വെളിച്ചമായി വെളിച്ചെണ്ണ; മൂല്യവർധിത ഉൽപന്നങ്ങളുമായി നാളികേര കമ്പനി

coconut
SHARE

‘‘കേരളത്തിലെ ഭക്ഷ്യ സുരക്ഷാവിഭാഗം പരിശോധന കർശനമാക്കിയപ്പോൾ കേൾവികേട്ട വെളിച്ചെണ്ണ ബ്രാൻഡുകൾ പലതും കുടുങ്ങി. മാരകരോഗങ്ങൾക്കു വഴിവയ്ക്കുന്ന മായങ്ങൾ കലർന്നിരുന്നു പലതിലും. സത്യത്തിൽ അത്തരം പരിശോധനകളാണ് ഞങ്ങൾക്കു ഗുണമായത്. 

ഒാണാട്ടുകര വെളിച്ചെണ്ണയുടെ സാമ്പിളും പരിശോധിച്ചിരുന്നു. ഒരു മായവും കലരാത്ത ഒന്നാന്തരം വെളിച്ചെണ്ണ എന്നായിരുന്നു ഞങ്ങൾക്കു ലഭിച്ച റിപ്പോർട്ട്. നാളികേര വികസന ബോർഡിന്റെ പിൻതുണയോടെ നാലായിരത്തോളം നാളികേരക്കർഷകർ ഒാഹരിയുടമകളായി തുടങ്ങിയ ഒാണാട്ടുകര നാളികേര ഉൽപാദക കമ്പനിക്കു ലാഭമല്ല പ്രധാനം, കർഷകരുടെ നാളികേരത്തിനു നല്ല വില കിട്ടണം, അത്രേയുള്ളൂ’’, കമ്പനി ചെയർമാൻ കറ്റാനം ഷാജിയുടെ വാക്കുകളിൽ ആത്മവിശ്വാസവും പ്രതീക്ഷയും.റജിസ്ട്രേഷൻ ക്രമത്തിൽ നോക്കിയാൽ കേരളത്തിലെ പതിമൂന്നാമത്തെ നാളികേര കമ്പനിയാണ് ആലപ്പുഴ  ജില്ലയിലെ ഒാണാട്ടുകരയിലേത്. നാലു വർഷം മുമ്പ് നീര ചെത്താൻ ലൈസൻസ് അനുവദിച്ചപ്പോൾ കമ്പനിയുടെ ചില ഫെഡറേഷനുകൾക്കും അവസരം ലഭിച്ചിരുന്നു. എന്നാൽ ‘നീര എന്ന നിർബന്ധത്തിനു വഴിപ്പെടാതെ വെളിച്ചെണ്ണയിലേക്കു വഴിതിരിഞ്ഞതുകൊണ്ടാണ് ഈ ഫാൻപോലെ ഞങ്ങളിന്നു കറങ്ങാത്തത്’ എന്നു തലയ്ക്കു മുകളിൽ കറങ്ങുന്ന ഫാൻ ചൂണ്ടി ചെയർമാൻ പറയുന്നു. 

oil

ഒാണാട്ടുകര വെളിച്ചെണ്ണനാളികേര ഉൽപാദകസംഘങ്ങൾ, അവ ഉൾപ്പെടുന്ന ഫെഡറേഷനുകൾ, ഉൽപാദക കമ്പനി എന്ന ത്രിതല സംവിധാനത്തോടെ നീരയുൽപാദനം ലക്ഷ്യമിട്ടുതന്നെയാണ് ഒാണാട്ടുകര  കമ്പനിയും 2015ൽ റജിസ്റ്റർ ചെയ്തത്. എന്നാൽ കോടികൾ മുടക്കി നീരയുൽപാദന പ്ലാന്റ് സ്ഥാപിച്ചാൽ കൈപൊള്ളുമോ എന്ന ആശങ്ക അന്നേയുണ്ടായതിനാൽ ആദ്യ ഉൽപന്നം വെളിച്ചെണ്ണ മതിയെന്നു തീരുമാനിച്ചു. ഒാണാട്ടുകരയുടെ കൃഷി ൈപതൃകത്തിനു ചേർന്ന ഉൽപന്നവും അതാണെന്നു ചെയർമാൻ.

എള്ളിനു മാത്രമല്ല, നല്ല നാളികേരത്തിനും പണ്ടേ പ്രശസ്തമാണ് ഒാണാട്ടുകര. നാളികേരം ചേർത്ത വിഭവങ്ങളുടെ രുചിമഹിമകളും ഏറെ. നീരയ്ക്കു മുമ്പ് വെളിച്ചെണ്ണയിലേക്കു കടക്കാം എന്നു നാളികേര വികസന ബോർഡിന്റെ അനുമതി കിട്ടിയതോടെ തേങ്ങ സംഭരണം, കൊപ്ര ഉണക്കാനുള്ള ഡ്രയർ, വെളിച്ചെണ്ണ നിർമിക്കാനുള്ള യന്ത്രസംവിധാനങ്ങൾ എന്നിവയെല്ലാം ക്രമീകരിച്ചു. നാളികേര വികസന ബോർഡ് മുൻ ഡയറക്ടർ ഡോ. രമണി ഗോപാലകൃഷ്ണൻ കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഒാഫിസറായി 2016ൽ ചുമതലയേറ്റതോടെ മൂല്യവർധിത ഉൽപന്നങ്ങൾ എന്ന ലക്ഷ്യത്തിനു വേഗം കൂടി. 

coconut-oil

ഓണാട്ടുകര വെളിച്ചെണ്ണ, ഉരുക്കു വെളിച്ചെണ്ണ അഥവാ വെന്ത വെളിച്ചെണ്ണ, ചമ്മന്തിപ്പൊടി, സ്ക്വാഷ് എന്നിവയാണ് ഇന്നു കമ്പനിയുടേതായി വിപണിയിലുള്ള മുഖ്യ ഉൽപന്നങ്ങൾ. കമ്പനിയുടെ കീഴിലുള്ള മുട്ടക്കുളം ഫെഡറേഷൻ നിർമിക്കുന്ന തൂൾത്തേങ്ങ, കുക്കീസ് എന്നിവയും  വിപണിയിലെത്തിക്കുന്നുണ്ട്.   ദിവസം പത്തു ടൺ കൊപ്ര സംസ്കരിച്ച് 6400 ലീറ്റർ വെളിച്ചെണ്ണയെടുക്കാൻ ശേഷിയുള്ള എക്സ്പെല്ലറാണ് ഫാക്ടറിയിലുള്ളത്. അടുത്ത വർഷത്തോടെ യന്ത്രശേഷി മുഴുവനായും വിനിയോഗിക്കാൻ കഴിയുമെന്ന് ഡോ. രമണി ഗോപാലകൃഷ്ണൻ. മികച്ച ഡിമാൻഡുള്ള ഉരുക്കു വെളിച്ചെണ്ണയുടെ നിർമാണം ഓണാട്ടുകരയുടെ പാരമ്പര്യവഴിയിൽത്തന്നെ. പച്ചത്തേങ്ങ പിഴിഞ്ഞെടുക്കുന്ന പാൽ ഒാട്ടുരുളിയിൽ വച്ച് വറ്റിച്ചുണ്ടാക്കുന്ന ഒാണാട്ടുകര ഉരുക്കു വെളിച്ചെണ്ണയ്ക്ക് ഒാർമകളുടെ സുഗന്ധം. കോൾഡ് പ്രോസസ് രീതിയില്‍ തയാറാക്കുന്ന വിർജിൻ കോക്കനട്ട് ഒായിലാണ് കമ്പനിയുടെ അടുത്ത ലക്ഷ്യമെന്നും  ഡോ. രമണി ഗോപാലകൃഷ്ണൻ. 

വിപണിവിലയെക്കാൾ കൂടുതൽ നൽകിയാണ് കർഷകരിൽനിന്നു കമ്പനി തേങ്ങ സംഭരിക്കുന്നത്. ഫെഡറേഷനുകൾക്കാണ് സംഭരണത്തിന്റെ ചുമതല. കർഷകർക്ക് കമ്പനിയിൽ നേരിട്ടെത്തി വിൽക്കാനുള്ള അവസരവുമുണ്ട്. കർഷകർക്കു നൽകുന്ന ഉയർന്ന വില, വെളിച്ചെണ്ണ നിർമാണത്തിൽ പുലർത്തുന്ന നിഷ്കർഷ എന്നീ കാര്യങ്ങളിൽ വിട്ടുവീഴ്ചയ്ക്കു തയാറല്ലാത്തതുകൊണ്ടു തന്നെ തങ്ങളുടെ വെളിച്ചെണ്ണയ്ക്ക് വിപണിയിലെ മറ്റു ബ്രാൻഡുകളെക്കാൾ വില കൂടുതലെന്നു ചെയർമാൻ. ഉപഭോക്താക്കൾ പക്ഷേ ഒാണാട്ടുകരയ്ക്കൊപ്പമുണ്ട്. പുതിയ ഉൽപന്നങ്ങളെക്കുറിച്ച് ആലോചിച്ചിരിക്കുമ്പോഴും നീരയിലേക്കു തൽക്കാലം കമ്പനി കണ്ണു വയ്ക്കുന്നില്ല. ഇരുന്നിട്ടു കാലു നീട്ടാം; അതാണ് കമ്പനിയുടെ നയം.

ഫോൺ: 0479 2339911

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA