സ്വപ്നം വിതച്ച് ദുരിതം കൊയ്യുന്നവർ

HIGHLIGHTS
  • ഇടുക്കി വയനാട് ജില്ലകളിൽ മാത്രമല്ല, സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള കർഷകർക്കെല്ലാം പറയാനുള്ളത് സങ്കടകഥകള്‍ മാത്രം
farmers-1
പത്രോസ് നാടാർ, പി.വി.തോമസ്, വി.എസ്.മുരളി
SHARE

∙ദുരിതക്കൃഷിക്കിടയിലും പാറപോലുറച്ച് പത്രോസ് 

തിരുവനന്തപുരം വെള്ളറട പഞ്ചായത്തിലെ ആറാട്ടുകുഴിയിൽ പത്രോസ് നാടാർക്ക് (95) ജീവിതം പോരാട്ടമാണ്; കൃഷി നശിപ്പിക്കുന്ന കുരങ്ങന്മാർക്കെതിരായ പോരാട്ടം. ഈ ഒറ്റയാൾസമരത്തിന് അരനൂറ്റാണ്ടു പഴക്കമുണ്ട്. പ്രധാനമന്ത്രിക്കുൾപ്പെടെ നിവേദനം, എണ്ണമറ്റ പരാതികൾ...പക്ഷേ, ഫലമില്ല. 

കൂനിച്ചി – കൊണ്ടകെട്ടി മലനിരകളിൽ പത്രോസ് നാടാർക്കു കുറച്ചു ഭൂമിയുണ്ട്. അവിടത്തെ കൃഷിയായിരുന്നു മുഖ്യവരുമാനം. കുരങ്ങന്മാരും കാട്ടുപന്നിക്കൂട്ടവും അതില്ലാതാക്കി. കാലങ്ങളായി ഭൂമി തരിശിടുന്നു. ഇതിനിടെ ബാങ്കിൽനിന്നു ജപ്തിഭീഷണി. പക്ഷേ, തോറ്റു കൊടുക്കാൻ അദ്ദേഹം തയാറല്ല. 

കുരങ്ങന്മാർക്കെതിരെ പരാതിയുമായി നടക്കുന്നയാൾ എന്നു കളിയാക്കിയവർ പോലും ഇപ്പോൾ ആ പോരാട്ടത്തിന്റെ പ്രസക്തി തിരിച്ചറിയുന്നു. തിരുവനന്തപുരത്തെ മലയോരഗ്രാമങ്ങളിലെ കർഷകർ വന്യമൃഗശല്യം മൂലം കടുത്ത പ്രതിസന്ധിയിലാണ്. അമ്പൂരി, കുറ്റിച്ചൽ, നെയ്യാർ, ആര്യനാട് തുടങ്ങിയ മേഖലകളിൽ പ്രശ്നം രൂക്ഷം. 

∙വിൽക്കാനുണ്ട് സ്വപ്നങ്ങൾ 

അലമാരയിലെ ട്രോഫിക്കൂട്ടത്തിനിടയിൽനിന്ന് ആ നോട്ടിസ് എടുത്തപ്പോൾ തോമസിന്റെ കണ്ണുനിറഞ്ഞു. ‘നല്ല രീതിയിൽ കൃഷിചെയ്തതിനു സർക്കാർ തന്നതാണ് ഈ ട്രോഫികൾ. കൃഷികൊണ്ടു ഞാൻ സമ്പാദിച്ചത് ഈ നോട്ടിസാണ്. 10 ലക്ഷം രൂപയുടെ വായ്പക്കുടിശികയ്ക്കുള്ള ബാങ്കിന്റെ നോട്ടിസ്. 9 വർഷം മുൻപ് 3 ഏക്കർ റബർ വച്ചു. വിലയിടിഞ്ഞതോടെ 2 ഏക്കർ മരം വെട്ടിമാറ്റി. ബാക്കിയുള്ള ഒരേക്കർ ടാപ്പിങ് നടത്തുന്നില്ല. കാട്ടുമൃഗങ്ങളുടെ ശല്യംമൂലം മറ്റു വിളകൾ ഇവിടെ വാഴില്ല. ഞങ്ങളെങ്ങനെ ജീവിക്കും.’ കോട്ടയം എരുത്തുംപുഴ പ്ലാവനാക്കുടിയിൽ പി.വി.തോമസിന്റെ ചോദ്യം തോട്ടംമേഖലയുടെയാകെ തേങ്ങലാണ്. 

ഒടുവിൽ മരം വെട്ടിവിൽക്കാമെന്നു കരുതിയപ്പോൾ മരത്തിന്റെ വില ടണ്ണിന് 7500 രൂപയിൽനിന്നു 5000 രൂപയായി കുറഞ്ഞു. റബർക്കൃഷിക്കു പേരുകേട്ട കാഞ്ഞിരപ്പള്ളി മേഖലയിലെ കാഴ്ച നെഞ്ചുതകർക്കും. ടാപ്പിങ് നടത്താത്ത തോട്ടങ്ങൾ കൂടിവരുന്നു. കാടുവെട്ടാതെ, മരത്തിനു പ്ലാസ്റ്റിക് പോലും വയ്ക്കാതെ കൃഷിക്കാരൻ റബറിനെ ഉപേക്ഷിക്കുന്നു. റബർത്തോട്ടങ്ങളുടെ മുന്നിൽ സ്ഥലം വിൽപനയ്ക്കെന്ന ബോർഡുകൾ ഉയർന്നുതുടങ്ങി. 

 ∙തോൽപിച്ചതാണ്

സർക്കാരിനെ വിശ്വസിച്ച് തരിശുഭൂമിയിൽ പൊന്നുവിളയിക്കാനെത്തിയവർ കണ്ണീരോടെ മടങ്ങി. 30 വർഷമായി തരിശുകിടന്ന കൊല്ലം മൈനാഗപ്പള്ളി വെട്ടിക്കാട്ട് ഏലയിൽ 100 ഏക്കറിൽ കൃഷിചെയ്ത സംഘത്തിനാണു ദുരനുഭവം. പഞ്ചായത്തിന്റെ തരിശുരഹിത പദ്ധതിയുടെ ഭാഗമായാണ് കഴിഞ്ഞവർഷം മുതൽ അമ്പലപ്പുഴ കരുമാടി സ്വദേശി വി.എസ്.മുരളിയും സംഘവും നെൽക്കൃഷി തുടങ്ങിയത്. വേനലിൽ കനാൽജലം എത്തിക്കാമെന്ന അധികൃതരുടെ ഉറപ്പുവിശ്വസിച്ച് നെല്ലു വിളയിച്ചു. 40 ലക്ഷം രൂപയോളം ചെലവിട്ടു. എന്നാൽ, വേനൽ കടുത്തെങ്കിലും കനാൽജലം എത്തിയില്ല. കതിരുകൾ കരിഞ്ഞുണങ്ങി. 100 ഏക്കറിൽനിന്ന് ആകെ ലഭിച്ചത് 290 ക്വിന്റൽ നെല്ല്. ഇൻഷുറൻസ് പരിരക്ഷയും ലഭിച്ചില്ല. 

