sections
MORE

ഓൺലൈനിലെ വിസ്മയപ്പൂക്കള്‍; വിത്തുകള്‍ സുലഭം

monkey-orchid
SHARE

ഒറ്റപ്പൂവില്‍തന്നെ ഒട്ടേറെ നിറങ്ങളുള്ള റോസിന്റെ സങ്കരയിനങ്ങൾ ഇതേവരെ ഉരുത്തിരിച്ചിട്ടില്ലെങ്കിലും ഒാണ്‍െലെനില്‍ ഇവയുടെ വിത്തുകള്‍ സുലഭം. മൊട്ടുസൂചി മുതൽ ആനയെ വരെ ഇന്ന് ഓൺലൈൻ വഴി വാങ്ങാം. ഓൺലൈനിൽ ലഭ്യമായ ആകർഷക മായ ചിത്രങ്ങളെ വിശ്വസിച്ചു വാങ്ങുന്ന ഉല്‍പന്നങ്ങളിൽ ചിലതെങ്കിലും ഗുണനിലവാരം കുറഞ്ഞവയായിരിക്കും. അല്ലെങ്കിൽ വിവരിച്ചിരിക്കുന്ന കാര്യങ്ങളുമായി പുലബന്ധംപോലും ഇല്ലാത്തവയായിരിക്കും. ഇത്തരം തട്ടിപ്പ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വിപിപി ആയി റേഡിയോയും ടേപ്റിക്കാർഡറും മറ്റും ഓർഡർ ചെയ്യുന്നവർക്ക് ഇഷ്ടികയും തടിക്കഷണവും കിട്ടിയിരുന്നത് പത്രങ്ങളിൽ പണ്ട്  വാർത്തയായിരുന്നു. ഓൺലൈൻ വഴി പൂച്ചെടിവിത്തുകൾ വാങ്ങി തട്ടിപ്പിന് ഇരയായവർ കേരളത്തിലുമുണ്ട്. എന്നുകണ്ട് ഓൺലൈൻ വിപണി മുഴുവൻ തട്ടിപ്പാണെന്ന് അർഥമാക്കേണ്ടതില്ലതാനും.

റോസ്: ഇന്ന് ഉദ്യാനത്തിൽ പരിപാലിച്ചുവരുന്ന റോസ് ഇനങ്ങൾ   നട്ടുവളർ‌ത്താൻ ബഡ് ചെയ്ത തൈകളാ ണ് വ്യാപകമായി ഉപയോഗിക്കുന്നത്.  റോസാപ്പൂവിന്റെ വൈവിധ്യത്തിൽ തൂവെള്ള മുതൽ കടും നീലനിറം വരെയുള്ളവയും മൊസേക്ക്പോലെ രണ്ടു നിറങ്ങളിൽ പൂക്കൾ ഉള്ളവയും നമ്മുടെ രാജ്യത്ത് ലഭ്യമാണ്. എ ന്നാൽ ഓൺലൈൻ വിപണിയിൽ പരതിയാൽ ഒറ്റപ്പൂവില്‍തന്നെ ഏഴു നിറങ്ങൾ വരെയുള്ള റോസ് ഇനങ്ങളുടെ വിത്തുകൾ ലഭ്യമാണ്! ഒരു കാര്യം മനസ്സിലാക്കുക, ഇതുവരെ നമ്മുടെ നാട്ടിൽ ഒറ്റപ്പൂവില്‍തന്നെ ഒട്ടേറെ നിറങ്ങളുള്ള സങ്കരയിനങ്ങൾ ഉരുത്തിരിച്ചിട്ടില്ല. റോസിന്റെ പ്രധാന കേന്ദ്രങ്ങളായ പുണെയിലെ ഉരളികാഞ്ച നിലും തമിഴ്നാട്ടിലെ അഗളികോട്ടയിലും പോലും ഇത്തരം ഇനങ്ങൾ കണ്ടിട്ടില്ല.

