ADVERTISEMENT

ആലപ്പുഴ ജില്ലയിലെ ചേർത്തല മാരാരിക്കുളത്തുള്ള വി. ആർ. നിഷാദ് സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗം വിട്ട് കൃഷിയിലിറങ്ങിയിട്ട് ഒന്നര വർഷം. വിളവും വിപണിയും ഏകോപിപ്പിച്ച് വാണിജ്യാടിസ്ഥാനത്തിൽ ജൈവ പച്ചക്കറിക്കൃഷി ചെയ്താൽ മികച്ച വരുമാനം നേടാനുള്ള സാഹചര്യം ഇന്നുണ്ടെന്ന് ഇതുവരെയുള്ള കൃഷിയനുഭവത്തിന്റെ ബലത്തിൽ നിഷാദിന്റെ ഉറപ്പ്. 

എന്നാൽ ഈ ഉറപ്പിൽ നിഷാദ് ഊന്നിപ്പറയുന്നത് വിളവും വിപണിയും തമ്മിലുള്ള ബന്ധം. ഒന്നിനു പിന്നാലെ മറ്റൊന്ന് എന്ന രീതിയിൽ വിള പരിക്രമത്തിലൂടെ (crop rotation) വർഷം മുഴുവൻ പച്ചക്കറികൾ ലഭ്യമാക്കിക്കൊണ്ട് കേരളത്തിലെ ജൈവവിപണനശാലകളുമായി സുസ്ഥിര ബന്ധം സ്ഥാപിക്കാൻ കർഷകനു കഴിയണം. അതിനു പക്ഷേ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യണം. മലയോര മേഖലകളിലൊഴികെ മറ്റൊരിടത്തും വിസ്തൃതമായ കൃഷിയിടങ്ങൾ ദീർഘകാല പാട്ടത്തിനു ലഭ്യമല്ല എന്നതാണു തടസ്സം. പുതുതായി കൃഷിയിലേക്കു കടന്നുവരുന്ന യുവാക്കൾക്കാകട്ടെ പാട്ടഭൂമി മാത്രമാണ് ആശ്രയവും. 

DSCN239
ചീരക്കൃഷി

മാരാരിക്കുളം നോർത്ത് പഞ്ചായത്തിൽ തരിശുകിടക്കുന്ന കൃഷിയിടങ്ങൾ ഏറ്റെടുത്തു നൽകാനും ഉടമകളുമായുള്ള കരാറിൽ മധ്യസ്ഥം നിൽക്കാനും പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. പ്രിയേഷ് കുമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ഒപ്പമുള്ളതുകൊണ്ടാണ് പലയിടങ്ങളിലായി പത്തേക്കർ കൃഷിയിടം തനിക്കു ലഭ്യമായതെന്നു നിഷാദ്. സർക്കാർ–പൊതുമേഖലാ സ്ഥാപനങ്ങളുടെയെല്ലാം കൈ വശമുള്ള തരിശുഭൂമികൾ ദീർഘകാല പാട്ടത്തിനു ലഭ്യമായാൽ വാണിജ്യാടിസ്ഥാനത്തിലുള്ള ജൈവ പച്ചക്കറിക്കൃഷിയിൽ വിപ്ലവകരമായ മാറ്റം സംഭവിക്കുമെന്നും നിഷാദ്.

സാക്ഷ്യപത്രമില്ല, സാക്ഷിയാവാം

കേരളത്തിന്റെ ജൈവ പച്ചക്കറിവിപണിയിൽ സാക്ഷ്യപത്രത്തെക്കാൾ കൃഷിയിടം നേരിൽക്കണ്ടു ബോധ്യപ്പെടാൻ ഉപഭോക്താവിന് അവസരം നൽകുക എന്നതാണു പ്രധാനമെന്നു നിഷാദ്. സാധാരണ ജൈവകർഷകർ പലരും ഇന്നു വിപണി കണ്ടെത്തുന്നത് ഈ വഴിക്കാണ്. പാട്ടഭൂമിയിൽ സമ്പൂർണ ജൈവകൃഷി ചെയ്യുന്നതിനും പരിമിതിയുണ്ട്. ജൈവമാർഗങ്ങൾ അവലംബിച്ച് കൃഷിഭൂമി ഫലഭൂയിഷ്ഠമാക്കി ഉൽപാദനം വർധിപ്പിക്കുന്ന കാലമെത്തുമ്പോഴേക്കും പാട്ടക്കാലാവധി കഴിയും. അതുട്ടുന്ന ജൈവ വിളവിന് മുന്തിയ വില ലഭിച്ചേ തീരൂ. 

സമ്പൂർണ ജൈവകൃഷിയിലൂടെ ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള ഒാർഗാനിക് സ്റ്റോറുകൾക്ക് ഉയർന്ന വിലയ്ക്കു വിൽക്കുന്നു. ഇതിനൊപ്പം സുരക്ഷിത കൃഷിയുടെ മാനദണ്ഡങ്ങൾ പാലിച്ചു വിളയിക്കുന്നവ പ്രാദേശിക വിപണിയിലുമെത്തിക്കുന്നു. കേരളത്തിലെ ജൈവവിപണി വളരുന്നതിനും മുന്തിയ വില ലഭിക്കുന്നതിനും അനുസൃതമായല്ലാതെ ഒറ്റയടിക്ക് സമ്പൂർണ ജൈവകൃഷിയിലേക്കു മാറുന്നിടത്താണ് പലരും പരാജയപ്പെടുന്നതെന്നു നിഷാദ്.

DSCN2342
നിഷാദ് വിളവെടുപ്പിൽ

കുണപജലം/19.19.19

മാരാരിക്കുളം നോർത്ത് പഞ്ചായത്തിൽ കണിച്ചുകുളങ്ങര മേഖലയിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റേത് ഉൾപ്പെടെയുള്ള കൃഷിയിടങ്ങൾ പാട്ടത്തിനെടുത്താണ് നിഷാദിന്റെ കൃഷി. കുമ്മായം വിതറി മണ്ണിന്റെ പിഎച്ച് സന്തുലിതമാക്കിയ ശേഷം അടിവളമായി ചാണകവും കോഴിവളവും വേപ്പിൻപിണ്ണാക്കും ചേർത്ത് തടം തയാറാക്കി, തുള്ളിനന സംവിധാനമൊരുക്കി, കളശല്യമൊഴിവാക്കാൻ തടത്തിൽ മൾച്ചിങ് (പുത) കൂടി നടത്തിയാണ് കൃഷി.

വെണ്ടയും പച്ചമുളകും പയറുമാണ് ഇടവേളയില്ലാതെ വർഷം മുഴുവൻ കൃഷി ചെയ്യുന്ന ഇനങ്ങൾ. പൂർണ ജൈവമാർഗത്തിൽ കൃഷി ചെയ്ത് ഒാർഗാനിക് സ്റ്റോറുകൾക്ക് കൈമാറുന്ന ഇവയ്ക്ക് സീസൺ മുഴുവൻ ഒറ്റ വില. വെണ്ട കിലോ 50 രൂപ, പയർ കിലോ 60 രൂപ, പച്ചമുളക് കിലോ 100 രൂപ എന്നിങ്ങനെ. ഹൈബ്രിഡ് വിത്തുകളാണ് കൃഷിയിറക്കുന്നതത്രയും.

സമ്പൂർണ ജൈവകൃഷി പിൻതുടരുന്ന കൃഷിയിടങ്ങളിൽ വളർച്ച ഘട്ടത്തിലെ മുഖ്യ പോഷകം വൃക്ഷായുർവേദ വിധിപ്രകാരം തയാറാക്കുന്ന കുണപജലമാണ്. പന്നിമാംസവും അനുബന്ധ ഘടകങ്ങളും പുളിപ്പിച്ചു തയാറാക്കുന്ന ഈ അമിനോ ആസിഡ് പോഷകം ചെടിയുടെ വളർച്ചയ്ക്കും പൂവിടലിനും ഉൽപാദനത്തിനും ഫലപ്രദമെന്നു നിഷാദ്. ഡ്രിപ്പ് വഴിയും ഇലയിലൂടെയും നൽകുന്ന കുണപജലത്തിനൊപ്പം നാടൻപശുക്കളെ പരിപാലിച്ചു തയാറാക്കുന്ന പഞ്ചഗവ്യവുമുണ്ട്. 

ഹ്രസ്വകാലത്തേക്കു മാത്രം പാട്ടത്തിനു ലഭിക്കുന്ന, വളക്കൂറു നന്നേ കുറഞ്ഞ ഭൂമിയിൽ നിയന്ത്രിത  രീതിയിൽ രാസവളങ്ങൾ പ്രയോഗിച്ചുള്ള സുരക്ഷിത പച്ചക്കറിക്കൃഷിയേ ലാഭത്തിലെത്തൂ എന്നു നിഷാദ്. ഇത്തരം കൃഷിയിടങ്ങളിൽ വെള്ളത്തിൽ ലയിക്കുന്ന രൂപത്തിൽ ലഭ്യമാവുന്ന എൻപി കെ19.19.19, 13.00.45 എന്നിവ നിർദിഷ്ട അളവിൽ മാത്രം ഡ്രിപ്പിലൂടെ നൽകിയാണു കൃഷി. മാരാരി ഫ്രഷ് എന്ന ബ്രാൻഡിൽ സ്വന്തം പച്ചക്കറികൾ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഈ യുവകർഷകൻ.

ഫോൺ: 984633588

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com