കനത്ത നഷ്ടത്തിനിടെ വീണ്ടും അധികൃതർ വാഗ്ദാനവുമായി എത്തി; ജലമുറപ്പാക്കും. ഇത്തവണ 80 ഏക്കറോളം പാടത്തു കൃഷിയിറക്കി. വേനലെത്തിയതോടെ എല്ലാം പഴയപടി. ജനുവരി ആദ്യവാരം മുതൽ കനാൽജലം പ്രതീക്ഷിച്ചെങ്കിലും എത്തിയത് ഫെബ്രുവരി രണ്ടാംവാരമാണ്. ഇതോടെ ഭൂരിഭാഗം പാടങ്ങളും കരിഞ്ഞുണങ്ങി. ഒടുവിൽ വെള്ളമെത്തിയ 5 ഏക്കറോളം പാടത്തു മാത്രമായി പച്ചപ്പു ശേഷിച്ചു. അവർ ഒരിക്കൽക്കൂടി തോറ്റു.

tinto
ടിന്റോ കെ.എടയാടി

∙ പൊന്നു വിളയുന്നില്ല;ഉള്ള പൊന്ന് വിൽക്കണം  

എംബിബിഎസ് പഠനം പാതിയിലുപേക്ഷിച്ചു കൃഷിക്കാരനായ ഇ.ജെ.കുര്യാക്കോസിന്റെ മകനാണ് ടിന്റോ കെ.എടയാടി. ആലപ്പുഴ പുളിങ്കുന്ന് കൃഷിഭവനു കീഴിലെ അയ്യനാട് പാടശേഖരത്തിലെ 28 ഏക്കറിലും കാവാലം രാമരാജപുരത്തെ ഏഴേക്കറിലുമാണ് ടിന്റോയ്ക്കു പുഞ്ചക്കൃഷി. കഴിഞ്ഞവർഷം 53 ഏക്കറിലായിരുന്ന കൃഷി ഇപ്പോൾ 35 ഏക്കറിലേക്കു ചുരുങ്ങി. സർക്കാർ വാഗ്ദാനംചെയ്ത പണംകിട്ടാതെ എങ്ങനെ കൃഷിയിറക്കും? കഴിഞ്ഞവർഷം രണ്ടാം കൃഷി വിളവെടുക്കുന്നതിനു മുൻപ് എല്ലാം പ്രളയം കവർന്നു. വിള ഇൻഷുറൻസ് പ്രകാരമുള്ള 1.80 ലക്ഷം രൂപ പോലും കിട്ടിയിട്ടില്ല. വായ്പ തിരിച്ചടവു മുടങ്ങി. കൃഷിവായ്പയ്ക്കു സർക്കാർ മോറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും ബാങ്കുകളുടെ കടുംപിടിത്തം തീർന്നിട്ടില്ല. 

ടിന്റോ കഴിഞ്ഞ സീസണിൽ 2 ഏക്കറിൽ ജൈവകൃഷിയിറക്കി. ചെലവു കൂടുതലും വിളവു കുറവുമാണു ജൈവകൃഷിക്ക്. സാധാരണകൃഷിയിൽ ഒരു ഏക്കറിൽ 30 ക്വിന്റൽ വിളവു ലഭിക്കും. എന്നാൽ, ജൈവകൃഷിയിലൂടെ ടിന്റോയ്ക്കു ലഭിച്ചത് 2 ഏക്കറ‍ിൽനിന്ന് 34 ക്വിന്റൽ മാത്രം. വിറ്റഴിക്കാൻ കഴിയാതെ കളപ്പുരയിൽ കൂട്ടിയിട്ട ഈ നെല്ലും പ്രളയത്തിൽ നശിച്ചു. പ്രളയം, സർക്കാർ സഹായങ്ങളുടെ അപര്യാപ്ത... പൊന്നുവിളയുമെന്നു പേരുകേട്ട കുട്ടനാട്ടിലെ കർഷകർ കടംതീർക്കാൻ ഉള്ള പൊന്ന് വിൽക്കേണ്ട അവസ്ഥയിലാണ്. 

