ADVERTISEMENT

കാലാവസ്ഥാവ്യതിയാനവും അതിന്റെ ഫലമായി കേരളത്തിലുണ്ടായ പ്രളയവും സംസ്ഥാനത്തെ തേനീച്ചക്കൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്. തേനീച്ചകളുടെ പ്രജനന കാലം അഥവാ വളർച്ചക്കാലമായ ഓഗസ്റ്റ് – ഡിസംബര്‍ മാസങ്ങളിലാണ് സംസ്ഥാനത്തെ തേനീച്ചക്കർഷകർ കൂടുകൾ പിരിച്ച് കൂടുതൽ കോളനികൾ സൃഷ്ടിക്കുന്നത്. ഇതിനായി അവർ തേനീച്ചപ്പെട്ടികൾ വിവിധ ജില്ലകളിലായി വിന്യസിക്കുന്നു. എന്നാൽ ഈ വർഷം ഇപ്രകാരം സ്ഥാപിച്ച ഒട്ടേറെ തേനീച്ചപ്പെട്ടികൾ മണ്ണിടിച്ചിലിലും കുത്തൊഴുക്കിലും പെട്ട് നഷ്ടമായി. തുടർച്ചയായ മഴ മൂലം ദീർഘകാലം തേനീച്ചകൾക്ക് പൂമ്പൊടിയും പൂന്തേനും ലഭ്യമല്ലാതെയും വന്നു. സസ്യങ്ങൾ തോറുമുള്ള തേനീച്ചകളുടെ സന്ദർശനവും മഴ മൂലം സാധ്യമല്ലാതായി. ഇതേ തുടർന്ന് പുഴു വളർത്തൽ മന്ദീഭവിച്ച് കൂടുകൾ ശോഷിക്കുകയും തേനീച്ചകൾ കൂട്ടത്തോടെ കൂടുപേക്ഷിക്കുകയും ചെയ്യുന്ന പ്രവണത കേരളത്തിലെമ്പാടും കാണാം.

കേടായ കൂടുകളിൽനിന്ന് തേനീച്ചയെ പുതിയ കൂട്ടിലേക്കു മാറ്റണം

മാരകമായ തായ്സാക് ബ്രൂഡ് രോഗം മൂലം 1991–’92 ൽ  തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ 95 ശതമാനം തേനീച്ചകളും ചത്തു പോയിരുന്നു. ഇതേ തുടർന്ന് ആ രോഗത്തെ ചെറുക്കാൻ കഴിയുന്ന ഇന്ത്യൻ തേനീച്ച ജനുസ്സിനെ സെലക്‌ഷൻ ബ്രീഡിങ്ങിലൂടെ കേരള കാർഷിക സർവകലാശാല ഉരുത്തിരിച്ചെടുക്കുകയാണുണ്ടായത്. അവയുടെ ന്യൂക്ലിയസ് കോളനികൾ അംഗീകൃത ബ്രീഡർമാർ വഴി വിതരണം ചെയ്താണ് കേരളത്തിലെ തേനീച്ചവളർത്തൽ പുനരുജ്ജീവിപ്പിച്ചത്. ക്രമേണ സർവകലാശാല രൂപപ്പെടുത്തിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഒട്ടേറെ പുതിയ കൃഷിക്കാർ രംഗത്തുവന്നു. ഏകദേശം പത്തുലക്ഷം കോളനികളും ഒരു ലക്ഷത്തോളം തേനീച്ചക്കർഷകരും സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്. ഇങ്ങനെ വളർന്നുവികസിച്ച തേനീച്ചവളർത്തൽ മേഖലയുെട മൂന്നു ലക്ഷത്തോളം കോളനികൾ ഇത്തവണത്തെ പ്രളയത്തിൽ നശിച്ചതായാണ് വിലയിരുത്തൽ. ഏകദേശം 30 കോടി രൂപയുടെ നഷ്ടം! 

പൂമ്പൊടിയും പൂന്തേനും നൽകിയിരുന്ന ചെടികൾ വെള്ളപ്പൊക്കത്തെ തുടർന്ന് നശിച്ചത് തേനീച്ചകൾക്ക് ഭക്ഷണ ദൗർലഭ്യത്തിനിടയാക്കിയിട്ടുണ്ട്. ചില ജില്ലകളിലെങ്കിലും ശക്തമായ കാറ്റും കൂടിയ ചൂടും തേനീച്ചക്കോളനികളുടെ വളർച്ചയ്ക്ക് തടസ്സമായി. പൂക്കളുടെ വളർച്ചയിലും വികാസത്തിലും ഇത് മാറ്റമുണ്ടാക്കും. പൂന്തേൻ ഗ്രന്ഥികളും പൂമ്പൊടിയും ഉണങ്ങിവരളുന്നതായും കാണുന്നുണ്ട്. ഡിസംബർ – ജനുവരി മാസങ്ങളിൽ സ്വാഭാവികമായി പൊഴിയേണ്ട റബർ ഇലകൾ ഓഗസ്റ്റ്– സെപ്റ്റംബറിൽ പൊഴിഞ്ഞത് ആഗതമായ തേൻകാലത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് തേനീച്ചക്കർഷകർ. 

വെള്ളപ്പൊക്കത്തിനു ശേഷം കേരളത്തിലെ തേനീച്ചക്കൂടുകളിൽ പൊതുവെ ഉന്മേഷക്കുറവും ശക്തിക്കുറവും പ്രകടമാണ്. ഇതോടൊപ്പം വേലക്കാരി ഈച്ചയുടെ പുഴുവളർത്തലിലുണ്ടായ കുറവും കോളനി ശോഷിക്കാൻ കാരണമാകുന്നുണ്ട്. ശോഷിച്ച കോളനികളിൽ മെഴുകുപുഴുവിന്റെ ആക്രമണമുണ്ടാവുകയും ക്രമേണ ഈച്ചകൾ കൂടുപേക്ഷിക്കുകയും ചെയ്യുന്ന പ്രവണത ഇനിയും അവസാനിച്ചിട്ടില്ല. ചെറുതേനീച്ച, പെരുംതേനീച്ച, കോൽ തേനീച്ച കോളനികളിലും വളർച്ചക്കുറവും കൂടുപേക്ഷിക്കലും കൂടു നഷ്ടപ്പെടലുമൊക്കെ വർധിച്ചിട്ടുണ്ട്. 

beekeeping3
വേലക്കാരി ഈച്ച ഇല്ലാത്ത അടകൾ ഉടൻ നീക്കംച െയ്യണം

ഈ സാഹചര്യത്തിൽ ശേഷിക്കുന്ന കോളനികൾക്ക് അടിയന്തരമായി നൽകേണ്ട പരിചരണമുറകൾ ചുവടെ : 

● അമിതമായി മഴ നനഞ്ഞു കേടായ കൂടുകൾ മാറ്റി തേനീച്ചയെ പുതിയ കൂടുകളിലേക്കു മാറ്റണം 

● പൂന്തേനും പൂമ്പൊടിയും ലഭ്യമായ സ്ഥലങ്ങളിലേക്ക് കൂടുകൾ മാറ്റി സ്ഥാപിക്കുക 

● ക്രമമായ കൂടുപരിശോധന നടത്തുകയും അടിപ്പലക വൃത്തി യാക്കി റാണിയീച്ചയുടെ സാന്നിധ്യം ഉറപ്പു വരുത്തുകയും വേ ണം. റാണിയെ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ പുതിയ റാണി സെൽ ഗ്രാഫ്റ്റ് ചെയ്തു നൽകി കൂടിനെ ശക്തിപ്പെടുത്തണം.

 ● വേലക്കാരി ഈച്ചയുടെ സാന്നിധ്യമില്ലാത്ത അടകൾ ഉടൻ നീക്കം ചെയ്യുന്നതിനൊപ്പം ക്രമമായി കൂടുപരിശോധനയും മെഴുകുപരിശോധനയും നടത്തുന്നത് മെഴുകുപുഴുവിന്റെ ആ ക്രമണത്തിൽനിന്നു കോളനികളെ സംരക്ഷിക്കും.

 ● ശോഷിച്ച കോളനികളിലെ അടയുടെ പുറത്ത് ശുദ്ധമായ തേൻ നൂൽപോലെ ധാരയായി ഒഴിച്ചുകൊടുക്കുന്നത് തേനീച്ചകൾക്ക് ശക്തി വീണ്ടെടുക്കാൻ സഹായകമാകും. 

● തുടർന്നുള്ള രണ്ടാഴ്ചക്കാലം തേൻലായനി നൽകുന്നതും തേനീച്ചകളെ ശക്തി വീണ്ടെടുക്കാൻ സഹായിക്കും. 

● പിന്നീട് സാന്ദ്രതയേറിയ പഞ്ചസാര ലായനി ആവശ്യാനുസര ണം നൽകുന്നത് റാണിയുടെ മുട്ടയിടീൽ വർധിപ്പിച്ച് കോളനി വളർച്ചയെ ത്വരിതപ്പെടുത്തും. 

● പൂമ്പൊടിയുടെ ലഭ്യത ഉറപ്പാക്കാൻ തെങ്ങിൻതോപ്പുകളിലേക്ക് തേനീച്ചപ്പെട്ടികൾ മാറ്റി സ്ഥാപിക്കാവുന്നതാണ്. 

● കൂടുകൾ രോഗ,കീടബാധയില്ലാതെ സംരക്ഷിക്കണം 

● തേൻകാലത്തിനു മുമ്പ് കൂടുകളിൽ തേൻ തട്ടുകൾ ക്രമീകരിച്ച് വേലക്കാരി ഈച്ചകളുടെ എണ്ണം വർധിപ്പിക്കണം.

● പുഴുവളർത്തലിനും കോളനികളുടെ വളർച്ചയ്ക്കും പൂമ്പൊടി അനിവാര്യമാണ്. അത് കിട്ടാനില്ലാ തെവരുന്നത് പുഴു വളർച്ചയെ ബാധിക്കും. വേലക്കാരി ഈച്ചയുടെ എണ്ണത്തിൽ സാരമായ കുറവുണ്ടാകുകയും അതുവഴി തേൻ അട കെട്ടുന്നതിനുള്ള മെഴുകിന്റെ ലഭ്യത കുറയുകയും ചെയ്തേക്കാം. 

● പൂമ്പൊടിയിലെ മാംസ്യം, കൊഴുപ്പ്, വിറ്റാമിനുകൾ, ലവണങ്ങൾ എന്നിവ വളരുന്ന പുഴുക്കളുടെ കോശങ്ങൾ, മാംസപേശികൾ, ഗ്രന്ഥികൾ എന്നിവ യുടെ വികാസത്തിന് അനിവാര്യ മാണ്. 

● പൂമ്പൊടി ലഭ്യമല്ലാത്ത സാഹചര്യത്തിൽ കൃത്രിമ പൂമ്പൊടി നൽകി കോളനികളെ സംരക്ഷിക്കണം. ഇത്തരം പരിചരണമുറകളിലൂടെ തേനീച്ചക്കോളനികളെ ശക്തമാക്കിയാൽ മാത്രമേ ആഗതമായ തേൻകാലത്ത് മികച്ച ഉൽപാദനം നേടാനാവും.

ഫോൺ: 9400185001

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com