അതുപോെലതന്നെ മറ്റൊരു വസ്തുത റോസിന്റെ പ്രാകൃതയിനങ്ങള്‍ മാത്രമാണ് സ്വാഭാവികമായി വിത്തുകൾ ഉല്‍പാദിപ്പിക്കുക. നമ്മുടെ ഉദ്യാനങ്ങളിലുള്ള സങ്കരയിനങ്ങൾ വിത്തുകൾ ഉല്‍പാദിപ്പിക്കാറില്ല. അവയെല്ലാം കമ്പു മുറിച്ചുനട്ടാണ് വളർത്തിയെടുക്കുന്നത്. എന്നാല്‍ സങ്കരയിനങ്ങളുടെ വിത്തുകൾ ഓൺലൈൻ വിപണിയിൽ കിട്ടുമെന്നാണ് അവകാശവാദം. 

phalenopsis-orchid

ബോൺസായ് ചെടി: ഓൺലൈൻ വിപണിയിലെ മറ്റൊരു അദ്ഭുതമാണ് ബോൺസായ്ച്ചെടികളുടെ വിത്തുകൾ! ബോൺസായ് എന്ന ആശയത്തിനുതന്നെ വിരുദ്ധമാണ് വിത്തു മുളപ്പിച്ച് അതു വളര്‍ത്തിയെടുക്കുക എന്നതെന്നു നമുക്ക് അറിയാം. ബോൺസായ് ഒരു ചെടിയല്ല, ജപ്പാൻകാർ വികസിപ്പിച്ചെടുത്ത പ്രത്യേക പരിപാലനവിദ്യയാണ്. ഈ പരിപാലനരീതി വഴി മരങ്ങൾ വളരെക്കാലം കുള്ളൻ പ്രകൃതത്തിൽ നിലനിർത്താൻ സാധിക്കും. നമ്മുടെ നാട്ടിൽ സാധാരണയായി ആലിന്റെ വിവിധയിനങ്ങളാണ് ബോൺസായ് പരിപാലനത്തിനായി തിരഞ്ഞെടുക്കുന്നത്. വിത്തുവഴി വളർത്തിയെടുത്ത ഒരു മരത്തൈ തുടർച്ചയായി കമ്പുകളും വേരും കോതിയും ശിഖരങ്ങൾ കമ്പി ഉപയോഗിച്ച് വരിഞ്ഞുചുറ്റി പ്രത്യേക ആകൃതിയിലാക്കിയുമാണ് ബോൺസായ് ആക്കുന്നത്. ബോൺസായ് ചെടിക്ക് പ്രത്യേക ആകൃതിയും ഭംഗിയും ലഭിക്കുന്നതിനു വർഷങ്ങളോളമെടുക്കും. 

ഇനി മറ്റൊരു െവെരുധ്യം. മാപ്പിൾ മരത്തിന്റെയും കോണിഫർമരത്തിന്റെയും ബോണ്‍സായ്  വിത്തുകളാണത്രെ ഒാണ്‍െലെനില്‍ ലഭ്യം. മാപ്പിളും  മിക്ക കോണിഫർ ഇനങ്ങളും നമ്മുടെ നാട്ടിലെ ഉഷ്ണമേഖലാ കാലാവസ്ഥയില്‍ വളരാന്‍പോലും സാധ്യതയില്ല. ഇവ ശീതകാലാവസ്ഥയിലാണ് നന്നായി വളരുക.

വിത്ത് നട്ട് ബോണ്‍സായ് ചെടി വളർത്തിയെടുക്കുന്ന രീതിപോലും ചില സൈറ്റുകളില്‍ വിവരിച്ചിട്ടുണ്ട്! വിത്ത് ഒരു ദിവസത്തിലേറെ നേരം ചൂടുവെള്ളത്തിലിടണം. വെള്ളം മാറ്റിയശേഷം വീണ്ടും ഒരു ദിവസം കൂടി ചൂടുവെള്ളത്തിലിടണം. ഇതിനുശേഷം വിത്ത് മണ്ണിൽ ചെറിയ കുഴിയെടുത്തു നട്ടാൽ മുളച്ച് ബോൺസായ് ചെടിയായി വളർന്നു വരുമെന്നാണ് തട്ടിപ്പുകാർ അവകാശപ്പെടുന്നത്.

phalaenopsis-orchids

ഓർക്കിഡ്: ഓൺലൈൻ സൈറ്റുകളിൽ ഫെലനോപ്സിസ് ഓർക്കിഡിന്റെ വിത്തുകള്‍ക്കാണ് ഏറ്റവുമധികം പ്രചാരണം. പല സൈറ്റുകളിലും പ്രദർശിപ്പിച്ചിരിക്കുന്ന പൂക്കൾ ഫോട്ടോഷോപ്പ് സോഫ്റ്റ്് വെയർ ഉപയോഗിച്ച് പ്രത്യേക നിറം നൽകി കൃത്രിമമായി തയാറാക്കിയവയാണെന്നു വ്യക്തം.  ഫെലനോപ്സിസ് കൂടാതെ ഡക്ക് ഓർക്കിഡ്, മങ്കി ഓർക്കിഡ് എന്നിവയുടെയും വിത്തുകൾ ഓൺലൈൻ വിപണിയിലുണ്ട്.

ഒരു കാര്യം ഓർക്കുക, നമ്മൾ ഉദ്യാനത്തിൽ പരിപാലിക്കുന്ന അലങ്കാരയിനം ഓർക്കിഡുകൾ ഒന്നുംതന്നെ വിത്തുപയോഗിച്ചു വളർത്തിയെടുക്കാൻ സാധിക്കില്ല. ഓർക്കിഡിന്റെ വിത്തുകൾ വളരെ ചെറുതും ഉള്ളിൽ സംഭരിച്ചിരിക്കുന്ന ഭക്ഷണം തീരെ കുറവുമായതുകൊണ്ട് കിളിർക്കാനുള്ള ശേഷി ഇവയ്ക്കില്ല. പ്രാകൃതയിന ഓർക്കിഡുകളുടെ വിത്തുകള്‍ മാത്രമാണു കിളിര്‍ക്കുക.  അതും അതിന് അനുയോജ്യമായ കുമിളുമായി ചേർന്നാൽ മാത്രം. നമ്മൾ നഴ്സറികളിൽനിന്നു വാങ്ങുന്ന ഓർക്കിഡ് തൈകൾ എല്ലാംതന്നെ ടിഷ്യൂകൾച്ചർ സങ്കേതത്തില്‍ ഉല്‍പാദിപ്പിച്ചവയാണ്.

ഇതിൽനിന്ന് ഒരു കാര്യം വ്യക്തം; ഓൺലൈൻ വിപണിയിൽ ലഭിക്കുന്ന ഓർക്കിഡ് വിത്തുകൾ ഒന്നും മുളയ്ക്കില്ല. വാസ്തവം ഇതായിരിക്കെ,  സൈറ്റിൽ വിത്തു നടുന്ന രീതിപോലും വിവരിച്ചിട്ടുണ്ട്. ബോൺസായ് വിത്തുപോലെ ചൂടുവെള്ളത്തിലിട്ട വിത്ത് നേരിട്ട് മണ്ണിൽ കുഴിച്ചിട്ടാൽ കിളിർത്തുവന്ന് ഓർക്കിഡ് ചെടിയായി വളരുമെന്നാണ് വിവരണം. ഇത്തരം ശുദ്ധ അസംബന്ധങ്ങൾ പ്രബുദ്ധരായ മലയാളികളെങ്കിലും മനസ്സിലാക്കണം.

marigold

മറ്റ് പൂച്ചെടികൾ: മൾട്ടികളർ പൂക്കളുള്ള ബന്തി, കടുംനീല പൂക്കളുള്ള മാരിഗോൾഡ്, നീലത്താമര ഇവയുടെയെല്ലാം വിത്തുകൾ ഓൺലൈനായി വാങ്ങാനുണ്ട്. എന്നാല്‍ സൈറ്റിൽ പ്രദർശിപ്പിച്ചിരിക്കുന്ന പൂക്കൾ എല്ലാം തന്നെ വ്യാജം.   നീലപ്പൂക്കളുള്ള ആമ്പലാണ് താമരയായി കാണിച്ചിരിക്കുന്നത്. മൾട്ടി കളർ ബന്തിയുടെയും നീല മാരിഗോൾഡിന്റെയും സ്ഥിതി മറ്റൊന്നല്ല.

പൂക്കളും പൂന്തോട്ടവും ഇഷ്ടപ്പെടുന്നവരുടെ വിശേഷിച്ച് വീട്ടമ്മമാരുടെ ബലഹീനതയെ ചൂഷണം ചെയ്യുന്നവരെ, അത് ഓൺലൈൻ വിപണിയാവട്ടെ, നഴ്സറികളാവട്ടെ, ഇനിയെങ്കിലും നമ്മൾ തിരിച്ചറിയണം. ചെടിയുടെ വിത്തുൾപ്പെടെ ഏത് ഉല്‍പന്നവും ഓൺലൈൻ വിപണിയിൽനിന്നു വാങ്ങുന്നതിനു മുൻപ് ഇതേ ഉല്‍പന്നം മുൻപു വാങ്ങിയവരുടെ അഭിപ്രായം തേടുക. എന്നിട്ടു മതി വാങ്ങല്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN FEATURES
SHOW MORE
FROM ONMANORAMA