കരയിലല്ല, വെള്ളത്തിലും വളർത്തും ചെടികൾ

kozhikode-malabar-bottanical-garden
SHARE

മണ്ണിലേ കൃഷിനടത്തൂവെന്ന പിടിവാശിയില്ലാത്തവരും സ്വന്തമായി അൽപം പച്ചക്കറിയുണ്ടാക്കണമെന്ന് ആഗ്രഹമുള്ളവരും ചെടികൾ വെള്ളത്തിലും ‘വച്ചുപിടിപ്പിക്കും’. ചംക്രമണം നടത്തുന്ന ജലത്തിലൂടെ പോഷണം നൽകി ചെടികൾ വളർത്തുന്ന അക്വാപോണിക്സും ഹൈഡ്രോപോണിക്സും കൂടുതൽ ഫലപ്രദമാക്കാനുള്ള പഠനങ്ങൾ കോഴിക്കോട്ടെ മലബാർ ബൊട്ടാണിക്കൽ ഗാർഡനിൽ ആരംഭിക്കുന്നു. ഇതോടൊപ്പം 2 കൃഷിരീതികൾക്കും കൂടുതൽ പ്രചാരം നൽകാനും ലക്ഷ്യമിടുന്നുണ്ട്.

ആദ്യപടിയായി വിപുലമായ അക്വാപോണിക്സ്, ഹൈഡ്രോപോണിക്സ് സംവിധാനങ്ങൾ ഗാർഡനിൽ ഒരുക്കിക്കഴിഞ്ഞു. ആർക്കും വരാം, കണ്ടുപഠിക്കാം. വീട്ടിൽ സ്ഥാപിക്കാൻ സാങ്കേതിക സഹായം ഏർപ്പാടാക്കുകയും ചെയ്യും. മണ്ണിൽ വളർത്തുന്നതിനേക്കാൾ ചെടികളുടെ വളർച്ച വേഗത്തിലാകുമെന്നതാണ് 2 മാർഗങ്ങളുടെയും ഗുണം.

Kozhikode-Puthuma

∙ 75 ചതുരശ്രയടി സ്ഥലം ലഭ്യമായാൽ ഒരു കുടുംബത്തിനു മത്സ്യങ്ങളും പച്ചക്കറികളും വളർത്താൻ കഴിയുമെന്നതാണ് അക്വാപോണിക്സിന്റെ നേട്ടം. ഗാർഡനിൽ തയാറാക്കിയിരിക്കുന്ന സംവിധാനത്തിൽ മീൻകുളം, ജലശുദ്ധീകരണത്തിനുള്ള ഫിൽറ്റർ, ചെടികൾ വളർത്താൻ മണ്ണിനുപകരം മെറ്റൽനിറച്ച പ്ലാന്റ് ബെഡ് എന്നിവയാണുള്ളത്.

വിവിധ പ്രായത്തിലുള്ള നട്ടർ, ഗിഫ്റ്റ് തിലാപ്പിയ മത്സ്യങ്ങളാണു കുളത്തിൽ. മത്സ്യങ്ങളുടെ വിസർജ്യവും ഭക്ഷണാവശിഷ്ടങ്ങളും അടിയുകയും ഇതു വെള്ളത്തിനൊപ്പം പമ്പ് ചെയ്ത് പൈപ്പുകളിലൂടെ പ്ലാന്റ് ബെഡിലെത്തിക്കുകയും ചെയ്യും. ഈ പൈപ്പിലെ ദ്വാരങ്ങളിലേക്കു ചുവട് ഇറക്കിവച്ച നിലയിലും പ്ലാന്റ് ബെഡിൽ നട്ടുപിടിപ്പിച്ച നിലയിലുമാണ് ചെടികൾ. ഇങ്ങനെ മത്സ്യക്കുളത്തിലെ അവശിഷ്ടങ്ങളിൽനിന്നുള്ള നൈട്രജൻ പൈപ്പിലെയും പ്ലാന്റ് ബെഡിലെയും ചെടികൾക്കു പോഷണമാകും. വളപ്രയോഗം പൂർണമായി ഒഴിവാക്കുകയും ചെയ്യാം. പ്ലാന്റ് ബെഡിൽനിന്ന് ഊറിവരുന്ന ജലം ഫിൽറ്ററിലൂടെ കടന്നുപോയി വീണ്ടും കുളത്തിലേക്കെത്തും.

∙ ഹൈഡ്രോപോണിക്സിൽ, ടാങ്കിൽ ശേഖരിക്കുന്ന ജലത്തിലേക്കാണു വളം ചേർക്കുന്നത്. തുടർന്ന് പമ്പ് ചെയ്തു പൈപ്പുകളിലൂടെ ചംക്രമണം നടത്തുന്നു. ഈ പൈപ്പുകളിലെ ദ്വാരങ്ങളിലേക്കാണു തുളയുള്ള ചെറുപാത്രങ്ങളിലാക്കി ചെടികൾ ഇറക്കിവയ്ക്കുന്നത്. ഇലകൾക്കുവേണ്ടി വളർത്തുന്ന ചെടികൾക്കു യോജിച്ച രീതിയാണിതെന്ന് സീനിയർ സയന്റിസ്റ്റ് ഡോ. എൻ.എസ്. പ്രദീപ് പറയുന്നു. ഈ കൃഷിരീതികൾ ഏറ്റവും ഫലപ്രദമായി പ്രയോഗിക്കാവുന്ന സസ്യങ്ങളേത്, മത്സ്യ ഇനമേത്, ഏറ്റവും ഫലദായകമായ വളമേത് തുടങ്ങിയ കാര്യങ്ങളാണ് പഠനവിധേയമാക്കുന്നത്.

∙ അക്വാപോണിക്സ്, ഹൈഡ്രോപോണിക്സ് സംവിധാനങ്ങളെക്കുറിച്ച് അറിയാൻ ബൊട്ടാണിക്കൽ ഗാർഡനിലേക്കു വിളിക്കാം. : 0495 2430939.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA