കേരളത്തിനു നല്ല പച്ചക്കറി എത്തിക്കുന്ന മൈസൂരുവിലെ കർഷക കമ്പനി

raithamithra
SHARE

സാധാരണക്കാരായ കൃഷിക്കാർ, പക്ഷേ കൃഷി ചെയ്യുന്നതും വിൽക്കുന്നതും സൂപ്പർ ഫുഡ് ചെറുധാന്യങ്ങൾ, അതും കഴുകി വൃത്തിയാക്കി സ്വന്തം ബ്രാൻഡിൽ, ആദ്യവർഷം തന്നെ ലാഭം, ഓഹരിയുടമകളായ കൃഷിക്കാർക്ക് ശ്രീലങ്കയിലേക്കും  സിക്കിമിലേക്കുമൊക്കെ പഠനയാത്ര, കേരളത്തിനു നല്ല പച്ചക്കറി നൽകി അവർ നേടിയത് രണ്ടു കോടി രൂപ, പ്രളയദുരിതമുണ്ടായപ്പോൾ അവർ നമുക്ക് സംഭാവന തന്നത് അഞ്ചുലക്ഷം രൂപ. ശൈശവദശ പിന്നിടാത്ത ഒരു കർഷക കമ്പനിയെ ശ്രദ്ധിക്കാൻ ഇതൊക്കെ പോരേ. പേരിനോടു നീതി പുലർത്തുന്ന പ്രവർത്തനങ്ങളിലൂെട ദേശീയശ്രദ്ധ നേടിയ കർഷക ഉൽപാദക കമ്പനിയാണ് മൈസൂരുവിൽ നിന്നുള്ള റൈതമിത്ര. കന്നടഭാഷയിൽ കർഷകമിത്രം എന്നർഥം. കഴിഞ്ഞ വർഷം കർണാടകയിലെ ഏറ്റവും മികച്ച കർഷക കമ്പനിയായി നബാർഡ് തെരഞ്ഞെടുത്തതും മറ്റു കമ്പനികൾക്ക് മാതൃകയായി അവതരിപ്പിച്ചതും റൈതമിത്രയുടെ പ്രവർത്തനങ്ങളായിരുന്നു. 

മൂന്നുവർഷം മുമ്പ് 2015 ഏപ്രിലിൽ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ച കമ്പനിക്ക് ആദ്യ വർഷം മുതൽ തന്നെ പ്രവർത്തനലാഭം കണ്ടെത്തുന്നതിനും കൂടുതൽ വളരുന്നതിനും സാധിച്ചു. മൈസൂരുവിലെ  കർഷക നേതാവായ കെ.ശാന്തകുമാറും മലയാളി കർഷകനായ ടി.വി. ഗോപിനാഥും  ചേർന്നാണ് റൈതമിത്രയ്ക്കു തുടക്കം കുറിച്ചത്. സ്ഥാപകരായ ഏഴ് ഓഹരിയുടമകളിൽ നന്നും 526 ഓഹരിയുടമകളിലേക്ക് കമ്പനി വളർന്നുകഴിഞ്ഞു. കൂടാതെ  48 കർഷകസംഘങ്ങൾക്കും ഒരു  പച്ചക്കറി ഉൽപാദകസംഘത്തിനും ഓഹരിയുണ്ട്. ഒരു ശതമാനത്തിലധികം ഓഹരി ആർക്കും അനുവദിക്കില്ലെന്ന മാനദണ്ഡവും ഇവർ പാലിക്കുന്നു. കേവലം 5000 രൂപ മുതൽ 25000 രൂപ വരെ മാത്രം മുതൽ മുടക്കിയ ഓഹരിയെടുത്തവരുെട  പ്രസ്ഥാനം ഇതിനകംതന്നെ മുടക്കിയ തുകയ്ക്കുള്ളതിലും അധികം നേട്ടം സമ്മാനിച്ചുകഴിഞ്ഞു.‌  ഓഹരിയുടമകളുടെ എണ്ണം അമിതമായി വർധിക്കുന്നത് മികവ് നഷ്ടപ്പെടുത്തുമെന്ന അഭിപ്രായമാണ് റൈതമിത്രനേതൃത്വത്തിനുള്ളത്. തന്മൂലം കൂടുതലാളുകൾക്ക് വ്യക്തിഗതഓഹരി നൽകുന്നില്ല. എന്നാൽ കർഷകസംഘങ്ങൾക്കും സൊസൈറ്റികൾക്കും കമ്പനിയിൽ ഓഹരിയുടമകളാകാം. പരമാവധി കൃഷിക്കാർക്ക് പ്രയോജനപ്പെടുന്നതിനൊപ്പം ദിശാബോധം നഷ്ടപ്പെടാതിരിക്കാൻ ഇതു പ്രയോജനപ്പെടുന്നു.

കൃഷിക്കാരുണ്ടാക്കുന്ന ലാഭം അവർക്കു തന്നെ ഉൽപാദനബോണസായി നൽകുന്ന രീതി സ്വീകരിക്കുന്നതിനാൽ കണക്കുകളിൽ റൈതമിത്രയുടെ ലാഭം നാമമാത്രമായിരിക്കുമെന്ന്  കമ്പനി വൈസ് ചെയർമാൻ കൂടിയായ ഗോപിനാഥ് ചൂണ്ടിക്കാട്ടി. ഉൽപാദകകമ്പനികളുെട ലാഭം നികുതിയായ സർക്കാരിലേക്ക് നൽകേണ്ടിവരുന്ന സ്ഥിതി അടുത്ത കാലം വരെ നിലവിലുണ്ടായിരുന്നു. തന്മൂലം  നാമമാത്രമായലാഭം മാത്രം കിട്ടത്തക്കവിധത്തിൽ അധികവരുമാനമായി കിട്ടുന്ന തുക കൃഷിക്കാർക്ക് ഉൽപാദനബോണസ് എന്ന പേരിൽ വീതിച്ചു നൽകുകയായിരുന്നു പതിവ്. എന്നിട്ടുപോലും കഴിഞ്ഞവർഷം രണ്ടുലക്ഷം രൂപ മുൻകൂർ നികുതിയടച്ച് മാതൃകയാകാൻ റൈതമിത്രയ്ക്കു സാധിച്ചു. ഒപ്പം ഓഹരിയുടമകൾക്ക് പത്തു ശതമാനം ലാഭവിഹിതവും ബോണസ് ഓഹരിയും  പ്രഖ്യാപിച്ചു‌. കഴിഞ്ഞ ബജറ്റിൽ  കർഷക ഉൽപാദക കമ്പനികളുെട വരുമാനത്തിന് അഞ്ചുവർഷത്തെ നികുതി അവധി പ്രഖ്യാപിച്ചിട്ടുണ്ട്.  റൈതമിത്ര ഭാരവാഹികൾ കേന്ദ്രസർക്കാരിനു നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ എല്ലാ കർഷക കമ്പനികൾക്കും പ്രയോജനപ്പെടുന്ന ഈ തീരുമാനം ഉണ്ടായതെന്നും ഗോപിനാഥ് ചൂണ്ടിക്കാട്ടി.

ചെറുധാന്യങ്ങളുെടയും പച്ചക്കറികളുടെയും ബിസിനസിനാണ് ആദ്യവർഷങ്ങളിൽ കമ്പനി പ്രാധാന്യം നൽകിയത്. കൂടാതെ കാർഷികോപാധികളുടെ വിപണനവും നടത്തുന്നുണ്ട്. മൂന്നു പ്രവർത്തനങ്ങളിലൂെട ലഭിക്കുന്ന ലാഭം അടിസ്ഥാനസൗകര്യവികസനത്തിനായും കർഷകക്ഷേമത്തിനായും ചെലവഴിക്കുന്നു. ജലദൗർലഭ്യം മൂലം ചെറുധാന്യങ്ങൾ മാത്രം കൃഷി ചെയ്യാൻ സാധിക്കുന്ന കൃഷിയിടങ്ങളാണ് ഏറെപ്പേരുടേതും.  റാഗിപോലുള്ള വിളകളാണ് ഇവർ കൃഷി ചെയ്തിരുന്നത്. എന്നാൽ കർഷക കമ്പനിയായി മാറിയതോടെ വിപണിയിലെ പുത്തൻ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള ശ്രമം റൈതമിത്ര ആരംഭിച്ചു. മൈസൂരുവിലെെസൻട്രൽ ഫുഡ് ടെക്നോളജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്  അവരുടെ തുണയ്ക്കെത്തി.  സൂപ്പർ ഫുഡ് വിഭാഗത്തിൽ പെടുത്താവുന്ന ചിയ, കിനോവ എന്നീ ചെറുധാന്യങ്ങളുെട സാധ്യത സിഎഫ്ടിആർഐ അധികൃതർ ചൂണ്ടിക്കാട്ടിയപ്പോൾ റൈത മിത്ര നേതൃത്വം  അത് പ്രയോജനപ്പെടുത്താൻ തീരുമാനിച്ചു. രണ്ടു വിളകളുടെയും മികച്ച വിത്തുകളും  ശാസ്ത്രീയമായ കൃഷിരീതിയും കമ്പനി കൃഷിക്കാർക്ക് ലഭ്യമാക്കി, അങ്ങനെ ഇന്ത്യയിൽ ആദ്യമായി 2015ൽ ചിയ, ക്വിനോവ എന്നിവ കൃഷി ചെയ്തു തുടങ്ങിയ റൈതമിത്ര അംഗങ്ങൾ മൂന്നു വർഷത്തിനകം അവയുെട ഉൽപാദനം 20 ടണ്ണായി വർധിപ്പിച്ചിരിക്കുകയാണ്. 

സൂപ്പർഫുഡായ ചിയയും ക്വിനോവയും തെക്കേ അമേരിക്കയിൽ നിന്നാണ് സിഎഫ്ടിആർഐ എത്തിച്ചത്. അന്ന് കിലോയ്ക്ക് 2000രൂപയിലധികമായിരുന്നു ഇവയുടെ വില. ഉയർന്ന വില കിട്ടുന്ന ചിയയും ക്വിനോവയും റൈതമിത്ര കൃഷിക്കാർക്ക് മെച്ചപ്പെട്ട വരുമാനമേകി. വിപണിക്കു പരിചിതമല്ലാത്ത ഇവ സംഭരിക്കാനും സംസ്കരിക്കാനും കമ്പനി മുൻകൈയെടുത്തതിനാൽ കൃഷിക്കാർക്ക് വിപണനം തലവേദനയായില്ല. മികച്ച വിലയ്ക്കു തന്നെ അവ വിറ്റഴിച്ചു.  ‘‘ഞങ്ങൾ ഉൽപാദനം വർധിപ്പിച്ചതോടെ വില താഴ്ന്നു. കൂടുതൽ ആളുകൾക്ക് ഈ സൂപ്പർഫുഡുകൾ കഴിക്കാമെന്നായത് പോഷകസുരക്ഷ വർധിപ്പിക്കുന്നുണ്ട്.’’ വില താഴ്ന്നിട്ടുണ്ടെങ്കിലും കൃഷി ആദായകരം തന്നെയാണെന്നും ഗോപിനാഥ് ചൂണ്ടിക്കാട്ടി. പച്ചക്കറി വിപണനത്തിലും റൈതമിത്ര മാതൃക സൃഷ്ടിച്ചിട്ടുണ്ട്. മൈസൂരു എപിഎംസി മാർക്കറ്റിലെ കമ്പനിവക സംഭരണകേന്ദ്രത്തിൽ അതതുദിവസത്തെ വിപണിവിലയ്ക്കാണ് പച്ചക്കറികൾ വാങ്ങുന്നത്. അംഗങ്ങളിൽ നിന്നു സംഭരിക്കുന്നതു തികയാതെ വന്നാൽ മാത്രമേ മാർക്കറ്റിലെ പച്ചക്കറി വാങ്ങൂ. വിപണിവിലതന്നെയാണ് കിട്ടുന്നതെങ്കിലും റൈതമിത്രയ്ക്കു നൽകാനാണ് കൃഷിക്കാർക്ക് താൽപര്യം. മാർക്കറ്റിൽ കമ്മീഷനും മറ്റുമായി 10–15 ശതമാനം നൽകേണ്ടിവരുമ്പോൾ റൈതമിത്രയുെട സംഭരണകേന്ദ്രത്തിൽ അത്തരം ചെലവുകളൊന്നുമില്ല. നൂറു രൂപയുെട ഉൽപന്നത്തിന് അത്രയും തന്നെ പണം കൃഷിക്കാരന്റെ കൈയിലെത്തും. തുച്ഛമായ കൈകാര്യച്ചെലവ് മാത്രമേ വഹിക്കേണ്ടതുള്ളൂ. കഴിഞ്ഞ വർഷം 152 പച്ചക്കറി കർഷകർക്ക് കമ്പനി ബോണസ് നൽകി. മുന്നൂറ് രൂപയുെട പച്ചക്കറി മാത്രം നൽകിയവർക്കും 500 രൂപ ബോണസ് നൽകിയപ്പോൾ ‍ഞെട്ടിയത് കൃഷിക്കാരായിരുന്നു. 

സംഭരിക്കുന്ന പച്ചക്കറികൾ തരം തിരിച്ച് വൃത്തിയാക്കിയാണ് റൈതമിത്ര ആവശ്യക്കാർക്ക് എത്തിക്കുന്നത്. കേരളത്തിന്റെ ഹോർട്ടികോർപ് ആണ് കമ്പനിയുടെ ഒരു പ്രധാന ഇടപാടുകാരൻ. ഇടനിലക്കാരെ ഒഴിവാക്കി ടൺകണക്കിനു പച്ചക്കറി വാങ്ങാൻ ഹോർട്ടികോർപ് റൈതമിത്രയെ ആശ്രയിക്കുന്നു. ആഴ്ചതോറും മൂന്നു തവണയായി 50–60 ടൺ പച്ചക്കറികളാണ് കമ്പനി ഹോർട്ടികോർപിനു നൽകുന്നത്. മൈസൂരുവിലെയും ചാമരാജ് നഗറിലെയും 225 കൃഷിക്കാരാണ് കേരളത്തിലേക്കുള്ള പച്ചക്കറി കമ്പനിക്ക് എത്തിക്കുന്നത്.

തുടക്കം മുതൽ ബിസിനസിലൂടെ വരുമാനം കണ്ടെത്താൻ ശ്രമിച്ചതാണ് കമ്പനിയുടെ വിജയരഹസ്യമെന്ന് ഗോപിനാഥ് അഭിപ്രായപ്പെട്ടു. കർണാടക സർക്കാരിന്റെ പിന്തുണ ധാരാളമായുണ്ടായി.  ആദ്യവർഷം 68 ലക്ഷം രൂപയുടെ വിറ്റുവരവ് മാത്രമുണ്ടായിരുന്ന റൈതമിത്ര വരുംവർഷങ്ങളിൽ ഇത് 2.18 കോടി രൂപയായും 6.58  കോടി രൂപയായും വർധിപ്പിച്ചുകഴിഞ്ഞു. നടപ്പുവർഷം പത്തുകോടി രൂപയുടെ ബിസിനസ് നടത്താമെന്ന പ്രതീക്ഷയിലാണവർ.

മൈസൂരുവിലെ എപിഎംസി മാർക്കറ്റിനോട് ചേർന്നു പഴവർഗങ്ങൾ പഴുപ്പിക്കുന്നതിനുള്ള യൂണിറ്റാണ് പ്രധാന ലക്ഷ്യം. ചിയയുംമറ്റ് ചെറുധാന്യങ്ങളും വൃത്തിയാക്കി ഗ്രേഡ് ചെയ്യുന്നതിനുള്ള ശേഷി ദിവസം രണ്ടു ടണ്ണായി വർധിപ്പിക്കുകയും ചെയ്യും. കൃഷിക്കാർക്കാവശ്യമായ തുള്ളിനന സംവിധാനങ്ങളുെടയും ഉപകരണങ്ങളുടെയും ബിസിനസ് കൂടി ഏറ്റെടുത്ത് കുറഞ്ഞ ചെലവിൽ അടിസ്ഥാനസൗകര്യവികസനം സാധ്യമാക്കാനും റൈതമിത്ര തയാറായിക്കഴിഞ്ഞു.

ഫോൺ: 0821 2971640, 8762406640

ഇ–മെയിൽ: raithamithra2014@gmail.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA