ADVERTISEMENT

കേരളത്തിൽ സമ്പൂർണ ജൈവകൃഷി നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജൈവ കാർഷികനയത്തിന് സർക്കാർ രൂപം നൽകുന്നത് പത്തു വർഷം മുമ്പ്. 2016ൽ കേരളം സമ്പൂർണ ജൈവ സംസ്ഥാനമാകുമെന്ന പ്രഖ്യാപനമെത്തി 2014ൽ. സർക്കാർ നയം വരുന്നതിനും വർഷങ്ങൾക്കു മുമ്പേ ജൈവസാക്ഷ്യപത്രമുള്ള കൃഷിക്കാർ കേരളത്തിലുണ്ട്. ജൈവ വിപണി തുറന്നുകിട്ടാതെ പതറിയും പരാജയപ്പെട്ടും കഴിഞ്ഞവർ. ഒരുവേള, ജൈവകൃഷിയുടെ പേരിൽ പരിഹാസം ഏറ്റുവാങ്ങിയവർപോലുമുണ്ട്. നയങ്ങളും പ്രഖ്യാപനങ്ങളും എങ്ങുമെത്തിയില്ലെങ്കിലും ‘സ്ഫുടതാരകൾ കൂരിരുട്ടിലുണ്ടിടയിൽ ദ്വീപുകളുണ്ട് സിന്ധുവിൽ’ എന്നു കുമാരനാശാൻ കുറിച്ചതുപോലെ ഇക്കഴിഞ്ഞ നാലഞ്ചു വർഷങ്ങൾക്കിടയിൽ സ്ഥിതി മെച്ചപ്പെട്ടു എന്ന് അവരും സമ്മതിക്കും.

 

ജൈവഭക്ഷണത്തിന്റെ ഗുണമേന്മകളെക്കുറിച്ച് അവബോധവും ജൈവ വിപണിയും കേരളത്തിൽ രൂപപ്പെട്ടു എന്നതു ചെറിയ മാറ്റമല്ല. പാലക്കാട്ടെ ജൈവകർഷകനായ കെ. മുരളീധരൻ പറയുംപോലെ, കർഷകന്റെ വരുമാനം അടുത്ത നാലോ അഞ്ചോ കൊല്ലത്തിനിടയിൽ ഇരട്ടിയാക്കാൻ പോന്ന മാറ്റങ്ങൾ. വിളയും വിപണിയും കൂട്ടിയിണക്കിയുള്ള സുസ്ഥിര ജൈവകൃഷിയിലൂടെ അതു സാധിക്കുമെന്ന പ്രതീക്ഷ ഈ രംഗത്ത് ഇരുപതാണ്ട് അനുഭവ പരിചയമുള്ള വയനാട്ടിലെ ജൈവകർഷകൻ കെ.ജെ. ജോസിനുമുണ്ട്.

 

എണ്ണത്തിൽ കുറവെങ്കിലും, ജൈവ സാക്ഷ്യപത്രമുള്ള കാർഷികോൽപന്നങ്ങൾ സംഭരിച്ചു കയറ്റുമതി ചെയ്യുന്ന ഏജൻസികൾ ഇന്നു കേരളത്തിലും സജീവമെന്ന് വയനാട് ഒാർഗാനിക് അഗ്രികൾച്ചറൽ കൺസോർഷ്യം സൊസൈറ്റി പ്രസിഡന്റ് കൂടിയായ കെ.ജെ. ജോസ്. ‘കൺസോർഷ്യത്തിലെ കർഷകർക്ക് സാക്ഷ്യപത്രമുള്ള ജൈവ കാപ്പിക്കുരുവിന് വിപണിവിലയെക്കാൾ കിലോയ്ക്ക് 6–7 രൂപയോ അതിലേറെയോ ലഭിക്കുന്ന സാഹചര്യമുണ്ടിന്ന്. വാങ്ങുന്ന കമ്പനികൾ ഇതേ കാപ്പിക്കുരു കുത്തി പരിപ്പാക്കി ബ്രാൻഡ് ചെയ്ത് ജൈവവിപണിയിലെത്തിക്കുമ്പോള്‍ കർഷകർ വിറ്റ വിലയുടെ മൂന്നിരട്ടി ഉപഭോക്താവിൽനിന്ന് ഈടാക്കുന്നു എന്നതും ശ്രദ്ധിക്കണം. ജൈവ കാർഷികോൽപന്നങ്ങൾക്ക് ആഗോളവിപണിയിലുള്ള മൂല്യമാണിതു കാണിക്കുന്നത്. ജൈവവിപണിയുടെ യഥാ ർഥ നേട്ടം  കർഷകന്റെ കയ്യിലേക്കെത്താൻ ഇനിയുമേറെ ദൂരമുണ്ടെന്നും സാരം’, ജോസിന്റെ വാക്കുകൾ.

 

organic-farming-to-double-the-income6
ശിവപുരയിൽ വിളവെടുത്ത പച്ചക്കറികൾ ഗ്രീൻ അലൈസിൽ

ഈ ദൂരം എങ്ങനെ താണ്ടും എന്നതാണ് പ്രസക്തമായ ചോദ്യം.  കൃഷികൊണ്ട് ഉപജീവനം കഴിക്കുന്നവരെ സംബന്ധിച്ച് ഇതു വളരെ പ്രധാനവുമാണ്.  സ്വന്തം ഉൽപന്നത്തിനു വില നിശ്ചയിക്കാനുള്ള  ശേഷി കർഷകർക്കു കൈവരുന്നത്ജൈവകൃഷിയിലൂടെ മാത്രമായിരിക്കുമെന്നു ജോസും മുരളീധരനുംപോലുള്ളവർ പറയുമ്പോൾത്തന്നെ അതിലേക്കുള്ള വളർച്ച എളുപ്പമല്ലെന്ന് സമ്മതിക്കുന്നുമുണ്ട്. കേരളത്തിലെ ജൈവവിപണി വളരുന്നതിന് അനുസൃതമായി മാത്രമേ ഈ വിലപേശൽശേഷി വർധിക്കൂ എന്നതുതന്നെ കാരണം.

 

ദൂരം അരികെ

 

നല്ല പണച്ചെലവും സങ്കീര്‍ണവും ദീര്‍ഘവുമായ നടപടിക്രമങ്ങളും രാജ്യാന്തര അംഗീകാരമുള്ള ഏജൻസികളുടെ ജൈവ സാക്ഷ്യപത്രത്തിന് ആവശ്യമാണ്. അംഗീകാരം വർഷംതോറും പുതുക്കുക എന്നതും ചെലവുള്ള കാര്യംതന്നെ. ആഗോള ജൈവവിപണിയിലേക്കു പ്രവേശിക്കണമെങ്കിൽ രാജ്യാന്തര ഏജൻസികളുടെ സാക്ഷ്യപത്രം കൂടിയേ തീരൂ. അതേസമയം ആഭ്യന്തരവിപണിയിൽ മേൽക്കൈ നൽകുന്ന അംഗീകാരങ്ങളാണ് കൃഷിവകുപ്പിന്റെ പിജിഎസ്(Participatory Guarantee System) ജൈവസാക്ഷ്യപത്രവും സൽകൃഷി സമ്പ്രദായ (Good Agriculture Practices – GAP) വുമെല്ലാം. മേൽപ്പറഞ്ഞ സാക്ഷ്യപത്രങ്ങളൊന്നുമില്ലാതെ ചെലവില്ലാക്കൃഷിയും (സീറോ ബജറ്റ് ഫാമിങ്) ജീവശക്തികൃഷിയും (ബയോഡൈനാമിക്് ഫാമിങ്്) പ്രകൃതിക്കൃഷിയും പോലുള്ള  ഭിന്ന രീതികൾ പിന്തുടരുന്നവരും ജൈവകൃഷിക്കാര്‍തന്നെ.

 

organic-farming-to-double-the-income1

രാജ്യാന്തരവിപണിയിൽ കേരളപ്പെരുമ പണ്ടേ തെളിയിച്ച കാർഷികോൽപന്നങ്ങൾ ജൈവവിപണി ലക്ഷ്യം വച്ച് രാജ്യാന്തര സാക്ഷ്യപത്രത്തോടെ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതിലാണ് അടിയന്തരമായി ശ്രദ്ധിക്കേണ്ടത്. കർഷക കമ്പനികൾക്കു സാധിക്കുന്ന കാര്യമാണത്. ഒപ്പം, പച്ചക്കറിയുൾപ്പെടെ നിലവിൽ കേരളത്തിൽ പരിമിതമായി മാത്രം ഉൽപാദനമുള്ളവയെ ആദ്യഘട്ടം എന്ന നിലയിൽ ആഭ്യന്തര ജൈവവിപണി മുന്നിൽക്കണ്ട് GAP, PGS അംഗീകാരങ്ങളിലേക്ക് എത്തിക്കാൻ കൃഷിവകുപ്പ് പരിശ്രമിക്കുകയും വേണം.

 

ജൈവോൽപന്നങ്ങൾക്ക് വിലയും വിപണിയും വർധിക്കുന്നു എന്നു കണ്ടാല്‍ കൂടുതൽ കർഷകർ അതിലേക്കു ചുവടുമാറുക തന്നെ ചെയ്യും. ഉൽപാദനം വർധിക്കുകയും ജൈവവിപണി വികസ്വരമാവുകയും ചെയ്യുന്നതിനനുസരിച്ച് കർഷക കമ്പനികൾപോലുള്ള കൂട്ടായ്മകളിലൂടെ സാധാരണ കർഷകർക്കും രാജ്യാന്തര ജൈവ വിപണിയുടെ നേട്ടം നേരിട്ടറിയാൻ കഴിയുന്ന സ്ഥിതി  വരും. ഈ യാത്രയുടെ ഒാരോ ചുവടിലും, ജൈവം എന്ന ലേബലിൽ വിപണിയിലെത്തുന്ന വ്യാജന്മാർക്കു തടയിടുക എന്നതും പ്രധാനമാണ്.

 

ഒന്നോർക്കുക, കർഷകന്റെ വരുമാനംഇരട്ടിയാക്കാൻ കുറുക്കുവഴികളില്ല. അതിവേഗം പുരോഗമിക്കുന്ന ആഭ്യന്തര, രാജ്യാന്തര ജൈവവിപണികളെ മുന്നിൽക്കണ്ടുകൊണ്ടുള്ള സമർഥമായ ആസൂത്രണത്തിലൂടെ മാത്രമേ അതിനു കഴിയൂ.

organic-farming-to-double-the-income
ശിവപുരയിലെ വിളവെടുപ്പ്

 

അതിർത്തിക്കപ്പുറം ജൈവപച്ചക്കറി വിളയിച്ച് കേരളത്തിനകത്തു വിപണി നേടുന്നവർ,  മൂല്യവർധിത ജൈവോൽപന്നങ്ങൾക്കു വിപണി കണ്ടെത്തുന്നവർ, ജൈവഭക്ഷണവും പ്രകൃതിയുടെ മടിത്തട്ടിൽ വിശ്രമവും ഒരുക്കി ഫാം ടൂറിസത്തിലേക്കു തിരിയുന്നവർ; ജൈവവിപണിയിൽ പ്രതീക്ഷ വയ്ക്കുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കു കയാണ്. അവരിൽ ചിലരെ പരിചയപ്പെടാം.

 

ഗുണ്ടൽപേട്ട് വയനാട് വഴി കോഴിക്കോട്

 

കെ.ജെ. ജോസ്: ‘ഞങ്ങൾ വിളയിക്കും, നിങ്ങൾ വിൽക്കണം,’ അതാണ് ഞങ്ങൾക്കിടയിലുള്ള കരാർ. അതിർത്തിക്കപ്പുറം ഗുണ്ടൽപ്പേട്ട് ശിവപുരയിൽ പതിനാറേക്കർ സ്ഥലം ദീർഘകാല പാട്ടത്തിനെടുത്ത് പച്ചക്കറിക്കൃഷി തുടങ്ങിയിരിക്കുന്നത് ഈ ലക്ഷ്യത്തോടെ. ജൈവസാക്ഷ്യപത്രമുള്ള കൃഷിയിടത്തിൽനിന്നു ജൈവപച്ചക്കറികൾ വർഷം മുഴുവൻ ഇടവേളയില്ലാതെ കൃഷി ചെയ്തു നൽകും, കൃഷിച്ചെലവും ലാഭവും കണക്കുകൂട്ടി അതിനനുസരിച്ചുള്ള വിലയിട്ടായിരിക്കും കൈമാറ്റം. 

 

ശിഖാന്ത് കണിയത്ത്: കർഷകരുമായുള്ള ദീർഘകാല കരാറിലൂടെ വർഷം മുഴുവൻ ജൈവ പച്ചക്കറി ലഭ്യമാക്കിയാൽ മാത്രമേ ഒരു ഒാർഗാനിക് സ്റ്റോറിന് ഉപഭോക്താക്കളെ നേടാൻ കഴിയൂ. അതാണ് കൺസോർഷ്യവുമായുള്ള കരാറിന്റെ മെച്ചം. ഉൽപന്നങ്ങൾക്ക് ഒാരോ സീസണിലും അടിസ്ഥാന വില നിശ്ചയിക്കും. ഉദാഹരണത്തിന് തക്കാളിക്കു വില കിലോ 40 രൂപയെന്നു നിശ്ചയിച്ചാൽ വിപണിവില എത്ര കുറഞ്ഞാലും 40രൂപ തന്നെ കര്‍ഷകനു കൊടുക്കും. മാർക്കറ്റ് വില ഉയർന്നാൽ അതിനനുസരിച്ച് അവര്‍ക്കു കൂട്ടിക്കൊടുക്കുകയും ചെയ്യും. ഉപഭോക്താക്കൾക്കു വിൽക്കുന്ന കാര്യത്തിലും ഇതേ സമീപനമാണ്. മാർക്കറ്റിൽ വിലയിടിഞ്ഞാലും ഞങ്ങളുടെ വിലയിൽ മാറ്റമുണ്ടാവില്ല. കാരണം നൂറു ശതമാനം ജൈവ പച്ചക്കറി  എന്ന ഉറപ്പിൽ, കർഷകർക്കു ന്യായവില നൽകി സംഭരിക്കുന്ന ഉൽപന്നമാണ്. അതു തിരിച്ചറിയുന്നവരാണ് ഞങ്ങളുടെ  ഉപഭോക്താക്കൾ.

 

വയനാട് ഒാർഗാനിക് അഗ്രികൾച്ചറൽ കൺസോർഷ്യം സൊസൈറ്റി പ്രസിഡന്റ് കെ.ജെ. ജോസും കോഴിക്കോട് നഗരത്തിലെ ഒാർഗാനിക് സ്റ്റോർ ഗ്രീൻ അലൈസിന്റെ പ്രതിനിധി ശിഖാന്ത് കണിയത്തുംപറഞ്ഞുവയ്ക്കുന്നത് കർഷകനും കച്ചവടക്കാരനും ഗുണം ചെയ്യുന്നതാണ് ജൈവകൃഷി എന്നാണ്. അഞ്ചു വർഷമായി കോഴിക്കോടു നഗരത്തിൽ ജൈവ വിപണനശാലകൾ നടത്തുന്ന ഗ്രീൻ അലൈസിന്റെ മുന്നിലെ പ്രധാന വെല്ലുവിളി ജൈവ രീതിയിൽ വിളയിച്ചത് എന്നുറപ്പുള്ള പച്ചക്കറി മുടങ്ങാതെ സംഭരിക്കുക എന്നതായിരുന്നു. രണ്ടു വർഷം മുമ്പ് കൺസോർഷ്യവുമായി കരാറിലെത്തുന്നത് ഈ ലക്ഷ്യത്തോടെ.

 

കൺസോർഷ്യത്തിലെ ജൈവകർഷകരുടെ കൃഷിയിനങ്ങളിൽ മുഖ്യം സുഗന്ധവ്യഞ്ജനങ്ങളാണ്. പച്ചക്കറിക്കൃഷി ചെയ്യുന്നവർ കുറവ്. മഴക്കാലത്ത് വയനാട്ടിൽ പച്ചക്കറിക്കൃഷി എളുപ്പവുമല്ല. വർഷം മുഴുവൻ മുടങ്ങാതെ പച്ചക്കറി നൽകാൻ കണ്ടെത്തിയ മാർഗമാണ് കർണാടകയിലെ ശിവപുരയിൽ പാട്ടക്കൃഷി. വാണിജ്യാടിസ്ഥാനത്തിൽ രാസപച്ചക്കറിക്കൃഷി നടക്കുന്ന ഗുണ്ടൽപ്പേട്ടിൽനിന്നു വ്യത്യസ്തമാണ് അടുത്ത പ്രദേശമായ ശിവപുരയിലെ സ്ഥിതി; പച്ചക്കറിക്കൃഷി നന്നേ കുറവ്. കാര്യമായ കടുംകൃഷികളൊന്നും നടക്കാത്തതുകൊണ്ടു നല്ല മണ്ണും വിളവും.

 

അമ്പതേക്കർവരെ ഒരുമിച്ച് പാട്ടത്തിനെടുക്കാൻ സൗകര്യമുള്ള ഇവിടെ പതിനാറേക്കറാണ് നിലവിൽ കരാറിലുള്ളത്. ഐഎംഒ കൺട്രോളിന്റെ ഒാർഗാനിക് സർട്ടിഫിക്കേഷൻ നടപടിക്രമങ്ങളിലൂടെകടന്നുപോകുന്ന ഈ കൃഷിയിടത്തിൽ ഇപ്പോൾ വിളയുന്നത് ഏഴേക്കറിലായി ഇതുപതിലേറെ പച്ചക്കറിയിനങ്ങൾ. 

 

ആടുഫാമുകൾ ഏറെയുള്ള ഈ മേഖലയിൽ ആട്ടിൻകാഷ്ഠം താരതമ്യേന  കുറഞ്ഞ വിലയ്ക്കു കിട്ടും. അതാണു മുഖ്യവളം; ഒപ്പം കോഴിക്കാഷ്ഠവും. നാടൻപശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ചു തയാറാക്കുന്ന ജീവാമൃതംപോലുള്ള വളങ്ങളാണ് മറ്റു പോഷകങ്ങൾ. ജൈവകൃഷിയിൽ ആദ്യനാളുകളിൽ ഉൽപാദനം കുറവായിരിക്കുമെന്ന വാദം ശരിയാണെങ്കിലും തുടർന്ന് ഉൽപാദനം വർധിക്കുകയും കൃഷിച്ചെലവു കുറയുകയും ചെയ്യുമെന്നു ജോസ്.

 

തുള്ളിനന സംവിധാനത്തോടെ, തുറന്ന സ്ഥലത്തെ കൃത്യതാകൃഷിരീതിയിലാണ് കൃഷിയത്രയും. കൺസോർഷ്യത്തിലെ അഞ്ചു ജൈവ കർഷകർ ഊഴംവച്ച് മേൽനോട്ടം. വാണിജ്യാടിസ്ഥാനത്തിൽ കൃഷിയിറക്കുമ്പോൾ ഹൈബ്രിഡ് വിത്തിനങ്ങൾ അനിവാര്യമെന്നു കർഷകർ. കാരറ്റും ബീറ്റ്റൂട്ടും ഉരുളക്കിഴങ്ങും പോലുള്ള കിഴങ്ങിനങ്ങൾക്ക് ഈ പ്രദേശത്തു  മികച്ച വിളവെന്നു കർഷകനായ ശശി. ഒപ്പം പയറും തക്കാളിയും വെളുത്തുള്ളിയും ചുവന്നുള്ളിയും സാലഡ് വെള്ളരിയും കാബേജും കോളിഫ്ലവറുമെല്ലാം ശിവപുരയിൽ സമൃദ്ധം.

 

ഉൽപാദനം കുറവായതുകൊണ്ടും സീസണിൽ മാത്രം കൃഷിയുള്ളതുകൊണ്ടുംവയനാട്ടിലെ തങ്ങളുടെ ജൈവകൃഷിയിടങ്ങളിൽ വിളയുന്ന പച്ചക്കറികൾ ജൈവവിപണിയിലെത്തിക്കാൻ മുമ്പ് കൺസോർഷ്യത്തിലെ കർഷകർക്കു കഴിഞ്ഞിരുന്നില്ല. ഇന്നാവട്ടെ ശിവപുരയിലെ പച്ചക്കറിയോടു ചേർന്ന് അവയും വിപണിയിലെത്തുന്നു. ആഴ്ചയിൽ രണ്ടുവട്ടമാണ് ശിവപുരയിൽ വിളവെടുപ്പ്. വിളയുന്നവയിൽ തങ്ങൾക്കാവശ്യമുള്ളത് കഴിഞ്ഞ് ബാക്കി മറ്റ് ഒാർഗാനിക് ഷോ പ്പുകൾക്കു കൊ ടുക്കുന്നു ഗ്രീൻ അലൈസ് . അവരിൽനിന്ന് ആവശ്യം കൂടിയതോടെ അമ്പതേക്കറിലേക്ക്പച്ചക്കറി–പഴവർഗക്കൃഷി വ്യാപിപ്പിച്ച് വിപണനശൃംഖല വിപുലമാക്കാനുള്ള ഒരുക്കത്തിലാണ് ഗ്രീ ൻ അലൈസ് .‘ജൈവവിപണിയും ജൈവകർഷകരുംഒരുമിച്ചു വളരട്ടെ , അതാണു വേണ്ട ത്. അതേ പ്രയോജ നപ്പെടുകയുള്ളൂ’, ശിഖാന്തും  ജോസും ഒരുമിച്ചു പറയുന്നു.

ഫോൺ: 9745918133(ജോസ്),

9847090807(ശിഖാന്ത്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com