∙എവിടെയാണു രക്ഷ? 

augstine
അഗസ്റ്റിന്‍

വീടും മണ്ണും ഉപേക്ഷിച്ച് വാടകവീടുകളിലേക്കു കുടിയേറുന്ന കർഷകദുരിതം കാണണമെങ്കിൽ കോഴിക്കോട്ടെ ചക്കിട്ടപാറ പഞ്ചായത്തിലെത്തണം. ചെമ്പനോടയ്ക്കു സമീപത്തെ താളിപ്പാറയിലും കരിങ്കണ്ണിയിലുമുള്ള 160 ഏക്കറിന്റെ ഉടമകൾ 101 പേരാണ്. അവരെല്ലാം ഇന്നു പ്രവാസികളാണ്. ആദ്യം കീടങ്ങളുടെ രൂപത്തിൽ ശത്രുവെത്തി. ഇപ്പോൾ വന്യമൃഗങ്ങളാണു ശല്യം. ഒരു കൃഷിയും നടക്കാതെവന്നതോടെ അവർ വീടുവിട്ടു. 

ചെമ്പനോട കാരിമറ്റത്തിൽ അഗസ്റ്റിന് 40 ലക്ഷത്തോളം രൂപയുടെ കടമുണ്ട്. ആദ്യകാലത്തു കപ്പയും ചേമ്പും ചേനയുമെല്ലാം നല്ല വിളവുനൽകി. കാട്ടുപന്നിയും മുള്ളൻപന്നിയും അന്നം തേടിയെത്തിയതോടെ റബറിലേക്കു മാറി. അതും ചതിച്ചു. 

പിന്നീട് കമുക്. മഞ്ഞളിപ്പുരോഗം വില്ലനായി. ഇടക്കാലത്തു കൊക്കോ പരീക്ഷിച്ചു. പക്ഷേ, മരപ്പട്ടിയും കുരങ്ങനും വിളവെടുക്കാൻ തുടങ്ങിയതോടെ അതും നിർത്തി. പിന്നെയുള്ള പ്രതീക്ഷ തെങ്ങായിരുന്നു. അതു കാട്ടാന കടപുഴക്കി. 3 ദിവസം മുൻപും ഈ മേഖലയിൽ ആനയിറങ്ങി. ഓരോ വരവിലും അഞ്ചും ആറും തെങ്ങുകൾ നശിപ്പിക്കും. 

∙ആ കുരുമുളകുവള്ളികൾ...

കണ്ണൂർ ജില്ലാ അതിർത്തിയിൽ കൊട്ടിയൂർ, പാൽചുരത്ത് കട്ടക്കയം വീട്ടിൽ സാബു (50) എന്ന കർഷകൻ ജനുവരി 5ന് കടംമൂലം ജീവനൊടുക്കി. ഭാര്യയും മൂന്നു മക്കളുമുള്ള കുടുംബം സങ്കടത്തുരുത്തിലായി. 3 ബാങ്കുകളിലായി 8 ലക്ഷം കടമുണ്ടായിരുന്നു. പ്രകൃതിക്ഷോഭവും വന്യമൃഗശല്യവും കാരണം കൃഷിനശിച്ചത് പലതവണ. കൃഷിമന്ത്രിക്കടക്കം പരാതി നൽകിയിരുന്നു. പക്ഷേ, ഫലമുണ്ടായില്ല. ഉരുൾപൊട്ടലിലെ വെള്ളവും കല്ലും മരങ്ങളും ഒഴുകിപ്പോയ രണ്ടു തോടുകൾക്കു നടുവിലെ 5 സെന്റ് ഭൂമിയിലാണു സാബുവിന്റെ വീട്. വയനാട്ടിൽ പാട്ടഭൂമിയിൽ നടത്തിയിരുന്ന വാഴക്കൃഷിയാണ് വലിയ കടക്കെണിയിലേക്കു തള്ളിവിട്ടത്. വെറുംകയ്യോടെ അവിടെനിന്നു മടങ്ങേണ്ടിവന്നു. സ്വയം അവസാനിപ്പിച്ച ദിവസവും സാബു കുരുമുളകുതൈകൾ വാങ്ങിയിരുന്നു. അതങ്ങനെയാണ്, മരിച്ചാലും തീരാത്ത കൃഷിയോടുള്ള ആത്മബന്ധം. 

