ADVERTISEMENT

അയർക്കുന്നം ∙ ആത്മഹത്യാമുനമ്പിൽ നിൽക്കുന്ന കർഷക സമൂഹത്തെ കുറിച്ച് ആ കർഷകൻ നൽകിയ അപായ സൂചന ആരും കാണുന്നില്ല. പശുക്കൾ ചത്തതിനെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച കർഷകന്റെ വീട്ടിൽ ഇന്നലെ എത്തിയത് പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പ് അധികൃതരും മാത്രം. അതേ സമയം റവന്യു വകുപ്പോ കൃഷി വകുപ്പോ കർഷകനെ തിരിഞ്ഞു നോക്കിയില്ല. കർഷകൻ ആത്മഹത്യാ ശ്രമം നടത്തിയതു സംബന്ധിച്ചു വില്ലേജ് അധികൃതർ ജില്ലാ ഭരണകൂടത്തിനു റിപ്പോർട്ട് ചെയ്തിട്ടുമില്ല. സാധാരണ ഗതിയിൽ ഇത്തരം സംഭവങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടത് റവന്യു വകുപ്പിന്റെ ചുമതലയാണ്.

ബാങ്ക് അധികൃതരും ആശ്വാസ വാക്കു പോലും അറിയിക്കാൻ തയാറായിട്ടില്ലെന്നു കർഷകന്റെ ബന്ധുക്കൾ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ഇന്നലെ കർഷകന്റെ വീട്ടിൽ എത്തിയിരുന്നു. ക്ഷീര കർഷകന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് വെന്റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു. 

എന്നാൽ ശ്വാസം മുട്ടൽ കൂടിയതോടെ വീണ്ടും വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ബാങ്ക് വായ്പയെടുത്തു വാങ്ങിയ മുന്തിയ ഇനം പശുക്കൾ ചത്തതാണ് കർഷകനെ വിഷമത്തിലാക്കിയത്. കർഷകന്റെയും ഭാര്യയുടെയും മകന്റെയും പേരിൽ കാർഷിക വായ്പകളും, മകളുടെ പേരിലെടുത്ത വിദ്യാഭ്യാസ വായ്പയും ഇൗ കുടുംബത്തിനു മുന്നിലുണ്ട്.

കാണേണ്ടവർ കണ്ണടയ്ക്കുന്നു

പ്രകൃതിയുടെ പ്രളയത്തിനു പിന്നാലെ അവഗണനയുടെ കുത്തൊഴുക്കും ചേർന്നപ്പോൾ കർഷകർ കടക്കെണിയുടെ കൊടുമുടിയിൽ. പെരുകുന്ന കടങ്ങൾക്കു മുന്നിൽ പകച്ചു നിൽക്കുന്ന കർഷകരുടെ മുന്നിലേക്കു ജപ്തി നോട്ടിസുകളുമായി ബാങ്കുകളും വന്നു തുടങ്ങി. കർഷകർ ആത്മഹത്യയിലേക്കു നീങ്ങുമ്പോഴും സർക്കാരിനു കണ്ട ഭാവമില്ല. 

ഏതാനും സന്നദ്ധ സംഘടനകൾ മാത്രമാണു സഹായം ഉറപ്പു നൽകിയത്. കടം പെരുകുന്നുവെന്നു ബാങ്കുകളുടെ കണക്കുകൾ. എന്നാൽ കാരണം ആരും തേടുന്നില്ല. പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്കുകളിൽ കാർഷിക വായ്പകളുടെ തിരിച്ചടവ് 65% മാത്രം. മുൻ വർഷങ്ങളിൽ 80% വരെ തിരിച്ചടവ്. വെള്ളപ്പൊക്കവും സാമ്പത്തിക പ്രതിസന്ധിയുമാണ് തിരിച്ചടവ് മുടങ്ങുന്നതിന് കാരണം.

കടത്തിൽ മുങ്ങി നെല്ലറ

പാടത്തു പണിയെടുത്ത കർഷകർക്കു വരമ്പത്തല്ല എങ്ങും കൂലി കിട്ടിയിട്ടില്ല. 2 തവണ കൃഷി നശിച്ചിട്ടും സർക്കാർ നൽകിയത് തുച്ഛമായ തുക. ഏക്കറിനു 18,000–20,000 രൂപ ചെലവായപ്പോൾ സഹായം 5400 രൂപ മാത്രം. നിലവിൽ ഒരേക്കർ കൃഷിയിറക്കുന്ന കർഷകർക്കു 30,000 മുതൽ 35,000 രൂപ വരെ കടമുണ്ട്. സ്വർണം പണയം വച്ചു പണം വാങ്ങിയ വായ്പ കാലാവധി കഴിഞ്ഞതോടെ ബാങ്കുകൾ നോട്ടിസ് അയച്ചു തുടങ്ങി. 7 ശതമാനമാണു പലിശ. കാലാവധി കഴിഞ്ഞാൽ ഇരട്ടിപ്പലിശ നൽകണം.

പച്ചക്കറി കർഷകർക്ക് കയ്പ്

പച്ചക്കറി ഉൽപാദനം നടക്കുന്ന കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, കാണക്കാരി, ഞീഴൂർ പ്രദേശങ്ങളിലെ ചെറുകിട കർഷകരും പ്രതിസന്ധിയിൽ. പ്രളയകാലത്ത് തുടങ്ങിയ പ്രതിസന്ധി അവസാനിച്ചിട്ടില്ല. ബാങ്കുകളിൽ കടം പെരുകുന്നു. പച്ചക്കറിക്കൃഷിക്ക് കർഷകർ ശരാശരി രണ്ടര ലക്ഷം രൂപ വരെ മുടക്കിയിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം, വിളകളെ ബാധിച്ച രോഗങ്ങൾ, വിലക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ മൂലം മുടക്കുമുതൽ പോലും കിട്ടിയില്ല. വിളവ് കുറഞ്ഞു. ഉൽപന്നങ്ങൾക്കു വില ലഭിക്കുന്നില്ല.

വലിഞ്ഞുമുറുക്കി റബർ

നഷ്ടമായതിനാൽ പലരും റബർ മരങ്ങൾ ടാപ്പ് ചെയ്യുന്നില്ല. പൊൻകുന്നം സഹകരണ ബാങ്കിൽ 180 കോടി രൂപ നൽകിയതിൽ കാൽഭാഗവും കിട്ടാക്കടമായി. 80,000 രൂപ വായ്പ എടുത്ത റബർ കർഷകൻ അടച്ചത് 30,000 മാത്രം. 7% സബ്സിഡി നിരക്കിലാണ് വായ്പ എടുത്തത്. പലിശ ഉൾപ്പെടെ 85,600 രൂപ അടയ്ക്കണം. 

തവണ മുടങ്ങിയാൽ പലിശ ഇനത്തിൽ ലഭിക്കുന്ന 3% കൂടി അടയ്ക്കണം. സ്വർണം ഈടാക്കി 4% പലിശയ്ക്ക് വായ്പ എടുത്തവർ മാർച്ച് 20നും 31 നും ഇടയിലായി വായ്പ പുതുക്കണം. ലക്ഷം രൂപ വായ്പ എടുത്ത ആൾ 1,16,000 രൂപ അടയ്ക്കണം. പുതുക്കിയില്ലെങ്കിൽ 16% പലിശ അടയ്ക്കണം. വീടും സ്ഥലവും പണയപ്പെടുത്തി 10 മുതൽ 12 ശതമാനം വരെ പലിശയ്ക്ക് വായ്പ എടുത്തവരുണ്ട്.

‘‘ജപ്തി നടപടികളിലേക്കു പോകരുതെന്നു ബാങ്കുകളോടു സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. വായ്പ തവണ മുടങ്ങിയാൽ ബാങ്കുകൾക്കു നോട്ടിസ് അയയ്ക്കാതിരിക്കാൻ കഴിയില്ല. എന്നാൽ മറ്റു നടപടികൾ എടുക്കരുതെന്നു ജില്ലാ ലീഡ് ബാങ്കിനോടും പറഞ്ഞിട്ടുണ്ട്. ജില്ലയിലെ സ്ഥിതി ഉടൻ തന്നെ സർക്കാരിനെ അറിയിക്കും.’’

- പി.കെ. സുധീർ ബാബു,ജില്ലാ കലക്ടർ

‘‘വായ്പകളുടെ തിരിച്ചടവിൽ വലിയ കുറവുണ്ട്. കാൽഭാഗം വിദ്യാഭ്യാസ വായ്പ അടച്ചിട്ടില്ല. പ്രളയത്തെ തുടർന്നുള്ള പ്രതിസന്ധിയാണ് തിരിച്ചടവ് മുടങ്ങുന്നതിന് പ്രധാനകാരണം. വായ്പകളിലും തിരിച്ചടവിലും മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നാണ് ബാങ്കുകളോട് ആവശ്യപ്പെട്ടു.’’

 -കെ. ചന്ദ്രശേഖരൻ,മാനേജർ, ലീഡ് ബാങ്ക്

‘‘പുഞ്ച നെല്ല് കൊയ്തു കിട്ടുന്ന പണം ബാങ്കിൽ അടച്ചു കടം വീട്ടാനാണ് ഉദേശിക്കുന്നത്. കൊയ്ത്തു കഴിഞ്ഞ് എത്ര ക്വിന്റൽ നെല്ല് കിട്ടുമെന്നതനുസരിച്ചായിരിക്കും കൃഷിയുടെ ലാഭ നഷ്ടം കണക്ക്. കൃഷിച്ചെലവ് ഓരോ വർഷവും കൂടുന്നതുമൂലം ലാഭം കിട്ടാത്ത അവസ്ഥയാണ്’’. 

-സി.ജെ. സാബു,കുമരകം കുഴികണ്ടം പാടശേഖരം

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com