിലയുള്ളപ്പോൾ 32–35 രൂപ നിരക്കിൽ ജൈവ കൊക്കോ വാങ്ങാൻ ഐഒഎഫ്പിസിഎലിനു സാധിച്ചു. ക്രമേണ പുറംവിപണിയിൽ 52 രൂപ വരെ കൊക്കോയുടെ വില വർധിക്കുകയും ചെയ്തു.

ജൈവരീതിയിൽ ഉൽപാദിപ്പിക്കുക, വിഷം കലർത്തിയുണ്ടാക്കിയ ഉൽപന്നങ്ങൾക്കൊപ്പം അതേ വിലയ്ക്ക് അവ വിൽക്കേണ്ടി വരിക– കേരളത്തിലെ ജൈവകൃഷിക്കാർ നേരിടുന്ന പ്രധാന തലവേദനകളിലൊന്നാണിത്. നൂറു ശതമാനം ജൈവ ഉൽപന്നമായാലും  രാസകീടനാശിനിപ്രയോഗം ഒഴിവാക്കിയ സുരക്ഷിത ഭക്ഷ്യവസ്തുക്കളായാലും അവയെ വേർതിരിച്ചു വാങ്ങാനും നിലവാരത്തിന് ആനുപാതികമായ വില നൽകാനും നമ്മുെട നാട്ടിൽ അധികമാരുമില്ലെന്നതാണ് വാസ്തവം.  ജൈവമെന്ന പേരിൽ നടക്കുന്ന ബഹളങ്ങളൊക്കെ അടുക്കളത്തോട്ടങ്ങളിലും  പരിമിതമായ ജൈവവിൽപനശാലകളിലുമൊതുങ്ങുന്നു. അഥവാ വാണിജ്യാടിസ്ഥാനത്തിൽ ആരെങ്കിലും വാങ്ങുന്നുണ്ടെങ്കിൽ  ഇടനിലക്കാരുടെ ലാഭമെടുക്കലിനു ശേഷമുള്ളതേ കൃഷിക്കാർക്കു ലഭിക്കൂ.

ജൈവ കാർഷിക ഉൽപാദനരംഗത്തെ രണ്ടു തട്ടിപ്പുകൾ– ഉറപ്പില്ലാത്ത നിലവാരവും ഇടനിലക്കാരുെട അമിത ചൂഷണവും ഒഴിവാക്കാൻ സാധിക്കുന്നുവെന്നതാണ് ഐഒഎഫ്പിസിഎലിനെ വേറിട്ടു നിർത്തുന്നത്. മറ്റു പല ഉൽപാദക കമ്പനികളിൽനിന്നും വ്യത്യസ്തമായി യഥാർഥ കൃഷിക്കാർ സ്വയം സംഘടിച്ചു രൂപീകരിച്ച  പ്രസ്ഥാനം ഇപ്പോൾ വളർച്ചയുെട പാതയിലാണ്. ഉൽപാദകകമ്പനിയെന്ന ആശയത്തിനു  കേന്ദ്രസർക്കാർ നിയമപരമായ ചട്ടക്കൂട് നൽകി ഒരു വർഷത്തിനുള്ളിൽ ഈ രംഗത്തെ സാധ്യതകൾ തിരിച്ചറിയാൻ കഴിഞ്ഞവരാണ്  ഇതിന്റെ സ്ഥാപക കൃഷിക്കാർ. ഇന്ത്യയിലെ പ്രഥമ ഉൽപാദക കമ്പനിയായി തുടങ്ങിയ കമ്പനി ഇപ്പോൾ ജൈവ കർഷകരുടെ ഏറ്റവും വലിയ സംരംഭമായി വളർന്നുകഴിഞ്ഞു. ആലുവ ആസ്ഥാനമായുള്ള  കമ്പനിക്ക് ഇപ്പോൾ 604 ഓഹരിയുടമകളും 1400ലധികം ജൈവകർഷകരും സ്വന്തമായുണ്ട്. ജൈവകൃഷിയിലെന്നപോലെ ആദ്യ വർഷങ്ങളിൽ സാവധാനം വളർന്നു തുടങ്ങിയ കമ്പനിക്ക് ഇപ്പോൾ വിപുലമായ കർഷക അടിത്തറയും വിപണിബന്ധങ്ങളും വിശ്വാസ്യതയും സ്വന്തമായിക്കഴിഞ്ഞു. 

രാജ്യാന്തരവിപണിയിൽ വിശ്വാസ്യതയുള്ള പ്രസ്ഥാനമെന്ന നിലയിൽ കമ്പനി ചുവടുറപ്പിച്ചതായി ചെയർമാൻ ജോയിക്കുട്ടി വിൻസന്റ് ചൂണ്ടിക്കാട്ടി. നിലവാരമുള്ള ജൈവ ഉൽപന്നങ്ങൾ വേണമെന്ന് നിർബന്ധമുള്ള വിദേശഏജൻസികൾ വില കൂടുതലാണെങ്കിൽപോലും ഐഒഎഫ്പിസിഎൽ ഉൽപന്നങ്ങൾ വാങ്ങാൻ താൽപര്യം കാണിക്കുന്നുണ്ട്. എല്ലാ ഉൽപന്നങ്ങൾക്കും സ്ഥിരമായി ആവശ്യക്കാരെ കണ്ടെത്താൻ കഴിഞ്ഞാൽ മാത്രമേ കൂടുതൽ കർഷകരിലേക്കു സേവനം എത്തിക്കാൻ സാധിക്കൂ.

വിദേശഓർഡറുകൾ കിട്ടുന്ന മുറയ്ക്കുമാത്രം ഉൽപന്നങ്ങൾ സംഭരിക്കുന്ന രീതിയാണ് ഇപ്പോൾ പിന്തുടരുന്നത്. കോർപറേറ്റ് സ്ഥാപനങ്ങളെപ്പോലെ മുൻകൂട്ടി സംഭരിച്ചശേഷം വിപണി കണ്ടെത്തുന്നതിനുള്ള സാമ്പത്തികകരുത്ത് ഇല്ലാത്തതാണ് കാരണം.  ബയോഫാക് പോലുള്ള രാജ്യാന്തര ജൈവ മേളകളിൽ മുടങ്ങാതെ പങ്കെടുത്താണ് ഈ കർഷകകമ്പനി പുതിയ വിപണികൾ കണ്ടെത്തുന്നത്. കാർഷികോൽപന്നങ്ങൾക്ക് തുടർച്ചയായുണ്ടാകുന്ന വിലവ്യതിയാനങ്ങൾ രാജ്യാന്തരവിപണിയിലെ ഇടപെടലിനു തടസ്സമാകാറുള്ളതായി മാനേജിങ് ഡയറക്ടർ കെ.ജെ. തോമസ് പറഞ്ഞു. വിദേശ ഓർഡറുകൾ ഉറപ്പിച്ചശേഷം  സംഭരണം തുടങ്ങുമ്പോഴേക്കും നാട്ടിൽ വില കുത്തനെ വർധിച്ചിരിക്കും. ഇത്തരം സാഹചര്യങ്ങളിൽ കമ്പനിക്കു കിട്ടേണ്ട പ്രീമിയംപോലും കൃഷിക്കാർക്കു കൈമാറുകയാണ് പതിവ്. നമ്മുെട നാട്ടിലെ ചില്ലറവിപണിയിൽ ജൈവസാക്ഷ്യപത്രമുള്ള ഉൽപന്നങ്ങൾക്ക് അടുത്ത കാലത്താണ് ആവശ്യക്കാരുണ്ടായത്. ഈ മാറ്റം തിരിച്ചറിഞ്ഞ് ‘ജൈവ’ എന്ന പേരിൽ ചില്ലറ വിൽപനശാലകൾക്കും കമ്പനി തുടക്കം കുറിച്ചിട്ടുണ്ട്.

കാപ്പി, കൊക്കോ, നാളികേരം (വെളിച്ചെണ്ണ), ജാതിക്ക, കശുവണ്ടി, കുരുമുളക് എന്നിങ്ങനെ വ്യത്യസ്ത വിളകൾക്കു വിദേശവിപണി കണ്ടെത്താനായത് കമ്പനിയുടെ ആത്മവിശ്വാസം വർധിപ്പിച്ചിരിക്കുന്നു. രാജ്യാന്തരവിപണിയിൽ ജൈവ കൊക്കോയ്ക്ക് വലിയ വിപണിയും വിലയുമുണ്ടെന്നു  സിഇഒ ഷൈനി ജോർജ് ചൂണ്ടിക്കാട്ടി. ഈ സാധ്യത പ്രയോജനപ്പെടുത്തി കൂടുതൽ കയറ്റുമതി നടത്താനും അതുവഴി കൃഷിക്കാരുടെ വരുമാനം  ഏറെ വർധിപ്പിക്കാനുമുള്ള പദ്ധതികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. അടുത്ത വർഷം 100 ടൺ പച്ചകൊക്കോ സംഭരിച്ചു സംസ്കരിക്കും. കിലോയ്ക്ക്  വിപണിവിലയേക്കാൾ  12 രൂപ കൂടുതൽ നൽകിയാവും സംഭരണം. ഈ അവസരം പ്രയോജനപ്പെടുത്തി ജൈവരീതിയിൽ കൊക്കോ ഉൽപാദിപ്പിക്കാൻ കൂടുതൽ കൃഷിക്കാർ തയാറാവണം. കർഷകരുെട കൂട്ടായ്മകൾക്ക് ജൈവസാക്ഷ്യപത്രം നേടി ഐഒഎഫ്പിസിഎലിന്റെ കയറ്റുമതിയിൽ പങ്കാളികളാകാം – ഷൈനി പറഞ്ഞു. ശാസ്ത്രീയമായി കൊക്കോക്കുരു സംസ്കരിച്ചാൽ മാത്രമേ കയറ്റുമതിസാധ്യത പ്രയോജനപ്പെടുത്താനാവൂ. മെച്ചപ്പെട്ടതും ശാസ്ത്രീയവുമായ സംസ്കരണം സാധ്യമാക്കുന്നതിനു കോട്ടയം ജില്ലയിലെ രാമപുരത്ത് ഒരു സംസ്കരണശാല കമ്പനി സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച നിലവാരത്തിലുള്ള ഈ ശാല പ്രവർത്തനക്ഷമമാകുന്ന മുറയ്ക്ക് കൂടുതൽ കൃഷിക്കാരിൽനിന്നു ജൈവ കൊക്കോ വാങ്ങാനാവും. ജൈവ സാക്ഷ്യപത്രമുള്ള ആറ് സംസ്കരണശാലകൾക്കു പുറംജോലിക്കരാർ നൽകിയാണ് ഇതുവരെ കമ്പനി ഉൽപന്നങ്ങൾ തയാറാക്കിയിരുന്നത്.

ജൈവകൃഷിയെന്ന ആശയം പൂർണമായും സത്യസന്ധമായും മാനദണ്ഡങ്ങൾ പാലിച്ചും നടപ്പാക്കിയവരുമായി മാത്രം സഹകരിക്കുന്നതുകൊണ്ടാണ് ഐഒഎഫ്പിസിഎലിനു കീഴിലുള്ള കൃഷിക്കാരുെട എണ്ണം പരിധിയിലധികം വർധിക്കാത്തതെന്ന് ഷൈനി ചൂണ്ടിക്കാട്ടി. കൃഷിക്കാർ തന്നെ തിരഞ്ഞെടുത്ത കർഷക പ്രതിനിധികൾക്കാണ് കമ്പനിയുടെ നേതൃത്വം. തുടർച്ചയായി ലാഭമുണ്ടാക്കുന്നതിനും ഐഒഎഫ്പിസിഎലിനു സാധിച്ചിട്ടുണ്ട്. 2006–‘07ൽ കഷ്ടിച്ചു 35 ലക്ഷം വിറ്റുവരവുണ്ടാക്കിയ ഐഒഎഫ്പിസിഎൽ 2017–’18ൽ 2.8 കോടിരൂപയുടെ ജൈവ ഉൽപന്നങ്ങളാണ് വിപണിക്കു നൽകിയത്. കൂടുതൽ ലാഭമുണ്ടാക്കുന്നതിനേക്കാൾ പരമാവധി ആദായം കൃഷിക്കാർക്ക് ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്.

ഫോൺ: 0484 2620659, 9447046353

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN FEATURES
SHOW MORE
FROM ONMANORAMA