ADVERTISEMENT

വാണിജ്യാടിസ്ഥാനത്തിൽ ജൈവകൃഷിക്കിറങ്ങിയാൽ വിജയിക്കാനുള്ള സാഹചര്യം ഇന്നു കേരളത്തിലുണ്ടെന്ന് ജൈവകർഷകനും വെള്ളാനിക്കര കാർഷികകോളജിലെ കൃഷി ബിരുദ വിദ്യാർഥിയുമായ വയനാട് സുൽത്താൻബത്തേരി നായ്ക്കട്ടി ചിറക്കമ്പത്തില്ലത്ത് സി.എസ്. സൂരജ്. ഇൻഡോസെർട്ടിന്റെ ജൈവ സാക്ഷ്യപത്രത്തോടെ പുരയിടത്തിൽ ലിച്ചി, അവക്കാഡോ, പാഷൻ ഫ്രൂട്ട് തുടങ്ങിയ പഴവർഗങ്ങളും മുത്തങ്ങയിൽ പത്തേക്കർ പാട്ടഭൂമിയിൽ പച്ചക്കറിക്കൃഷിയും ചെയ്യുന്ന സൂരജ്, സംസ്കൃതി എന്ന ബ്രാൻഡിൽ സ്വന്തം ജൈവോൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നുമുണ്ട്. 

 

‘സസ്യസംരക്ഷണത്തിനായി സസ്യങ്ങളിൽനിന്നുതന്നെ വേർതിരിച്ചെടുക്കുന്ന സംരക്ഷകങ്ങളും (Botanicals), കീടങ്ങൾക്കെതിരെ ജൈവനിയന്ത്രണോപാധികളും (Biocontrol agents), ഡ്രിപ്പിലൂടെ ഫെർട്ടിഗേഷൻ രീതിയിൽ ലായനിയായി ജൈവപോഷകങ്ങൾ നൽകിയുമെല്ലാം ശാസ്ത്രീയവും ആധുനികവുമായ ജൈവകൃഷിയാണ് ആവശ്യം’. ഇത്തരം കൃഷിയിടങ്ങളിൽ, രാജ്യാന്തര ജൈവസാക്ഷ്യപത്രത്തോടെ വിളയുന്ന ഗുണമേന്മയുള്ള കാർഷികോൽപന്നങ്ങൾക്ക് ആഭ്യന്തര, രാജ്യാന്തരവിപണികളിൽ ഉപഭോക്താക്കളെ ലഭിക്കുമെന്നും സൂരജ്.

 

ഉഷ്ണമേഖലാപ്രദേശത്ത് ജൈവകൃഷി അൽപം ബുദ്ധിമുട്ടാണെന്ന വസ്തുത ജൈവമാർഗത്തി ലേക്കു ചുവടുവയ്ക്കുന്നവർ ശ്രദ്ധിക്കണമെന്നും സൂരജ്. ‘മണ്ണിലെ ജൈവാംശത്തിന്റെ കുറവാണ് കാരണം. ചെലവു ചുരുക്കി ജൈവാംശം മണ്ണിലെത്തിക്കാനും പിഎച്ച് സന്തുലിതമാക്കാനും കഴിഞ്ഞാൽ വിളവു വർധിപ്പിക്കാനാവും. ഹ്രസ്വകാല പാട്ടത്തിൽ ലഭ്യമാകുന്ന കൃഷിയിടങ്ങളിൽ പച്ചിലവളമായി ഡെയിഞ്ചയും കിലുക്കിയും ഉപയോഗിക്കുന്നത് കുറഞ്ഞ ചെലവിൽ ജൈവാംശം വർധിപ്പിക്കാനുള്ള മാർഗമാണ്. രണ്ടിനങ്ങളും വിത്തിട്ട്, മുളച്ച് 35–40 ദിവസത്തിനുള്ളിൽ ഉഴുതു മണ്ണിൽച്ചേർത്ത ശേഷം കൃഷി തുടങ്ങാം’, സൂരജ് പറയുന്നു.

ഫോൺ: 8547570865

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com