∙എത്തിയില്ല സഹായം  

കഴിഞ്ഞ ഓഗസ്റ്റിലെ പ്രളയംവരെ എറണാകുളം കാലടി പൊതിയക്കര പൗലോസിന്റെ മനസ്സുനിറയെ സ്വപ്നങ്ങൾ തളിരിട്ടുകിടന്നു. പാട്ടത്തിനെടുത്ത 20 ഏക്കറിൽ നെല്ല്, കപ്പ, പച്ചക്കറികൾ, നേന്ത്രവാഴ... പുഴ കവിഞ്ഞൊഴുകിയ വെള്ളത്തിൽ കൃഷിക്കൊപ്പം സ്വപ്നങ്ങളും ഒലിച്ചുപോയി. വായ്പ തിരിച്ചടവു മുടങ്ങി, പലിശ കൂടി. പിന്നെയും കടമെടുത്തു. 6 സെന്റ് വീടിന്റെ ആധാരം പണയംവച്ചാണു വായ്പയെടുത്തിരിക്കുന്നത്. തോൽക്കാൻ മനസ്സില്ലാതെ പൗലോസ് വീണ്ടും കൃഷിയിറക്കിയിരിക്കുന്നു. കൃഷിനാശത്തിന് ഇതുവരെ സർക്കാർ സഹായമൊന്നും ലഭിച്ചിട്ടില്ല. പാട്ടക്കരാർ ഉണ്ടെങ്കിലും സ്ഥലത്തിന്റെ കരമടച്ച രസീതു വേണമെന്ന് കൃഷിഭവനിൽനിന്ന് ആവശ്യപ്പെടുന്നു. സ്ഥല ഉടമകളിൽ ചിലർ സ്ഥലത്തില്ലാത്തതിനാൽ അതു നൽകാനും കഴിയുന്നില്ല. 

thamara
തിരുനാവായയിലെ താമരക്കായലിൽ നിന്നു താമരമൊട്ടുകളുമായി മടങ്ങിയെത്തുന്ന കർഷകൻ

∙ഞങ്ങൾ ചെയ്യുന്നത് കൃഷിയല്ലെന്ന് 

മലപ്പുറം തിരുനാവായയിലെ താമരക്കൃഷി പ്രശസ്തമാണ്. എന്നാൽ, ആ കൃഷിക്കാരുടെ ജീവിതം ഒട്ടും തിളക്കമുള്ളതല്ല. അഞ്ഞൂറോളം എക്കറിലാണു കൃഷി. ഇതിൽ പങ്കാളികളായവർ നൂറോളം വരും. 

ഈ മേഖലയിൽനിന്നുള്ള താമരപ്പൂക്കളാണ് കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലേക്കെല്ലാം കൊണ്ടുപോകുന്നത്. പൂവൊന്നിന് 8 രൂപവരെ കർഷകർക്കു വിലകിട്ടിയിരുന്നു. താമരയ്‌ക്കു വളരാൻ ചെളിയും വെള്ളവും ആവശ്യമാണെങ്കിലും, കഴിഞ്ഞ വർഷത്തെ പ്രളയം ഇതെല്ലാം ആവശ്യത്തിലേറെ കുത്തിയൊഴുക്കിയതോടെ താമരയുടെ വേരറ്റുതുടങ്ങി. ഉൽപാദനം കുറഞ്ഞു. കർഷകരുടെ തണ്ടൊടിഞ്ഞു. അവരെ സഹായിക്കാൻ സർക്കാർ സംവിധാനങ്ങളൊന്നുമില്ലതാനും. കൃഷിയായി അംഗീകരിച്ചിട്ടില്ലാത്തതിനാൽ ആനുകൂല്യങ്ങളും ലഭ്യമല്ല.

ചന്ദ്രൻ വീണുപോയി; വീട്ടിൽ കൂരിരുട്ട്

chandran

പീച്ചി ഡാമിനു സമീപത്തെ മകളുടെ വീട്ടിൽ 2 വർഷമായി തളർന്നുകിടക്കുന്ന ചന്ദ്രന്റെ ഫേ‍ാണിലേക്ക് പാലക്കാട് കുഴൽമന്ദത്തെ ബാങ്കിൽനിന്ന് ഇപ്പോഴും വിളി വരുന്നുണ്ട്. അതെക്കുറിച്ച് ഭാര്യ ബേബി പറയുമ്പേ‍‍ാൾ ചന്ദ്രന്റെ കണ്ണുനിറയും; തേങ്കുറുശിയിലെ ഒരേക്കർ വയൽ തന്റേതല്ലാതാകുന്നത് ഒ‍ാർത്തു ചങ്കുപിടയും. 1.45 ലക്ഷം രൂപ വായ്പക്കുടിശിക വീട്ടുന്നതിനെക്കുറിച്ച് ആലോചിക്കാൻപേ‍ാലുമാകാത്ത സ്ഥിതിയിലാണു കുടുംബം. നെൽക്കൃഷിക്കെടുത്ത വായ്പ, അതു വീട്ടാൻ വട്ടിപ്പലിശക്കാരിൽനിന്നു വാങ്ങിയത്... എങ്ങനെ വീട്ടിത്തീർക്കും? ഹൃദ്രേ‍ാഗിയായ ബേബിക്കും ഭർത്താവ് ചന്ദ്രനും ഇളയ മകൾ പ്രീതയുടെ ഭർത്താവിന്റെ വീടാണിപ്പേ‍ാൾ ആശ്രയം. 

പാലക്കാട് തേങ്കുറുശി മാനാകുളമ്പ് പൂളക്കാട് വീട്ടിൽ ചന്ദ്രന് ഒരേക്കർ വയലും 13 സെന്റ് കരഭൂമിയും വീടുമുണ്ടായിരുന്നു. പാടത്തുനിന്ന് 40 ചാക്ക് നെല്ലുവരെ കിട്ടുമായിരുന്നു. കൃഷിച്ചെലവു കൂടുകയും വരുമാനം കുറയുകയും ചെയ്തതോടെ ദുരിതം തുടങ്ങി. 2006ൽ അരലക്ഷം രൂപ വായ്പയെടുത്തു. ജലക്ഷാമവും കീടബാധയും ചതിച്ചു. വായ്പ തിരിച്ചടവു മുടങ്ങി. പാടത്തേക്കു പേ‍ാകുന്നതിനിടെ 2010 ജനുവരിയിൽ തളർന്നുവീണതാണ് ചന്ദ്രൻ. കിടപ്പിലായി. കടം പെരുകി. കൊച്ചുവീടും 13 സെന്റ് സ്ഥലവും കിട്ടിയ വിലയ്ക്കു വിറ്റ് പെരുവെമ്പ് ചേ‍ാറക്കേ‍ാട്ട് വാടകവീട്ടിലേക്കു മാറി. ബേബി കൂടി രോഗിയായതോടെ വീട്ടുവാടക മുടങ്ങി. ഭക്ഷണത്തിനു പോലും വകയില്ലാത്ത സ്ഥിതി. 

പ്രീതയും ഭർത്താവുമെത്തി ഇരുവരെയും തൃശൂർ പീച്ചി ചെന്നായപ്പാറയിലെ കെ‍ാച്ചുവീട്ടിലേക്കു കെ‍ാണ്ടുപേ‍‍ാകുകയായിരുന്നു. അധികൃതരുടെ അറിയിപ്പനുസരിച്ച് ചന്ദ്രന്റെ വയൽ അടുത്തമാസം ജപ്തിചെയ്യും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA