sections
MORE

മികച്ച വരുമാനത്തിന് ചുരയ്ക്കാ ശിൽപങ്ങൾ

6S0A6655
SHARE

മൂല്യവർധനയിൽ വേറിട്ട കാഴ്ചയൊരുക്കി മൈസൂർ സ്വദേശിനി സീമ പ്രസാദ്

ഈയിടെവരെ ചുരയ്ക്ക പച്ചക്കറികളിൽ ഒന്നു മാത്രമായിരുന്നു സീമയ്ക്ക്. ഇന്നു പക്ഷേ, സീമയുടെ കയ്യിലെത്തുന്ന ചുരയ്ക്കയുടെ സ്ഥാനം അടുക്കളയിലല്ല അരങ്ങിലാണ്. പച്ചക്കറിയായി വിൽക്കുമ്പോൾ കിലോ ശരാശരി പത്തു രൂപ വില കിട്ടിയിരുന്ന ചുരയ്ക്കയ്ക്ക് സീമയുടെ കരവിരുതു പതിയുമ്പോൾ ലഭിക്കുന്നത് അഞ്ഞൂറും ആയിരവും അതിലേറെയും. 

സീമയ്ക്കു മാത്രമല്ല കൃഷികല എന്ന അവരുടെ സംഘടനയുടെ ഭാഗമായ ഒട്ടേറെ കൃഷിക്കാർക്കും ചുരയ്ക്ക ഇന്നു പ്രതീക്ഷയുടെ പ്രതീകമാണ്.

ഇളം പരുവത്തിൽ വിളവെടുത്താണു ചുരയ്ക്ക കറിവയ്ക്കാറ്. മൂപ്പെത്തിയാൽ കയ്പു കലരും. മൂത്തു വിളഞ്ഞു പോകുന്നവയിൽ വലുപ്പമുള്ളവ തിരഞ്ഞെടുത്ത് ഉള്ളിലെ മാംസളഭാഗം നീക്കി ഉണക്കി വിത്തുകളും മറ്റും സൂക്ഷിച്ചുവയ്ക്കാനുള്ള പാത്രമായും മുമ്പ് നമ്മൾ ചുരയ്ക്ക പ്രയോജനപ്പെടുത്തിയിരുന്നു. എന്നാൽ അതിനപ്പുറം ‘ബോട്ടിൽഗാർഡ് ആർട്’ എന്ന മനോഹര സാധ്യതയുണ്ട് ചുരയ്ക്കയ്ക്ക്. ആഫ്രിക്കൻ രാജ്യങ്ങളിലാവട്ടെ, അത് ഏറെ പ്രശസ്തവും.

DSCN1870

കത്തികൊണ്ടു വരഞ്ഞും പ്രകൃതിദത്ത ചായങ്ങൾ പൂശിയും ചുരയ്ക്കയിൽ സൃഷ്ടിക്കുന്ന ആഫ്രിക്കൻ കലാവൈഭവങ്ങൾ ആരെയും വിസ്മയിപ്പിക്കുമെന്നു സീമ. വെറും പാഴ്ത്തോടായ ചുരയ്ക്കയെ ഗോത്ര സംസ്കാരത്തിന്റെ തനിമയാർന്ന വരകളും വർണങ്ങളുംകൊണ്ട് ഗംഭീര കലാസൃഷ്ടിയാക്കി മാറ്റുന്നു അവർ. ഇന്ത്യയിൽ ഛത്തീസ്ഗഡിലെ ബസ്തറിലുള്ള ആദിവാസികൾക്കിടയിലും ബോട്ടിൽഗാർഡ് ആർട് കാണാമെന്നു സീമ. ഭർത്താവ് കൃഷ്ണപ്രസാദാണ് ചുരയ്ക്കാശിൽപങ്ങളുടെ സാധ്യത സീമയുടെ ശ്രദ്ധയിൽപ്പെടുത്തുന്നത്. എന്‍ജിനീയറിങ് ജോലി വിട്ട് തനതു വിത്തിനങ്ങളുടെ സംരക്ഷകനും പ്രചാരകനുമായി മാറിയ കൃഷ്ണപ്രസാദ് കർണാടകയിലെ പ്രമുഖ ജൈവ കർഷക കമ്പനിയായ ‘സഹജ സമൃദ്ധ’യുടെ സ്ഥാപകനാണ്. ഒാരോ നാടിന്റെയും പാരമ്പര്യവിത്തിനങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളും കർഷകരെ സംഘടിപ്പിച്ച് അവരെ ശാക്തീകരിക്കാനുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട യാത്രകൾക്കിടയിലാണ് കൃഷ്ണപ്രസാദ് കെനിയയിലെയും ടാൻസാനിയയിലെയും ബോട്ടിൽഗാർഡ് ആർട്  പരിചയപ്പെടുന്നത്. ആഫ്രിക്കയിൽനിന്നു മടങ്ങുമ്പോൾ കൗതുകം തോന്നിയ ഏതാനുമെണ്ണം വാങ്ങി. നാട്ടിലെത്തി വെബ് ഡിസൈനറായ ഭാര്യയ്ക്കു സമ്മാനിച്ചു. അതൊരു സംരംഭത്തിന്റെ തുടക്കമായി. ആകൃതി കണ്ടാൽചുരയ്ക്കയിലെ കലാപ്രകടനങ്ങളിൽ കൗതുകം തോന്നിയ സീമ അതു സംബന്ധിച്ച് ഗൗരവമായി പഠിച്ചു. നാം പരിചയപ്പെട്ടിട്ടുള്ളത് ഒന്നോ രണ്ടോ ആകൃതിയിലുള്ള ചുരയ്ക്കയാണെങ്കിൽ നൂറിലേറെ ചുരയ്ക്കാവൈവിധ്യങ്ങൾ വ്യത്യസ്ത നാടുകളിലായി കണ്ടെത്താൻ കഴിയുമെന്നു സീമ. 

ഉള്ളംകയ്യിലൊതുങ്ങുന്നത്ര ചെറുതും ഉറിയിൽ വയ്ക്കാവുന്നത്ര വലുതുമുണ്ട് അക്കൂട്ടത്തിൽ. ചിലതിന് ആനക്കൊമ്പിന്റെ ചന്തം. മറ്റു ചിലതിന്  വാദ്യോപകരണങ്ങളുടെ ഛായ. നീണ്ടും ഉരുണ്ടുമെല്ലാം കൗതുകരൂപങ്ങളുടെ കലവറ. പലതും ഭക്ഷ്യയോഗ്യമല്ലാത്ത കാട്ടിനങ്ങളാണ്. എന്നാൽ ഈ കാട്ടു ചുരയ്ക്കകളുടെ കലാ സാധ്യതകളാവട്ടെ, വിസ്മയകരവും.മൈസൂരിന്റെ പ്രാന്തപ്രദേശങ്ങളിലെ കൃഷിക്കാർ പച്ചക്കറിയായി കൃഷിചെയ്യുന്ന പരിചിത ഇനങ്ങളാണ് കലാസൃഷ്ടിക്കായി  സീമ ആദ്യം ശേഖരിച്ചത്. സംഗതി നിസ്സാര കാര്യമല്ലെന്നും കലയുടെയും കരവിരുതിന്റെയും സുന്ദരമായ കലർപ്പാണ് ആഫ്രിക്കയിൽനിന്നു വാങ്ങിയ ഒാരോ ചുരയ്ക്കാരൂപങ്ങളുമെന്നും ബോധ്യപ്പെട്ടത് അപ്പോൾ. 

ചുരയ്ക്കയുടെ തോടിന്റെ കനം നോക്കി വേണം ഡിസൈൻ ഏതെന്നു തീരുമാനിക്കാൻ.   പുറംതൊലിയിലെ മെഴുകുപോലുള്ള പാട നീക്കുന്നത് അതീവശ്രദ്ധയോടെ േവണം. കത്തിയുപയോഗിച്ച് രൂപങ്ങൾ വരയുന്നതിനും നിറം നൽകുന്നതിനും ഏറെ ക്ഷമയും വൈദഗ്ധ്യവും ആവശ്യം.

DSCN1877

ഏതായാലും രണ്ടുകൊല്ലം മുമ്പ്, പുതിയ വീടിന്റെ ഗൃഹപ്രവേശത്തിനെത്തിയ അതിഥികൾക്ക് മടങ്ങാൻ നേരം സീമ നൽകിയത് താനുണ്ടാക്കിയ ചുരയ്ക്കാരൂപങ്ങൾ. സമ്മാനം ലഭിച്ചവർ സന്തുഷ്ടരാവുകയും അവ വാങ്ങാൻ താൽപര്യപ്പെടുകയും ചെയ്തപ്പോഴാണ് ചുരയ്ക്കയിലെ സംരംഭസാധ്യതയെക്കുറിച്ചു  ചിന്തിക്കുന്നതെന്നു സീമ.

ഇന്ന് മൈസൂരിനടുത്ത് വജ്മംഗലയിൽ ചുരയ്ക്കാശിൽപങ്ങൾ നിർമിക്കുന്ന യൂണിറ്റു തന്നെയുണ്ട് സീമയ്ക്ക്. കമ്മൽ മുതൽ ടേബിൾ ലാമ്പ് വരെ ചുരയ്ക്കകൊണ്ടു തീർക്കുന്നു.കർണാടകയിലും മറ്റു പല സംസ്ഥാനങ്ങളിലുമായി അതതു പ്രദേശത്തെ വ്യത്യസ്ത രൂപങ്ങളിലുള്ള  ചുരയ്ക്കകൾ വിളയിച്ച് സീമയ്ക്കു വിൽക്കുന്ന കർഷകർ ഏറെയുണ്ട്. മുമ്പ് പച്ചക്കറിയായി കൃഷി ചെയ്തിരുന്നപ്പോൾ കിട്ടിയതിനെക്കാൾ  മെച്ചപ്പെട്ട വരുമാനം ഇവർക്കു ലഭിക്കുന്നു. സീമയാവട്ടെ, താൻ നിർമിച്ച ശിൽപകൗതുകങ്ങൾ  പ്രമുഖ പ്രദർശനമേളകളിൽ അവതരിപ്പിച്ച് അഭിനന്ദനങ്ങൾ നേടുന്നു.

ഫോൺ: 9900851163 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN FEATURES
SHOW MORE
FROM ONMANORAMA